paraപുതുതലമുറയ്ക്ക് പരിചയമില്ലാത്ത കാര്‍ഷികോപകരണങ്ങളാണ് മേളയിലെ പ്രധാന ആകര്‍ഷണം. കൈക്കോട്ടെന്ന് കേള്‍ക്കുമ്പോള്‍  സിനിമാ പാട്ടാണ് ഇന്നത്തെ കുട്ടികള്‍ക്ക് പരിചയം. വയലുകളില്‍ നിന്ന് അപ്രത്യക്ഷമായ കൈക്കോട്ടും പാളത്തൊപ്പിയുമെല്ലാം പരിചയപ്പെടാനുള്ള അവസരമാണ് ഇവിടെയുണ്ടാവുക. കലപ്പ, നുകം, ചുമട്ട് തെരിക, ആണിയില്ലാ പലക, തലക്കുട തുടങ്ങി എണ്‍പതോളം പാരമ്പര്യ കാര്‍ഷികോപകരണങ്ങളാണ് ഉണ്ടാവുക.

500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോത്രവിഭാഗക്കാര്‍ ഭക്ഷണമാക്കിയിരുന്ന നൂറിലേറെ കിഴങ്ങു വര്‍ഗങ്ങളുള്ള സ്റ്റാളും ഉണ്ട്. കാര്‍ഷിക ഉത്പന്നങ്ങളും വിത്തുകളുമായി നാല്‍പത് സ്റ്റാളുകളാണ് ഉള്ളത്. പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളുമായി വേറെ നാല്‍പത് സ്റ്റാളുകളുമുണ്ട്.

നബാര്‍ഡ്, നാളികേര വികസന ബോര്‍ഡ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, എം.പി.ഡി.എ, കെ.ടി.ഡി.സി, വെറ്റിനറി സര്‍വകലാശാല, കയര്‍ ബോര്‍ഡ്, സി.പി.സി.ആര്‍.ഐ, മത്സ്യഫെഡ്, കെ.ഡി.സി ബാങ്ക്, വി-ഗാര്‍ഡ് തുടങ്ങി സ്റ്റാളുകളുടെ നീണ്ടനിരയാണ്. മണ്ണും മനുഷ്യനും എന്ന വിഷയത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ തിരഞ്ഞെടുത്ത ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.