രാജ്യസഭാംഗമായിരിക്കെ 2001ല്‍ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് പ്രധാനമന്ത്രിയാകാനാവില്ലെന്നും മറിച്ച്, രാഷ്ട്രപതിയായി ശോഭിക്കാനാവുമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞിരുന്നു. ആ ഉത്തരം 2012ല്‍ സാക്ഷാത്കരിക്കപ്പെടുന്നു

മുഖര്‍ജിവീടും മീറട്ടിയും ആഹ്ലാദത്തില്‍

 

പ്രണബിന്റെ ജന്മനാട് സന്ദര്‍ശിച്ച മാതൃഭൂമി കൊല്‍ക്കത്ത ലേഖകന്‍ രവി പാലൂര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്; അപൂര്‍വ ചിത്രങ്ങളോടെ.

 

'പൊള്‍ട്ടു' പ്രഥമ പൗരന്‍


പശ്ചിമബംഗാളിലെ വിശ്വപ്രശസ്തമായ ശാന്തിനികേതനില്‍നിന്ന് 26 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കീര്‍ണഹാറിലെത്തും. അവിടെനിന്ന് മൂന്നു കിലോമീറ്ററേയുള്ളൂ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ജന്മനാടായ മീറട്ടിലേക്ക്. മുമ്പ് ഒരു തോര്‍ത്തുമുടുത്ത് പാടവരമ്പിലൂടെ
ബ്രാഹ്മണ്‍പാറയിലെ പ്രാഥമിക വിദ്യാലയത്തിലേക്ക് നടന്നുപോയിരുന്ന മുഖര്‍ജി വീട്ടിലെ 'പൊള്‍ട്ടു' എന്ന വികൃതിപ്പയ്യന്‍
രാഷ്ട്രത്തിന്റെ പ്രഥമ പൗരനാവുമ്പോള്‍ ആഹ്ലാദത്തില്‍ വീര്‍പ്പുമുട്ടുകയാണ് മീറട്ടി ഗ്രാമം




കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന നെല്‍ വയലുകള്‍ക്ക് നടുവിലൂടെയാണ് ബോല്‍പുരില്‍ നിന്ന് കീര്‍ണഹാറിലേക്കുള്ള യാത്ര . വിശ്വപ്രശസ്തമായ ശാന്തിനികേതനില്‍ നിന്ന് 26 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ കീര്‍ണഹാറിലെത്താം. ബംഗാളിലെ ബിര്‍ഭും ജില്ലയിലെ ചെറിയ പട്ടണമാണ് കീര്‍ണഹാര്‍. അവിടെനിന്ന് മൂന്ന് കിലോ മീറ്റര്‍ പോയാല്‍ മീറട്ടി ഗ്രാമം; രാഷ്ട്രപതി പ്രണബിന്റെ ജന്മനാട്. ഒരു തോര്‍ത്ത് മുണ്ടുടുത്ത് പാടവരമ്പുകളിലൂടെ ബ്രാഹ്മണ്‍പാറയിലെ പ്രാഥമിക വിദ്യാലയത്തിലേക്ക് നടന്നുപോയിരുന്ന മുഖര്‍ജി വീട്ടിലെ വികൃതിപ്പയ്യന്‍ 'പൊള്‍ട്ടു' രാഷ്ട്രപതിയാകുന്നതിന്റെ ആഹ്ലാദത്തിലാണ് ഗ്രാമം.

മീറട്ടിയിലെ ഇടത്തരം ബ്രാഹ്മണ കുടുംബത്തിലെ പരേതരായ കാമോദ കിന്കര്‍രാജ -ലക്ഷ്മി ദമ്പതിമാരുടെ മകനാണ് പ്രണബ് കുമാര്‍ മുഖോപാധ്യായ എന്ന പ്രണബ് മുഖര്‍ജി. ഒരു സാധാരണ ഇരു നില കോണ്‍ക്രീറ്റ് കെട്ടിടമാണ് പ്രണബിന്റെ കുടുംബവീട്.പക്ഷേ, മീറട്ടിക്കാര്‍ക്ക് അതൊരു വലിയ വീട് തന്നെയാണ്. കാരണം മണ്ണിന്റെ ചുവരും പുല്ലോ ടിന്നോ കൊണ്ടു മേല്‍ക്കൂരയുമുള്ള കുടിലുകളാണ് മുഖര്‍ജി ഭവന്റെ ചുറ്റും.



മണ്ണ് കൊണ്ടുണ്ടാക്കിയ പഴയ വീട് മിനുക്ക് പണികളോടെ നിലനിര്‍ത്തിയിട്ടുണ്ട്. നടുമുറ്റത്തു ധാന്യങ്ങള്‍ ശേഖരിച്ചുവെക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മുറ്റത്ത് പുഴുങ്ങിയ നെല്ല് ഉണക്കാനിട്ടിരിക്കുന്നു. രാഷ്ട്രപതിയായെത്തുന്ന പ്രണബിനെ സ്വീകരിക്കാനായി വീട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന തിരക്കിലാണ് ബന്ധുക്കള്‍. കുടുംബ വക ദുര്‍ഗാക്ഷേത്രവും പുതുക്കിപ്പണിയുന്നുണ്ട്.

മീറട്ടിയിലെത്തുമ്പോള്‍ പ്രണബിന്റെ രാത്രിവാസം കീര്‍ണഹാറിലെ മൂത്ത സഹോദരിയുടെ വീട്ടിലാണ്. അദ്ദേഹത്തിനായി ഒരു മുറി പ്രത്യേകമായി എയര്‍ കണ്ടീഷന്‍ ചെയ്തുവെച്ചിട്ടുണ്ട്.



നീണ്ടുപരന്നു കിടക്കുന്ന നെല്പാടങ്ങളാണ് മീറട്ടിയിലെങ്ങും. നാല് പതിറ്റാണ്ടോളം കാലം പ്രണബ് മന്ത്രിയായിരുന്നിട്ടും മഴയെ ആശ്രയിച്ചുതന്നെ വേണം ഇപ്പോഴും ഇവിടത്തെ കര്‍ഷകര്‍ക്ക് വിളവിറക്കാന്‍. കീര്‍ണഹാറിന് അപ്പുറത്തും ഇപ്പുറത്തുമായി അജോയ്, മയൂരക്ഷി നദികള്‍ ഒഴുകുന്നുണ്ടങ്കിലും ജലസേചനം ഒരു വിദൂരസ്വപ്നം തന്നെയാണ് ഗ്രാമീണ കര്‍ഷകര്‍ക്ക്.

ദശകങ്ങളോളം പ്രണബ് മുഖര്‍ജിയുടെ കുടുംബ വക നെല്‍വയലുകളില്‍ പണിയെടുത്തിരുന്ന കര്‍ഷകത്തൊഴിലാളിയാണ് 90 കഴിഞ്ഞ ബിശ്വനാഥ് മണ്ഡല്‍. സി.പി.എം. കാരനാണെങ്കിലും ബിശ്വനാഥ് മണ്ഡലിന് കോണ്‍ഗ്രസ്സുകാരായ മുഖര്‍ജീ വീട്ടുകാരോട് വലിയ ബഹുമാനമാണ്. മുഖര്‍ജി വീട്ടിലെ ഒരംഗം എന്നതിലുപരി ഒരു ബംഗാളി ഇന്ത്യയുടെ പ്രഥമപൗരനാകുന്നതിലാണ് മണ്ഡല്‍ അഭിമാനം കൊള്ളുന്നത്.



കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായതുകൊണ്ട് ആദ്യകാലങ്ങളില്‍ പോലീസ് തന്റെ പിന്നാലെയായിരുന്നു. പലപ്പോഴും അറസ്റ്റില്‍ നിന്നൊഴിവായത് പ്രണബിന്റെ അച്ഛന്‍ കാമൊദ കിന്കര്‍ മുഖര്‍ജിയുടെ ഇടപെടല്‍ കൊണ്ടായിരുന്നു എന്ന് മണ്ഡല്‍ ഓര്‍ക്കുന്നു.
ബ്രാഹ്മണ്‍പാറയിലെ പ്രാഥമിക വിദ്യാലയത്തില്‍ പ്രണബിന്റെ സമകാലികനായിരുന്ന എഴുപത്തഞ്ചുകാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രമാ പ്രസന്ന ഭട്ടാചാര്യയും പഴയ ചങ്ങാതി രാഷ്ട്രപതിയാകുന്നതിന്റെ ആഹ്ലാദത്തിലാണ്. പ്രണബിനയച്ച കത്തുകളും അതിനു കിട്ടിയ മറുപടികളും രമാപ്രസന്ന ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

മുമ്പൊക്കെ ഗ്രാമത്തിലെത്തുമ്പോള്‍ പ്രണബിനെ കാണാറുണ്ടായിരുന്നു. ഇപ്പോള്‍ സുരക്ഷാ സന്നാഹങ്ങളും കാണാനെത്തുന്നവരുടെ തിരക്കും കാരണം രമാപ്രസന്നയ്ക്ക് അവസരം ലഭിക്കാറില്ല. എന്നാല്‍ ഗ്രാമത്തിനോ ഇവിടത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കോ വേണ്ടി പ്രണബ് ഒന്നും ചെയ്തിട്ടില്ലെന്ന് വീണാപാണി എന്ന മധ്യ വയസ്‌ക തുറന്നടിച്ചു.



കീര്‍ണഹാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ രൊബി ചട്ടൊ രാജിന് കീര്‍ണഹാറിലും മീറട്ടിയിലും സമീപപ്രദേശങ്ങളിലും പ്രണബ് ചെയ്ത വികസന പ്രവര്‍ത്തനങ്ങളുടെ നീണ്ട ലിസ്റ്റ് തന്നെയുണ്ട് നിരത്താന്‍.

കീര്‍ണഹാറിനടുത്ത ഗ്രാമത്തിലെ ആയിരം വര്‍ഷങ്ങളോളം പഴക്കമുള്ള ജപേശ്വര്‍ മഹാദേവക്ഷേത്രം പുതുക്കി പണിഞ്ഞത് മുഖര്‍ജി കുടുംബത്തിന്റെ മുന്‍കൈയോടെയും സഹായത്തോടെയുമാണ്. ക്ഷേത്രത്തോട് ചേര്‍ന്ന് പ്രണബിന്റെ അമ്മയുടെ ഓര്‍മയ്ക്കായി ഒരു അതിഥി ശാലയും നില കൊള്ളുന്നുണ്ട്. ആഴ്ചയില്‍ രണ്ടുദിവസം ഇവിടത്തെ പൂജയ്ക്കുള്ള ചെലവ് മുഖര്‍ജി കുടുംബമാണ് വഹിക്കുന്നത്.

സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചശേഷം ആദ്യമായി എത്തിയ പ്രണബിനെ വലിയ ആഘോഷങ്ങളോടെയാണ് ഗ്രാമം വരവേറ്റത്. ഇപ്പോള്‍ ഗ്രാമം കൃഷിയുടെ തിരക്കിലേക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങിപ്പോയിരിക്കുന്നു.




PHOTO GALLERY
VIDEO