66 വര്‍ഷംമുമ്പ് ക്യാപ്റ്റന്‍ ലക്ഷ്മി'മാതൃഭൂമി'യില്‍
കോഴിക്കോട്: സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട വേളയില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ കോഴിക്കോട് സന്ദര്‍ശനത്തെ അത്യാവേശത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. സ്വാതന്ത്ര്യ പ്രക്ഷോഭത്തെ ആളിക്കത്തിക്കുകയായിരുന്നു അവരുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം. സുഭാഷ്ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള 'ഇന്ത്യന്‍ നാഷണല്‍ ആര്‍മി'യുടെ വനിതാവിഭാഗമായ ഝാന്‍സിറാണി റെജിമെന്റിന്റെ ക്യാപ്റ്റനായിരുന്ന ലക്ഷ്മിക്ക് അന്ന് വീരവനിതയുടെ പരിവേഷമായിരുന്നു. കോഴിക്കോട്ട് തീവണ്ടിയിറങ്ങിയ അവര്‍ വടക്കെമലബാറിലും തിരുവിതാംകൂറിലും നടത്തിയ പ്രസംഗപര്യടനങ്ങള്‍ ജനലക്ഷങ്ങളെ ആവേശത്തിലാറാടിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന പ്രചാരമാധ്യമമായിരുന്ന മാതൃഭൂമിയുടെ കോഴിക്കോട് ഓഫീസിലും അവര്‍ക്ക് ഗംഭീരസ്വീകരണം ലഭിച്ചു. 1946 ഏപ്രില്‍ 15-ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ ജനാവലിയാണ് ക്യാപ്റ്റന്‍ ലക്ഷ്മിയെ സ്വീകരിക്കാന്‍ എത്തിയത്. 1946 ഏപ്രില്‍ 16-ന്റെ മാതൃഭൂമി ദിനപ്പത്രത്തില്‍ വന്നവാര്‍ത്ത ഇങ്ങനെ : ''... ലക്ഷ്മി വണ്ടിയില്‍നിന്നിറങ്ങിയ ഉടനെ 'ജയ്ഹിന്ദ്' തുടങ്ങിയ മുദ്രാവാക്യങ്ങളാല്‍ പ്ലാറ്റ്‌ഫോം മുഖരിതമായി. വളരെ പ്രയാസപ്പെട്ടാണ് ലക്ഷ്മിയെ ജനത്തിരക്കിനിടയില്‍ കൂടി പുറത്തേക്ക് ആനയിച്ചത്. ജനത്തിരക്കില്‍പ്പെട്ട ഒരാള്‍ പ്ലാറ്റ് ഫോറത്തില്‍ മോഹാലസ്യപ്പെട്ടു വീണു.
അന്നത്തെ കോഴിക്കോട്ടെ പൗരപ്രമുഖരായ ശ്യാംജി സുന്ദര്‍ദാസ്, യു. ഗോപാല മേനോന്‍, കെ.എ. ദാമോദര മേനോന്‍, ഇ. മൊയ്തു മൗലവി, കെ.പി. രാമുണ്ണി മേനോന്‍, എ.വി. കുട്ടിമാളു അമ്മ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചതെന്നും വാര്‍ത്തയില്‍ പറയുന്നു. ചാലപ്പുറത്തെ ഒരുവസതിയിലായിരുന്നു അവരുടെ വിശ്രമം. അന്ന് വൈകിട്ട് മാതൃഭൂമിയുടെ കോഴിക്കോട് ഓഫീസില്‍ ക്യാപ്റ്റന്‍ ലക്ഷ്മിക്ക് സ്വീകരണം നല്‍കി. മാതൃഭൂമി ഡയറക്ടറായിരുന്ന എ.വി. കുട്ടിമാളുഅമ്മ യുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ഡോ. കെ.ബി. മേനോനും ഓറിയന്റ് പത്രാധിപര്‍ കെ.പി. തോമസും ഒപ്പമുണ്ടായിരുന്നു.
ഐ.എന്‍.എ.ക്കു വേണ്ടി സഹായനിധി ശേഖരിക്കുക എന്നതും യാത്രയുടെ ഉദ്ദേശ്യമായിരുന്നു. ഗണപത് ഹൈസ്‌കൂളില്‍ ഇതിനായി വിനോദ പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഏപ്രില്‍ 16-ന് സാമൂതിരി കോളേജ് സ്‌ക്വയറില്‍ ഐ.എന്‍.എ. യുടെ ചരിത്രത്തെക്കുറിച്ച് ലക്ഷ്മി പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ ടിക്കറ്റ്ഏര്‍പ്പെടുത്തി. മലബാര്‍ പര്യടനത്തിനിടയില്‍ ഐ.എന്‍.എ. ഫണ്ടിലേക്ക് പതിനായിരത്തിലധികം രൂപയാണ് ക്യാപ്റ്റന്‍ ലക്ഷ്മിക്ക് പിരിഞ്ഞുകിട്ടിയത്.



