ക്യാപ്റ്റന് അഭിവാദ്യങ്ങള്‍

 

ഇന്ദു അഗ്‌നിഹോത്രി

 

തന്റെ വിശ്വാസങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന
ധീരയായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. പ്രായം അവരെ ഒരിക്കലും
തളര്‍ത്തിയിരുന്നില്ല. അധികാര സ്ഥാനങ്ങള്‍ വര്‍ജിച്ച അവര്‍ താഴെത്തട്ടുകളില്‍
കഴിയുന്നവര്‍ക്കുവേണ്ടിയാണ് ഉടനീളം പ്രവര്‍ത്തിച്ചത്



പ്രസിദ്ധ അഭിഭാഷകന്‍ എസ്. സ്വാമിനാഥന്റെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയില്‍ പോരാടിയ വനിതകളില്‍ ഒരാളായ അമ്മു സ്വാമിനാഥന്റെയും മകളായ ലക്ഷ്മി പഠിച്ചത് മദ്രാസിലായിരുന്നു. 1914 ഒക്ടോബറില്‍ ജനിച്ച ലക്ഷ്മിയുടെ ജീവിതം, രാജഭരണവും ആധുനിക ഇന്ത്യയുടെ ഉദയവും ഉള്‍പ്പെടുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ സിംഹഭാഗവും കണ്ട, ഇന്ത്യയിലെ ഒരു വലിയ വിഭാഗം സ്ത്രീകളുടെ അനുഭവത്തിന്റെ സ്വരൂപമാണ്. പൊതുജീവിതത്തില്‍ അവര്‍ കാട്ടിയ ധൈര്യം സ്ത്രീകളുടെയും സകല മനുഷ്യരുടെയും സമത്വത്തെക്കുറിച്ചുള്ള അവരുടെ ഉറച്ച വിശ്വാസത്തില്‍ നിന്ന് ഉയിര്‍കൊണ്ടതായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന പല പ്രമുഖ വനിതകളും ആദ്യകാലം മുതലേ അവരുടെ വീട്ടില്‍ വരികയും പോവുകയും ചെയ്തിരുന്നു. അവരില്‍ നിന്ന് പല കാര്യങ്ങളും ലക്ഷ്മി തന്റെ ജീവിതപുരോഗതിക്ക് ഉപയുക്തമാക്കി. സ്വന്തം വിശ്വാസങ്ങള്‍ക്കുവേണ്ടി നിലകൊള്ളുക എന്നതാണ് അതിലൊന്ന്.. വളരെക്കാലം മുമ്പ് പ്രസിദ്ധീകരിച്ച, ആദ്യകാല ജീവിതം വിവരിക്കുന്ന ആത്മകഥാപരമായ ചെറുപുസ്തകത്തിലെ അവരുടെ തുറന്ന അഭിപ്രായപ്രകടനങ്ങള്‍ ഇത് ശരിവെക്കുന്നു. തന്റെ വ്യക്തിജീവിതത്തെയും രാഷ്ട്രീയജീവിതത്തെയും ഈയൊരു നിലപാട് ചൂഴ്ന്നു നില്‍ക്കുന്നതായി കാണാം.

സിംഗപ്പൂരിലേക്ക്


മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഡോക്ടറായി തൊഴില്‍ ചെയ്യാന്‍ അവര്‍ സിംഗപ്പൂരിലേക്ക് പോയി. അവിടെവെച്ചായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായതും സുഭാഷ് ചന്ദ്ര ബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ (ഐ.എന്‍.എ.) ചേര്‍ന്ന് വനിതാ പോരാളികളുടെ സായുധ സേനയുടെ നേതാവായതും. മ്യാന്‍മറില്‍ നിന്ന് ഇന്ത്യയിലേക്ക് ഐ.എന്‍.എ. മാര്‍ച്ച് ചെയ്തപ്പോള്‍ വനിതകളുടെ 'റാണി ഝാന്‍സി' സംഘത്തെ നയിച്ചത് അവരായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് ഒട്ടേറെപ്പേര്‍ക്കൊപ്പം പല മാസങ്ങള്‍ അവര്‍ മ്യാന്‍മറിലെ ജയിലില്‍ കഴിഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍, പോരാട്ടങ്ങളില്‍ തന്റെ പങ്കാളിയായിരുന്ന കേണല്‍ പ്രേം സെഹ്ഗാളിനെ വിവാഹം കഴിച്ചു. ഇരുവരും കാണ്‍പുരില്‍ താമസമാക്കി. അവിടെ അവര്‍ തന്റെ വൈദ്യവൃത്തി തുടര്‍ന്നു.

ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാള്‍ എന്ന് വിളിക്കപ്പെട്ട അവര്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് കുറച്ചുകാലം ബോധപൂര്‍വം അകന്നു നിന്നെങ്കിലും രാഷ്ട്രീയത്തിലുള്ള ഇടപെടല്‍ തുടര്‍ന്നു. വൈദ്യസഹായം ആവശ്യമുള്ള ആരുടെയും ആശ്രയമായിത്തീര്‍ന്നു കാണ്‍പുരിലെ അവരുടെ ക്ലിനിക്. പിന്നീട് പല പൊതുചടങ്ങുകളിലും ചെറുപ്പക്കാരികളായ സ്ത്രീകള്‍ അവരുടെ അടുത്തെത്തി 'ഞാന്‍ നിങ്ങളുടെ കുഞ്ഞാണ്' എന്ന് അഭിമാനപൂര്‍വം പറയുമായിരുന്നു. അവരുടെയൊക്കെ അമ്മമാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ലക്ഷ്മിയുടെ ചികിത്സ തേടി എത്തിയവരായിരിക്കും! പതിവ് രോഗികളെക്കൂടാതെ കാണ്‍പുരിലെ തൊഴിലാളി കോളനികളില്‍ അവര്‍ വിപുലമായ പരിചിത വലയം തന്നെയുണ്ടാക്കി. അവര്‍ക്കെല്ലാം ഏതുസമയവും വൈദ്യ സഹായം നല്‍കി. ആ നഗരമായിരുന്നു വര്‍ഷങ്ങളായി അവരുടെ പ്രവര്‍ത്തനങ്ങളുടെ അടിത്തറ. എണ്‍പതുകളില്‍ യോഗങ്ങള്‍ക്കായി അശോക റോഡിലെ സി.പി.എം. ആസ്ഥാനത്തേക്കുള്ള യാത്രകളില്‍, വൈകിട്ട് സഖാക്കളും കുടുംബങ്ങളും താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളില്‍ അവരെത്തും. നിര്‍ബന്ധിത പരിശോധനകള്‍ നടത്തും. മരുന്നുകള്‍ നല്‍കും. മുമ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ അവര്‍ അനുസരിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ഏറ്റവും അവസാനം മാത്രം ഒരു ഡോക്ടറുടെ അടുത്തെത്താന്‍ അവസരം ലഭിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായിരുന്നു അവരുടെ പരിചരണം മുഖ്യമായും ലഭിച്ചിരുന്നത്. വളരെ ലളിതമായ വാക്കുകളിലായിരുന്നു അവര്‍ സ്ത്രീകള്‍ക്ക് ആരോഗ്യകാര്യങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. 2008-ല്‍ കാണ്‍പുരില്‍വെച്ച് ഞാന്‍ അവസാനമായി കാണുമ്പോഴും, ആ പ്രതിബദ്ധതയുടെ അടയാളമെന്നപോലെ, അതിരാവിലെ എഴുന്നേറ്റ് ക്ലിനിക്കില്‍ പോകുന്ന പതിവ് അവര്‍ തുടരുന്നുണ്ടായിരുന്നു.


സാമൂഹിക പ്രവര്‍ത്തക


ഒരു ഗൈനക്കോളജിസ്റ്റ് എന്നതിനപ്പുറം, ഉത്തരേന്ത്യയിലെ അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലേക്ക് ക്യാപ്റ്റന്‍ ലക്ഷ്മി മാറി. വിവിധ പ്രായക്കാരും ആശയക്കാരുമായ സാമൂഹിക പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രമുഖ സ്ഥാനമായിരുന്നു അവര്‍ക്ക്. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെയും സാമൂഹിക മാറ്റം വേണമെന്ന് ഉറച്ചു വാദിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെയും അനിഷ്ടത്തിന് പാത്രമായി അവര്‍. ആധുനികവും ചലനാത്മകവുമായ ജനാധിപത്യരാജ്യമായി ഇന്ത്യയെ പടുത്തുയര്‍ത്താനുള്ള പോരാട്ടത്തിനിടെ നാല്പതുകളില്‍ അവര്‍ ജയില്‍വാസമനുഭവിച്ചു. സ്വാതന്ത്ര്യ സമരപ്പോരാളി എന്ന ചരിത്രപരമായ പങ്കുവഹിച്ച അവര്‍ അധികാരസ്ഥാനങ്ങള്‍ വഹിക്കുക എന്ന പ്രലോഭനത്തെ അവഗണിച്ചു. പകരം, അടിസ്ഥാനതലത്തില്‍ സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന പ്രസ്ഥാനങ്ങള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്തു. ആദ്യ വര്‍ഷങ്ങളില്‍ അഖിലേന്ത്യാ വനിതാ കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. പിന്നീട്, 1981-ല്‍ സ്ഥാപിക്കപ്പെട്ടതുമുതല്‍ ഇന്ത്യയിലെ ഏറ്റവും വലിയ വനിതാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ (എ.ഐ.ഡി.ഡബ്ല്യു.എ.) ഭാരവാഹിയായി. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നതിന് വേണ്ട വിവിധ പ്രചാരണ പരിപാടികളില്‍ ലക്ഷ്മി സെഹ്ഗാള്‍ സജീവ പങ്കാളിയായി. സതി, സ്ത്രീധനം, മുസ്‌ലിം സ്ത്രീകള്‍ക്ക് ജീവനാംശം നിഷേധിക്കല്‍, പെണ്‍കുഞ്ഞാണോ എന്നറിയാനുള്ള ലിംഗ നിര്‍ണയം തുടങ്ങിയവയ്‌ക്കെതിരെയും കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ ഉയര്‍ന്നുവന്ന മറ്റു പല അനീതികള്‍ക്കെതിരെയും അവര്‍ അവിശ്രാന്തം പോരാടി.
ഇന്ത്യാവിഭജന കാലത്തും 1971-ല്‍ ബംഗ്ലാദേശിലെ സ്വാതന്ത്ര്യസമര പോരാളികള്‍ക്കിടയിലും അവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നത് വളരെ കുറച്ചുപേര്‍ക്കു മാത്രമേ അറിയൂ. സാമൂഹികമായി ഉന്നമനം പ്രാപിച്ച, പുരോഗമിക്കുന്ന ബഹുസ്വരമായ ജനാധിപത്യ ഇന്ത്യക്കു വേണ്ടിയുള്ള, വികസനവും പൗരസുരക്ഷയും പ്രദാനം ചെയ്യുന്ന ഇന്ത്യയ്ക്കു വേണ്ടിയുള്ള, ഇന്ത്യന്‍ ജനതയുടെ ആഗ്രഹങ്ങളുടെ പ്രതിരൂപമാണ് ക്യാപ്റ്റന്‍ ലക്ഷ്മി.
ഇതാണ് സാമൂഹിക തലത്തിലുള്ള അവരുടെ ഇടപെടലുകളെ അടയാളപ്പെടുത്തുന്നത്. 1984-ല്‍ വാതക ദുരന്തമുണ്ടായതിന് പിന്നാലെ ഭോപ്പാല്‍ സന്ദര്‍ശിച്ച എ.ഐ.ഡി.ഡബ്ല്യു.എ. സംഘത്തിന് നേതൃത്വം നല്‍കിയത് ലക്ഷ്മിയായിരുന്നു. ദുരന്ത ബാധിതരായ സ്ത്രീകളുടെയും കുട്ടികളുടെയും, ജനിച്ചിട്ടില്ലാത്ത കുട്ടികളുടെ കൂടി ആരോഗ്യ സ്ഥിതി സംഘം വിലയിരുത്തി. ആ സന്ദര്‍ശനത്തെക്കുറിച്ച് അവരെഴുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്ന പോലെ, ദുരിത ബാധിതരുമായുള്ള അവരുടെ ഇടപെടല്‍ സ്ത്രീയെന്ന നിലയിലും ഡോക്ടറെന്ന നിലയിലുമായിരുന്നു.

സാമ്രാജ്യത്വത്തിന് എതിരെ


സാമ്രാജ്യത്വത്തിനെതിരായ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവം അവരുടെ എല്ലാ ഇടപെടലുകളിലും വ്യക്തമാണ്. 1985-ല്‍ നയ്‌റോബിയില്‍ നടന്ന ലോക വനിതാ സമ്മേളനത്തില്‍ എ.ഐ.ഡി.ഡബ്ല്യു.എ യുടെ പ്രതിനിധിയായി അവര്‍ പങ്കെടുത്തു. അന്താരാഷ്ട്രതലത്തില്‍ വനിതകളുടെ പ്രശ്‌നങ്ങള്‍ എങ്ങനെ ഉരുത്തിരിയുന്നു എന്നത് സംബന്ധിച്ച കാഴ്ചപ്പാടുകള്‍ , തിരിച്ചു വന്ന ശേഷം അവര്‍ തന്റെ സഖാക്കളുമായി പങ്കുവെച്ചു. അത് വനിതാ സംഘടനകളിലെ ചെറുപ്പക്കാരായ സഖാക്കള്‍ക്ക് ആഴമേറിയ ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു. 1990-കളില്‍ ഇന്ത്യയില്‍ നടന്ന സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ പ്രചാരണ പരിപാടിയായ വനിതാ കലാ ജാഥയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവര്‍ താത്പര്യം പ്രകടിപ്പിച്ചു. ജാതി വിവേചനത്തിനെതിരെ പോരാടാനുള്ള ശ്രമങ്ങളും സാമുദായികവും വിഭാഗീയവുമായ സമീപനങ്ങള്‍ക്കെതിരായ പോരാട്ടവും പ്രത്യേകിച്ച് ഗുജറാത്ത് സര്‍ക്കാറിന്റെ ഒത്താശയോടെ നടന്ന നരഹത്യയുടെ കാലത്ത് , അവര്‍ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമാണ്.
പ്രായം എത്രയായലും അവരുടെ കീഴടക്കാനാവാത്ത വീര്യം എല്ലാ കാലത്തും പ്രകടമായിരുന്നു.. 2004-ല്‍ ഭുവനേശ്വറില്‍ നടന്ന എ.ഐ.ഡി.ഡബ്ല്യു.എ. സമ്മേളനത്തിലെ പ്രതിനിധികളെ സ്വാതന്ത്ര്യ സമരകാലത്തെ കാര്യങ്ങള്‍ പറഞ്ഞ് അവര്‍ രസിപ്പിച്ചു. പഴയകാര്യങ്ങള്‍ അനുസ്മരിക്കുമ്പോള്‍, ചിരിക്കാനും ചിരിക്കു വക നല്‍കുന്ന കാര്യങ്ങള്‍ കണ്ടെത്താനുമുള്ള അവരുടെ കഴിവ് ഗൗരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചര്‍ച്ചകള്‍ പോലും സാധാരണ സ്ത്രീകള്‍ക്ക് ആസ്വാദ്യകരമാക്കി. ഒരേസമയം, പല ഭാഷകളില്‍ മാറിമാറി സംസാരിക്കാനുള്ള അവരുടെ കഴിവ് അതിശയകരമായിരുന്നു. തന്റെ സംസാരം ആരെങ്കിലും പരിഭാഷപ്പെടുത്തുന്നത് അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പലഭാഷകളില്‍ സംസാരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ഇന്ത്യയുടെ വിവധ ഭാഗങ്ങളിലുള്ള സ്ത്രീപുരുഷന്‍മാരോട് നേരിട്ട് സംവദിക്കണമെന്ന ആഗ്രഹവുമായിരുന്നു ഇതിന് കാരണം. ഭുവനേശ്വറില്‍ അവര്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും തമിഴിലും മറ്റു ചില ഭാഷകളിലും സംസാരിച്ചു. സ്ത്രീകളുമായി നേരിട്ട് സംവദിക്കാനാവുന്നുണ്ടെന്ന് ഉറപ്പാക്കാനായിരുന്നു അത്. പുതിയ വെല്ലുവിളികള്‍ക്ക് മുമ്പില്‍ പരാജയപ്പെടില്ലെന്ന ഇതേ വീര്യമാണ് 2002-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഭരണ സഖ്യത്തിന്റെ സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കാന്‍ അവര്‍ തയ്യാറായതിന്റെ കാരണവും. ഭൂരിപക്ഷ യാഥാസ്ഥിതിക ഹിന്ദുത്വ സംഘടനകളുടെ ഭീകരമായ ആക്രമണത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെന്താകുമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ച സാധ്യമാക്കാനുള്ള ഒരവസരമായും അവര്‍ അതിനെ എടുത്തു.
സ്വാതന്ത്ര്യം പോരാടി നേടേണ്ട ലക്ഷ്യമാണ്. വിമോചനം ശാരീരികം എന്നത് പോലെ മാനസികാവസ്ഥയുമാണ്.സമാധാനത്തിന്റെ അര്‍ഥം ആത്മസംതൃപ്തി മാത്രമല്ല, ചരിത്രഗതിയില്‍ ദേശങ്ങള്‍ ദേശങ്ങളെ അടിമപ്പെടുത്തിവെച്ചതിനാല്‍ നഷ്ടപ്പെട്ടുപോയ മഹാഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ക്കായി പോരാടാനുള്ള ആഗ്രഹം കൂടിയാണ്. അങ്ങനെ വരുമ്പോള്‍ ഡോ. ലക്ഷ്മിയുടെ പേര് എന്നെന്നും ഓര്‍മിക്കപ്പെടേണ്ടതാകുന്നു. ജനാധിപത്യത്തോടുള്ള പ്രതിജ്ഞാബദ്ധത എന്നതിനര്‍ഥം ആധുനികവും പുരോഗമനപരവുമായ മൂല്യങ്ങള്‍ വളര്‍ത്തുക എന്നതാണ്.

സാമൂഹിക ഉന്നമനത്തിന് വേണ്ടി വിവിധ കാഴ്ചപ്പാടുകള്‍ക്ക് ഒരുമിച്ച് ഇടപെടാന്‍ കഴിയുന്ന സമൂഹത്തിന് വേണ്ടി ശ്രമിക്കുക എന്നതുമാണ്. അപ്പോള്‍ ഇതിനായി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച ഡോ. ലക്ഷ്മി സെഹ്ഗാളിനെപ്പോലുള്ളവരെ ആദരിക്കണം. ഭരണഘടനാ രേഖകളിലെയും അന്താരാഷ്ട്ര ഉടമ്പടികളിലെയും ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കപ്പുറം സമത്വത്തിന് ഒരര്‍ഥമുണ്ടാകണം. സ്ത്രീ പുരുഷന്മാരുടെ ജീവിതത്തെ നിത്യേന സ്പര്‍ശിക്കുന്ന കാര്യങ്ങളിലൊക്കെ എന്തു തരത്തിലുള്ള മാറ്റങ്ങളുണ്ടാവണമെന്നും അവ എങ്ങനെ സാധിക്കാമെന്നും സദാ ചിന്തിക്കാന്‍ സമത്വമെന്ന സങ്കല്പം പ്രേരകമാകണം. അങ്ങനെയെങ്കില്‍ ലക്ഷ്മി സെഹ്ഗാളിനെപ്പോലുള്ളവരുടെ ജീവിതകഥകള്‍ ലോക ചരിത്രത്തിലെ നാടോടിക്കഥകളുടെ ഭാഗമാകേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സമത്വം എന്നിവ തേടിപ്പുറപ്പെടാന്‍ കൂടുതല്‍ പേര്‍ക്ക് അപ്പോള്‍ അത് പ്രചോദനമാവും.
VIDEO
PHOTO GALLERY