വിപ്ലവനക്ഷത്രം ഇനി ഓര്‍മ
ഡി. ശ്രീജിത്ത്
ക്യാപ്റ്റന്‍ ലക്ഷ്മി 1914-2012
മൃതദേഹം പഠനത്തിന് കാണ്‍പുര്‍ മെഡിക്കല്‍ കോളേജിന് നല്കും
കാണ്‍പുര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് കേരളം സമ്മാനിച്ച വിപ്ലവനക്ഷത്രം ക്യാപ്റ്റന്‍ ലക്ഷ്മി (ഡോ. ലക്ഷ്മി സെഹ്ഗാള്‍) ഇനി ഓര്‍മ. തിങ്കളാഴ്ച രാവിലെ 11.25-ന് കാണ്‍പുരിലെ സ്വകാര്യ ആസ്പത്രിലായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു.സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലൂടെ സ്വാതന്ത്ര്യസമര പോരാട്ടത്തിലേക്ക് കടന്നുവന്ന ക്യാപ്റ്റന്‍ ലക്ഷ്മി സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ തൊഴിലാളി, വനിതാപ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വമേകി.സി.പി.എം. അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സ്ഥാപകനേതാവുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി രാജ്യത്തിന് മാതൃകയായ ആതുരസേവക കൂടിയായിരുന്നു. അവരുടെ ആഗ്രഹപ്രകാരം മൃതദേഹം കാണ്‍പുര്‍ മെഡിക്കല്‍ കോളേജിന് പഠനത്തിനായി നല്‍കും. കണ്ണുകള്‍ ദാനം ചെയ്തു. ദേശീയ പ്രസ്ഥാനത്തിലേക്ക് ഒട്ടേറേ നേതാക്കളെ സമ്മാനിച്ച പാലക്കാട് ആനക്കര വടക്കത്ത് തറവാട്ടിലെ അംഗമാണ് ക്യാപ്റ്റന്‍ ലക്ഷ്മി.
വ്യാഴാഴ്ച രാവിലെയാണ് കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്ന് ക്യാപ്റ്റന്‍ ലക്ഷ്മിയെ കാണ്‍പുര്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. മകളും സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗവുമായ സുഭാഷിണി അലിയെ കൂടാതെ മറ്റൊരു മകളായ അനീസയും കൊച്ചുമക്കളും അടുത്ത ബന്ധുക്കളും മരണസമയത്ത് അടുത്തുണ്ടായിരുന്നു.
കാണ്‍പുരില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ആദ്യകാലവസതിയായിരുന്ന മക്‌റോബര്‍ട്ട് ഹോസ്പിറ്റലില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട്, ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാവ് സുധാസുന്ദര്‍രാമന്‍ എന്നിവരടക്കം ഒട്ടേറേ പ്രമുഖരെത്തി.
1948 മുതല്‍ കാണ്‍പുരിലെ ആതുരസേവനരംഗത്തെ നിത്യസാന്നിധ്യമായ ഡോ. ലക്ഷ്മി സെഹ്ഗാളിനെ അവസാനമായിക്കാണാന്‍ നൂറുകണക്കിനാളുകളാണെത്തിയത്. മൃതദേഹം ചൊവ്വാഴ്ച കാണ്‍പുരിലെ വസതിയില്‍നിന്ന് പന്ത്രണ്ടോടെ വിലാപയാത്രയായി മെഡിക്കല്‍ കോളേജിലെത്തി കൈമാറും. 1924 ഒക്ടോബര്‍ 24-ന് മദ്രാസിലായിരുന്നു ജനനം. അച്ഛന്‍ മദ്രാസ് ഹൈക്കോടതിയില്‍ പ്രശസ്ത അഭിഭാഷകനായിരുന്ന ഡോ. എസ്. സ്വാമിനാഥന്‍. അമ്മ സ്വാതന്ത്ര്യസമരസേനാനിയും എം.പി.യുമായിരുന്ന ആനക്കര വടക്കത്ത് കുടുംബാംഗം അമ്മു സ്വാമിനാഥന്‍. മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്സും ഗൈനക്കോളജി ഡിപ്ലോമയും നേടി 1940-ല്‍ സിംഗപ്പൂരിലേക്കുപോയി അവിടെ പ്രാക്ടീസ് ആരംഭിച്ചു.
മാതൃഭൂമി സ്ഥാപകപത്രാധിപര്‍ കെ.പി. കേശവമേനോന്‍, ഐ.എന്‍.എ.യുടെ സ്ഥാപകരില്‍ പ്രധാനിയായ മോഹന്‍സിങ് എന്നിവരും അക്കാലത്ത് സിംഗപ്പൂരിലുണ്ടായിരുന്നു. സിംഗപ്പൂരിലെ ഇന്ത്യന്‍ സ്വാതന്ത്ര്യ ലീഗില്‍ പ്രവര്‍ത്തനം തുടങ്ങിയ ലക്ഷ്മി, ഐ.എന്‍.എ.യില്‍ സുഭാഷ് ചന്ദ്രബോസ് വനിതകള്‍ക്കായി ഝാന്‍സി റാണി റെജിമെന്റ് ഉണ്ടാക്കിയപ്പോള്‍ അതിന്റെ നേതൃത്വം ഏറ്റെടുത്തു. മലയയിലും ബര്‍മയിലും ഐ.എന്‍.എ. സൈന്യം ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ സായുധ പോരാട്ടത്തിന് നേതൃത്വം നല്‍കിയതും ക്യാപ്റ്റന്‍ ലക്ഷ്മിയാണ്.
രാജ്യത്തിനുപുറത്ത് സുഭാഷ് ചന്ദ്രബോസ് സൃഷ്ടിച്ച ആസാദ് ഹിന്ദ് സര്‍ക്കാറിലെ ഏക വനിതാ അംഗവും ക്യാപ്റ്റന്‍ ലക്ഷ്മിയായിരുന്നു. 1945-ല്‍ ബ്രിട്ടീഷുകാര്‍ തടവുകാരിയായി പിടികൂടിയ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മോചനത്തിനുവേണ്ടി ഒട്ടേറേ പ്രക്ഷോഭങ്ങള്‍ നടന്നു. ബ്രിട്ടീഷുകാര്‍ ഒരുവര്‍ഷത്തിനുശേഷം മോചിപ്പിച്ച അവര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.
1947-ല്‍ ഐ.എന്‍.എ.യില്‍ സഹപ്രവര്‍ത്തകനായ കേണല്‍ പ്രേംകുമാര്‍ സെഹ്ഗാളിനെ വിവാഹം ചെയ്തു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ആതുരശുശ്രൂഷാരംഗത്ത് പൊതുപ്രവര്‍ത്തനം തുടര്‍ന്ന ക്യാപ്റ്റന്‍ ലക്ഷ്മി 1971-ല്‍ സി.പി.എം. അംഗമായതോടെ ഇടതുപക്ഷ ത്തെ നിര്‍ണായക സാന്നിധ്യമായി മാറി.
തൊഴിലാളി, വനിതാരംഗത്ത് സംഘാടനത്തില്‍ മുഴുകിയ അവര്‍ 1981-ല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപവത്കരിക്കുമ്പോള്‍ ദേശീയ ഉപാധ്യക്ഷയായിരുന്നു. 1998-ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. 2002-ല്‍ എ.പി.ജെ. അബ്ദുല്‍കലാമിനെതിരെ രാഷ്ട്രപതിസ്ഥാനത്തേക്ക് ഇടതുസ്ഥാനാര്‍ഥിയായി മത്സരിച്ചു. പരേതനായ ബാരിസ്റ്റര്‍ ഗോവിന്ദ് സ്വാമിനാഥന്‍, പരേതനായ സുബ്ബരാമകൃഷ്ണന്‍, വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായ് എന്നിവര്‍ സഹോദരങ്ങള്‍.



