ആയുധമേന്തിയ ഡോക്ടര്‍
പഠിച്ചത് വൈദ്യശാസ്ത്രം പക്ഷേ, ബ്രിട്ടീഷുകാര്‍ക്കെതിരെ അടരാടാനായിരുന്നു ചരിത്രനിയോഗം. ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമേന്തിയ ഝാന്‍സിയിലെ റാണി ലക്ഷ്മീബായിയോട് ക്യാപ്റ്റന്‍ ലക്ഷ്മിക്ക് സാമ്യം പേരില്‍മാത്രമൊതുങ്ങുന്നതല്ല. ദേശസ്‌നേഹത്തിന്റെയും നിസ്വാര്‍ഥസേവനത്തിന്റെയും പ്രതിരൂപമായിരുന്നു ആയുധമേന്തിയ ഈ ഡോക്ടര്‍. മദിരാശി മെഡിക്കല്‍കോളേജില്‍നിന്ന് എം.ബി.ബി.എസ്സും ഗൈനക്കോളജിയില്‍ ഡിപ്ലോമയും നേടിയ ലക്ഷ്മി 1940ലാണ് സിംഗപ്പുരിലെത്തുന്നത്. അന്ന് സിംഗപ്പൂരിലുണ്ടായിരുന്ന 'മാതൃഭൂമി'യുടെ സ്ഥാപക പത്രാധിപര്‍ കെ.പി. കേശവമേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രേരണയില്‍ ലക്ഷ്മി രാഷ്ട്രീയത്തില്‍ സജീവമായി.
ഒരു ഡോക്ടറായി ഒതുങ്ങാതെ ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തെ സഹായിക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ ലീഗില്‍ സജീവപ്രവര്‍ത്തനം കാഴ്ചവെച്ചു. സിംഗപ്പൂരിലെ ഇന്ത്യക്കാരെ സംഘടിപ്പിച്ച് നേതാജി സുഭാഷ്ചന്ദ്രബോസ് ഐ.എന്‍.എ. രൂപവത്കരിച്ചതോടെ ഡോക്ടര്‍ ലക്ഷ്മി അതിന്റെ ഭാഗമായി. നേതാജി സ്ത്രീകള്‍ക്കായി ഝാന്‍സിറാണി റെജിമെന്റ് രൂപവത്കരിച്ചതോടെ സ്വന്തം ക്ലിനിക്ക് അടച്ചുപൂട്ടിയ ഡോക്ടര്‍ റെജിമെന്റിനെ ശക്തിപ്പെടുത്താന്‍ ശ്രമംതുടങ്ങി.
വീരോചിതമായ പ്രവര്‍ത്തനം ഐ.എന്‍.എ.യിലെ കേണല്‍പദവിക്ക് ഡോക്ടറെ അര്‍ഹയാക്കി. അതിനുശേഷമാണ് 'ക്യാപ്റ്റന്‍ ലക്ഷ്മി' എന്നപേരില്‍ അവര്‍ അറിയപ്പെട്ടുതുടങ്ങിയത്. ഇച്ഛാശക്തിയും തളരാത്ത മനസ്സും ക്യാപ്റ്റന് കരുത്തായി. സുഭാഷ്ചന്ദ്രബോസ് ആസാദ് ഹിന്ദ്ഗവണ്മെന്റ് രൂപവത്കരിച്ചപ്പോള്‍ അതിലെ ഏക വനിതാമന്ത്രിയെന്ന സ്ഥാനവും ഏറ്റെടുത്തു. മലയയിലും ബര്‍മയിലും അവര്‍ ഐ.എന്‍.എ. സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചു.
യുദ്ധത്തില്‍ മുറിവേറ്റ സഹപ്രവര്‍ത്തകനെ മുളംതണ്ടില്‍ ചുമന്ന് വനാന്തരത്തിലൂടെ കാല്‍നടയായി നടത്തിയ സാഹസികയാത്ര ക്യാപ്റ്റന്‍ ലക്ഷ്മിതന്നെ 'ഓര്‍മക്കുറിപ്പു'കളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, അവര്‍ ബ്രിട്ടീഷ്പട്ടാളത്തിന്റെ തടവിലായി. ഇന്ത്യയില്‍ മടങ്ങിയെത്തി വിവാഹശേഷം അവര്‍ കാണ്‍പുരിലെ ആതുരസേവനത്തിന്റെ മുഖവുമായി.



