ക്യാപ്റ്റന്‍ ലക്ഷ്മി അന്തരിച്ചു

 

കാണ്‍പൂര്‍: സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ധീരസാന്നിധ്യവും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ (ഐ.എന്‍.എ) പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി(97) അന്തരിച്ചു. കാണ്‍പുര്‍ മെഡിക്കല്‍സെന്ററില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ 11.40 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് അവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തിനൊപ്പം പക്ഷാഘാതംകൂടിയുണ്ടായതാണ് ആരോഗ്യനില വഷളാക്കിയതും മരണകാരണമായതും. മകളും സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗവുമായ സുഭാഷിണി അലി മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. പാലക്കാട് ആനക്കര വടക്കത്ത് കുടുംബാംഗമായി 1914 ഒക്‌ടോബര്‍ 24 നായിരുന്നു ജനനം.

കഴിഞ്ഞ 65 വര്‍ഷമായി കാണ്‍പുരിലെ പാവപ്പെട്ടവരുടെ അഭയകേന്ദ്രമായ സ്വന്തം ക്ലിനിക്കില്‍ ബുധനാഴ്ചവരെയും ഡോ. ലക്ഷ്മീസെഹ്ഗാള്‍ പോയിരുന്നു. സുഭാഷ്ചന്ദ്ര ബോസിന്റെ ആശയങ്ങളില്‍ ആകൃഷ്ടയായി, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേര്‍ന്ന ഈ ഡോക്ടറെ ലോകമറിഞ്ഞത് ക്യാപ്റ്റന്‍ ലക്ഷ്മി എന്ന പേരിലാണ്. ഐ.എന്‍.എയുടെ വനിതാ വിഭാഗമായ ഝാന്‍സി റാണി റജിമെന്റിന്റെ ക്യാപ്റ്റനായിരുന്നു ലക്ഷ്മീസെഹ്ഗാള്‍. പക്ഷേ, കാണ്‍പുരിലെ പാവപ്പെട്ടവര്‍ക്കും പണിയാളര്‍ക്കും അവര്‍ 'മമ്മിജി'യാണ്. പ്രാര്‍ഥനയില്‍ വിശ്വാസമില്ലാത്ത, പ്രവൃത്തിയില്‍ വിശ്വസിക്കുന്ന, മനുഷ്യസ്‌നേഹിയായ ഡോക്ടര്‍. 2002 ല്‍ രാഷ് ട്രപതി തിരഞ്ഞെടുപ്പില്‍ ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിനെതിരെമത്സരിച്ചിരുന്നു.
VIDEO
PHOTO GALLERY