വിടവാങ്ങിയത് വീരേതിഹാസത്തിലെ ഒരേട്
വിപ്ലവകാരികള്‍ പിന്നിട്ടുപോയ കാലത്തെ ഗൃഹാതുരതമായോ പാരമ്പര്യാടിസ്ഥാനത്തിലോ ഓര്‍ക്കാറില്ല. തങ്ങള്‍ പിന്നിട്ടത് ഒരു ചരിത്രമാണ് എന്നോര്‍ക്കാനാണ് അവര്‍ക്കിഷ്ടം. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവിതവും അനുഭവങ്ങളും അങ്ങനെ തന്നെ. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സാഹസികതയുടെ പര്യായമായ ശക്തമായ സ്ത്രീസാന്നിധ്യമായിരുന്നു അവര്‍. ആ വീരേതിഹാസം ഇനി ഓര്‍മ്മകളില്‍ മാത്രം. കാണ്‍പൂരില്‍ വിശ്രമജീവിതം നയിക്കുമ്പോഴും തന്നെ കാണാനെത്തുന്നവരോട് മലയാളി മാധ്യമപ്രവര്‍ത്തകരോട് ഉള്‍പ്പെടെ സരസമായി ചിരിച്ച് സംസാരിച്ചിരുന്നു അവര്‍. ഝാന്‍സി റാണിയുടെ നാട്ടില്‍ ഏറെ കാലമായി ആതുരസേവനകേന്ദ്രം നടത്തുകയായിരുന്നു കടുത്ത ഇടതുപക്ഷാഭിമുഖ്യം നിലനിര്‍ത്തുമ്പോഴും ഡോക്ടര്‍ ലക്ഷ്മി സെഗാള്‍. സ്വാതന്ത്ര്യസമരകാലത്ത് പ്രകടിപ്പിച്ച സന്നദ്ധപ്രവര്‍ത്തനുള്ള അതേ ആത്മാര്‍ത്ഥതയോടെ അവര്‍ ഇവിടെയും പ്രവര്‍ത്തിച്ചുപോന്നു. രോഗാവശത കടുത്ത് വിശ്രമവും ചികിത്സയും നടക്കുന്നതിനിടെയാണ് അവര്‍ക്ക് മസ്തിഷ്‌കാഘാതം സംഭവിച്ചത്. അത് അവരെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
മകള്‍ സുഭാഷിണി അലി ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ നേതാവാണ്. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവിതാനുഭവങ്ങളില്‍ സ്വാതന്ത്ര്യസമരവും ഐഎന്‍എയും ആതുരസേവനവും ഇടതാഭിമുഖ്യവും മാത്രമല്ല കേരളത്തിലെ പൊന്നാനി താലൂക്കിലെ ആനക്കര വടക്കത്ത് തറവാട്ട് വീടുമുണ്ട്. കുട്ടിക്കാലത്ത് ഇടയ്ക്കിടെ വന്ന് താമസിച്ചിരുന്ന വീടായിരുന്നു അത്. 1914 ഒക്ടോബര്‍ 24 ന് ചെന്നൈയിലാണ് ലക്ഷ്മിയുടെ ജനനം. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്ന ഡോ.എസ്.സ്വാമിനാഥനാണ് പിതാവ്. പ്രശസ്തരുടെ കുടുംബമാണ് ക്യാപ്റ്റന്‍ ലക്ഷ്മിയുടേത്. ഡോ.എസ്.സ്വാമിനാഥന്‍ പ്രഗത്ഭനായ അഭിഭാഷകന്‍.
എം.പിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു അമ്മ അമ്മു സ്വാമിനാഥന്‍. സഹോദരി മൃണാളിനി സാരാഭായ് രാജ്യാന്തരപ്രസിദ്ധി നേടിയ നര്‍ത്തകി. ബന്ധുക്കള്‍ പ്രശസ്തരും പ്രഗത്ഭതുമായി നിരവധി പേര്‍. മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസും ഗൈനക്കോളജിയില്‍ ഡിപ്ലോമയും നേടിയ ശേഷം സിംഗപ്പൂരില്‍ പോയി മെഡിക്കല്‍ ഉപരിപഠനം നടത്തി. അവിടെ വെച്ചാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് അവര്‍ തിരിയുന്നത്. സുഭാഷ് ചന്ദ്രബോസിനൊപ്പം പ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ്. സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് സര്‍ക്കാരില്‍ മന്ത്രിയായും ഐ.എന്‍.എയിലും പ്രവര്‍ത്തിച്ചു.
യുദ്ധകാലത്തെ സന്നദ്ധപ്രവര്‍ത്തനങ്ങളും ആതുരസേവനവും അവര്‍ തന്നെ പിന്നീട് വിവരിച്ചിട്ടുണ്ട്. ബര്‍മ്മയില്‍ ഉള്‍പ്പെടെ പലയിടത്തുമായി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. കുറച്ചുകാലത്തിന് ശേഷം ബ്രിട്ടീഷ് പട്ടാളം ക്യാപ്റ്റന്‍ ലക്ഷ്മിയെ പിടികൂടി ജയിലിലടച്ചു. 1946- ഇന്ത്യയിലേക്ക് മടങ്ങിയെത്തി. തൊട്ടടുത്ത വര്‍ഷം ഐ.എന്‍.എയില്‍ സഹപ്രവര്‍ത്തകനായിരുന്ന കേണല്‍ പ്രേംകുമാര്‍ സെഗാളിനെ വിവാഹം കഴിച്ചതോടെ കാണ്‍പൂരില്‍ താമസമാക്കി. ഭര്‍ത്താവിന് കാണ്‍പൂരിലെ ഒരു തുണിമില്ലിലായിരുന്നു ജോലി. പിന്നിടാണ് അവിടെ ആതുരസേവനകേന്ദ്രം ആരംഭിച്ചത്. യു.പി. മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റുമായുള്ള സൗഹൃദമാണ് ഇതിന് അവരെ സഹായിച്ചത്. കോണ്‍ഗ്രസുകാരില്‍ സരോജിനി നായിഡുവിനെയായിരുന്നു ഗാന്ധിയും നെഹ്‌റുവും ഉള്‍പ്പെടെയുള്ള നേതാക്കളേക്കാളും ലക്ഷ്മിക്കിഷ്ടം.
1998 ല്‍ ഭാരതസര്‍ക്കാര്‍ പത്മഭൂഷന്‍ നല്‍കി ക്യാപ്റ്റന്‍ ലക്ഷ്മിയെ ആദരിച്ചു. 2002 ല്‍ ഇടതുപിന്തുണയോടെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിനെതിരെ മത്സരിക്കുകയും ചെയ്തു. 1970 മുതല്‍ സി.പി.എമ്മില്‍ അംഗത്വമുള്ള ലക്ഷ്മി സി.പി.എമ്മിന്റെ ഉത്തര്‍പ്രദേശ് സംസ്ഥാന കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ കമ്മിറ്റിയംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതിന് ശേഷം പൊതുവേദികളില്‍ കുറച്ചുമാത്രമേ അവര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. വീരേതിഹാസം പുരണ്ട ചരിത്രത്തിലൂടെ ജീവിച്ച് മാതൃകയായി തീര്‍ന്ന സ്ത്രീ എന്ന വ്യക്തിവിശേഷണമാണ് ക്യാപ്റ്റന്‍ ലക്ഷ്മിയ്ക്ക് ചേരുക. എന്നിട്ടും അഹന്തയോ അഹങ്കാരമോ ഇല്ലാതെ സമൂഹത്തോട്, തന്നെ കാണാനെത്തുന്നവരോട് നിഷ്‌കളങ്കമായി സംസാരിക്കാനും ഇടപഴകാനും കഴിയുന്നുവെന്നതാണ് ഡോ.ലക്ഷ്മി സെഗാളിന്റെ മഹിമ.



