സിരകളില്‍ ക്യാപ്റ്റന്‍ ലക്ഷ്മിക്ക് വിപ്ലവവീര്യം

 

വി.ടി.സന്തോഷ് കുമാര്‍

 

ആര്യനഗറില്‍ പഴയ പോസ്‌റ്റോ ഫീസിനടുത്താണ് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ക്ലിനിക്കെന്ന് സുഭാഷിണി അലി പറഞ്ഞിരുന്നു. കാണ്‍പുര്‍ നഗരത്തിലെ പൊടിയും പുകയും ഗതാഗതക്കുരുക്കും താണ്ടി, ആര്യനഗറിലെത്തി, പഴയ പോസ്‌റ്റോഫീസ് അന്വേഷിച്ചപ്പോള്‍ നാട്ടുകാരിലൊരാള്‍ പറഞ്ഞു ''നേരേ പോയി ഇടത്തോട്ടു തിരിഞ്ഞാല്‍ നമ്മുടെ ലക്ഷ്മി സെഹ്ഗാളിന്റെ ക്ലിനിക് കാണാം. അതിനടുത്താണ് പഴയ പോസ്‌റ്റോഫീസ്.'' ഉത്തര്‍പ്രദേശിലെ ഏറ്റവും ജനസംഖ്യയുള്ള നഗരത്തില്‍ ക്യാപ്റ്റന്‍ ലക്ഷ്മിക്ക് വേറെ മേല്‍വിലാസം ആവശ്യമില്ല. ഇവിടത്തെ പാവങ്ങളുടെ ഡോക്ടറമ്മയാണവര്‍.

സിവില്‍ലെയ്‌നില്‍ മകള്‍ സുഭാഷിണി അലിയുടെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നു സ്വീകരിച്ച കാലുവും അതുതന്നെ പറഞ്ഞു. ''ഞങ്ങളുടെ ദൈവമാണ് മമ്മി.'' ദൈവത്തിലും മതത്തിലുമൊന്നും വിശ്വാസമില്ലാത്ത ക്യാപ്റ്റന്‍ ലക്ഷ്മി വീട്ടുവേലക്കാരന്‍ പറഞ്ഞതുകേട്ട് ചിരിച്ചു. കൊച്ചുകുഞ്ഞിന്റെ ചിരി. ''എനിക്കവന്‍ മകനെപ്പോലെയാണ്.''

വയസ്സ് 98 ആയി ക്യാപ്റ്റന്‍ ലക്ഷ്മിക്ക്. ''പ്രായത്തിന്റെ അവശതകളുമുണ്ട്. അതുകൊണ്ട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്.'' വാരാണസിയില്‍ സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പുപ്രചാരണത്തിനു പോയ പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി അംഗം സുഭാഷിണി അലി പറഞ്ഞിരുന്നു. ചോദ്യങ്ങള്‍ അധികം വേണ്ടിവന്നില്ല. ചോദിക്കാതെതന്നെ സഖാവ് ലക്ഷ്മി പറഞ്ഞുകൊണ്ടേയിരുന്നു. പ്രായത്തിന്റെ അവശതയായിരുന്നില്ല, യുവത്വത്തിന്റെ വിപ്ലവാവേശമായിരുന്നു അപ്പോഴും ആ മുഖത്ത്.

''ഉത്തര്‍പ്രദേശ് മുഴുവന്‍ ചുറ്റിനടന്നു കണ്ടപ്പോള്‍ എന്തുതോന്നി?'' ആദ്യചോദ്യം ഇങ്ങോട്ടായിരുന്നു. ''ഇവിടത്തെ രാഷ്ട്രീയത്തില്‍ പണം മാത്രമേയുള്ളൂ. പണമുണ്ടാക്കണമെന്ന ചിന്തമാത്രമേയുള്ളൂ നേതാക്കന്‍മാര്‍ക്ക്. ദാരിദ്ര്യം ചിന്താശേഷിയുടെ കാര്യത്തിലാണ്.'' മറുപടിയും അവര്‍തന്നെ പറഞ്ഞു. ''ഇവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈയില്‍ പണമില്ല. അതുകൊണ്ട് പ്രവര്‍ത്തകരുമില്ല.''

ആനക്കര വടക്കത്ത് തറവാട്ടില്‍ മദിരാശി ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകന്‍ ഡോ. എസ്. സ്വാമിനാഥന്റെയും സ്വാതന്ത്ര്യസമരസേനാനി അമ്മു സ്വാമിനാഥന്റെയും മകളായി ജനനം. ഇന്ത്യയുടെ വിമോചനത്തിനുവേണ്ടി നേതാജി സുഭാഷ്ചന്ദ്ര ബോസിനൊപ്പം യുദ്ധംചെയ്ത അവര്‍ നേതാജിയുടെ ഐ.എന്‍.എ.യില്‍ ക്യാപ്റ്റന്‍ പദവി നേടി. ബ്രിട്ടീഷുകാരുടെ ജയിലില്‍ കിടന്ന ലക്ഷ്മി 1972 മുതല്‍ സി.പി.എമ്മില്‍ അംഗമാണ്. കാണ്‍പുരിലെ സി.ഐ.ടി. യു.വിന്റെ നേതാവും. ''ഇക്കുറി കോഴിക്കോട്ട് പാര്‍ട്ടി കോണ്‍ഗ്രസിന് വരണമെന്നുറപ്പിച്ചതാ. പക്ഷേ ശരീരം സമ്മതിക്കുന്നില്ല''.

ശരീരം സമ്മതിക്കുന്നില്ലെങ്കിലും തൊണ്ണൂറ്റെട്ടാം വയസ്സിലും ഡോ. ലക്ഷ്മി ആസ്പത്രിയില്‍ പോകുന്നു. ദിവസവും പത്തുപതിനഞ്ച് രോഗികളെയെങ്കിലും നോക്കുന്നു. മദിരാശിയില്‍നിന്ന് എം.ബി.ബി.എസ്സും ഗൈനക്കോളജി ഡിപ്ലോമയും നേടിയ ഡോക്ടര്‍ 1940ല്‍ സിംഗപ്പൂരിലാണ് പ്രാക്ടീസ് തുടങ്ങിയത്. ഐ.എന്‍. എയില്‍ സഹപ്രവര്‍ത്തകനായിരുന്ന കേണല്‍ പ്രേംകുമാര്‍ സെഹ്ഗാളിനെ കല്യാണം കഴിച്ച ശേഷം കാണ്‍പുരിലെത്തി. അന്ന് കാണ്‍പുര്‍ വ്യാവസായിക നഗരമായിരുന്നു. അഴുക്കിന്റെയും രോഗങ്ങളുടെയും നാടായ കാണ്‍പുരിലെ സാധുക്കളായ രോഗികള്‍ക്കു വേണ്ടിയാണ് ആസ്പത്രി തുടങ്ങിയത്. പണമുണ്ടാക്കാനുള്ള മാര്‍ഗമല്ല, ആതുരസേവനമാണ് അന്നുമിന്നും അവര്‍ക്കീ തൊഴില്‍.

അതിനിടയില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. രാഷ്ട്രം പത്മവിഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. മകള്‍ പാര്‍ലമെന്റ് അംഗമായി. സംഭവബഹുലമായ ആ ജീവിതത്തിന്റെ ഏടുകള്‍ ചിത്രങ്ങളായി ചുവരില്‍ തൂക്കിയിട്ടിട്ടുണ്ട്. കാലു അതെല്ലാം അഭിമാനത്തോടെ കാണിച്ച് വിശദീകരിച്ചുതന്നു.

പഴയ ചിത്രങ്ങളിലെ ലക്ഷ്മീ സ്വാമിനാഥന്‍ അനിയത്തി മൃണാളിനി സാരാഭായിയേക്കാള്‍ സുന്ദരിയാണ്. മേശപ്പുറത്ത് ഒരു മലയാളസിനിമയുടെ സി.ഡിയുണ്ട്. ലാല്‍ജോസിന്റെ 'നീലത്താമര'. ''മമ്മിയുടെ തറവാട്ടിലായിരുന്നു അതിന്റെ ഷൂട്ടിങ്'' കാലു പറഞ്ഞു. സുഭാഷിണിയുടെ ഭര്‍ത്താവായിരുന്ന മുസാഫര്‍ അലി സംവിധാനംചെയ്ത ഉമ്രാവോ ജാനിന്റെ ഡി.വി.ഡിയും കാലു കാണിച്ചു തന്നു.

രേഖ നായികയായ ഈ സിനിമയുടെ വസ്ത്രാലങ്കാരം നിര്‍വഹിച്ച സുഭാഷിണി രണ്ടുമൂന്നു സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. സുഭാഷിണിയുടെ മകന്‍ ഷാദ് അലി 'ബണ്ടി ഔര്‍ ബബ്‌ലി' , 'സാഥിയാ' തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. മുംബൈയിലാണ് താമസം. മുത്തശ്ശിയെ കാണാന്‍ ഇടയ്ക്കിടെ വരും.

''കാണാന്‍ പലരുമെത്താറുണ്ട്''. യോഗത്തിനുപോയാല്‍ കൈതൊട്ടു വന്ദിക്കും. സിന്ദാബാദ് വിളിക്കും. പക്ഷേ, ഉള്ളിന്റെയുള്ളില്‍ എല്ലാവരും ക്യാപിറ്റലിസ്റ്റുകളാണ്. കേരളത്തെപ്പോലേയല്ല. ഇവിടത്തെ കാര്യം കഷ്ടമാണ്. ഇവിടെ സ്ത്രീകള്‍ ഇപ്പോഴും താണ ജാതിയാണ്''. പറഞ്ഞുകൊണ്ടിരിക്കേ, ക്യാപ്റ്റന്‍ ലക്ഷ്മി ഒരിക്കല്‍കൂടി കോമ്രേഡ് ലക്ഷ്മിയായി.

ഫോട്ടോയെടുക്കുമ്പോള്‍ മുഷ്ടിചുരുട്ടി കൈയുയര്‍ത്തി. ''കേരളം ഇത്രത്തോളം പുരോഗമിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കാരണമാണെന്ന ബോധ്യം അവിടത്തുകാര്‍ക്കുണ്ടോ?'' നിഷ്‌കളങ്കമായ അന്വേഷണം. ക്യാപ്റ്റന്‍ ലക്ഷ്മിക്കൊപ്പം ഊണുകഴിച്ചിറങ്ങുമ്പോള്‍, ഐ.എന്‍.എ.യുടെയോ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ ചരിത്രമറിയാത്ത ലഖ്‌നൗക്കാരന്‍ െ്രെഡവര്‍ രമേഷ് അത്ഭുതം കൂറി''എന്തു വലിയ സ്ത്രീയാണവര്‍''.
VIDEO
PHOTO GALLERY