ന്യൂഡല്‍ഹി: ഗൗരി ലങ്കേഷ് വിഷയം കൈകാര്യം ചെയ്ത റിപ്പബ്ലിക് ടിവി നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തി മാധ്യമപ്രവര്‍ത്തക ചാനലില്‍ നിന്നും രാജിവെച്ചു. സുമാന നന്ദി എന്ന യുവ മാധ്യമപ്രവര്‍ത്തകയാണ് ഫെയ്‌സ്ബുക്കില്‍ പരസ്യ പ്രതിഷേധം രേഖപ്പെടുത്തി രാജി പ്രഖ്യാപനം നടത്തിയത്.

രാജിപ്രഖ്യാപനം നടത്തികൊണ്ട് സുമാന ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അര്‍ണബ് ഗോസ്വാമി നേതൃത്വം നല്‍കുന്ന ചാനലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണുകള്‍ എന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍ സ്വന്തം സ്വത്വം പോലും വില്‍ക്കാന്‍ തയ്യാറാവുമ്പോള്‍ സമൂഹം പിന്നെ എങ്ങോട്ടാണ് പോവേണ്ടതെന്ന് സുമാന തന്റെ കുറിപ്പില്‍ ചോദിക്കുന്നു. 

സുമാന നന്ദിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം. 

ചെറിയ കാലയളവിലുള്ള എന്റെ മാധ്യമപ്രവര്‍ത്തന ജീവിതത്തില്‍ ജോലി ചെയ്ത സ്ഥാപനങ്ങളെ കുറിച്ച് എന്നും ഞാന്‍ അഭിമാനിച്ചിട്ടേയുള്ളൂ, എന്നാല്‍ ഇന്ന് ഞാന്‍ ലജ്ജിക്കുന്നു.! സ്വതന്ത്ര മാധ്യമസ്ഥാപനം ഇന്ന് ജനങ്ങളെ കബളിപ്പിക്കുന്ന സര്‍ക്കാരിനു വേണ്ടി വാദിക്കുന്നു. 

ബിജെപിയില്‍ നിന്നും ആര്‍എസ്എസില്‍ നിന്നും വധഭീഷണി ഉയര്‍ന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഒരു മാധ്യമപ്രവര്‍ത്തക കൊലചെയ്യപ്പെട്ടത്. കൊലയാളികളെ ചോദ്യം ചെയ്യുന്നതിന് പകരം അവര്‍ പ്രതിപക്ഷത്തെയാണ് ചോദ്യം ചെയ്യുന്നത്. എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്, എവിടെയാണ് ധാര്‍മ്മികത?

 ചില മാധ്യമപ്രവര്‍ത്തകര്‍ കൊലയെ ആഘോഷിക്കുക പോലും ചെയ്യുന്നു. ഈ രാജ്യങ്ങള്‍ക്കൊപ്പം എത്താന്‍ ഇനി വളരെ കുറച്ച് എണ്ണം മരണങ്ങളുടെ ദൂരം മാത്രമേ നമുക്കും ബാക്കിയുള്ളൂ. ആത്മാവിനെ വില്‍ക്കാന്‍ നാലാം തൂണുകള്‍ തയ്യാറാവുമ്പോള്‍ ഈ സമൂഹം ഇനി എങ്ങോട്ടാണ് പോവേണ്ടത്? ഞങ്ങള്‍ നിങ്ങളെ പരാജയപ്പെടുത്തി മാഡം, ഇപ്പോള്‍ എനിക്ക് ഇത് മാത്രമേ അറിയുള്ളൂ, ഇതിലും എത്രയോ ഭേദപ്പെട്ട സ്ഥലത്താണ് ഇപ്പോള്‍ നിങ്ങളുള്ളത്. 

പി.എസ്:  ഇത് എന്തായാലും ഇതിന് എത്ര പ്രധാന്യമുണ്ടായാലും ഇനി എന്റെ ബയോഡാറ്റയിലോ സോഷ്യല്‍ മീഡിയയിലോ പേരിനൊപ്പം റിപ്പബ്ലിക് ടിവി എന്ന് ചേര്‍ക്കാന്‍ ഞാന്‍ താല്‍പ്പര്യപ്പെടുന്നില്ല. ഈ സ്ഥാപനവുമായി സഹകരിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു.
#ഗൗരിലങ്കേഷ്