കേരളം പൊതുമേഖല സ്ഥാപനങ്ങളുടെ കൂടി സ്വന്തം നാടാണ്. മലയാളികളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ഒരു പൊതുമേഖല സ്ഥാപനമാണ്. കെ.എസ്.ആര്‍.ടി.സി. നാടിന്റെ നട്ടെല്ലായ യാത്രാസൗകര്യം ഒരുക്കുമ്പോഴും കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെന്ന ഈ വെള്ളാന അനുദിനം കിതച്ചു കൊണ്ടിരിക്കുകയാണ്. ആരൊക്കെ ശ്രമിച്ചിട്ടും നന്നാകാത്ത ഈ വെള്ളാനയെ എങ്ങനെ രക്ഷിച്ചെടുക്കാം?

കുതിക്കാന്‍ കൊതിച്ച് കെ.എസ്.ആര്‍.ടി.സി.

ഭാഗം 01

നിലവിലുള്ള ജോലിക്കാരേക്കാള്‍ പെന്‍ഷന്‍ പറ്റി പിരിഞ്ഞവരുടെ എണ്ണം കൂടുതലുള്ള വിചിത്രമായ സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി. തെഴിലാളിക്ഷേമം പേരിനു പറയാമെങ്കിലും അവിടെയും ഈ പൊതുമേഖല സ്ഥാപനത്തിന് കാലിടറുകയാണ്. പെന്‍ഷന്‍ സമ്പ്രദായം കെ.എസ്.ആര്‍.ടി.സിയില്‍ മാത്രമല്ല ഉള്ളത്.  മുപ്പത്തിനാലോളം പൊതുമേഖല സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. അവിടെയെല്ലാം പെന്‍ഷന്‍ കൊടുക്കുന്നുണ്ട്. അതും കൃത്യമായി. ഇതില്‍നിന്നു വിഭിന്നമാണ് കെ.എസ്.ആര്‍.ടി.സിയിലെ അവസ്ഥ. 140 കോടിയാണ് ഇപ്പോഴത്തെ നഷ്ടം. നിലവില്‍ മൂന്നര മാസത്തോളമുള്ള കുടിശ്ശികയും നേരത്തെ കൊടുത്ത പെന്‍ഷന്റെ ബാക്കിയുമാണ് നല്‍കാനുള്ളത്. ഒക്ടോബറില്‍ 15,000 രൂപ വരെ പെന്‍ഷനുള്ളവര്‍ക്ക് തുക നല്‍കിക്കഴിഞ്ഞു. ബാക്കി ഉടന്‍ കൊടുക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സി. എം.ഡി പറയുന്നത്.

Part 1 Logoനിലവില്‍ അമ്പത്തഞ്ചോളം ഡിപ്പോകള്‍ വിവിധ ബാങ്കുകളില്‍ പണയത്തിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പ്രവണത ഇപ്പോഴും തുടരുന്നു. ഇനിയൊരു ബാങ്കും കടം തരാത്ത സ്ഥിതിയാണിപ്പോള്‍. അതുകൊണ്ട് മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ധനമന്ത്രി എന്നിവര്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായി 1922 കോടി രൂപ 2017 നവംബര്‍ മുതല്‍ രണ്ട് വര്‍ഷക്കാലം പെന്‍ഷന്‍ തരാമെന്നുള്ള വ്യവസ്ഥയില്‍ അവര്‍ ഒപ്പിട്ടിരിക്കുകയാണ്. ഒക്ടോബര്‍ 31 നുള്ളില്‍ കുടിശ്ശിക തീര്‍ത്തു തരാമെന്നാണ് പറഞ്ഞിരുന്നത്. വരും നാളുകളില്‍ പെന്‍ഷന്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് ഇവര്‍ കരുതുന്നത്.

നാല്‍പ്പതിനായിരത്തോളം പെന്‍ഷന്‍കാരാണ് കേരളത്തിലുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏറ്റവും കുറച്ച് പെന്‍ഷന്‍ വാങ്ങുന്നത് കെ.എസ്.ആര്‍.ടി.സിയിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. 4300 രൂപയാണ് കുടുംബ പെന്‍ഷന്‍കാര്‍ക്ക് കിട്ടുന്നത്. ഏറ്റവും ഉയര്‍ന്ന പെന്‍ഷനാകട്ടെ 46,000 രൂപയും. ഇതര സംസ്ഥാനങ്ങള്‍ വെച്ച് നോക്കുകയാണെങ്കില്‍ വളരെ കുറവാണ് ഈ സംഖ്യ. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ ഒരു സേവന മേഖല എന്ന രീതിയില്‍ത്തന്നെ കെ.എസ്.ആര്‍.ടി.സിയെ കാണണം. അങ്ങനെയാണെങ്കില്‍ കെ.എസ്.ആര്‍.ടി.സി. ഇപ്പോള്‍ ലഭിക്കുന്ന പരിഗണനയേക്കാള്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട്.

ലാഭം നോക്കാതെ സര്‍വീസ് നടത്തുന്നത് സേവനം തന്നെയാണ്. ഇവിടെത്തന്നെയാണ് പ്രശ്‌നത്തിന്റെ കാതലെന്നും ഈ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നു. ഇതിനു പുറമെയാണ് രാഷ്ട്രീയക്കാരുടെ താല്‍പ്പര്യങ്ങള്‍ കെ.എസ്.ആര്‍.ടി.സിയുടെ കഴുത്തിനു പിടിക്കുന്നത്. എം.പിമാരുടേയും എം.എല്‍.എമാരുടേയും നിര്‍ദേശപ്രകാരം ഓടിക്കുന്നതില്‍ ഭൂരിഭാഗവും നഷ്ടത്തിലാണെന്ന് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാട്ടുന്നു.

റെയില്‍വേ കടന്നു ചെല്ലാത്ത ഇടുക്കി, വയനാട് ജില്ലകളിലെ വിഹിതവും കേന്ദ്രസര്‍ക്കാരിന്റെ വിഹിതവും ഈ മേഖലയ്ക്ക് കിട്ടുന്നില്ല. കിട്ടിയിരുന്നെങ്കില്‍ കെ.എസ്.ആര്‍.ടി.സി അഭിമാനകരമായ നേട്ടം കൈവരിച്ചേനെ. ഇത് വാങ്ങിയെടുക്കാന്‍ അതാത് കാലങ്ങളിലെ സര്‍ക്കാരുകളും മാനേജ്‌മെന്റുകളും താല്‍പ്പര്യം പ്രകടിപ്പിച്ചില്ല എന്നത് പെന്‍ഷന്‍കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്ന് മാത്രം. അറിയുക: തമിഴ്‌നാട്ടില്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെ 2360 കോടി രൂപയാണ് ഗതാഗതവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കൊടുത്തത്.

അഞ്ചേ മുക്കാല്‍ കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയുടെ ഇപ്പോഴത്തെ ശരാശരി വരുമാനം. അത് എട്ടു കോടിയാക്കിയാല്‍ പെന്‍ഷനും ശമ്പളവും കൃത്യമായി കൊടുക്കാനാവും എന്ന് മുന്‍വര്‍ഷങ്ങളില്‍ അധികൃതര്‍ പറഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി എല്ലാവര്‍ഷവും 1000 ബസുകള്‍ വീതം ഇറക്കാനാണ് തീരുമാനം. റെയില്‍വേ പോലുള്ള സ്ഥാപനങ്ങള്‍ നാല് ശതമാനം നികുതി കൊടുക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി. നല്‍കുന്നത് 24%. ഇതു നാല് ശതമാനത്തിലേക്കെത്തിച്ചാല്‍ കോടിക്കണക്കിന് രൂപയാണ് കോര്‍പ്പറേഷന് ലാഭിക്കാനാവുക. സ്വാഭാവികമായും പെന്‍ഷനും കൃത്യമാവും. ഒരു മാസം 60 കോടി രൂപയാണ് പെന്‍ഷനു വേണ്ടത്. ഘട്ടം ഘട്ടമായി കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി സര്‍വീസ് മെച്ചപ്പെടുത്തുകയാണെങ്കില്‍ കെ.എസ്.ആര്‍.ടിസിയെ ലാഭത്തിലാക്കാന്‍ സാധിക്കുമെന്ന് ഇടത് അനുകൂല പെന്‍ഷന്‍ സംഘടനകള്‍ പറയുന്നു.