ദിലീപിനും  സുരാജ് വെഞ്ഞാറമ്മൂടിനും ഇടയില്‍ തെളിഞ്ഞുവരുന്ന ഒരു ചിത്രം ആള്‍ക്കൂട്ടമാണ്. നടിയെ അപമാനിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിനെ കൂക്കിവിളിക്കാന്‍ തടിച്ചു കൂടിയ ജനക്കൂട്ടം ഇന്ത്യന്‍ സിനിമയിലെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ സുരാജിനെ അനുമോദിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിട്ടില്ല. ഈ വര്‍ഷം ഇതേ ബഹുമതി നേടിയ സുരഭിക്ക് വേണ്ടി ആര്‍പ്പുവിളിക്കാന്‍ കോഴിക്കോട്ടോ നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ സലിംകുമാറിനെ പൊക്കിയെടുത്ത് ആഹ്ലാദിക്കാന്‍ കൊച്ചിയിലോ ഈ ജനക്കൂട്ടമുണ്ടായിരുന്നില്ല. ഉയരങ്ങള്‍ കീഴടക്കുന്നതിലല്ല, വീഴ്ചയിലാണ് മലയാളിയുടെ ആഹ്ലാദം കര കവിയുന്നതെങ്കില്‍ അതിന്റെയര്‍ത്ഥം നമ്മുടെ ജനിതകത്തില്‍ എവിടെയോ ഒരു അക്ഷരപ്പിശകുണ്ടെന്ന് തന്നെയാണ്.

ഫാല്‍ക്കെ അവാര്‍ഡ് നേടിയ അടൂര്‍ ഗോപാലകൃഷ്ണനെയോ ജ്ഞാനപീഠം കയറിയ എം.ടിയേയോ ഒ.എന്‍.വിയെയോ സ്വീകരിക്കാനും കുരവയിടാനും ഒരാള്‍ക്കൂട്ടവും സ്വമേധയാ എത്തിയിരുന്നില്ല. പക്ഷെ, ദിലീപ് വീണപ്പോള്‍ ജനത്തിന്റെ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു. ആലുവ പോലീസ് ക്ലബ്ബിലേക്ക്, സബ് ജയിലിലേക്ക്, തെളിവെടുപ്പിന് ദിലീപിനെ കൊണ്ടുപോകുന്ന സ്ഥലങ്ങളിലേക്ക്  ആള്‍ക്കൂട്ടം ഒഴുകിയെത്തി. ഈ ആള്‍ക്കൂട്ടത്തെ ആരെങ്കിലും സംഘടിപ്പിക്കുന്നതാണെന്നു തോന്നുന്നില്ല. ഒരു സ്വാഭാവിക പ്രക്രിയ പോലെ രൂപപ്പെടുകയാണ്. ഒരു നേതാവിനാല്‍ നയിക്കപ്പെടുന്നവരല്ല ഇവര്‍. അന്നേരത്ത്, ആ നിമിഷത്തില്‍ മുന്നില്‍നിന്ന് മുദ്രാവാക്യം വിളിക്കുന്നവര്‍, ആര്‍ത്തുവിളിക്കുന്നവര്‍ അവരാണ് ഈ കൂട്ടത്തെ നയിക്കുന്നത്. ഡല്‍ഹിയില്‍ ഇതുപോലൊരു കൂട്ടം കണ്ടത് നിര്‍ഭയയയുടെ കൊലപാതകത്തിലുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ടാണ്. തമിഴകത്ത് ജെല്ലിക്കെട്ട് തിരിച്ചുപിടിക്കാനായി ആള്‍ക്കൂട്ടം രൂപമെടുക്കുന്നത് നമ്മള്‍ കണ്ടു. ഡല്‍ഹിയും തമിഴകവും തന്നത് പോസിറ്റീവ് സിഗ്‌നലുകളാണ്. ആലുവയില്‍ നിന്നുയരുന്നത് വെറുപ്പിന്റെ ബഹളങ്ങളും. വീഴ്ചയില്‍ ആഹ്‌ളാദിക്കുന്നവരായി നമ്മള്‍ മലയാളികള്‍ മാറുകയാണോ എന്ന ചോദ്യം തീര്‍ച്ചയായും ഈ ഘട്ടത്തില്‍ ചോദിക്കപ്പടേണ്ടതുണ്ട്.

ആള്‍ക്കൂട്ടത്തിന് അതിന്റേതായ ഘടനയും മനഃശാസ്ത്രവുമുണ്ടെന്ന് വില്‍ഹം റെയ്ഹ് എന്ന ഓസ്ട്രിയന്‍ മനഃശാസ്ത്രജ്ഞന്‍ പറഞ്ഞിട്ടുണ്ട്. 1933 ല്‍ റെയ്ഹ് എഴുതിയ ''ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനഃശാസ്ത്രം '' ആള്‍ക്കൂട്ടത്തിന്റെ രൂപഘടനയെക്കുറിച്ചുള്ള ഒന്നാന്തരം പഠനമാണ്. ലൈംഗികതയുടെ അടിച്ചമര്‍ത്തലാണ് ജര്‍മ്മന്‍ ജനതയെ നാസിസത്തിന് കീഴ്‌പ്പെടുത്തിയ കാരണങ്ങളിലൊന്നെന്ന് റെയ്ച് ഈ ഗ്രന്ഥത്തില്‍ നിരീക്ഷിക്കുന്നു. ലൈംഗികത ഒരു കുറ്റമായി വീക്ഷിക്കപ്പെടുന്ന പരിസരത്തിലാണ് ഒരു ശരാശരി മലയാളിയുടെ ജീവിതം. ഒരു വനിതാ നഴ്‌സ് ഇഞ്ചക്ഷന്‍ എടുക്കാന്‍ ദേഹത്ത് തൊടുമ്പോള്‍ കോരിത്തരിക്കുന്ന പുരുഷന്മാര്‍ കേരളത്തില്‍ മാത്രമായിരിക്കുമെന്നുള്ള നിരീക്ഷണം വെറുതെയല്ല.

ഇ.കെ. നായനാര്‍ മരിച്ചപ്പോള്‍, കലാഭവന്‍ മണി മരിച്ചപ്പോള്‍ ആള്‍ക്കൂട്ടം ഒഴുകിയെത്തിയില്ലേ എന്ന ബദല്‍ ചോദ്യം ഉയര്‍ന്നേക്കാം. മരണം ഒരര്‍ത്ഥത്തില്‍ വീഴ്ച തന്നെയാണ്. ഒരാള്‍ മരിക്കുമ്പോള്‍ അത് മാനവരാശിക്ക് തന്നെയുണ്ടാവുന്ന വീഴ്ചയാണെന്നാണ് ആംഗലേയ കവി ജോണ്‍ ഡണ്‍ എഴുതിയത്. തവളയെ കല്ലെറിയുന്ന കുട്ടിയെക്കുറിച്ച് പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ സിഗ്മണ്ട് ഫ്രോയ്ഡ് പറയുന്നുണ്ട്. തനിക്ക് താഴെയുള്ള ഒരു ജീവിക്ക് മേല്‍ അധികാരം പ്രയോഗിക്കുകയാണ് കുട്ടിയെന്നാണ് ഫ്രോയ്ഡ് ചൂണ്ടിക്കാട്ടിയത്. തിരിച്ചു കല്ലെറിയാന്‍ തവളയ്ക്കാവില്ലെന്ന് കുട്ടിക്കറിയാം. ഇതേ മനോഭാവമാണ് ആള്‍ക്കൂട്ടവും പ്രദര്‍ശിപ്പിക്കുന്നത്. ഒരു വേട്ടമൃഗത്തെപ്പോലെ അത് ഇരയ്ക്ക് മേല്‍ അധികാരം പ്രയോഗിക്കുന്നു.

അടിച്ചമര്‍ത്തപ്പെട്ട ലൈംഗിക തൃഷ്ണകള്‍ക്കൊപ്പം മലയാളിയുടെ  ഉള്ളിലൊതുക്കിപ്പിടിക്കുന്ന ആക്രമണോത്സുകതയും പുറത്തുചാടുകയാണ്. ഒരു തോക്ക് കൈയ്യിലുണ്ടായിരുന്നുവെങ്കില്‍ പല രാഷ്ട്രീയ നേതാക്കളേയും താന്‍ വെടിവെച്ചിടുമായിരുന്നെന്ന് സമാരാധ്യനായ വ്യക്തി ഒരു സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞതോര്‍ത്തുപോവുകയാണ്. ആള്‍ക്കൂട്ടത്തിന് മുന്നില്‍ പെടുന്നവര്‍ പെട്ടതു തന്നെയാണ്. ആലുവയില്‍ നിന്നുയരുന്ന ബഹളങ്ങള്‍, ആള്‍ക്കൂട്ടത്തിന്റെ ഉന്മത്ത നൃത്തങ്ങള്‍ - ഇവയാണ് ഇപ്പോള്‍ നമ്മുടെ അന്തരീക്ഷത്തില്‍ നിറയുന്നത്. വികാരമല്ല വിചാരമാണ് വിപ്ലവം വിജയിപ്പിക്കുന്നതെന്ന് പറഞ്ഞത് സാക്ഷാല്‍ മാവോയാണ്. വിചാരണയും വിധിയും നടപ്പാക്കേണ്ടത് ആള്‍ക്കൂട്ടമല്ല, രാജ്യത്തെ നിയമവ്യവസ്ഥയാണ്. ഇപ്പോള്‍ നമ്മള്‍ കാണുന്നത്  രോഗമല്ല, രോഗലക്ഷണമാണ്. വേരില്‍ ചികിത്സിക്കുന്നില്ലെങ്കില്‍ കാലം നമ്മളോട് പെരുമാറുന്നത് തീര്‍ത്തും ദയാരഹിതമായിട്ടായിരിക്കും.