GMB Akashതന്റെ ജോലിയെന്തെന്ന് പൊതുമധ്യമധ്യത്തില്‍ പറയാന്‍ മടിച്ചിരുന്നയാളാണ് ഇദ്രിസ്. സ്വന്തം മക്കളില്‍ നിന്ന് പോലും തന്റെ തൊഴിലിനെ പലപ്പോഴും അയാള്‍ മറച്ചു വെച്ചു. പക്ഷെ ഇന്ന് അയാള്‍ ഒരു ദരിദ്രനല്ല, ഇനിയൊരിക്കലും അയാള്‍ക്ക് ദരിദ്രനാവാന്‍ സാധിക്കില്ല.

ഇദ്രിസ് എന്ന ശുചീകരണ തൊഴിലാളിയുടെ കഥ പറഞ്ഞ് വീണ്ടും  ജനലക്ഷങ്ങളെ തന്റെ ഫെയ്‌സ്ബുക്ക് ടൈംലൈനില്‍ സ്തബ്ധരാക്കിയിരിക്കുകയാണ് ലോകപ്രശസ്ത ഫോട്ടോഗ്രാഫറായ ജി എം ബി ആകാശ്. 3.30 ലക്ഷം ലൈക്കുകളാണ് അദ്ദേഹത്തിന്റെ കഥാ ചിത്രത്തെ തേടിയെത്തിയത്. ഷെയറുകളാവട്ടെ ഒരു ലക്ഷം കവിഞ്ഞു. 

ഇദ്രിസ് തന്റെ കഥ പറയുന്നു,

എന്റെ മക്കളോടൊരിക്കല്‍ പോലും ഞാനെന്റെ ജോലിയെപ്പറ്റി പറഞ്ഞിട്ടില്ല, ഞാന്‍ കാരണം ആരുടെയും മുന്നില്‍ അവര്‍ നാണം കെടുന്നത് എനിക്ക് താങ്ങാന്‍ കഴിയുന്നതല്ല. എന്റെ തൊഴിലെന്തെന്ന് എന്റെ ഇളയ മകള്‍ ചോദിക്കുമ്പോഴെല്ലാം ഞാന്‍ മടിയോടെ അവളോട് പറയും- ഒരു തൂപ്പുകാരനാണ് മോളെ ഞാന്‍.

പലപ്പോഴും പൊതു കുളിമുറിയില്‍ കുളിച്ച് ശരീരം വൃത്തിയാക്കിയ ശേഷമേ ഞാനെന്റെ മക്കളുടെ മുന്നിലേക്ക് പോകാറുള്ളൂ. ഞാനിന്ന് ചെയ്ത ജോലിയുടെ ഒരു സൂചന പോലും എന്റെ ദേഹത്ത് നിന്ന് അവര്‍ക്ക് ലഭിക്കരുതെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചു.

തനിക്ക് നേരെ ഉയര്‍ന്ന വിലകുറഞ്ഞ നോട്ടങ്ങളും പുച്ഛവും മക്കളുടെ നേര്‍ക്ക് ആരും എറിയരുതെന്ന് ആ അച്ഛന്‍ ആഗ്രഹിച്ചിരിക്കണം. ഇല്ലായ്മകള്‍ക്കിടയിലും ആ അച്ഛന്‍ മക്കള്‍ മൂന്ന് പേരെയും പഠിപ്പിച്ചു, കഷ്ടപ്പെട്ടു തന്നെ. തന്റെ മക്കള്‍ ആത്മാഭിമാനത്തോടെ പൊതുമധ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കാണാന്‍ അയാള്‍ അതിയായി ആഗ്രഹിച്ചു.

ഞാനെന്റെ മക്കളെ സ്‌കൂളിലയച്ചു , അവരെ പഠിപ്പിച്ചു, എന്നെ ആളുകള്‍ അവഹേളിച്ചു കൊണ്ടേയിരുന്നു. അപ്പോഴും മിച്ചം വരുന്ന ഓരോ അണപൈസയും ഞാനവരുടെ വിദ്യാഭ്യാസത്തിനായി നീക്കി വെച്ചു. പുതിയ ഒരു ഷര്‍ട്ട് ഇടാന്‍ പോലും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അതിനുള്ള തുക കൂടി മാറ്റിവെച്ചാണ് ഞാനവര്‍ക്ക് പുസ്തകങ്ങൾ വാങ്ങിക്കൊടുത്തിരുന്നത്. 

ബഹുമാനം, അവഹേളനങ്ങളില്ലാത്ത ജീവിതം, അത് മാത്രമായിരുന്നു അവരിലൂടെ ഞാന്‍ നേടിയെടുക്കാന്‍ ശ്രമിച്ചത്.  

ജി എം ബി ആകാശ്

പക്ഷെ മകള്‍ക്ക് കോളേജില്‍ അഡ്മിഷന്‍ നേടേണ്ട അവസാന ദിവസമെത്തിയപ്പോള്‍ അയാള്‍ക്കാ പണം കണ്ടെത്താനായില്ല. തന്റെ ജോലി പോലും അയാള്‍ക്ക് നന്നായി ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഹൃദയം തകര്‍ന്ന് നില്‍ക്കുന്ന അയാൾക്കരികിലേക്ക് കൂടെ ജോലിചെയ്തിരുന്നവര്‍ എത്തുന്നതുവരെ അദ്ദേഹം കരുതിയത് പാവപ്പെട്ടവന് പാവപ്പെട്ടവനായിരിക്കാന്‍ മാത്രമേ വിധിയുണ്ടായിരിക്കൂ എന്നാണ്.

ഫീസ് അടച്ചില്ലെങ്കില്‍ ആ മകളുടെ പഠനം പാതിവഴിയില്‍ മുറിയുമെന്നറിഞ്ഞ സഹപ്രവര്‍ത്തകരെല്ലാം ഇദ്രിസിന്റെ സഹായത്തിനെത്തി. അന്നവര്‍ക്കെല്ലാവര്‍ക്കും ലഭിച്ച കൂലി അയാള്‍ക്ക് നേരെ നീട്ടി ആ സഹപ്രവര്‍ത്തകര്‍ പറഞ്ഞു-'നമ്മുടെ മകള്‍ക്ക് കോളേജില്‍ പോകാനായി ഞങ്ങളെല്ലാവരും ഇന്ന് പട്ടിണി കിടക്കും. ഇന്നീ കൂലി നിനക്ക് മാത്രം അവകാശപ്പെട്ടതാണ്.' 

അന്ന് ശരീരം വൃത്തിയാതകാതെയാണ് വീട്ടിലേക്ക് ഞാന്‍ പോയത്. എന്റെ മകള്‍ താമസിയാതെ പഠനം പൂര്‍ത്തീകരിച്ചിറങ്ങും. മക്കള്‍ മൂന്ന് പേരും എന്നെ കൂലിപ്പണിക്ക് വിടാറില്ല ഇപ്പോള്‍. പഠനത്തിനിടയില്‍ ജോലി ചെയ്തും ട്യൂഷനെടുത്തും അവളാണ് കുടുംബം പുലര്‍ത്തുന്നത്. പക്ഷെ ഇടയ്ക്കിടയ്ക്ക് അവളെന്നെ പഴയ പണിസ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോകും. അവര്‍ക്കെല്ലാവര്‍ക്കും ഭക്ഷണം കൊടുക്കും.
പൊട്ടിച്ചിരിച്ച് അവര്‍ ചോദിക്കും എന്തിനാണ് ഭക്ഷണവുമായി നീ ഞങ്ങള്‍ക്കരികിലേക്ക് എത്തുന്നതെന്ന്. അപ്പോള്‍ അവള്‍ പറഞ്ഞതിതാണ്. 

'എനിക്ക് വേണ്ടി നിങ്ങളെല്ലാവരും അന്ന് പട്ടിണി കിടന്നു, അങ്ങിനെയാണ് ഞാന്‍ ഞാനാഗ്രഹിക്കുന്ന ഞാനായിത്തീര്‍ന്നത്. എല്ലാകാലത്തും നിങ്ങള്‍ക്കിതുപോലെ ഊണുമായി എത്താന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാനാഗ്രഹിക്കുകയാണ്'.

ഈ വാക്കുകള്‍ കേട്ട നാള്‍ മുതല്‍ ഇദ്രിസ് പറയും, ഇനി ഞാന്‍ ദരിദ്രനല്ല, ഇനിയൊരിക്കലും അങ്ങനെ തോന്നുകയുമില്ല. ഇതു പോലുള്ള മക്കളുള്ള ഏതച്ഛനാണ് ദരിദ്രനായിരിക്കാന്‍ കഴിയുക.