ഒരു ഷേക്‌സ്പിയർനാടകത്തിലെ നാലാമങ്കത്തിലേക്ക്‌ പ്രവേശിക്കുന്ന നായകനെപ്പോലെയാണ്‌ നാലാംവർഷത്തിലേക്ക്‌ കടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. കഥയുടെ മൂർധന്യമെന്ന്‌ കണക്കാക്കപ്പെടുന്ന മൂന്നാമങ്കംവരെ അദ്ദേഹം വിദേശനയത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചു. ഇന്ത്യ ലോകമാകെ ശ്രദ്ധിക്കപ്പെട്ടു എന്നതായിരുന്നു ഏറ്റവും വലിയ നേട്ടം. അദ്ദേഹത്തിന്റെ മുഖവും ശബ്ദവും വേഷവുമെല്ലാം പരിചിതമായി. ഇന്ത്യൻ വിദേശനയത്തിന്റെ ലക്ഷ്യങ്ങൾ വ്യക്തമായി നിർവചിക്കപ്പെട്ടു.

എന്നാൽ, നാലാംവർഷമായപ്പോഴേക്കും അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ കാരണം ഇന്ത്യയുടെ വിദേശനയം പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്‌. അമേരിക്കയുമായി മോദി സൃഷ്ടിച്ച സുഹൃദ്‌ബന്ധം ഡൊണാൾഡ്‌ ട്രംപ്‌ പ്രസിഡന്റായതോടെ അനിശ്ചിതത്വത്തിലായി. അയൽപക്കത്തെ ബന്ധങ്ങൾ മുമ്പത്തേതിൽനിന്ന്‌ കൂടുതൽ സങ്കീർണമായി. പാകിസ്താനുമായി  യുദ്ധസമാനമായ അന്തരീക്ഷമുണ്ടായി. ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളികളായ ചൈനയുമായി സഹകരിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. ചൈനയുടെ ‘ഒരു ബെൽറ്റും ഒരു റോഡും’എന്ന ബൃഹദ്‌പദ്ധതിയിൽനിന്ന്‌ ഇന്ത്യക്ക്‌ വിട്ടുനിൽക്കേണ്ടിവന്നു.

ഐക്യരാഷ്ട്രസംഘടനയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം നേടാനുള്ള ശ്രമം എങ്ങുമെത്തിയില്ല. ഇതെല്ലാം സംഭവിച്ചിട്ടും ഉന്മേഷത്തോടെ മുന്നോട്ടുപോകുകയാണ്‌ മോദി. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ്‌ വിജയം, നാണയമൂല്യം ഇല്ലാതാക്കിയതിന്റെ പ്രത്യാഘാതങ്ങളിൽനിന്ന്‌ അദ്ദേഹത്തെ രക്ഷപ്പെടുത്തിയെന്നത്‌ അദ്ദേഹത്തിന്‌ ഊർജംപകർന്നു. 

സൗഹൃദസന്ദർശനവും സമാധാനചർച്ചകളും പരാജയപ്പെട്ടപ്പോൾ മോദി പാകിസ്താനെതിരായി ശക്തമായി പ്രതികരിക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. പാകിസ്താനിലേക്ക്‌ നടത്തിയ മിന്നലാക്രമണം, സമാധാനചർച്ചകൾക്ക്‌ പൂർണവിരാമം, പാകിസ്താനെ സാർക്കിൽനിന്ന്‌ മാറ്റി ഒറ്റപ്പെടുത്താനുള്ള ശ്രമം, കുൽഭൂഷൺ ജാധവിന്റെ കേസിൽ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിക്കൽ മുതലായവ തികച്ചും പുതിയ നീക്കങ്ങളാണ്‌. വിജയവും പരാജയവുമുണ്ടാകാം. എന്നാൽ, ഒരു യുദ്ധം ഒഴിവാക്കേണ്ട അനിവാര്യത മനസ്സിലാക്കിക്കൊണ്ട്‌ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച്‌ പാകിസ്താനിൽ മനംമാറ്റമുണ്ടാക്കാനാണ്‌ ശ്രമം. പക്ഷേ, പാകിസ്താന്റെ ഭരണം സൈനികമേധാവികളുടെ കൈയിലായിരിക്കുന്നിടത്തോളം പ്രശ്നപരിഹാരമുണ്ടാകാൻ സാധ്യതയിെല്ലന്നത്‌ അദ്ദേഹം അറിയേണ്ടതാണ്‌.

ചൈനയുടെ കാര്യത്തിൽ പ്രശ്നങ്ങൾ കൂടുതൽ ഗൗരവതരമാണ്‌. ഗുജറാത്തിൽ ഒരു ഊഞ്ഞാലിൽ ഇരുന്നുകൊണ്ട്‌ സൗഹൃദസംഭാഷണം നടത്തിക്കൊണ്ടിരുന്നപ്പോൾത്തന്നെ ചൈനീസ്‌സൈന്യത്തെ ഇന്ത്യയിലേക്ക്‌ വിന്യസിച്ച ഒരു പ്രസിഡന്റാണ്‌ ചൈനയിലുള്ളത്‌. അമേരിക്കയെ തോല്പിച്ച്‌ ലോകം കൈയടക്കാൻ ശ്രമിക്കുന്ന ചൈന ഇന്ത്യയുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയ്ക്ക്‌ തയ്യാറാകുന്നില്ല എന്നതാണ്‌ സത്യം. ഇന്ത്യയോടുള്ള സാമ്പത്തികസഹകരണം ചൈനയുടെ സ്വാധീനം വർധിപ്പിക്കാൻ മാത്രമാണ്‌ അവർ ഉപയോഗിക്കുന്നത്‌. െചെനയുടെ ഒരു ബെൽറ്റ്‌, ഒരു റോഡ്‌ പദ്ധതി പ്രഖ്യാപിക്കപ്പെട്ടതോടെ ഇന്ത്യക്ക്‌ വാഗ്ദാനംചെയ്ത സാമ്പത്തികസഹകരണത്തിന്റെ ഉദ്ദേശ്യം വെളിച്ചത്തുവന്നിരിക്കുന്നു. ആണവനിർവാഹക സംഘത്തിന്റെ (എൻ.എസ്‌.ജി.) അംഗത്വത്തിനും ഭീകരവാദിയായ അഷറിനെ ഐക്യരാഷ്ട്രസംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്താനും ഇന്ത്യ ‘സാമദാനഭേദം’ നടത്തിയിട്ടും ഒരു പ്രയോജനവുമുണ്ടായില്ല.

അതിർത്തിയിൽ നുഴഞ്ഞുകയറ്റങ്ങൾ ഉണ്ടാകുന്നില്ല എന്ന സമാധാനമേ നമുക്കുള്ളൂ. ‘ഒരു ബെൽറ്റ്‌ ഒരു റോഡി’ന്റെ ഭാഗമായി പാകിസ്താനുമായി സ്ഥാപിച്ച ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്നതാണെന്ന്‌ ആവർത്തിച്ച്‌ പറഞ്ഞിട്ടും, ആ ഇടനാഴിയെ ‘ഒരു ബെൽറ്റ്‌ ഒരു റോഡി’ന്റെ ഭാഗമല്ലെന്ന്‌ പ്രഖ്യാപിച്ചാൽ ബെയ്‌ജിങ്ങിലെ ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുത്തേക്കാമെന്ന്‌ സൂചിപ്പിച്ചിട്ടും  ചൈന അവരുടെ നിലപാടിൽ ഒട്ടും അയവുവരുത്തിയില്ല. ഇന്ത്യ-ചൈന സൗഹൃദത്തിന്‌ നാല്‌ ഉപാധികളുമായെത്തിയ െചെനീസ്‌  അംബാസഡറുടെ നിർദേശവും ഇക്കാര്യത്തിൽ ചൈന തള്ളിക്കളഞ്ഞു.

ഇന്ത്യയും പാകിസ്താനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടനില  ഏൽക്കാമെന്നാണ്‌ ചൈനയുടെ പുതിയ വാഗ്ദാനം. ഈ സാഹചര്യത്തിൽ മോദി ധാരാളം ചൈനാവിദഗ്ധരുടെ  ഉപദേശത്തെ അവഗണിച്ചുകൊണ്ട്‌ ബെയ്‌ജിങ്‌ സമ്മേളനത്തെ ബഹിഷ്കരിക്കാൻ ധീരമായ തീരുമാനമെടുത്തു. അതിന്റെ പ്രത്യാഘാതങ്ങൾ എന്തായിരുന്നാലും ഇന്ത്യയുടെ പരമാധികാരത്തെ സംരക്ഷിക്കുന്നതിനായിരിക്കും ഇന്ത്യയുടെ വിദേശനയമെന്ന്‌ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

ദക്ഷിണേഷ്യ സഹകരണസമിതി(സാർക്‌) ഇന്ന്‌ പ്രതിസന്ധിയിലാണ്‌. പാകിസ്താൻപ്രശ്നം കാരണം ഇഴഞ്ഞുനീങ്ങിയിരുന്ന സാർക്‌, ഇസ്‌ലാമാബാദ്‌ ഉച്ചകോടിയിൽനിന്ന്‌ ഇന്ത്യ വിട്ടുനിന്നതോടെ അന്ത്യശ്വാസം വലിക്കുകയാണ്‌. പാകിസ്താനില്ലാത്ത ഒരു പുതിയ പ്രദേശികകൂട്ടായ്മ കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ ശ്രമം വിജയിച്ചിട്ടില്ല. പാകിസ്താനെ ഒറ്റപ്പെടുത്തുകയെന്ന ഉദ്ദേശ്യം നടക്കില്ലെന്ന്‌ ചരിത്രം തെളിയിച്ചിട്ടുണ്ട്‌. ഇന്ത്യയില്ലാത്ത, ചൈന നയിക്കുന്ന ഒരു കൂട്ടായ്മയാണ്‌ ഇപ്പോൾ രൂപംകൊള്ളുന്നത്‌.

പ്രാദേശികരാജ്യങ്ങൾക്കുവേണ്ടി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം സാധാരണനിലയിൽ ഒരു നേട്ടമായി കാണ്ടേതാണ്‌. എന്നാൽ, അതൊരു വെള്ളാനയാണെന്ന അഭിപ്രായം ഉയർന്നുവന്നിരിക്കുന്നു. അയൽക്കാരിൽ പലരും ചൈനയുമായും യൂറോപ്യൻ രാജ്യങ്ങളുമായും ചേർന്ന്‌ ബഹിരാകാശസഹകരണം നടത്തുന്നുണ്ട്‌. പോരെങ്കിൽ നമ്മുടെ ഉപഗ്രഹം ഉപയോഗിക്കാൻവേണ്ട സജ്ജീകരണങ്ങൾ  ഭൂമിയിലുണ്ടാക്കാൻ ഈ രാജ്യങ്ങൾക്ക്‌ പണമുണ്ടാകില്ല. അതിന്‌ അവർ ചൈനയുടെ സഹായം തേടുന്ന ദുരവസ്ഥയുണ്ടായാൽ നമ്മുടെ ഉപഗ്രഹം നമുക്കുതന്നെ ഉപദ്രവമായി മാറിയേക്കാം. നേപ്പാൾ, ശ്രീലങ്ക, അഫ്‌ഗാനിസ്താൻ മുതലായ രാജ്യങ്ങളുമായി സൗഹൃദബന്ധം പുലർത്താനുള്ള ശ്രമങ്ങളും ചൈനയുടെ അതിപ്രസരംമൂലം അസ്തമിക്കുകയാണ്‌ ഇപ്പോൾ.

ചൈനയെപ്പോലെ ഈ രാജ്യങ്ങൾക്ക്‌ മൂലധനം നൽകാൻ നമുക്ക്‌ കഴിയാത്തതിനാൽ അവയെല്ലാം ചൈനയുടെ സ്വാധീനവലയത്തിലായിരിക്കയാണ്‌. ചൈനയുടെ പ്രവർത്തനങ്ങളിൽ നിരാശയുണ്ടാകുമ്പോഴായിരിക്കും അവ ഇന്ത്യയിലേക്ക്‌ വീണ്ടും ശ്രദ്ധതിരിക്കുക. മോദിയുടെ രണ്ടാമത്തെ ശ്രീലങ്കാസന്ദർശനത്തിന്‌ വഴിതെളിച്ചത്‌ ശ്രീലങ്കയ്ക്ക്‌ ചൈനയിൽനിന്നുണ്ടായ മോഹഭംഗത്തിന്റെ ആരംഭമായിരിക്കണം. ശ്രീലങ്കയിൽ ചൈന നിർമിക്കുന്ന തുറമുഖം അവരുടെ ആവശ്യത്തിൽ കൂടുതലാണെന്നും ചൈനയുടെ സാമ്പത്തികസഹായം ശ്രീലങ്കയെ കടബാധ്യതയിലാഴ്‌ത്തുമെന്നും ആ രാജ്യത്തിന്‌ തോന്നിത്തുടങ്ങിയിരിക്കുന്നു. ദക്ഷിണേഷ്യയിലെ ചെറിയ രാജ്യങ്ങളെ എങ്ങനെ ഇന്ത്യയിലേക്ക്‌ ആകർഷിക്കാൻ കഴിയുമെന്നാണ്‌ നാം ആലോചിക്കേണ്ടത്‌.

അമേരിക്കൻ തിരഞ്ഞെടുപ്പുകാലത്ത്‌ ചില ഹിന്ദുസംഘടനകൾ ഡൊണാൾഡ്‌ ട്രംപിനെ പിന്താങ്ങിയെങ്കിലും ഹില്ലരി ക്ളിന്റൺ ജയിക്കുമെന്നുതന്നെയായിരുന്നു മോദിയുടെ കണക്കുകൂട്ടൽ. ട്രംപ്‌ അധികാരത്തിൽ വന്നപ്പോൾ അനിശ്ചിതത്വത്തിലായത്‌ ലോകത്തെ  നയതന്ത്രരംഗംതന്നെയായിരുന്നു.  ഭീകരവാദത്തിനെതിരായ ഐക്യവും ചൈനയോടും ഇസ്‌ലാമിക്‌ രാജ്യമായ പാകിസ്താനോടും ട്രംപിന്റെ അഭിപ്രായവ്യത്യാസങ്ങളും കാരണം അദ്ദേഹം ഇന്ത്യയോടടുക്കുമെന്നുള്ള പ്രതീക്ഷ അസ്ഥാനത്തായിരുന്നെന്നാണ്‌ സൂചനകൾ. ഉത്തരകൊറിയ പ്രശ്നം ട്രംപിനെ പെട്ടെന്ന്‌ ചൈനയോടടുപ്പിച്ചു. പാകിസ്താനോടുള്ള സൗഹൃദം ട്രംപിന്റെ കൂടെയുള്ള അമേരിക്കൻ സൈനികർ തുടരുകയാണ്‌. അഫ്‌ഗാനിസ്താൻ പ്രശ്നം പരിഹരിക്കാൻ പാകിസ്താന്റെ സഹായം ആവശ്യമാണെന്ന്‌ അമേരിക്ക വിശ്വസിക്കുന്നു.

കുടിയേറ്റ പ്രശ്നത്തിലും ഇന്ത്യയുടെ താത്‌പര്യങ്ങളെ ബാധിക്കുന്ന തരത്തിലാണ്‌ ട്രംപിന്റെ നയപരിപാടികൾ. ഇന്ത്യൻ സർക്കാറും പലതലത്തിലും ട്രംപ്‌ സർക്കാറുമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും രണ്ടുനേതാക്കളുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരമുണ്ടായെങ്കിൽമാത്രമേ ഇന്ത്യ-അമേരിക്കൻ ബന്ധങ്ങളിൽ പുരോഗതിയുണ്ടാകൂ.  ഇന്ത്യയിലെ അടുത്ത അമേരിക്കൻ അംബാസഡറെ നിയമിക്കാനുള്ള പ്രക്രിയ ആരംഭിച്ചിരിക്കുമെന്ന്‌ പ്രതീക്ഷിക്കാം. മോദിയുടെ ഇസ്രായേൽ സന്ദർശനം ഇക്കാര്യങ്ങളിൽ നിർണായകമാകാൻ സാധ്യതയുണ്ട്‌.

യൂറോപ്പിലെ അസാധാരണ സ്ഥിതിഗതികളും ഇന്ത്യൻ വിദേശനയത്തിന്‌ വെല്ലുവിളിയായിരിക്കയാണ്‌. ബ്രിട്ടൻ, ഫ്രാൻസ്‌ മുതലായ രാജ്യങ്ങളുടെ നേതൃത്വവുമായി  ബന്ധങ്ങൾ സ്ഥാപിക്കേണ്ടിയിരിക്കുന്നു. ജർമനിയിൽ പുതിയ നേതൃത്വം വരാനുള്ള സാധ്യതയുമുണ്ട്‌. അമേരിക്കയോട്‌ നല്ല ബന്ധമുണ്ടായാൽ ഈ രാജ്യങ്ങളും ഇന്ത്യയോട്‌ സഹകരിക്കുമെന്ന പഴയ വിശ്വാസം ട്രംപിന്റെ ആവിർഭാവത്തോടെ മാറിവരികയാണ്‌. ചൈനയുടെയും പാകിസ്താന്റെയും പ്രശ്നങ്ങളിൽ  മുഴുകിപ്പോകാതെ യൂറോപ്പ്‌, ആഫ്രിക്ക, ലാറ്റിനമേരിക്ക മുതലായ പ്രദേശങ്ങളിൽ ശ്രദ്ധചെലുത്തേണ്ടത്‌ ആവശ്യമാണ്‌. ചേരിചേരാപ്രസ്ഥാനം, കോമൺവെൽത്ത്‌ എന്നിവയിൽ മോദിക്ക്‌  ഒരു താത്‌പര്യവുമില്ല എന്നുള്ളത്‌ മറ്റൊരു പ്രശ്നമായി വന്നേക്കാം. ഈ കൂട്ടായ്മകൾക്ക്‌ ഇപ്പോഴും പ്രസക്തിയുണ്ടെന്ന്‌ അദ്ദേഹം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

വലിയ വെല്ലുവിളികളാണ്‌ നാലാമത്തെ വർഷത്തിൽ നയതന്ത്രരംഗത്ത്‌ മോദിക്ക്‌ അഭിമുഖീകരിക്കേണ്ടിവരിക. ഷേക്‌സ്പീരിയൻ നാടകങ്ങളിൽ അവസാന അങ്കത്തിൽ നേരിടുന്ന ദുരന്തത്തിനോ ആഹ്ലാദത്തിനോ വഴിതെളിക്കുന്നത്‌ നാലാമങ്കത്തിലെ അപ്രതീക്ഷിതമായ സംഭവങ്ങളാണ്‌. അവയെ  എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിലാണ്‌ നായകന്റെ ഭാവി തീരുമാനിക്കപ്പെടുക.

(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായിരുന്നു ലേഖകൻ)