അധികാരമേറ്റശേഷം ഇറക്കിയ പല ഉത്തരവുകളും ജനരോഷത്തെയും പ്രതിപക്ഷ പ്രതിഷേധത്തെയും തുടർന്ന് പിൻവലിക്കേണ്ടിയും മലക്കംമറിയേണ്ടിയും വന്ന സാഹചര്യവും മോദിസർക്കാരിനുണ്ടായി. ഏറ്റവുംപ്രധാനപ്പെട്ടതെന്ന് സർക്കാർ വിശേഷിപ്പിച്ച നോട്ട്‌ അസാധുവാക്കൽത്തന്നെയാണ് ഇതിൽമുന്നിൽ

നോട്ട് അസാധുവാക്കൽ
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കി 2016 നവംബർ എട്ടിന് ഇറക്കിയ ഉത്തരവിലെ പ്രഖ്യാപനങ്ങൾ ഇതുവരെ മാറ്റിമറിച്ചത് 60 വട്ടത്തിലേറെ. ദിവസവും ആഴ്ചയും പിൻവലിക്കാവുന്ന തുകയുടെ കാര്യത്തിൽ ഇടയ്ക്കിടെ സർക്കാർ മാറ്റംവരുത്തി. അസാധുവാക്കിയ നോട്ടുകൾ മാറ്റുന്ന കാര്യത്തിലും ഈ അനിശ്ചിതത്വം തുടർന്നു

ജനിതകമാറ്റം വരുത്തിയ വിത്ത്
ജനിതകമാറ്റം വരുത്തിയ വിത്തുകൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ കൈമാറുന്നവരോട് പ്രാദേശികകമ്പനികൾക്കും ലൈസൻസ് നിഷേധിക്കരുതെന്ന്  സർക്കാർ വിജ്ഞാപനം ഇറക്കി. റോയൽറ്റിതുക കുറഞ്ഞ വിൽപ്പനവിലയുടെ പത്തുശതമാനത്തിൽ കൂടാൻപാടില്ലെന്ന നിർദേശവുമുണ്ടായിരുന്നു. പിന്നീട് ഇതും പിൻവലിച്ചു.

പ്രോവിഡന്റ് ഫണ്ട്
പ്രോവിഡൻറ് ഫണ്ടിൽനിന്ന് പിൻവലിക്കുന്ന തുകയ്ക്ക് നികുതിയീടാക്കാമെന്ന ബജറ്റ് നിർദേശം, കടുത്ത എതിർപ്പിനെത്തുടർന്ന് സർക്കാർ പിൻവലിച്ചു. പി.എഫ്. പലിശനിരക്ക് കുറയ്ക്കാനും വിരമിക്കൽപ്രായം 58-ൽനിന്ന് 55 ആയി കുറയ്ക്കാനുമുള്ള നിർദേശങ്ങളും പിൻവലിക്കേണ്ടിവന്നു.

എൻക്രിപ്ഷൻ പോളിസി
വാട്സാപ്പിലും ഫെയ്‌സ്ബുക്കിലും മറ്റും വരുന്ന സന്ദേശങ്ങൾ 90 ദിവസം വരെ സൂക്ഷിക്കണമെന്ന് നിർദേശിച്ച് സർക്കാർ എൻക്രിപ്ഷൻ പോളിസിയുടെ കരട് ഇറക്കി. പ്രതിഷേധം ശക്തമായതോടെ തൊട്ടടുത്ത ദിവസംതന്നെ സർക്കാർ കരട് പിൻവലിച്ചു.

ഭൂമിയേറ്റെടുക്കൽ
2013-ൽ യു.പി.എ.സർക്കാർ പ്രാബല്യത്തിലാക്കിയ ഭുമിയേറ്റെടുക്കൽബില്ലിൽ ഭേദഗതികൾ കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിച്ചിരുന്നു. ഭൂമിയേറ്റെടുക്കുന്നതിനുമുമ്പ് സാമൂഹിക പ്രത്യാഘാതപഠനം നടത്തണമെന്നതടക്കമുള്ള നിർദേശങ്ങളാണ് ദേദഗതിചെയ്യാൻ ഉദ്ദേശിച്ചത്. എന്നാൽ,  പ്രതിപക്ഷത്തിന്റെ പ്രതിഷേധവും കർഷകരുടെ എതിർപ്പിനെയും തുടർന്ന് നീക്കത്തിൽനിന്ന് സർക്കാർ പിന്മാറി.

നികുതി റിട്ടേൺഫോം
വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് ബാലൻസ്, വിദേശയാത്രാച്ചെലവ് എന്നിവയുടെ വിവരങ്ങൾ ചോദിച്ചുള്ള ആദായനികുതി റിട്ടേൺഫോം പുറത്തിറക്കി. വ്യാപക പ്രതിഷേധമുയർന്നതോടെ ഇത് പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായി.