പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദ്ദേഹത്തിന്റെ മന്ത്രിസഭയുടെയും പ്രവർത്തനങ്ങളിൽ ജനങ്ങൾ എത്രത്തോളം സന്തുഷ്ടരാണ് എന്നതിനെക്കുറിക്കുന്ന സർവേകളാണ് അടുത്തകാലത്തായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. അത് മനസ്സിലാക്കണമെങ്കിൽ 2013-14 കാലഘട്ടത്തിൽ മോദിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും  സഖ്യകക്ഷികൾക്കും വോട്ടുചെയ്ത ജനങ്ങളിലേക്ക് തിരിഞ്ഞുനോക്കേണ്ടതുണ്ട്.

ഈ ജനങ്ങളെ രണ്ടുവിഭാഗമായി തിരിക്കാം. ഇതിൽ ആദ്യത്തെ വിഭാഗം നരേന്ദ്രമോദിയെ വികസനത്തിന്റെ പര്യായമായി കാണുന്നവരാണ്. ഗോധ്ര സംഭവത്തിന്റെയും ഗുജറാത്ത് കലാപത്തിന്റെയും വ്യാജ ഏറ്റുമുട്ടലുകളുടെയും പിന്നിലുള്ളയാളെന്ന പ്രതിച്ഛായയിൽനിന്ന് വികസനത്തിെന്റ പ്രതിരൂപമെന്ന മോദിയുടെ സ്വയംപ്രഖ്യാപിത വേഷപ്പകർച്ചയിൽ വിശ്വാസമർപ്പിച്ചവരാണിവർ. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ  രണ്ടാമൂഴത്തിൽ, തകർച്ചയിലേക്കെത്തിയ രാജ്യത്തെ വികസനമുരടിപ്പിൽനിന്ന് കരകയറ്റാൻ കഴിയുന്ന നേതാവാണ് മോദിയെന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു. രണ്ടാമത്തെ വിഭാഗമാകട്ടെ, ഇത്തരത്തിലുള്ള വ്യാമോഹങ്ങളൊന്നും ഇല്ലാത്തവരും. എന്നാൽ, പൊതുവായ ഹിന്ദുത്വബോധത്തിലൂന്നി പ്രവർത്തിക്കാൻ ഒരു ഹിന്ദുഹൃദയ സമ്രാട്ടിനേ കഴിയൂവെന്ന് വിശ്വസിക്കുന്നവരും. സകലതും വെറും മൂടുപടംമാത്രമാണെന്നും അപ്രിയസത്യങ്ങളെ മറയ്ക്കാനുള്ള ചായംപൂശലുകൾമാത്രമാണ് പുറമേ കാണുന്നതെന്നും അവർ തിരിച്ചറിഞ്ഞിരുന്നു.  മധ്യകാലഘട്ടങ്ങളിൽ ഹിന്ദുക്കൾക്കെതിരേയുള്ള അധിനിവേശത്തിന് പ്രതികാരമായി മോദിയുടെ വരവ് ചരിത്രപരമായ ആവശ്യമായി ഇവർ കരുതി. 

മോദിയുടെ വോട്ടർമാരിൽ ആദ്യവിഭാഗത്തെ പിന്നെയും രണ്ടായി തിരിക്കാം. ഇതിൽ ആദ്യത്തെ വിഭാഗം തീവ്രഹിന്ദുത്വവികാരത്തെ ബോധപൂർവം അംഗീകരിക്കുന്നവരും എന്നാൽ, അത് പരസ്യമായി പ്രകടിപ്പിക്കാനുള്ള ധൈര്യമില്ലാത്തവരുമാണ്. മോദിയുടെ വാക്ധോരണിയിലും വ്യക്തിപ്രഭാവത്തിലും വിശ്വാസമർപ്പിച്ച തീവ്രവലതുപക്ഷ പുരോഗമനവാദികളാണ് മോദി അനുഭാവികളായ രണ്ടാമത്തെ വിഭാഗം. വിദ്വേഷത്തിന്റെയും അവിശ്വാസത്തിന്റെയും രാഷ്ട്രീയത്തിൽനിന്നുമാറി രാഷ്ട്രീയത്തിന് മറ്റൊരു മുഖം നൽകാൻ മോദിക്ക് കഴിഞ്ഞെന്നും ഇവർ കരുതുന്നു. രാഷ്ട്രീയമായി നിഷ്കളങ്കരായ ഇവർ 282 എം.പി.മാരുമായി അധികാരത്തിലെത്തിയ അടൽ ബിഹാരി വാജ്‍പേയിക്ക് സമാനമായി മോദിക്ക് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷ പുലർത്തുന്നു. 

സമീപകാലങ്ങളിലായി, ഇത്തരം പുരോഗമനവാദികളുടെ തീരുമാനം ശരിയായിരുന്നോ എന്ന്  സംശയിക്കപ്പെടുന്ന തരത്തിലുള്ള ചില സംഭവങ്ങളുമുണ്ടായി.  യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അവരോധിച്ചതാണ് അതിൽ അവസാനത്തേത്.  ഇത് പുരോഗമനവാദികളെ അഭിമുഖീകരിക്കുന്നതിൽനിന്ന്‌ അവരെ തടയുന്ന തരത്തിലുള്ള വികസനമായിരുന്നു. 2014-ൽ രാഹുൽഗാന്ധിയെ  രാജകുമാരനെന്നോ യുവരാജാവെന്നോ വിളിക്കാതെ ഷെഹ്സാദെയെന്ന് വിളിച്ച് നരേന്ദ്രമോദി പരിഹസിച്ചപ്പോൾ ഈ സ്വതന്ത്രവാദികൾ അതിൽനിന്ന്‌ സ്വയം വിട്ടുനിന്നു. യു.പി.എ. സർക്കാരിനെ ഡൽഹി സുൽത്താനേറ്റെന്ന് കളിയാക്കി തുടർച്ചയായിവന്ന ചുമരെഴുത്തുകളെയും ഇവർ ശ്രദ്ധിച്ചില്ല. 

വളരുന്ന വർഗീയത

പ്രധാനമായും മൂന്നുമേഖലകളിലെ പ്രധാനമന്ത്രി മോദിയുടെ പ്രകടനത്തെയാണ് വിലയിരുത്തേണ്ടത്. ഒന്ന്, സമൂഹത്തിലെ പ്രഭാവം, രണ്ട്, പൊതുസ്ഥാപനങ്ങളിലും ജനാധിപത്യപ്രക്രിയയിലുമുണ്ടായ സ്വാധീനം. മൂന്നാമതായി സർക്കാരിന്റെ നയങ്ങളും സംരംഭങ്ങളും. ഇതിൽ ഒന്നാമത്തെ ഘടകം പരിശോധിക്കുമ്പോൾ സാഹചര്യം മോശമെന്നതിൽനിന്ന് കൂടുതൽ വഷളായി എന്നു പറയേണ്ടിവരും. ഇന്ത്യയിൽ എല്ലായ്‌പ്പോഴും പ്രധാനപ്രശ്നവും സംഘർഷങ്ങൾക്ക് കാരണമാകുന്നതുമായ വിഷയം വർഗീയതയാണ്.  വർഗീയത കുറച്ചുകൊണ്ടുവരാൻ നടപടികളെടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വവുമാണ്. എന്നാൽ, ഇക്കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ സാമൂഹികമായ ഭിന്നത, പ്രത്യേകിച്ചും മതന്യൂനപക്ഷങ്ങളുടെ അടിസ്ഥാനത്തിലുള്ള ഭിന്നത വർധിച്ചിട്ടുണ്ട്. സർക്കാരും ബി.ജെ.പി.യും അവരുടെ മന്ത്രിമാരെയും നേതാക്കളെയും  നിന്ദ്യമായ പ്രസ്താവനകൾ നടത്തുന്നതിന് അനുവദിക്കുകയും ചെയ്തു. 2014-ൽ യു.പി. ഉപതിരഞ്ഞെടുപ്പുകളുടെ പ്രചാരണച്ചുമതല നരേന്ദ്രമോദി യോഗി ആദിത്യനാഥിന് നൽകിയതുമുതലാണ് ഈ  ഐക്യത്തിൽ കുറവുണ്ടാകാൻ തുടങ്ങിയതെന്ന് വ്യക്തം.  

ഗിരിരാജ് സിങ്, നിരഞ്ജൻ ജ്യോതി തുടങ്ങിയ നേതാക്കൾ നടത്തിയ വിവാദപ്രസ്താവനകളിൽ പെട്ടെന്ന് നടപടികളോ ഖേദപ്രകടനമോ നടത്തിയിട്ടില്ലെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഘർവാപസി, ലവ് ജിഹാദ്, ഗോവധം, പശുവിറച്ചി സൂക്ഷിച്ചു തുടങ്ങിയ വിഷയങ്ങളാരോപിച്ച് മുസ്‍ലിങ്ങൾക്കുനേരേയുണ്ടായ അതിക്രമം എന്നിവയിൽ മൗനം പാലിച്ചതും സർക്കാർനയമെന്തെന്ന് പറയാതെ പറഞ്ഞതിന് തുല്യമായി. ഇപ്പോൾ ഉത്തർപ്രദേശിൽ ഇറച്ചിക്കടകൾ അടച്ചുപൂട്ടി നടത്തുന്ന കാമ്പയിൻ ഇറച്ചിവ്യവസായത്തെ മാത്രമല്ല ബാധിച്ചത്. മറിച്ച് മുസ്‍ലിങ്ങൾക്കെതിരേയുള്ള നടപടിയായിക്കൂടി വ്യാഖ്യാനിക്കപ്പെട്ടു.  

രാജ്യസഭ അട്ടിമറിക്കപ്പെടുന്നു.

ബി.ജെ.പി.യുടെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം പാർലമെന്റിനെ ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നാണ് നരേന്ദ്രമോദി വിശേഷിപ്പിച്ചത്. എന്നാൽ, ദിവസങ്ങൾക്കകംതന്നെ കോൺഗ്രസ്‌ നാമനിർദേശം ചെയ്തയാൾക്ക് പ്രതിപക്ഷനേതാവിന്റെ പദവി നൽകാൻ  ബി.ജെ.പി. വിസമ്മതിച്ചു. ഇത് ജനാധിപത്യസംവിധാനത്തെ എങ്ങനെയാണ് ഈ സർക്കാർ സമീപിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ സൂചനനൽകി. കഴിഞ്ഞ മൂന്നുവർഷമായി രാജ്യസഭയുടെ പ്രവർത്തനങ്ങൾ അട്ടിമറിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. രാജ്യസഭയിൽ  ഭൂരിപക്ഷമില്ലാത്തതിനാൽ പാസാകാതെ പോകുന്ന നിയമങ്ങളെ പണബില്ലായി  അവതരിപ്പിച്ച് ലോക്‌സഭയിൽ അംഗീകാരംനേടാനുള്ള ശ്രമങ്ങളും ഇതിനിടയിലുണ്ടായി.  ലോക്‌സഭയുടെ  വൈപുല്യത്തെ പരിശോധിക്കാനും തുലനംചെയ്യാനും രാജ്യസഭയ്ക്ക് ഭരണഘടന നൽകുന്ന അവകാശം ഇവിടെ ആക്രമിക്കപ്പെടുന്നു.  കഴിഞ്ഞ മൂന്നുവർഷമായി ജനാധിപത്യസംവിധാനത്തിന്റെ മൂലതത്ത്വങ്ങൾ ഹനിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണ്. 

ആസൂത്രണമില്ല, ആശയങ്ങൾമാത്രം

സർക്കാർനയങ്ങളും ശൈലികളും പരിശോധിക്കുമ്പോൾ ഗുജറാത്ത് മോഡൽ സ്ഥൂലനിർവഹണത്തിൽനിന്ന് അല്പം വ്യത്യസ്തതയോടെയാണ് മോദി സർക്കാരിന്റെ പ്രവർത്തനമെന്ന് നിരീക്ഷിക്കാം. പ്രാരംഭഘട്ടത്തിലെ ജോലികൾ പൂർത്തിയാക്കാതെ സ്വച്ഛ് ഭാരത് പോലെയുള്ള ഉന്നത ആശയങ്ങളുമായി പ്രധാനമന്ത്രിയെത്തിയതും പ്രശ്നങ്ങളുണ്ടാക്കി. സമഗ്രമായ ശുചിത്വപരിപാടി കൊണ്ടുവരുന്നതിന്‌ ആരും എതിരല്ലെങ്കിലും തദ്ദേശസ്ഥാപനങ്ങളുടെ  പിന്തുണയില്ലായിരുന്നെങ്കിൽ ഈ പദ്ധതിയും നടപ്പാക്കാനാകാതെപോയേനെ. തെരുവുകളും ഓടകളും വൃത്തിയാക്കാനാകാതെയും സെലിബ്രിറ്റികൾക്ക് കൈയിൽ ചൂലുമായി തെരുവിൽനിന്ന് ചിത്രങ്ങളെടുക്കാനും കഴിയാതെ വരുമായിരുന്നു. 
   
(മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും ‘നരേന്ദ്രമോദി ദ മാൻ, ദി ടൈം’ എന്ന പുസ്തകത്തിന്റെ രചയിതാവുമാണ് ലേഖകൻ)