പിണറായി സർക്കാർ എങ്ങനെ മാറണം എന്നതാണ്‌ ചോദ്യം. ഈ സർക്കാരിന്റെ നന്മകളോ കരുത്തോ ഇവിടെ പ്രസക്തമല്ല. അതുകൊണ്ട്‌ സർക്കാരിന്റെ പോരായ്മകൾ മാത്രമാണ്‌ ഈ കുറിപ്പിന്റെ വിഷയം.
ഒന്നാമത്തെ കാര്യം ഈ സർക്കാർ നിഷ്പക്ഷമല്ല എന്ന്‌ ഒരു പൊതുധാരണ രൂപപ്പെട്ടിട്ടുണ്ട്‌ എന്ന്‌ സർക്കാർ തിരിച്ചറിയണം. കോൺഗ്രസുകാരിലോ ഭാ.ജ.പാ.ക്കാരിലോ മാത്രം അല്ല ഈ ചിന്ത കാണുന്നത്‌. മാധ്യമങ്ങൾ ഒന്നാകെ പിണറായിവിരുദ്ധമാണ്‌ എന്നത്‌ ഇതിന്‌ ഒരു കാരണമാകാം. അതിനെ മറികടക്കാനുള്ള ശ്രമമൊന്നും കാണുന്നില്ല. അത്‌ സി.പി.എമ്മിന്റെ ധാർഷ്ട്യമാണ്‌ ഈ പക്ഷപാതത്തിന്റെ കാരണം എന്നു ചിന്തിക്കാൻ വഴിവെയ്ക്കുന്നു. ആദ്യത്തേതിന്‌ പിണറായിവിരുദ്ധതയും രണ്ടാമത്തേതിന്‌ പിണറായിയുടെ ശരീരഭാഷയും ബലംപകരുന്നു. 

അതുകൊണ്ട്‌ സർക്കാർ നിഷ്പക്ഷമാണ്‌ എന്നും മുഖ്യമന്ത്രിക്ക്‌ വ്യക്തിപരമായി ധാർഷ്ട്യമില്ല എന്നും ജനത്തിന്‌ ബോധ്യംവരണം. അത്‌ ഇരുട്ടിവെളുക്കുമ്പോൾ നടക്കുന്ന കാര്യമല്ല. അതേസമയം നടക്കാത്ത സംഗതിയുമല്ല. എങ്ങനെയാണ്‌ പ്രതിച്ഛായ ഭേദപ്പെടുത്തേണ്ടത്‌ എന്ന്‌ ഉപദേശിക്കാൻ പ്രൊഫഷണലുകളുണ്ട്‌. അച്യുതാനന്ദനോ ഉമ്മൻചാണ്ടിയോ ഒന്നും അറിയാതെയും സർക്കാരിൽ വൗച്ചർ കൊടുക്കാതെയും അവരുടെ സഹായം തേടണം.
രണ്ടാമത്തെ കാര്യം സർക്കാർ ഉദ്യോഗസ്ഥതലത്തിൽ ആശ്രിതവാത്സല്യവും വൈരനിര്യാതനവും വെച്ചുപുലർത്തുന്നു എന്ന ധാരണയാണ്‌. ജേക്കബ്‌ തോമസിനെ വഴിവിട്ട്‌ പിന്തുണയ്ക്കുന്നു എന്നും സെൻകുമാറിനെ അകാരണമായി ഉപദ്രവിക്കുന്നു എന്നും ശരാശരി മലയാളി ചിന്തിക്കുന്നു. ഉദ്യോഗസ്ഥർക്കിടയിൽ നമ്മുടെയാൾ, നമ്മുടെതല്ലാത്തയാൾ എന്ന വേർതിരിവുണ്ട്‌ എന്ന്‌ ജനത്തിനു തോന്നുന്നത്‌ ഭംഗിയല്ല. വിജയാനന്ദിനെപ്പോലെ സാത്വികനും ഗാന്ധിയനും പ്രഗല്‌ഭനും ആയ ഒരാളോട്‌ ‘തട്ടിക്കയറി’ എന്ന വാർത്ത മുഖ്യമന്ത്രിയെ സഹായിച്ചില്ല. മുസലിയാർ കോളേജിൽ പണം തിരിച്ചടച്ചോ എന്നന്വേഷിച്ചതാണ്‌ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്‌ എന്ന കാര്യം ഹജൂർക്കച്ചേരിയിൽ അങ്ങാടിപ്പാട്ടാണ്‌.

ഞാൻ ആ കോളേജിന്റെ ഭരണസമിതിയിൽ ഒരു നിശ്ശബ്ദാംഗമാണ്‌. ഉത്തരം എനിക്കറിയാം. എന്നോട്‌ ചോദിച്ചാൽ മതിയായിരുന്നു വിജയാനന്ദിന്‌. അദ്ദേഹം നേർവഴിതേടിയത്‌ തെറ്റല്ല. മാമ്മൻ മാത്യു മുതൽ കോവളം ചന്ദ്രന്റെ ആത്മാവുവരെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ സകലപത്രാധിപന്മാരും എതിരായിരിക്കെ അതിശയോക്തി അപ്രതീക്ഷിതമല്ലതാനും. 

സെൻകുമാറിന്റെ കേസിലും ഇതാണ്‌ സംഭവിച്ചത്‌. അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം എന്നൊക്കെ പറഞ്ഞാലും സകലമാനപേർക്കും കരതലാമലകംപോലെ വ്യക്തമായ സംഗതിയിൽ വ്യക്തതപോരാ എന്ന്‌ പറഞ്ഞത്‌ അബദ്ധമായി. രണ്ടു നിയമവേദികൾ സർക്കാരിന്‌ അനുകൂലമായി വിധിച്ച കേസാണ്‌. അവസാനവട്ടം മാത്രമാണ്‌ തോറ്റത്‌. അത്‌ മാനമായി അംഗീകരിച്ചെങ്കിൽ മുഖ്യമന്ത്രിയുടെ മാനം വർധിക്കുമായിരുന്നു. രണ്ട്‌ ഉദ്യോഗസ്ഥരുടെ പേര്‌ എടുത്തുപറഞ്ഞു എന്നേയുള്ളൂ. എല്ലാ ഉദ്യോഗസ്ഥരും ഈ സർക്കാരിന്റെ ഉദ്യോഗസ്ഥരാണ്‌ എന്നാണ്‌ ഭരണനേതൃത്വം കരുതുന്നത്‌ എന്ന്‌ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും തോന്നണം. തോന്നണം എന്നതാണ്‌ കീവേഡ്‌. ഈയിടെ അകാരണമായി വേട്ടയാടപ്പെടുന്ന രണ്ട്‌ ഐ.എ.എസ്‌. ചെറുപ്പക്കാർ മുഖ്യമന്ത്രിയെ കണ്ടു. വാത്സല്യത്തോടെ പെരുമാറി എന്നാണറിയുന്നത്‌. ഇതൊന്നും ജനം അറിയുന്നില്ലല്ലോ, സഖാവേ.

മൂന്നാമത്‌ മന്ത്രിമാരെ വാനരത്രയത്തെപ്പോലെ ഒതുക്കിയിരിക്കയാണ്‌ എന്നാണ്‌ പൊതുധാരണ. അത്‌ ഭൂഷണമല്ല. അച്യുതമേനോന്റെ മാതൃകയാണ്‌ പിണറായി പിന്തുടരേണ്ടത്‌. എമ്മെൻ, ടി.വി. എന്നിങ്ങനെ സ്വന്തം പാർട്ടിയിൽ തന്നോടൊപ്പമോ തന്നെക്കാൾ ഉയരെയോ സ്ഥാനം ഉണ്ടായിരുന്നവർപോലും മുഖ്യമന്ത്രിയെ ആദരിച്ചിരുന്നു എന്ന്‌ എനിക്കറിയാം. കരുണാകരൻപോലും അടിയന്തരാവസ്ഥ വരുവോളം മുഖ്യമന്ത്രിയെ പിണക്കാതിരിക്കാൻ സൂക്ഷ്മതകാട്ടിയിരുന്നു. ഇപ്പോൾ ബഹുമാനത്തിന്റെ സ്ഥാനത്ത്‌്‌ ഭയംവന്നിരിക്കുന്നു. സീയെം എന്തു പറയും എന്ന വ്യാകുലതകൊണ്ട്‌ മന്ത്രിമാർ ഫ്രീസറിലായമട്ടിലാണ്‌. ഇതു മാറണം. മന്ത്രിമാർക്ക്‌ കുറേക്കൂടി സ്വാതന്ത്ര്യം അനുവദിക്കണം. അത്‌ അവർക്കും ജനത്തിനും ബോധ്യമാവുകയും വേണം.

ഈ സർക്കാർ ചെയ്ത എത്രയോ നല്ലകാര്യങ്ങൾ എടുത്തുപറയാനുണ്ട്‌. പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്‌ വായ്പയെടുത്ത്‌ കടക്കെണിയിലായവർ, ക്ഷേമപെൻഷൻ വാങ്ങുന്നവർ, എൻഡോസൾഫാൻ ഇരകൾ, കഴിഞ്ഞ ഒരു കൊല്ലത്തിനിടെ ഉദ്യോഗം കിട്ടിയ മുന്നൂറോളം ഭിന്നശേഷിക്കാർ തുടങ്ങിയവരുടെയൊക്കെ അനുഗ്രഹം പിണറായിയുടെമേൽ ഉണ്ടാകും. എന്നാൽ, ശേഷം ജനം അതൊന്നും തിരിച്ചറിയാത്തവിധത്തിലാണ്‌ പ്രതിച്ഛായയുടെ അവസ്ഥ. 

ഗെയിൽ പൈപ്‌ലൈൻ, ആറുവരിപ്പാത, വ്യവസായ നിക്ഷേപനിയമങ്ങളുടെ ഏകീകരണം ഇത്യാദി എത്രയോ സംഗതികൾ ഈ സർക്കാരിനെ ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോവുകയാണ്‌. ഇതിന്റെയൊന്നും ഗുണം പിണറായിക്ക്‌ കിട്ടാതെവരുന്നത്‌ ദുഃഖകരമാണ്‌. ഇനിയുള്ള കാലം ഇതിനൊക്കെ മാറ്റംവരുത്തുമെന്ന്‌ പ്രതീക്ഷിക്കാനാണ്‌ എനിക്കിഷ്ടം.