പണ്ട് ഹസ്തിനപുരിയിലെ രാജകുമാരന്‍ ദേവവ്രതന്‍ ഒരു പ്രതിജ്ഞ എടുത്തു. ' മരിക്കുവോളം ബ്രഹ്മചാരിയാവും. രാജ്യം ത്യജിക്കും''

അങ്ങനെയാണ് മഹാഭാരത കഥ ഉണ്ടായത് എന്നും പറയാം. പ്രതിജ്ഞയുടെ കാഠിന്യത്താല്‍ രാജകുമാരന്‍ പിന്നീട് ഭീഷ്മര്‍ എന്ന് അറിയപ്പെട്ടു.

ആര്‍ക്കും ഒരു ഉപകാരവും ഉണ്ടായില്ല ആ പ്രതിജ്ഞ കൊണ്ട്. വൃദ്ധനായ രാജാവ് ശന്തനുവിനും മത്സ്യഗന്ധി സത്യവതിക്കും മനസ്സമാധാനം പോയി. രാജ്യം തന്നെ പിന്നീട് അനര്‍ഹരുടെ കൈകളിലേക്ക് വഴുതിപ്പോയി. 

ദ്വാപരയുഗത്തില്‍ ഉറച്ച തീരുമാനം എടുക്കാന്‍ രണ്ടു കൃഷ്ണന്‍മാര്‍ക്കേ ശേഷി ഉണ്ടായിരുന്നുളളൂ. ശ്രീകൃഷ്ണനും കൃഷ്ണദ്വൈപായനനും. അതില്‍ വസുദേവകൃഷ്ണന്റെ സഹായത്തോടെ  അവസാനം കരുക്ഷേത്രത്തില്‍ ധര്‍മ്മപുത്രര്‍ ജയിച്ചു. പക്ഷെ വിനാശകാരിയായിരുന്നു യുദ്ധം. ഒരുപാട് തലമുറകള്‍ വധിക്കപ്പെട്ടു. ദുര്യോധനന്‍  തന്നെ പറഞ്ഞു. ''വിധവകളും വൃദ്ധരും വികലാംഗരും മാത്രം നിറഞ്ഞ രാജ്യം.'' ആ വിജയം ഒരു വിജയമേ അല്ലാതായി.

ഇപ്പോള്‍ മഹാഭാരതത്തെ ഓര്‍മ്മിപ്പിച്ചത് സരിതാ നായരാണ്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു പ്രതിജ്ഞ എടുത്തിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല. മുഴുവന്‍ സമയവും ജനങ്ങള്‍ക്കിടയില്‍ ജീവിക്കും. സുതാര്യതയും ശീഘ്രവേഗവും മുഖമുദ്രയാക്കും.

ഒരു ഭരണാധികാരി എത്രത്തോളം കാലം തെറ്റി ജീവിക്കാം എന്നതിന്റെ തെളിവായി മാറി ഉമ്മന്‍ ചാണ്ടി. അനാഗത ശ്മശ്രുക്കളും അനാഗതാര്‍ത്തവകളും മൊബൈല്‍ ഫോണില്‍ നടത്തുന്ന കൊഞ്ചിക്കുഴയലുകളില്‍ ആശങ്കപ്പെടുന്ന പിതൃധാര്‍മ്മികതയുടെ വിക്ടോറിയന്‍ പേടിയായിരുന്നു സത്യം പറഞ്ഞാല്‍ പഴയ മുഖ്യമന്ത്രിക്ക് മൊബൈല്‍ ഫോണിനോട്.

എന്നാല്‍ കൂടെ നടന്ന സലിം രാജിനും ജിക്കുമോനും ജോപ്പനും ഒന്നും ഈ പേടി ഇല്ലായിരുന്നു. ആ തലമുറ പുതിയ തലമുറ മൊബൈല്‍ ഫോണ്‍ വാങ്ങി. അതിലൂടെ ഉമ്മന്‍ ചാണ്ടി കാര്യം സാധിച്ചു. ആ പേരു പറഞ്ഞ് ഇവരും... അന്നേരം അധികാരത്തിന്റെ ആവശ്യങ്ങള്‍ ജനങ്ങളുടെ ആവശ്യം അല്ലാതായി. കാരണം ഇവരൊന്നും ഉമ്മന്‍ ചാണ്ടിയെ പോലെ ജനങ്ങള്‍ക്ക് നടുവില്‍ പ്രവര്‍ത്തിക്കേണ്ടവര്‍ അല്ലായിരുന്നു. 

ഇനി  സുതാര്യതയോ? ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തില്‍ ആ വാക്കിന് വലിയ അര്‍ത്ഥം ഒന്നും ഇല്ലായിരുന്നു. കുഞ്ഞൂഞ്ഞ്  പുതുപ്പള്ളിയുടെ പരിചിതവൃത്തത്തില്‍ സുതാര്യന്‍ ആയി നിന്നു.  പക്ഷേ പുറത്തേക്ക് അപരിചിതത്വം വളര്‍ന്നു. കെ കരുണാകരനും എകെ ആന്റണിയും തമ്മില്‍ തര്‍ക്കം മൂത്ത ആ പഴയ കോണ്‍ഗ്രസ് കാലം. ആന്റണിയുടെ നിഴലില്‍ എന്നും കുഞ്ഞൂഞ്ഞ്. എകെ ക്യാപ്റ്റനായി. ഒസി പ്ലേ മേക്കറും. അതീവ സുരക്ഷിതമായി അദ്ദേഹം എ ഗ്രൂപ്പിനെ നിലനിര്‍ത്തി. നിയന്ത്രിച്ചു. പോരടിക്കാന്‍ പ്രാപ്തമാക്കി. അതിനിടെ ഇന്ദിരാ ഗാന്ധിയില്‍ നിന്ന് സോണിയാഗാന്ധിയിലേക്ക് ഇന്ദ്രപ്രസ്ഥത്തില്‍ അധികാരം മാറി. അന്ന് കരുണാകരന്‍ പറഞ്ഞു.''  അച്ഛന്‍ ആനപ്പുറത്ത് ഇരുന്ന തഴമ്പ്  ഇപ്പോള്‍ തപ്പി നോക്കിയാല്‍ കാണില്ല'' അയണ്‍ മാന്‍ സര്‍ദാര്‍ പട്ടേല്‍ ഇരുന്ന സ്ഥാനത്ത് അഹമ്മദ് പട്ടേല്‍ എന്ന അലൂമിനിയം പട്ടേലാണ് ഭരണമെന്ന് കെ മുരളീധരനും അറിഞ്ഞു.

തഴമ്പിനൊപ്പം കരുണാകരന്റെ സ്വാധീനശക്തിയും പോയി. കൈത്തണ്ട തലയണയാക്കിയാണ് കണ്ണോത്ത് കരുണാകരന്‍ പൂങ്കുന്നത്ത് എത്തിയത്. സീതാറാം മില്ലിലെ ഐഎന്‍ടിയുസി കാലം തൊട്ടേ അദ്ദഹം ചെങ്കൊടിയെ എതിര്‍ത്തു. നരസിംഹ റാവുവിനെ പ്രധാനമന്ത്രിയാക്കുവോളം ശക്തനായി ലീഡര്‍. അച്യുതമേനോനേയും അഴീക്കോടനേയും പോലുള്ള കമ്മ്യൂണിസ്റ്റുകളെ ചെറുത്ത ലീഡര്‍ ഒടുവില്‍ എകെജി സെന്ററിന്റെ കാരുണ്യം കാത്തുകിടന്നു. കരിങ്കാലി ഓര്‍മ്മകള്‍ വിട്ടൊഴിയാത്ത വിഎസ് പുറംകാലുകൊണ്ട് തട്ടി. പുത്രദുഖത്താല്‍ കരുണാകരന്‍ മരിച്ചു.

ഗുവാഹതി സമ്മേളനത്തില്‍ ഇന്ദിരയെ വിമര്‍ശിച്ച പ്രായോഗിക വിഡ്ഡിത്തം പിന്നീട് ആന്റണി കാണിച്ചില്ല. സോണിയയുടെ കിച്ചന്‍ കാബിനറ്റില്‍ അദ്ദേഹം അംഗമായി. ദേശീയ തലത്തില്‍ രണ്ടാമനായി. രാഹുലിനായി പാര്‍ട്ടിയെ ബലി കൊടുത്തു.
 
ഗ്രൂപ്പുപോരിന്റെ ആ പാരമ്യത്തില്‍ ആന്റണിയേയും അമ്പരപ്പിച്ചു ഉമ്മന്‍ ചാണ്ടി. ഒസി നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക് വന്നു. പാമോയില്‍ കേസിന്റെ ഭാണ്ഡവും ചാരക്കേസിന്റെ പകയും ഗ്രൂപ്പുകളുടെ ഈടുവയ്പില്‍ ബാക്കി കിടന്നു. അക്കാലത്തൊന്നും സുതാര്യന്‍ ആയില്ല ഉമ്മന്‍ ചാണ്ടി.  വിസ്മയനീക്കളിലൂടെ വിരാജിച്ചു, പ്ലേ മേക്കര്‍. പഴയ മുരടനില്‍ നിന്ന് ജനകീയനായി അച്യുതാനന്ദന്‍ മാറിയ പോലെ ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്കത്തിന് ഇറങ്ങി. 

ഒന്ന് അദ്ദേഹം അറിയാന്‍ വിസമ്മതിച്ചു. ജനങ്ങളെ ബന്ധപ്പെടാന്‍ ട്രങ്ക് കോള്‍ കാത്തിരിക്കേണ്ട ഗതികേടില്ലാത്ത കാലമായി എന്നത്. പ്രതിജ്ഞ ചതിച്ചതാണ്. വഴിനീളെ മൊബൈല്‍ ടവറുകള്‍ വിടര്‍ന്നു നിന്നു. സഹചാരികള്‍ സരിതയെ പോലുള്ളവരിലേക്ക് എത്തി. സരിത സമുദ്രത്തിലേക്ക് സഞ്ചരിക്കുന്നു. രാഷ്ട്രീയത്തിന്റെ സമുദ്രത്തിലേക്ക് സരിതാ നായരും പ്രവഹിച്ചു. സ്വന്തം വ്യവസായ സ്വപ്നങ്ങളില്‍ സരിത കടലോളം കണ്ടു. 

saritha

സമൂഹത്തിന് അര്‍ഹരായ ഭരണാധികാരിയെ കിട്ടും എന്നാണ് പഴഞ്ചൊല്ല്. നയിക്കാന്‍ കേരളം തിരഞ്ഞെടുത്തവര്‍ എല്ലാം ഏതു തരക്കാര്‍ ആയിരുന്നു?. നാം ഓരോരുത്തരും എത്തരക്കാരാണ് ? വിഷമിക്കേണ്ട. നമ്മള്‍  ഇതാ , ഈ പ്രതിപ്പട്ടികയാണ്. നമ്മളാണ് ഈ പ്രതികളെ കണ്ടെത്തിയതും തിരഞ്ഞെടുത്തതും.

ആസക്തിയുടെ കടലില്‍ ആവോളം നീന്തുകയാണ് മലയാളി. നാഗരിക സമൂഹത്തിന്റെ നേരില്ലായ്മകളെല്ലാം ഈ മഹാനഗരത്തില്‍ കാണാം. അവിടെ തെളിയുന്നു ഈ പേരുകള്‍ എല്ലാം. മുത്തച്ഛന്‍മാര്‍ മുതല്‍ കൊച്ചുപയ്യന്മാര്‍ വരെ. രാഷ്ട്രീയ കക്ഷികളുടെ പിന്തുണയാണ് ഇവരുടെ ചൂണ്ടിപ്പണയം. അഥവാ ഇവരാണ് ആ രാഷ്ട്രീയ പാര്‍ട്ടികള്‍. ജനങ്ങളുടെ പേര് പറയുന്നു എന്നു മാത്രം. ജനങ്ങള്‍ക്ക് എന്തു പങ്കാണ് ഇവരുടെ നയരൂപീകരണങ്ങളില്‍ ഉണ്ടായിരുന്നത്. സെക്രട്ടേറിയറ്റില്‍ ഇരുന്ന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ ഉമ്മന്‍ ചാണ്ടി സംസ്ഥാനമെമ്പാടും ഓടി നടന്ന് ചെയ്തു. ചെയ്തത് നല്ലത്. പക്ഷേ ചില ചെയ്ത്തുകളാണ് ഇപ്പോള്‍ അദ്ദേഹത്തെ വേട്ടയാടുന്നത്.

കേരളത്തില്‍ ആദ്യമായി അഴിമതിക്കേസില്‍ നേതാവ് അകത്തു പോകുന്നത് ആര്‍ ബാലകൃഷ്ണപ്പിള്ളയാണ്. ഒരിക്കല്‍ മന്ത്രി ആയാല്‍ പഴയ രാജകുടുംബത്തിന് ഇല്ലാത്തത്ര പാരമ്പര്യ സമ്പത്തിന് ചില കുടുംബങ്ങള്‍ അര്‍ഹരാവുന്നു. ചില വ്യക്തികള്‍ സങ്കല്‍പാതീതമായി സമ്പാദിക്കുന്നു. ഒരിക്കലും നെറ്റിയിലെ വിയര്‍പ്പു പൊടിയാതെ ആജീവനാന്തം സമ്പന്നനാവുന്നു.

ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിനെപ്പോലെയോ ചേലാട്ട് അച്യുതമേനോനെപ്പോലെയോ സ്ഥിതപ്രജ്ഞര്‍ ആയിരുന്നില്ല പിന്നീട് ഭരിച്ചവര്‍. ശങ്കരന്‍ വക്കീല്‍ ആരോഗ്യ മന്ത്രിയായപ്പോള്‍ മരുന്നു കമ്പനികളില്‍ നിന്ന് മാസം തോറും പിരിച്ചത് വന്‍തുകയെന്ന് പിന്നീട് കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കില്‍ പുറത്തായി.  ഇതെല്ലാം പോയത് ഒറ്റ കുടുംബത്തിലേക്കെന്നും. പിന്നീട് വന്ന മന്ത്രിമാരിലൊരാള്‍ ഇത് പിരിച്ചു കൊടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഓര്‍ക്കണം പിരിച്ചത് കൊടുക്കാന്‍ പറ്റില്ല എന്നാണ് പറഞ്ഞത്. പിരിവ് പറ്റില്ല എന്നല്ല. 

സിപിഎം ആകട്ടെ സന്ദേശം സിനിമയിലെ ശങ്കരാടിയെ പോലെയാണ് എന്നും എതിരാളികളെ നേരിട്ടത്.' വല്ല പെണ്ണു കേസിലും പെടുത്തി നാണം കെടുത്താന്‍ നോക്കണം''. കമലദളത്തിലെ നെടുമുടി വേണു പിന്നീട് ആ വാക്കുകള്‍ കുറച്ചു കൂടി ഭേദപ്പെടുത്തി 'ടീച്ചറാണ് നല്ലത്. കണ്ടാല്‍ വിശ്വസിക്കും''

എറണാകുളത്തെ ജില്ലാ കമ്മറ്റി ഓഫീസില്‍ ഒളി കാമറ വച്ചപ്പോള്‍ തെളിഞ്ഞത് ചില നേതാക്കളുടെ ഗ്രഹണകാലമാണ്. ഗോപി കോട്ടമുറിക്കല്‍ സ്ഥാനഭ്രഷ്ടനായി. പി ശശിയ്ക്ക് നേരേ ആരോപണം ഉയര്‍ന്നത് സ്വന്തം യുവജന നേതാവില്‍ നിന്നാണ്.  ഇരുമ്പുമറയ്ക്ക് പുറത്തേക്ക് തല നീട്ടിയ ലൈംഗികാരോപണങ്ങളുടെ പാമ്പിന്‍കുഞ്ഞുങ്ങള്‍ ഇടതുപക്ഷത്തും ഇഴഞ്ഞു നടന്നു. കട്ടിലിനടിയിലും തലയിണക്കീഴിലും ഇപ്പോഴും പലതും കാണും ചുരുണ്ടു കൂടി.. 

ഒവി വിജയന്‍ എഴുതിയതു പോലെ ധര്‍മ്മപുരിയില്‍ എല്ലാ പ്രജാപതിമാരും ഒരു പോലെയായി..!

അഴിമതിയും സ്വജനപക്ഷപാതവും ആസക്തിയും നിറഞ്ഞതിനാല്‍ അധികാരം ഇത്രമേല്‍ ഭ്രമിപ്പിക്കുന്നതായി. ആറേഴു പതിറ്റാണ്ട് മറച്ചുവച്ചതെല്ലാം കൊച്ചുമോളുടെ പ്രായമുള്ള പെണ്‍കുട്ടിയോട് വിളിച്ചു പറഞ്ഞ് ഒരു മന്ത്രി. സ്ഥാനം പോയി  തിരിച്ച് ചെന്നപ്പോള്‍ മക്കള്‍ ചോദിച്ചിരിക്കണം, 'എന്തു തെറ്റാണ് ഞങ്ങള്‍ അങ്ങയോട് ചെയ്തത്''
 
അധികാരമോഹങ്ങളിലാണ് ചെറുപാര്‍ട്ടികളുടെ പിറവി തന്നെ. പിടി ചാക്കോയുടെ കാറില്‍ കണ്ട സ്ത്രീ കേരള കോണ്‍ഗ്രസ്സിന് ജന്മം കൊടുത്തത്. പികെ കുഞ്ഞാലിക്കുട്ടിയെ ഓര്‍ക്കുമ്പോഴെല്ലാം റജീനയേയും ഓര്‍മ്മിക്കുന്നു മലയാളി. അന്ന് മുഖത്തു വീണ ആ കറുത്ത തൂവാലയേയും.

ആണ്‍കോയ്മയുടെ അവസരവാദമായി മാറിയ സമൂഹത്തിലാണ് കേരളത്തിലെ സ്ത്രീ ജീവിക്കുന്നത്. ഇവിടെ സരിതയുടെ ഇടപെടലും ശ്രദ്ധേയമാണ്. പുതിയ കാലത്തിന്റെ പുത്തന്‍ ഇരയാണ് സരിത. എന്തെന്നാല്‍ സ്വന്തം ബിസിനസ് താല്‍പര്യങ്ങള്‍ നടത്താന്‍ വേണ്ടി ഏതറ്റം വരെ പോകാനും സരിതയ്ക്ക്  മടി ഉണ്ടായില്ല. ആ കിനാവുകളുടെ ചിറകൊടിഞ്ഞപ്പോഴാണ് നേതാക്കള്‍ ശരിക്കും ചൂടറിഞ്ഞത്.

ഒന്നും പാപം അല്ലെന്ന് പറഞ്ഞു പഠിച്ച് രാഷ്ട്രീയത്തില്‍ എത്തുന്നവര്‍ അറിയണം. ബില്‍ ക്ലിന്റന്റെ നിലവാരത്തിലേക്ക് വളരുകയാണ് കേരളം. മോണിക്ക ലെവിന്‍സ്‌കിമാര്‍ ഇനിയും കാത്തിരിക്കുന്നുണ്ട്. മറുപടി പറയാം. നമുക്ക് ഓരോരുത്തര്‍ക്കും. നമ്മളോട് തന്നെ . അപ്പോള്‍ ഖലീല്‍ ജിബ്രാന്റെ ആ പഴയ കവിത ഓര്‍മ്മ വന്നേക്കാം..


Pity the nation whose statesman is a fox,
whose philoospher is a juggler,
and whose art is the art of patching and mimicking.
Pity the nation that welcomes its new ruler with trumpeting,
and farewells him with hooting,
only to welcome another with trumpeting again.