ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷ നടത്തിപ്പിനിടെ കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ ബ്രായും ജീന്‍സും അഴിച്ച് പരിശോധന നടത്തിയത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നു.

രാവിലെ 8.30-ന് തുടങ്ങുന്ന പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് അധികൃതര്‍ വിദ്യാര്‍ഥിനികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചത്. പരിശോധകരായ അധ്യാപകര്‍ ചുരിദാറിന്റെ നീളമുള്ള കൈ മുറിച്ചുമാറ്റി. ലോഹക്കൊളുത്തുള്ള ബ്രാ ധരിച്ചെത്തിയ പെണ്‍കുട്ടിക്ക് ക്ലാസ് മുറിക്കുള്ളില്‍വെച്ച് വസ്ത്രമഴിച്ച് ബ്രാ പുറത്തുനില്‍ക്കുന്ന അമ്മമാരുടെ കൈയില്‍ കൊടുത്ത് പരീക്ഷയെഴുതേണ്ടിവന്ന അനുഭവവുമുണ്ടായി.

ഒരു തരത്തിലുള്ള മെറ്റാലിക് വസ്തുവും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് നീറ്റ് പരീക്ഷാ നടത്തിപ്പ് നിബന്ധനകളില്‍ വ്യക്തമായി പറയുന്നുണ്ട്. കോപ്പയിടിച്ചും കൃത്രിമം കാട്ടിയും ആരോഗ്യസേവനമേഖലയിലേക്ക് സത്യസന്ധരല്ലാത്ത ഒരു വലിയ വിഭാഗം കടന്നു വരുന്നു എന്ന തിരിച്ചറ്വാണ് ഈ കര്‍ശന നിബന്ധനകളുടെ ആധാരം.

അപ്പോഴും മനുഷ്യാവകാശ ലംഘനകള്‍ നടത്തിയാണോ അധികാരികള്‍ നിയമം നടപ്പിലാക്കേണ്ടത് എന്ന ചോദ്യം ഉയരുന്നു. പൊതുമധ്യത്തില്‍ അടിവസ്ത്രം അഴിച്ച് മാനസിക സമ്മര്‍ദത്തോടു കൂടിയാണോ ഒരു വിദ്യാര്‍ഥി തന്റെ ഭാവി നിര്‍ണ്ണയിക്കുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ടത്. എന്ത് ന്യായീകരണത്തിന്റെ പേരിലായാലും ഒരുവിദ്യാര്‍ഥിക്ക് നേരെ യുക്തിഹീനമായ, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില നല്‍കുന്ന നടപടി അധ്യാപകര്‍ക്ക് എടുക്കാമെന്നാണോ.

വിഷയത്തില്‍ നിങ്ങള്‍ക്കും പ്രതികരിക്കാം.