ഹോം ശബരിമല അനുഭവം

ശ്രീകോവില്‍ നടതുറന്നൂ ...

ശബരിമലയെക്കുറിച്ച് പ്രശസ്ത സംഗീതജ്ഞന്‍ ജയന്‍

ജീവിതത്തില്‍ ഏത് പ്രയാസഘട്ടങ്ങളെയും അതിജീവിക്കാന്‍ തക്ക ശക്തിയുണ്ട് ശബരീശ മന്ത്രങ്ങള്‍ക്ക്. മല ചവിട്ടി പതിനെട്ടു പടികളും കടന്ന് കലിയുഗവരദ സന്നിധിയിലെത്തിയാല്‍ ആദ്യം കാണുന്ന 'തത്വമസി' തന്നെ മനശാന്തിയുടെ പ്രതീകമാണ്.

സംഗീതരംഗത്ത് എനിക്ക് കിട്ടിയ നേട്ടങ്ങളെല്ലാം ശാസ്താകടാക്ഷം ഒന്നു കൊണ്ട് മാത്രമാണ്. ആ ചൈതന്യം പകര്‍ന്നു നല്‍കുന്ന ഊര്‍ജ്ജമാണ് ജീവിതത്തില്‍ ഇന്നും മുന്നോട്ടുള്ള ഓരോ ചുവടുകളും. അയ്യപ്പഭക്തി തന്നെയാണ് എന്നെ സംഗീതത്തിന്റെ ലോകത്തേക്കെത്തിച്ചത്. മണ്ഡലക്കാലത്തെ മലയാത്രകളില്‍ നടപ്പന്തലില്‍ നടത്തിയിരുന്ന ഭജനകള്‍ പിന്നീട് രണ്ടായിരത്തോളം ശബരീശ സ്തുതികളൊരുക്കാനും പാടാനുമൊക്കെയുള്ള നിയോഗമായി. ആദ്യമായി ഒരു അയ്യപ്പഭക്തിഗാനം എന്റെ പേരില്‍ പുറത്തിറക്കുന്നത് 1960 കളുടെ അവസാനത്തിലാണ്.

എച്ച്.എം.വിമ്യൂസിക്‌സ് ഉടമ തങ്കയ്യ വഴിയായിരുന്നു ഭഗവാന്‍ അതിനുള്ള അവസരമൊരുക്കിയത്. അക്കാലത്ത് പൊതുവേ മലയാള ഗാനങ്ങളോട് താത്പര്യം കാട്ടാതിരുന്നിരുന്നയാളായിരുന്നു തമിഴ്‌നാട്ടുകാരനായ തങ്കയ്യ. എന്നാല്‍ ഭക്തിഗാനമാണെന്നറിഞ്ഞതോടെ തങ്കയ്യയിലെ അയ്യപ്പഭക്തന്‍ ഇതിന് സമ്മതം മൂളുകയായിരുന്നു. അങ്ങിനെ തങ്കയ്യയുടെ സഹായത്തോടെ ഗാനം പുറത്തിറങ്ങി. പി.ലീല പാടിയ 'ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ' എന്നു തുടങ്ങുന്ന വരികള്‍ക്ക് അന്നു ലഭിച്ച അംഗീകാരം അയ്യപ്പന്‍ തന്ന അനുഗ്രഹമാണ്. ഓരോ മണ്ഡലക്കാലത്തും അയ്യപ്പഭക്തിഗാനങ്ങളൊരുക്കുമ്പോള്‍ ശ്രീകോവിലികനകത്ത് ഭഗവാന് നൈവേദ്യം പകര്‍ന്നു നല്‍കുന്ന അനുഭവമാണുണ്ടാകാറുള്ളത്. ഒരു മണ്ഡലക്കാലത്തുണ്ടായ സംഭവം ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്തതാണ്. ശ്രീകോവില്‍ നടതുറന്നു.... എന്ന ഗാനത്തിന്റെ റെക്കോര്‍ഡിംഗ് നടക്കുന്ന സമയം. അക്കാലത്ത് പ്രശസ്തനായിരുന്ന ഒരു ഗായകനെയാണ്് പാട്ട്് പാടാനേല്‍പ്പിച്ചിരുത്. എന്നാല്‍ റെക്കോഡിംഗിന്റെ രണ്ടാം ദിവസം തങ്കയ്യ എന്നെ അടിയന്തരമായി റെക്കോഡിംഗ് സ്റ്റുഡിയോയിലേക്ക് വിളിപ്പിച്ചു. ആകെ അസ്വസ്ഥനായിരുന്ന അദ്ദേഹം വന്ന വഴി തന്നെ എന്നോട് കാര്യം വ്യക്തമാക്കി. 'നീങ്ക തന്നെ പാടണം '. തങ്കയ്യയുടെ വാക്കുകള്‍ ഭഗവാന്റെ അനുഗ്രഹമായാണ് കാതുകളില്‍ മുഴങ്ങിയത്. സ്വന്തം വരികള്‍ക്ക് ആദ്യമായി ശബ്ദം പകരാന്‍ ഭഗവാന്‍ നല്‍കിയ അനുഗ്രഹം.

ജീവിതത്തില്‍ നിരന്തരം ഇതു പോലെ അയ്യപ്പകടാക്ഷം പ്രത്യക്ഷ രൂപത്തില്‍ അനുഭവിക്കാനായിട്ടുണ്ട്.
ഹരിഹരസുതനെ കണ്ട് തൊഴാന്‍ മുപ്പതുവര്‍ഷത്തിലധികം മലചവിട്ടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലതു കാലിലെ പരിക്കിനെ തുടര്‍ന്ന് ശബരിമലയ്ക്ക് പോകാന്‍ കഴിയാതിരുന്നതില്‍ അതിയായ സങ്കടമുണ്ടായിരുന്നു. എവിടെയിരുന്ന് വിളിച്ചാലും ഭഗവാന്‍ വിളികേള്‍ക്കുമെങ്കിലും പതിനെട്ടാം പടികടന്ന് തിരുസന്നിധിയിലെത്തി ശ്രീഭൂതനാഥനെ കാണാന്‍ കഴിയാത്തതിന്റെ ഒരു നിരാശയാണ് മനസ്സിനെ അലട്ടിയിരുന്നത്. ഓരോ മണ്ഡലക്കാലത്തും മാലയിടണമെന്ന് ഉറപ്പിക്കുമെങ്കിലും കാലിന്റെ അസ്വസ്ഥതകള്‍ മലയാത്ര പിന്നെയും വൈകിച്ചു. ഒടുവില്‍ കഴിഞ്ഞ കന്നി മാസത്തിലാണ് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വീണ്ടും ദര്‍ശനപുണ്യത്തിനുള്ള അവസരമൊരുങ്ങിയത്. പഴയ ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്തിന്റെ രൂപത്തില്‍ ഭഗവാന്‍ ഇതിന് എന്നെ സ്വയം സജ്ജമാക്കുകയായിരുന്നു.

ശരീരത്തിനോ അസുഖമുള്ള കാലിനോ യാത്രയില്‍ യാതൊരു വൈഷമ്യങ്ങളും അനുഭവപ്പെട്ടില്ലെന്നതാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായ മഹാത്ഭുതം. ഇതു തന്നെയാണ് ഇനിയും ശബരീശസന്നിധിയിലേക്കെത്താന്‍ മനസ്സിനെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നത്.സര്‍വ്വത്യാഗത്തിന്റെ മാതൃകയായി മലമുകളിലിരുന്ന് അനുഗ്രഹമരുളുന്ന കാനനവാസനെ കണ്‍കുളിര്‍ക്കെ കാണാനുള്ള യാത്ര മഹത്തായ ഒരു ലക്ഷ്യത്തിലേക്ക് കൂടിയാണ്. ജീവിതസത്യത്തെ അടുത്തറിയുകയെന്നതാണ് ശബരിമലയാത്രയുടെ ഉള്‍പ്പൊരുള്‍. ജാതിയുടെയും മതത്തിന്റെയും പണത്തിന്റെയുമൊന്നും വേര്‍ തിരിവുകളില്ലാതെ എല്ലാവരും സ്വയം ഭഗവാന്‍മാരായിത്തീരുന്ന അപൂര്‍വ്വ അവസരം കൂടിയാണിത്. പതിനെട്ട് മലകള്‍ക്കും അധിപനായി പൂങ്കാവനത്തില്‍ വാണരുളുന്ന ശബരീശന് മുന്നിലെത്തുന്നതോടെ ഓരോരുത്തര്‍ക്കും സ്വയം പാപഭാരങ്ങളില്‍ നിന്നും മുക്തരാക്കപ്പെട്ട് മനശുദ്ധിയുടെ പുതിയ ലോകത്തേക്കെത്താനാകുമെന്ന് തീര്‍ച്ച തന്നെ.
സ്വാമിയേ ശരണമയ്യപ്പാ...

തയാറാക്കിയത്: അപ്പു നാരായണന്‍


Share
SocialTwist Tell-a-Friend


Strict Standards: mktime(): You should be using the time() function instead in /home/mathrubh/public_html/sabarimala/php/banners.php on line 6
More Articles