പ്രപഞ്ചവീണയിലെ ശ്രുതിയിണക്കവും ഖുര്‍ആനും
ടി.പി.എം. റാഫി

എണ്ണിയാലൊടുങ്ങാത്ത നക്ഷത്രജാലങ്ങള്‍ പരിലസിക്കുന്ന പ്രപഞ്ചമുറ്റം, സത്യത്തില്‍, സ്ഥലകാലനൈരന്ത്യത്തിലെ അവിശ്വസനീയമായ വേഗമാനങ്ങളുള്ള ഗുരുത്വാകര്‍ഷണവ്യൂഹങ്ങളുടെ കേളീരംഗമാണെന്ന് ആധുനികശാസ്ത്രത്തിന്റെ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ നാം ഇന്നറിയുന്നു.
ചലനാത്മകതയാണ് പ്രപഞ്ചത്തിന്റെ മുഖമുദ്ര. അനന്തകോടി നക്ഷത്രങ്ങളും അവയുടെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സ്വയംഭ്രമണം നടത്തുക മാത്രമല്ല, അവ ഏതു വ്യൂഹത്തിന്റെ ഭാഗമാണോ, ആ വ്യൂഹത്തെ സങ്കീര്‍ണമായ ഒട്ടേറെ ഭ്രമണപഥങ്ങളിലൂടെ ചുറ്റുകകൂടി ചെയ്യുന്നുണ്ട്.
ഏതാണ്ട് നൂറുമില്ല്യണില്‍ അല്‍പ്പം കൂടുതല്‍ ഗാലക്‌സികളാണ് പ്രപഞ്ചത്തിലുള്ളതായി കണക്കാക്കപ്പെടുന്നത്. പത്തുമില്ല്യണ്‍ നക്ഷത്രങ്ങള്‍ ചേര്‍ന്ന ചെറുഗാലക്‌സികള്‍ തൊട്ട് ഒരു ട്രില്ല്യണ്‍ നക്ഷത്രങ്ങള്‍ ചേര്‍ന്ന മഹാഗാലക്‌സികള്‍ വരെ പ്രപഞ്ചത്തിലുണ്ട്. 2010ല്‍ 'നാസ' നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്, പ്രാപ്യപ്രപഞ്ചത്തില്‍ 300 sextillion (3 x 1023) നക്ഷത്രങ്ങളുണ്ടെന്നാണ്.
ആകാശഗംഗകളിലെ ഓരോ നക്ഷത്രത്തിനും സ്വന്തമായ ഭ്രമണപഥമുണ്ട്; ലക്ഷ്യസ്ഥാനവുമുണ്ട്. പരസ്പരം കൂട്ടിമുട്ടി ഛിന്നഭിന്നമാകാതെ ഭ്രമണപഥത്തിന്റെ കണിശതയും കൃത്യതയും കാത്തുസൂക്ഷിച്ചുപോരുന്നതിന്റെ രഹസ്യമെന്തെന്ന് ഗവേഷകരെ എക്കാലത്തും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടയ്ക്ക് നക്ഷത്രലോകത്ത് ഒട്ടേറെ സങ്കീര്‍ണ പ്രതിഭാസങ്ങള്‍ നടക്കുന്നുമുണ്ട്. സൂപ്പര്‍ നോവകളിലൂടെ പുതുനക്ഷത്രങ്ങള്‍ ജന്മമെടുക്കുന്നു; 3 സൂര്യപിണ്ഡത്തില്‍ കൂടുതലുള്ള നക്ഷത്രങ്ങള്‍ തമോഗര്‍ത്തങ്ങളാവുന്നു. മറ്റു ചിലവ ന്യൂട്രോണ്‍ നക്ഷത്രങ്ങളാവുന്നു. അതുപോലെ ക്വാസാറുകളും പള്‍സാറുകളും പിറക്കുന്നു. ഇവയെല്ലാംതന്നെ മാതൃഗുരുത്വാകര്‍ഷണവ്യൂഹങ്ങളുടെ ഭാഗമായി വൈവിധ്യമാര്‍ന്ന പ്രദക്ഷിണങ്ങളില്‍ പങ്കുകൊള്ളുന്നു.
ഭൂമിയുടെ വൈവിധ്യമാര്‍ന്ന ചലനങ്ങള്‍ ഉദാഹരണമായെടുക്കാം. മണിക്കൂറില്‍ 1,670 കിലോമീറ്റര്‍ എന്ന വേഗത്തിലാണ് ഭൂമി സ്വയംഭ്രമണം നിര്‍വഹിക്കുന്നത്. തോക്കുകളില്‍നിന്ന് വെടിയുതിര്‍ക്കുന്ന ശരാശരി വേഗം മണിക്കൂറില്‍ 1800 കിലോമീറ്ററാണ്. ഭൂമിയുടെ ഈ ചലനം എത്ര മിന്നല്‍വേഗത്തിലാണെന്ന് ഇതില്‍നിന്ന് ഊഹിക്കാം. ഭൂമിയുടെ സൂര്യപരിക്രമണമാണ് ഇതിലും വിശേഷം. വെടിയുണ്ട ചീറിപ്പായുന്നതിന്റെ ഏതാണ്ട് 60 ഇരട്ടി വേഗത്തിലാണ് ഇതു നടക്കുന്നതത്രെ. അതായത്, മണിക്കൂറില്‍ 108,000 കിലോമീറ്റര്‍ എന്ന തോതില്‍. ഇത്രയും ഉയര്‍ന്ന വേഗത്തില്‍ സഞ്ചരിക്കാന്‍ പറ്റുന്ന ഒരു വാഹനം നമുക്ക് നിര്‍മിക്കാന്‍ പറ്റുമെങ്കില്‍ വെറും 22 മിനുട്ടുകൊണ്ട് ഭൂമിയെ ഒരുതവണ വലംവെച്ചുവരാം.
ഓരോ വര്‍ഷവും ഭൂമിയും അതംഗമായ സൗരയൂഥവും, കഴിഞ്ഞ വര്‍ഷത്തെ സ്ഥാനത്തെ അപേക്ഷിച്ച്, 500 മില്ല്യണ്‍ കിലോമീറ്റര്‍ അകലത്തിലേക്ക് മാറിയിട്ടുണ്ടാവും. ഈ യാത്രയ്ക്കിടയില്‍, ഭ്രമണപഥത്തില്‍ ചെറിയ തോതിലെങ്കിലും ഭ്രംശം സംഭവിച്ചാല്‍ വന്‍പ്രത്യാഘാതങ്ങളായിരിക്കും ജ്യോതിര്‍ഗോളങ്ങള്‍ക്ക് സംഭവിക്കുക. പ്രപഞ്ചം ചഞ്ചലമായ നിമിഷംതൊട്ട് ഇന്നേവരെയുള്ള സുദീര്‍ഘമായ കാലയളവില്‍ അങ്ങനെയൊരാപത്ത് വന്നില്ലെന്നതാണ് വസ്തുത.
ഭൂമിയുടെ സൂര്യപരിക്രമണത്തില്‍, ഓരോ 18 മൈല്‍ താണ്ടുമ്പോഴും 2.8 മില്ലീമീറ്റര്‍ എന്ന നിരക്കില്‍ ഭൂമിക്ക് ദിശവ്യത്യാസം വരുന്നുണ്ടെന്ന് ശാസ്ത്രലോകം നിരീക്ഷിച്ചിട്ടുണ്ട്. ഇതു 3 മില്ലീമീറ്ററായി മാറിയില്‍ വന്‍പ്രത്യാഘാതങ്ങള്‍ ഭൗമകാലാവസ്ഥയില്‍ വരുത്തിവെക്കും. ദിശവ്യത്യാസം 2.5 മില്ലീമീറ്ററായി ചുരുങ്ങിയാലോ? ഭൂമി തണുത്തുറഞ്ഞുപോകും. അപ്പോള്‍ കടലും പുഴയും മറ്റു ജലാശയങ്ങളും ഹിമപാളികളാകും; ജീവന്റെ അടിസ്ഥാനഘടകങ്ങളായി വിശ്വസിക്കപ്പെടുന്ന അമിനോഅമ്ലങ്ങള്‍ നിസ്‌തേജമാകും; ഹരിതഭുവനം ചേതനയറ്റ് വിറങ്ങലിച്ചുപോകും. അതും ഇക്കാലമത്രയും സംഭവിച്ചിട്ടില്ലെന്നതും പരമാര്‍ഥം.
ഗുരുത്വാകര്‍ഷണവ്യൂഹങ്ങള്‍ എത്ര വലുതാണോ അത്രമേല്‍ ഉയര്‍ന്ന വേഗത്തിലായിരിക്കും അതിന്റെ കറക്കം. ഒരുലക്ഷം പ്രകാശവര്‍ഷം വ്യാസമുള്ള ക്ഷീരപഥം എന്ന ആകാശഗംഗയെ നമ്മുടെ ഭൂമി ഉള്‍പ്പെടുന്ന സൗരയൂഥം ചുറ്റുന്നത് മണിക്കൂറില്‍ 720,000 കിലോമീറ്റര്‍ എന്ന തോതിലാണ്. ക്ഷീരപഥമാകട്ടെ, അതിലെ വൈവിധ്യമാര്‍ന്ന ചലനങ്ങളുള്ള 200 ബില്ല്യണിലധികം നക്ഷത്രങ്ങളുമായി ശൂന്യതയിലേക്ക് പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നതോ, മണിക്കൂറില്‍ 950,000 കിലോമീറ്റര്‍ എന്ന നിരക്കിലും. 'പ്രപഞ്ചസൃഷ്ടിപ്പില്‍ ഒരു ന്യൂനതയും കാണാനാവില്ലെ'ന്ന ഖുര്‍ആനിലെ പരാമര്‍ശം അക്ഷരാര്‍ഥത്തില്‍ അന്വര്‍ഥമാകുന്നു, ഇവിടെ.
''ആകാശത്ത് നക്ഷത്രമണ്ഡലങ്ങള്‍ ഒരുക്കിയവന്‍ അനുഗ്രഹപൂര്‍ണനാകുന്നു'' (25:61)
''ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു (36:40)
''ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും അതിനെ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തു'' (25:2)
ഗ്യാലക്‌സികളും ഗ്യാലക്‌സികളും തമ്മിലും ഗ്യാലക്‌സികള്‍ ചേര്‍ന്നുണ്ടായ ക്ലസ്റ്ററുകളും ക്ലസ്റ്ററുകളും തമ്മിലും പദാര്‍ഥലോകത്തിന്റെ പ്രഹേളികയായി വിശേഷിപ്പിക്കപ്പെടുന്ന നബുലകളും നബുലകളും തമ്മിലും പരസ്പരം അകന്ന് വിദൂരതയിലേക്ക് പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രകാശത്തിന്റെ പ്രവേഗത്തോടടുത്ത വേഗത്തില്‍ അകന്നുകൊണ്ടിരിക്കുന്ന ഗ്യാലക്‌സികളും ധാരാളമുണ്ട്, പ്രപഞ്ചത്തില്‍. ഗ്യാലക്‌സികളിലേക്കുള്ള അകലം കൂടുന്നതനുസരിച്ച് അവ വികസിച്ച് ബഹിരാകാശത്തേക്ക് പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന വേഗവും കൂടുന്നുണ്ടെന്ന കണ്ടെത്തലിനാണ് ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം തേടിയെത്തിയതെന്ന് നാം ഓര്‍ക്കണം.
''വാനലോകത്തെ ഈശ്വരകരങ്ങള്‍കൊണ്ട് സൃഷ്ടിച്ചു. നിശ്ചയം, അവയെ അവന്‍ വികസിപ്പിച്ചുകൊണ്ടേയിരിക്കുന്നു'' (ഖുര്‍ആന്‍)
ആദിയില്‍ പ്രപഞ്ചം പൂജ്യത്തോടടുത്തുനില്‍ക്കുന്ന വലിപ്പമുള്ള ബിന്ദുവായിരുന്നിരിക്കണമെന്ന് ശാസ്ത്രലോകം അനുമാനിക്കുന്നു. പദാര്‍ഥരൂപങ്ങളും ഊര്‍ജസങ്കേതവും തിങ്ങിവിങ്ങിനിന്നിരുന്ന ബിന്ദു; സ്ഥലകാലങ്ങള്‍ നിതാന്തസ്ഥാവരനിദ്രയില്‍ ആണ്ടുകിടന്ന ഗേഹം. മനുഷ്യന് ഭാവനയില്‍പോലും കാണാന്‍ പറ്റാത്ത അളവില്‍ ഊഷ്മാവ് കൊടികുത്തിവാഴ്ന്ന കേന്ദ്രം. സ്റ്റീഫന്‍ ഹോക്കിങ് പോലുള്ള മഹാരഥന്മാരുടെ പ്രബന്ധങ്ങള്‍ ഈ മേഖലയില്‍ ഒട്ടേറെ വെളിച്ചം നല്‍കുന്നുണ്ട്.
ബിഗ്ബാങ് എന്ന മഹാവിസ്‌ഫോടനത്തിനുശേഷം വികിരണങ്ങളുടെ വലിയ 'പന്താ'യി പ്രപഞ്ചം മാറി. പ്രാഥമികകണകങ്ങള്‍ അതിവേഗം വികസിച്ചുകൊണ്ടേയിരുന്നു. വന്‍ധൂമപടലമായി പരിണമിക്കുന്നതുവരെ പ്രപഞ്ചത്തിന്റെ പ്രാഗ്‌രൂപമായ ആ 'പന്തി'ലെ പ്രാഥമികകണങ്ങള്‍ പൊട്ടിവിടരുകയും തണുത്തുകൊണ്ടിരിക്കുകയും ചെയ്തു.
സ്റ്റീഫന്‍ ഹോകിങ് അഭിപ്രായപ്പെട്ടതുപോലെ, ധൂമപടലമെന്നത് പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ഇലക്‌ട്രോണുകളുടെയും മാത്രമല്ല, അവയുടെയൊക്കെ പ്രതികണങ്ങളുടെയും പ്രളയമാണ്. എല്ലാ കണങ്ങള്‍ക്കും പ്രതികണങ്ങള്‍ അഥവാ 'ഇണകള്‍' ഉണ്ടെന്ന പുതിയ കണ്ടെത്തലുകള്‍ ശാസ്ത്രലോകത്ത് വിസ്മയം വിതറുകയാണ്.
''എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു-നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കാന്‍ വേണ്ടി'' (ദാരിയാത്ത്: 49)
മഹാവിസ്‌ഫോടനത്തിനുശേഷം കൃത്യതയോടെയും ക്രമപ്രവൃദ്ധമായും പ്രപഞ്ചം തണുത്തിരുന്നില്ലായിരുന്നുവെങ്കില്‍ പ്രാഥമികകണങ്ങള്‍ പ്രതികണങ്ങളുമായി സംഘട്ടനത്തിലേര്‍പ്പെട്ട് പ്രപഞ്ചം എന്നേ തകര്‍ന്നുപോയേനെ. പ്രപഞ്ചത്തെ നിലനിര്‍ത്തിപ്പോരുന്ന സങ്കീര്‍ണഗണിതം മനുഷ്യന്റെ പ്രജ്ഞയെ പിടിച്ചുലയ്ക്കുന്ന തലത്തിലുള്ള സംഗതികളാണെന്നു പറയാതെവയ്യ. ഖുര്‍ആന്‍ വശ്യമനോഹരമായാണ് ഇക്കാര്യം അവതരിപ്പിക്കുന്നത്:
''വിശ്വത്തില്‍ സര്‍വേശ്വരനല്ലാതെ മറ്റു വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അവ പാടേ തകര്‍ന്നുപോയേനെ'' (ഖുര്‍ആന്‍)
പ്രപഞ്ചത്തിലെ ദൈ്വതഭാവം
ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു: ''അല്ലാഹുവിനു പരിശുദ്ധി: ഭൂമി പുറത്തുകൊണ്ടുവരുന്നവയിലും അവരുടെതന്നെ സ്വന്തം വര്‍ഗങ്ങളിലും അവരറിയാത്ത എല്ലാ വസ്തുക്കളിലും ഇണകളെ സൃഷ്ടിച്ചവന്‍'' (36:36)
'സൗജി'ന്റെ ബഹുവചനരൂപമായ 'അസ്‌വാജ്' എന്ന ഖുര്‍ആന്‍ പ്രയോഗിച്ച അറബിപദത്തിന് പരസ്പരപൂരകങ്ങളായ ദൈ്വതഭാവങ്ങള്‍, ഇണകള്‍, ഇരട്ടകള്‍, ജോഡികള്‍, യുഗ്മങ്ങള്‍, മിഥുനങ്ങള്‍ എന്നൊക്കെയാണ് അര്‍ഥം. 36-ാം അധ്യായത്തിലെ 36-ാം സൂക്തമായ ഇതില്‍, ആ സൂക്തനമ്പര്‍പോലെത്തന്നെ (36:36) 'ജോഡി'കളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
മൂന്നു വ്യത്യസ്ത മേഖലകളിലെ ഇണകളെക്കുറിച്ചാണ് ഈ വചനം പരാമര്‍ശിക്കുന്നത്. 1. ഭൂമി ഉല്‍പ്പാദിപ്പിക്കുന്നവയിലെ ഇണകള്‍. 2. മനുഷ്യരിലെയും മറ്റു ജന്തുജാലങ്ങളിലെയും ഇണകള്‍, 3. അവര്‍ക്കറിയാത്ത മറ്റു വസ്തുക്കളിലെയും സംഗതികളിലെയും ഇണകള്‍.
സൃഷ്ടിയുടെ എല്ലാ യുഗ്മഭാവങ്ങളില്‍നിന്നും പരാശ്രയാവസ്ഥയില്‍നിന്നും വേറിട്ടുനില്‍ക്കുന്നവനാണ് അല്ലാഹു. ഏകത്വം അവന്റെ മാത്രം ഗുണമാണെന്ന് ഖുര്‍ആന്‍ പല സന്ദര്‍ഭങ്ങളിലായി പേര്‍ത്തും പേര്‍ത്തും വ്യക്തമാക്കിയതാണ്. സര്‍വേശ്വരനു പരിശുദ്ധി എന്നു പറഞ്ഞുതുടങ്ങുന്ന ഈ വചനം ശ്രദ്ധേയമായ ആശയമാണ് അനാവരണം ചെയ്യുന്നത്. സൂക്ഷ്മവും സ്ഥൂലവുമായ പ്രപഞ്ചത്തിന്റെ അടിസ്ഥാനഭാവം ദൈ്വതമാണെന്നും അദൈ്വതം അഥവാ ഏകത്വം അല്ലാഹുവിന്റെ മാത്രം ഗുണവിശേഷമാണെന്നും വ്യക്തമാക്കാന്‍ വേണ്ടിയാണ് ആദ്യമേ അവന്റെ പരിശുദ്ധിയെ വാഴ്ത്തിക്കൊണ്ട് ഈ വചനം തുടങ്ങുന്നത്.
'ഭൂമി ഉല്‍പ്പാദിപ്പിക്കുന്നതിലെ ഇണകള്‍' എന്ന ഖുര്‍ആനിക പ്രയോഗത്തില്‍, സസ്യജാലങ്ങളില്‍ കണ്ടുവരുന്ന ഇണകളെ മാത്രമല്ല ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്. ഈ വചനത്തെ അങ്ങനെ വ്യാഖ്യാനിക്കുന്നത് അപൂര്‍ണമാവുകയേയുള്ളൂ. കാരണം, 'അവര്‍ക്കറിയാത്ത ഒട്ടേറെ വസ്തുക്കളിലും ഇണകളുണ്ട്' എന്നു ഖുര്‍ആന്‍ ഖണ്ഡിതമായി പറഞ്ഞത് ഭൂമി ഉല്‍പ്പാദിപ്പിക്കുന്ന എല്ലാറ്റിലും ഇണകളുണ്ട് എന്നു സൂചിപ്പിക്കാന്‍ വേണ്ടിയാണല്ലോ.
ഭൂമി ഉല്പാദിപ്പിക്കുന്ന, പരസ്പരപൂരകങ്ങളായ വൈദ്യുത-കാന്തികമണ്ഡലം ഒരു ഉദാഹരണം.
ഭൂമിയില്‍ നിര്‍ലോഭം കണ്ടുവരുന്ന മറ്റൊരു തരം യുഗ്മങ്ങളാണ് ലോഹവും അലോഹവും (Metals and Non-Metals). സസ്യങ്ങളിലെയും മറ്റു സൂക്ഷ്മജീവികളിലെയും ജൈവശാസ്ത്രപരമായ ഇണകളും ഇതിന്റെ പരിധിയില്‍ പെടും. ഭൂമിയിലെ ധനചാര്‍ജും ഋണചാര്‍ജുമുള്ള അയോണുകളും ഇണകളാണ്. കാന്തത്തിന്റെ നോര്‍ത്ത് പോളും സൗത്ത് പോളും ഇണകളാണ്. ഭൂമിയുടെ ഉത്തരധ്രുവവും ദക്ഷിണധ്രുവവും ആകര്‍ഷണ-വികര്‍ഷണത്തിന്റെ ദൈ്വതഭാവം തീര്‍ക്കുന്നത് ഇണകളായതുകൊണ്ടാണ്.
'അവരില്‍നിന്നുതന്നെയുള്ള ഇണകള്‍' എന്ന ഈ വചനത്തിലെ രണ്ടാമത്തെ പ്രയോഗത്തിന് വലിയ അര്‍ഥവ്യാപ്തിയുണ്ട്. ജൈവശാസ്ത്രപരമായ ആണ്‍-പെണ്‍ വ്യത്യാസത്തിനു പുറമെ സ്വഭാവരംഗത്തെ യുഗ്മഭാവവും ഇതു വെളിപ്പെടുത്തുന്നു.

ലിംഗകോശങ്ങള്‍ സൃഷ്ടിക്കുന്ന ദൈ്വതഭാവംതന്നെയെടുക്കാം. പുരുഷബീജവും സ്ത്രീഅണ്ഡവും ഇണകളാണ്. മനുഷ്യശരീരകോശങ്ങളില്‍ 46 ക്രോമോസോമുകള്‍ കാണും. അതായത് 23 ജോഡി ക്രോമോസോമുകള്‍. അവയും ഇണകള്‍തന്നെ. സ്വന്തമായി നിലനില്‍ക്കാന്‍ കഴിയാത്ത പുരുഷബീജത്തിലും സ്ത്രീഅണ്ഡത്തിലുമാകട്ടെ 23 എണ്ണം വീതം ക്രോമോസോമുകളേ ഉള്ളൂ. ബീജവും അണ്ഡവും സംയോജിച്ച് ഭ്രൂണകോശം രൂപപ്പെടുമ്പോള്‍ അതില്‍ 23 ജോഡി ക്രോമോസോമുകളായി. ഈ 'ജോഡിചേരല്‍' ജൈവലോകത്തിന്റെ സൂക്ഷ്മഭാവങ്ങളില്‍നിന്നു തുടങ്ങുന്നുവെന്നര്‍ഥം. പുരുഷബീജത്തിന്റെ ഘടന പരിശോധിച്ചാലും ഇണകളെ കണ്ടെത്താം. 'എക്‌സ്‌വൈ' ക്രോമോസോമുകളും 'എക്‌സ്എക്‌സ്' ക്രോമോസോമുകളുമുള്ള രണ്ടുതരം ബീജങ്ങളെയാണ് ശുക്ലം സ്രവിക്കുന്നത്. പുരുഷബീജത്തിലെ ഈ ദൈ്വതഭാവമാണ് ജൈവലോകത്ത് ആണ്‍-പെണ്‍ വര്‍ഗങ്ങളെ സൃഷ്ടിക്കുന്ന നിര്‍ണായകഘടകമെന്ന് ഇന്നു ശാസ്ത്രം കണ്ടെത്തുന്നു.
കുട്ടികളിലെ പാരമ്പര്യസ്വഭാവം കാത്തുസൂക്ഷിക്കുന്ന ജീനുകള്‍ മാതൃ-പിതൃ ക്രോമോസോമുകളുടെ ഇണചേരലിലൂടെയാണ് സൃഷ്ടിക്കപ്പെടുന്നത്. കോശമര്‍മത്തിലെ ന്യൂക്ലിക് ആസിഡ് ഘടനയിലും ദൈ്വതഭാവമുണ്ട്.

ഡി.എന്‍.എ. തന്മാത്രയുടെ അടിസ്ഥാന യൂണിറ്റുകളായ നാല് നൈട്രോജീന്യസ് ദ്രവ്യങ്ങള്‍ ചേര്‍ന്ന് 'ഏണിപ്പടി'കളായിത്തീരുന്നതിലും ഇണകളുടെ പ്രകടമായ ഭാവമുണ്ട്. ഒരു ഡി.എന്‍.എ. തന്മാത്രയിലെ ഡിഓക്‌സിറൈബോസ്, ഫോസ്‌ഫേറ്റ് (നോണ്‍-ഓര്‍ഗാനിക്) തന്മാത്രയുമായി ചേര്‍ന്ന് വശങ്ങള്‍ രൂപപ്പെടുന്നതിലും ഇണകളുടെ 'റോള്‍' കാണാം.
എന്തിനേറെ, കോശമര്‍മങ്ങളിലെ അമിനോ ആസിഡ് രൂപപ്പെടുന്നതിലും ഇണകളുടെ ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ട്. വലത് ഐസോമറുകളും ഇടത് ഐസോമറുകളും ചേര്‍ന്നാണ് ജീവന്റെ 'രഹസ്യസൂക്ഷിപ്പുകാരാ'യ അമിനോ ആസിഡുകള്‍ രൂപപ്പെടുന്നത്. കോശാമ്ലത്തിലെ പ്രോട്ടീനുകളുടെയും ആന്റിപ്രോട്ടീനുകളുടെയും ഘടനയും ഇണകളുടെ സാന്നിധ്യം അറിയിക്കുന്നു.
ക്രോമോസോം എണ്ണത്തിലേക്ക് ഖുര്‍ആന്‍ നല്‍കുന്ന സൂചനകള്‍

'മനുഷ്യ'നെന്ന പദം വിശുദ്ധ ഖുര്‍ആനില്‍ ഖണ്ഡിതമായും അഖണ്ഡിതമായും 65 തവണ പ്രയോഗിച്ചതായി കാണാം. അതേ സമയം, 'മനുഷ്യന്‍' (ഇന്‍സാന്‍) എന്നു നാമകരണം ചെയ്ത ഖുര്‍ആനിലെ 76-ാം അധ്യായത്തിനു തൊട്ടുമുമ്പുവരെ 'ഖുര്‍ആന്‍' എന്ന പദപ്രയോഗം വന്നതും 65 തവണതന്നെയാണ്. ഖുര്‍ആനില്‍ 'മനുഷ്യന്‍' എന്ന് 65 തവണ പ്രയോഗിച്ചതിന്റെ പൊരുളെന്തായിരിക്കും?
സംഖ്യാശാസ്ത്രത്തില്‍ 46-ാമത്തെ കോമ്പോസിറ്റ് നമ്പറാണ് 65. മനുഷ്യജീനോം അടയാളപ്പെടുത്തുന്ന 46 എണ്ണം ക്രോമോസോമുകളിലേക്ക് ഇതു സൂചന തരുന്നു. അത്യാധുനിക മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ മനുഷ്യകോശകേന്ദ്രങ്ങളില്‍ 46 ക്രോമോസോമുകള്‍ ഉണ്ടെന്നു കണ്ടെത്തിയത് 1955ല്‍ മാത്രമാണ്. ഖുര്‍ആനിലെ ഈ എണ്ണിയുള്ള പ്രയോഗത്തിന് യാദൃച്ഛികതയ്ക്കപ്പുറം മറ്റ് അര്‍ഥതലങ്ങള്‍ ഉണ്ടാവില്ലേ? തുടര്‍ന്നു ഖുര്‍ആന്‍ നടത്തുന്ന മറ്റു ഗണിതസമീകരണങ്ങള്‍ കൂടി ചേര്‍ത്തുവെക്കുമ്പോള്‍ അക്കാര്യം നമുക്ക് പൂര്‍ണമായും ബോധ്യപ്പെടും.

1, 2, 3, 4, 5, 6, 7, .... എന്നു തുടങ്ങുന്ന അക്കങ്ങളെ നാച്ച്വറല്‍ നമ്പറുകള്‍ എന്നാണ് വിളിക്കുന്നത്. ഒരു സംഖ്യയെ ഒന്നുകൊണ്ടോ അതേ സംഖ്യകൊണ്ടോ മാത്രമല്ലാതെ, മറ്റേതെങ്കിലും സംഖ്യകൊണ്ട് പൂര്‍ണമായി വിഭജിക്കാനാവുന്നുവെങ്കില്‍ ആ സംഖ്യയെ കോമ്പോസിറ്റ് നമ്പര്‍ എന്നു വിളിക്കുന്നു. 4, 6, 8, 9, 10, .... തുടങ്ങിയവ ഉദാഹരണം. അങ്ങനെ നോക്കുമ്പോള്‍ 'മനുഷ്യന്‍' എന്ന് ഖുര്‍ആന്‍ 65 തവണ നടത്തുന്ന ആവര്‍ത്തനം സവിശേഷ ശ്രദ്ധ ക്ഷണിക്കുന്നു. അതായത്, 46-ാമത്തെ കോമ്പോസിറ്റ് നമ്പറായ 65 എന്ന സംഖ്യകൊണ്ട്, യുക്തിഭദ്രമായ ഗണിതത്തിലൂടെ, മനുഷ്യജീനോമിന്റെ ഡി.എന്‍.എ.തന്തുക്കളിലേക്ക് വിരല്‍ചൂണ്ടുകയാണ്, ഖുര്‍ആന്‍.
ഒന്നുകൊണ്ടോ അതേ സംഖ്യകൊണ്ടോ അല്ലാതെ മറ്റൊരു സംഖ്യകൊണ്ടും ഒരിക്കലും വിഭജിക്കാനാവാത്ത സംഖ്യകളാണ് പ്രൈം നമ്പറുകള്‍. 2, 3, 5, 7, 11, 13 തുടങ്ങിയവ പ്രൈം നമ്പറുകളാണ്.
ഖുര്‍ആന്‍ നടത്തുന്ന കണിശമായ പദപ്രയോഗത്തിലെ മറ്റൊരു കൗതുകമുണര്‍ത്തുന്ന വസ്തുത ഇതാണ്: 'മനുഷ്യന്‍' എന്നു നാമകരണം ചെയ്യപ്പെട്ട 76-ാം അധ്യായം, 'ഖുര്‍ആന്‍' എന്ന പദം പ്രയോഗിച്ച മുപ്പത്തഞ്ചാമത്തെ അധ്യായമാണത്രെ. 35 എന്ന സംഖ്യയ്ക്കും വിസ്മയിപ്പിക്കുന്ന സവിശേഷതയുണ്ട്: സംഖ്യാലോകത്തെ 23-ാമത്തെ കോമ്പോസിറ്റ് നമ്പറാണത്. ഇനി മുപ്പത്തഞ്ചാം അധ്യായത്തിന്റെ പേരെന്താണെന്നോ? 'സ്രഷ്ടാവ്' (ഫാത്വിര്‍)! മനുഷ്യനെ സൂക്ഷ്മമായ ക്രോമോസോം ഘടനയടക്കം സംവിധാനിച്ചൊരുക്കിയ സാക്ഷാല്‍ സ്രഷ്ടാവിലേക്കു സൂചന നല്‍കുകകൂടിയല്ലേ ഇത്?
'ക്രമരാഹിത്യത്തിലെ ക്രമപ്രവൃദ്ധമായ പ്രണവസംഗീതംപോലെ'യാണ് പ്രൈം നമ്പറുകള്‍. ഗണിതശാസ്ത്രത്തിലെ സങ്കീര്‍ണമായ 'ബില്‍ഡിങ്‌ബ്ലോക്കു'കളാണ് ഇവയെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. മനുഷ്യകോശനിര്‍മിതിയിലെ അടിസ്ഥാന 'ബില്‍ഡിങ് ബ്ലോക്കാ'ണ് 23 എന്ന സംഖ്യ (23 ജോഡി ക്രോമോസോമുകള്‍).
ഡേവിഡ് ബക്കാം തന്റെ ജഴ്‌സി നമ്പറായി എപ്പോഴും സ്വീകരിച്ചത് 23 ആയിരുന്നത്രെ. യാദൃച്ഛികമായിരുന്നില്ലെങ്കില്‍, മനുഷ്യജീനോമിന്റെ അടിസ്ഥാന പ്രൈം നമ്പറായ 23ലേക്ക് അതു സൂചന നല്‍കുന്നുണ്ട്.
അവര്‍ക്കറിയാത്ത വസ്തുക്കളിലെ ഇണകള്‍
മുന്‍ചൊന്ന ഖുര്‍ആന്‍വചനത്തില്‍ അവസാനമായി പറഞ്ഞ 'അവര്‍ക്കറിയാത്ത വസ്തുക്കളിലെ ഇണകള്‍' എന്ന പ്രയോഗത്തിന്റെ അര്‍ഥതലങ്ങള്‍ കൂടുതലായി ഗ്രഹിക്കാന്‍ ആധുനികശാസ്ത്രത്തിന്റെ പിന്‍ബലം വേണ്ടിവരുമെന്നു ചുരുക്കം. ഖുര്‍ആന്‍ ഇറങ്ങിയ കാലഘട്ടത്തിലെ ''അവര്‍ക്ക് അറിയാത്ത'' ഒട്ടേറെ ശാസ്ത്രവസ്തുതകള്‍ നാമിന്നറിയുന്നു; വരുംകാലങ്ങളില്‍ ''നമുക്ക് അറിയാത്ത'' പല മേഖലകളിലെയും യുഗ്മഭാവങ്ങള്‍ പുതിയ തലമുറകള്‍ കണ്ടെത്തിയേക്കാം എന്ന സൂചനയും, ഈ വചനത്തിന്റെ വെളിച്ചത്തില്‍, അംഗീകരിക്കേണ്ടിവരും.
ആധുനിക ഭൗതികശാസ്ത്രം ഈ മേഖലയില്‍ എന്തു പറയുന്നുവെന്ന് അന്വേഷിക്കാവുന്നതാണ്.
ദ്രവ്യവും ഊര്‍ജവും പദാര്‍ഥലോകത്തെ ഇണകളത്രെ. സ്ഥലകാലാവിച്ഛന്നത തീര്‍ക്കുന്ന ദൈ്വതഭാവം ഇനിയും പഠിക്കപ്പെടേണ്ട ദൈ്വതഭാവങ്ങളുടെ മേഖലയില്‍ പെടും. അതുപോലെ, ഊര്‍ജവികിരണവും ആഗിരണവും ഊര്‍ജത്രന്ത്രത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കുന്ന വിഷയമാണിന്ന്.
പ്രപഞ്ചത്തിന്റെ വ്യത്യസ്ത കോണുകളിലുള്ള, നക്ഷത്രങ്ങള്‍ പരിണമിച്ചുണ്ടായ, തമോഗര്‍ത്തങ്ങള്‍ (ആഹമരസ വീഹല)െ അവിശ്വസനീയമായ വിധത്തിലാണ് തന്നിലേക്ക് ഊര്‍ജത്തെ ആഗിരണം ചെയ്യുന്നത്. പരിസരത്തെ എല്ലാ ഊര്‍ജരൂപങ്ങളെയും പദാര്‍ഥങ്ങളെയും ശക്തമായി തമോഗര്‍ത്തങ്ങള്‍ വലിച്ചെടുക്കുന്നു. നേരെ മറിച്ച്, നക്ഷത്രങ്ങളുടെ മറ്റൊരു രൂപമായ ക്വാസാറുകളാവട്ടെ, പ്രപഞ്ചശൂന്യതയിലേക്ക് ഊര്‍ജം തീക്ഷ്ണമായി ഉല്‍സര്‍ജിക്കുകയാണ് ചെയ്യുന്നത്. നക്ഷത്രലോകത്തെ മറ്റൊരു ദൈ്വതഭാവം.
പദാര്‍ഥലോകത്തു പ്രകടമായ ആകര്‍ഷണ-വികര്‍ഷണങ്ങള്‍ വേറൊരു ഉദാഹാരണം. ജ്യോതിര്‍ഗോളങ്ങളുടെ ഗുരുത്വബലത്തെ നേരിടുന്നത് സെന്‍ട്രിഫ്യൂഗല്‍ ബലമാണ്. ഇവ തമ്മിലുള്ള അനിവാര്യമായ എതിര്‍ഭാവം നിലനിന്നില്ലെങ്കില്‍, ഒന്നുകില്‍ ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും സൂര്യന്‍ വിഴുങ്ങുകയോ അല്ലെങ്കില്‍, അവ ബാഹ്യലോകത്തേക്ക് തെന്നിമാറിപ്പോവുകയോ ചെയ്‌തേനെ.
എല്ലാ ഗ്രഹങ്ങളും, വ്യത്യസ്ത ഭ്രമണപഥങ്ങളിലായി, സൂര്യനെ ചുറ്റുന്നുണ്ടെന്ന് നമുക്കറിയാം; കൂടെ അവയുടെ ഉപഗ്രഹങ്ങളും അല്‍പ്പഗ്രഹങ്ങളും മറ്റും. ഇവ സൂര്യനിലേക്ക് പതിക്കാതിരിക്കുന്നതിനും വിട്ടകന്നുപോകാതിരിക്കുന്നതിനും സഹായകമായി വര്‍ത്തിക്കുന്നത് എതിര്‍ദിശയില്‍ അനുഭവപ്പെടുന്ന സെന്‍ട്രിഫ്യൂഗല്‍ ബലമാണ്. ഇവിടംകൊണ്ടൊന്നും അവസാനിക്കുന്ന ചലനസമീകരണങ്ങള്‍. മറ്റൊരു ജൈത്രയാത്രയിലും ഗ്രഹങ്ങള്‍ക്ക് സൂര്യനോടൊപ്പം പങ്കുകൊള്ളേണ്ടതുണ്ട്. ക്ഷീരപഥം എന്ന ആകാശഗംഗയുടെ കേന്ദ്രത്തെ ആധാരമാക്കി സൂര്യനും കുടുംബവും കറങ്ങുന്നുണ്ടല്ലോ. ഈ ഒരു കറക്കം പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് 250 മില്ല്യണ്‍ വര്‍ഷമെടുക്കും. ക്ഷീരപഥമാകട്ടെ ആ ആകാശഗംഗ അംഗമായ ഗ്യാലക്‌സിക ക്ലസ്റ്ററിനെ ഭ്രമണം വെക്കുന്നു. അപ്പോള്‍, ഭൂമിക്ക് ഏറ്റവും ചുരുങ്ങിയത്, നാലു വ്യത്യസ്ത ഭ്രമണപഥങ്ങളിലൂടെ അനുസ്യൂതം കടന്നുപോകേണ്ടതുണ്ടെന്നര്‍ഥം. വൈവിധ്യമാര്‍ന്ന യാത്രകളില്‍ അവയ്ക്ക് ആപത്ത് സംഭവിക്കാതിരിക്കാന്‍ ഗുരുത്വാകര്‍ഷണ-സെന്‍ട്രിഫ്യൂഗല്‍ ബലങ്ങളുടെ ദൈ്വതഭാവമാണ് ഈശ്വരന്‍ കൈത്താങ്ങായി നല്‍കിയത് എന്നു മനസ്സിലാക്കാം.
''ഉപരിലോകത്തെ അവന്‍ വിതാനിക്കുകയും അവയില്‍ തുലാസ് (സന്തുലിതാവസ്ഥ) സ്ഥാപിക്കുകയും ചെയ്തു'' (15:19) എന്ന ഖുര്‍ആന്‍ വചനത്തിന്റെ അര്‍ഥവ്യാപ്തി നമുക്ക് ബോധ്യമാവുകയാണ്. ഈ പ്രപഞ്ചസത്യം വെളിപ്പെടുത്തിക്കൊണ്ട്, മനുഷ്യന്റെ നൈതികമൂല്യങ്ങള്‍ വളര്‍ത്താനാണ് തൊട്ടടുത്ത വചനത്തില്‍ ഖുര്‍ആന്‍ ശ്രമിക്കുന്നത്: ''നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍ വേണ്ടി''.
അല്ലാഹു ആകാശ ജ്യോതിര്‍ഗോളങ്ങളെ സന്തുലിതാവസ്ഥയില്‍ കാത്തുസൂക്ഷിക്കുന്ന 'തുലാസി'ല്‍ കൃത്രിമം കാണിച്ചിരുന്നുവെങ്കില്‍ പ്രപഞ്ചം എന്നേ തകര്‍ന്നുപോയേനെ. അല്ലാഹുവിന്റെ അന്യാദൃശമായ നീതിബോധം മനുഷ്യരിലും നിഴലിട്ടുകാണട്ടെ എന്നാണ് ഖുര്‍ആന്‍ ഈ വചനത്തിലൂടെ താത്പര്യപ്പെടുന്നത്.
അണുഘടന
പദാര്‍ഥലോകത്തിന്റെ അടിസ്ഥാന സൂക്ഷ്മഭാവമാണ് അണുക്കള്‍. ആറ്റത്തിന്റെ മൗലിക ഘടകങ്ങള്‍ ഇലക്‌ട്രോണുകളിലും പ്രോട്ടോണുകളിലും ന്യൂട്രോണുകളിലും മാത്രം ഒതുങ്ങിനില്‍ക്കുന്നില്ലെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. പദാര്‍ഥങ്ങളുടെ സൂക്ഷ്മപ്രപഞ്ചത്തിലെ 'സ്പിന്നുകള്‍' ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനാശയമായി ഇന്നു സ്വീകാര്യത നേടി.
ഈ മേഖലയിലെ ശ്രദ്ധേയമായ ഗവേഷണത്തിനാണ് പോള്‍ ഡിറാക് എന്ന ബ്രിട്ടീഷ് ഊര്‍ജതന്ത്രജ്ഞന്‍ 1933ലെ നൊബേല്‍ സമ്മാനത്തിന് അര്‍ഹത നേടിയത്. എല്ലാ സൂക്ഷ്മകണങ്ങള്‍ക്കും പ്രതികണങ്ങളുണ്ടെന്ന ആശയം ഉയര്‍ന്നുവന്നതും ഈ ഗവേഷണത്തിന്റെ പിന്‍ബലത്തോടെയാണ്.
പ്രോട്ടോണിന് ആന്റിപ്രോട്ടോണ്‍ എന്ന പ്രതികണമുണ്ടെന്ന് തെളിയിക്കപ്പെട്ടു. അതുപോലെ ഇലക്‌ട്രോണിനാകട്ടെ അതേ 'അളവിലും തൂക്ക'ത്തിലുമുള്ള, എന്നാല്‍ ധനചാര്‍ജ് വഹിക്കുന്ന പോസിട്രോണ്‍ എന്ന പ്രതികണം പരസ്പരപൂരകമായി നിലകൊള്ളുന്നു. ന്യൂട്രോണിന്റെ പ്രതികണമാണ് ആന്റിന്യൂട്രോണ്‍. കണങ്ങള്‍ക്ക് പ്രതികണങ്ങളുണ്ടെങ്കില്‍ പദാര്‍ഥങ്ങള്‍ക്ക് പ്രതിപദാര്‍ഥങ്ങളും പ്രപഞ്ചത്തിനു പ്രതിപ്രപഞ്ചവും ഉണ്ടായിരിക്കണം എന്ന നിഗമനം ശക്തിപ്പെട്ടു.
പ്രോട്ടോണുകളുടെയും ഇലക്‌ട്രോണുകളുടെയും ന്യൂേേട്രാണുകളുടെയും എണ്ണവും അവയുടെയൊക്കെ പ്രതികണങ്ങളുടെയും എണ്ണവും തുല്യമായി നില്‍ക്കുന്നതിനാലാണത്രെ പ്രപഞ്ചം നാശമടയാതെ സന്തുലിതമായി സംരക്ഷിക്കപ്പെടുന്നതെന്ന് സ്റ്റീഫന്‍ ഹോക്കിങ് പോലുള്ള മഹാരഥന്മാര്‍ അഭിപ്രായപ്പെടുന്നു.
''അളവ് നിര്‍ണയിക്കപ്പെട്ട (സന്തുലിതമായ) എല്ലാ വസ്തുക്കളും നാം ഉല്‍പ്പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു'' (15:19)
''ഓരോ വസ്തുവെയും അവന്‍ സൃഷ്ടിച്ചെടുക്കുകയും അതിനെ ക്ലിപ്തമായ തോതില്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തു'' (25:2)
എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കാന്‍ വേണ്ടി'' (ദാരിയാത്ത്: 49)
സൂക്ഷ്മപ്രപഞ്ചം തീര്‍ക്കുന്ന ദൈ്വതഭാവം ഇവിടംകൊണ്ടൊന്നും അവസാനിക്കുന്നില്ല എന്നതാണ് സത്യം. പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും അടിസ്ഥാനഘടകങ്ങളായ 'ക്വാര്‍ക്കു'കളുടെ കണ്ടെത്തലുകള്‍ (മറ്റൊരു സബ് അറ്റോമിക് ഘടകം) 'ഇണ'കളുടെ പുതിയ മാനങ്ങള്‍ തീര്‍ക്കുന്നു. 'ബോട്ടം' ക്വാര്‍ക്ക് ശാസ്ത്രം കണ്ടെത്തിയപ്പോള്‍ 'അപ്പ്' ക്വാര്‍ക്കിനുള്ള സാധ്യത തെളിഞ്ഞുവന്നു. എന്നാല്‍, 1994 വരെ കാത്തിരിക്കേണ്ടിവന്നു, 'അപ്' ക്വാര്‍ക്ക് കണ്ടെത്താന്‍. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഫെര്‍മി ലാബിന്റെ സംഭാവനയായിരുന്നു ഈ നിര്‍ണായക കണ്ടെത്തല്‍.
ചുരുക്കിപ്പറഞ്ഞാല്‍, സൂക്ഷ്മവും സ്ഥൂലവായ പ്രപഞ്ചങ്ങളുടെ അടിസ്ഥാനഭാവം 'ദൈ്വത'മാണെന്നും ഏകത്വം സര്‍വേശ്വരന്റെ മാത്രം ഗുണമാണെന്നുമുള്ള ഖുര്‍ആനിക ആശയത്തിനു പിന്‍ബലമാവുകയാണ് മുന്‍ചൊന്ന ശാസ്ത്രവസ്തുതകള്‍.


