ഭൂമി എന്തുകൊണ്ട് ജീവന്‍ നെഞ്ചിലേറ്റുന്നു?
ടി.പി.എം. റാഫി

സൗരയൂഥത്തില്‍, ജീവന്‍ അതിന്റെ പൂര്‍ണാര്‍ഥത്തില്‍ പരിലസിച്ചുനില്‍ക്കുന്ന ഒരേയൊരു വിസ്മയഗ്രഹമാണ് ഭൂമി. സൂര്യകുടുംബത്തിലെന്നല്ല, മനുഷ്യന്റെ അന്വേഷണം ചെന്നെത്തിയ ആകാശഗംഗയുടെ ചെറിയ പരിധിയിലെ ഏതെങ്കിലും കോണില്‍ ജീവസ്ഫുരണത്തിന്റെ എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങളോ സൂചനകളോ ഉള്ളതായി അറിവില്ല.
പ്രാണന്റെ നിലനില്‍പ്പ് കാത്തുസൂക്ഷിക്കുന്ന സങ്കീര്‍ണവും സൂക്ഷ്മവുമായ ഒട്ടേറെ വ്യവസ്ഥകളും സംവിധാനങ്ങളും ഈ ഹരിതഗ്രഹത്തിന്റെ മാത്രം സ്വന്തമാണ്. ഭൂമിയിലെ ഏതൊരു ബിന്ദുവും ജീവനെന്ന മഹാസമസ്യയെ നെഞ്ചിലേറ്റാന്‍ പാകത്തിലാണ് സംവിധാനിക്കപ്പെട്ടിട്ടുള്ളതെന്ന് ശാസ്ത്രഗവേഷണങ്ങളുടെ വെളിച്ചത്തില്‍ നാം ഇന്നറിയുന്നു. ഭൗമഗര്‍ഭത്തില്‍നിന്നു തുടങ്ങി ഉപരിതലത്തിലും അന്തരീക്ഷത്തിലുമെല്ലാം സൂക്ഷ്മവും സ്ഥൂലവുമായ ജന്തുസസ്യ ജൈവവൈവിധ്യത്തിന്റെ മഹാശൃംഖല ദൃശ്യമാണ്.
സവിശേഷമായ അന്തരീക്ഷഘടന
ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതില്‍ അന്തരീക്ഷഘടനയുടെ സ്വാധീനം വളരെ വലുതാണ്. പ്രാണവായു എന്നറിയപ്പെടുന്ന ഓക്‌സിജന്‍ വായുമണ്ഡലത്തില്‍ 21 ശതമാനമാണുള്ളത്; നൈട്രജനാകട്ടെ ഏതാണ്ട് 78 ശതമാനവും. കാര്‍ബണ്‍ ഡയോക്‌സൈഡ്, ഹൈഡ്രജന്‍, ഹീലിയുംപോലുള്ള മറ്റു വാതകങ്ങളെല്ലാം ചേര്‍ന്ന് ബാക്കിയുള്ള ഒരുശതമാനവും.
ഓക്‌സിജന്റെ അളവെങ്ങാനും 21 ശതമാനത്തില്‍ കൂടുതലായാല്‍ എന്തായിരിക്കും ഭൂമിയുടെ അവസ്ഥ? ഒന്നും നിലനില്‍ക്കില്ല, ഭൂമുഖത്ത്. എല്ലാം പെട്ടെന്നു തീപ്പിടിച്ചു ചാമ്പലാവും. ഓക്‌സിജന്റെ അളവ് നിലവിലുള്ളതിനേക്കാള്‍ അല്‍പ്പം കുറഞ്ഞാലും ജൈവലോകത്തിനു പല നിലയ്ക്കും ഭീഷണിയാണ്. കോശങ്ങളിലേക്ക് രക്തത്തിലൂടെ വേണ്ടത്ര ഓക്‌സിജന്‍ എത്തിക്കാനാവില്ല എന്നത് ഒരു പ്രശ്‌നമാണ്; അതോടെ കോശങ്ങളില്‍ ഗ്ലൂക്കോസ് തന്മാത്രകള്‍ 'കത്തിച്ച്' ഊര്‍ജം പുറത്തേക്കു വിടുന്നതിനും പ്രയാസം നേരിടും. ജൈവലോകത്തിന്റെ നാശത്തിനു വഴിയൊരുക്കാന്‍ ഈ തോതുവ്യത്യാസം ധാരാളം മതി.
അന്തരീക്ഷത്തില്‍ ഒരുശതമാനത്തോളം വരുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് എന്ന വാതകത്തിനും ഭൗമ ഊഷ്മാവ് പാകത്തില്‍ നിര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട്. വായുമണ്ഡലത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡ് ഒരു 'പുതപ്പാ'യി ഭൂമിയെ മൂടുന്നതിനാല്‍ രാത്രികാലങ്ങളില്‍ ചൂട് പെട്ടെന്നു താഴ്ന്നുപോകാതെനോക്കുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് അല്‍പ്പമൊന്നു കൂടിയാലും ആപത്താണ്. ഭൂമി ചൊവ്വയെപ്പോലെ ചുട്ടുപൊള്ളും. കാലാവസ്ഥയില്‍ വന്‍പ്രത്യാഘാതങ്ങള്‍ അതു വരുത്തിവെക്കും. ജീവന്‍ അസ്തമിച്ചുപോകാന്‍ ഇതിലും വിശേഷിച്ചൊന്നും വേണ്ട. ആധുനികമനുഷ്യന്റെ വഴിവിട്ട കാര്‍ബണ്‍ബഹിര്‍ഗമനത്തിനെതിരെ പരിസ്ഥിതിസ്‌നേഹികള്‍ മുറവിളി കൂട്ടുന്നത് എന്തുകൊണ്ടാണെന്ന് നമുക്കറിയാം.
ഇവയുടെയൊക്കെ അളവ് ആനുപാതികമായി നിലനിര്‍ത്താന്‍ പ്രകൃത്യാതന്നെ വന്‍സംവിധാനങ്ങളാണ് ഭൂമിയില്‍ ഒരുക്കിവെച്ചിട്ടുള്ളതെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഭൂമുഖത്തെ വൃക്ഷലതാദികള്‍ പ്രകാശസംശ്ലേഷണം വഴി ജൈവലോകത്തിനു ഭക്ഷണമൊരുക്കാന്‍ അന്തരീക്ഷത്തിലെ അമിത കാര്‍ബണ്‍ ഡയോക്‌സൈഡ് വാതകം ആഗിരണം ചെയ്യുന്നുണ്ട്. ഓരോ ദിവസവും 190 ബില്ല്യണ്‍ ടണ്‍ ഓക്‌സിജനാണ് അവ ഭക്ഷണത്തിനു പുറമെ നമുക്ക് തിരിച്ചുതരുന്നത്!
ഭൂമിയുടെ പിണ്ഡവും അകലവും
ഭൗമോപരിതലത്തില്‍ വായുമണ്ഡലം പിടിച്ചുനിര്‍ത്തുന്നതില്‍ പിണ്ഡ(Mass)ത്തിനും പ്രധാന പങ്കുണ്ട്. ഭൗമപിണ്ഡം അല്‍പ്പം കുറവായിരുന്നെങ്കില്‍ അതിന്റെ ഗുരുത്വാകര്‍ഷണബലം അന്തരീക്ഷം പിടിച്ചുനിര്‍ത്താന്‍ അപര്യാപ്തമാകുന്നു. ചന്ദ്രനില്‍ ഭൂമിയിലേതുപോലെ നിയതമായ വായുമണ്ഡലമില്ലാത്തതിനു കാരണവും മറ്റൊന്നല്ല. ഭൂമിയുടെ പിണ്ഡം ഇപ്പോഴുള്ളതില്‍നിന്നു കൂടിയാലും പ്രശ്‌നംതന്നെ. ഗുരുത്വാകര്‍ഷണം അന്തരീക്ഷത്തെ ഉള്ളിലേക്കു വലിച്ചെടുക്കും. ഭൂമുഖത്ത് ഓക്‌സിജന് സ്വതന്ത്രമായി വിഹരിക്കാന്‍ കഴിയാതെവരും. അപ്പോഴും ജീവാങ്കുരണം മരീചികയാവും.
ഭൂമിയുടെ ഭ്രമണപഥത്തിന്റെ സൂര്യനില്‍നിന്നുള്ള അകലവും ജീവന്റെ അടിസ്ഥാന ഘടകങ്ങളെന്നു വിശ്വസിക്കപ്പെടുന്ന അമിനോഅമ്ലങ്ങള്‍ ബാഷ്പമായിപ്പോകാതെയും തണുത്തുറഞ്ഞുപോകാതെയും നിലനിര്‍ത്താന്‍ പാകത്തിലാണ്. ഭൂമി സൂര്യനിലേക്ക് അല്‍പ്പം അടുത്താല്‍ അമിനോഅമ്ലങ്ങള്‍ അതിന്റെ ദ്രാവകാവസ്ഥ കൈവെടിഞ്ഞ് ആവിയാകും. അകന്നാലോ? ജീവാമ്ലങ്ങള്‍ തണുത്തുറഞ്ഞ് വിറങ്ങലിച്ചുപോകും; ജൈവലോകം അപ്പോഴും നിതാന്തസ്ഥാവരനിദ്രയില്‍ ആണ്ടുകിടക്കും.
''അവന്‍ ഉപരിമണ്ഡലത്തെ വിതാനിക്കുകയും സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുകയും ചെയ്തു'' (റഹ്മാന്‍: 7)
''ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും അതിനെ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തു'' (25:2)
''അളവ് നിര്‍ണയിക്കപ്പെട്ട (സന്തുലിതമായ) എല്ലാ വസ്തുക്കളും നാം ഉത്പാദിപ്പിക്കുകയും ചെയ്തു'' (15:19)
ഭൂമിയില്‍ ജീവന്റെ നാളം കെടാതെ സൂക്ഷിക്കാന്‍ വേറെയും ഒട്ടേറെ സംവിധാനങ്ങള്‍ സമഞ്ജസമായി സമ്മേളിക്കേണ്ടതുണ്ട്. ഭൂമിയുടെ ഉപരിതല ഗുരുത്വം (ൗെൃളമരല ഴൃമ്ശശ്യേ) അല്‍പ്പം കൂടുതലാണെങ്കില്‍ അന്തരീക്ഷം അമോണിയകൊണ്ടും മീതേന്‍ കൊണ്ടും നിറയും. ഉപരിതലഗുരുത്വം കുറഞ്ഞാലും പ്രാതികൂല്യങ്ങള്‍ തഥൈവ. ഭൗമോപരിതലത്തിലെ ജലനഷ്ടമായിരിക്കും ഫലം. ജീവന്‍ നിലനിര്‍ത്താന്‍ അനിവാര്യമായ ഒരു ഘടകമാണല്ലോ ജലം.
ഭൂമിയുടെ ക്രസ്റ്റിന്റെ കനവും പ്രധാനമാണ്. ഭൗമക്രസ്റ്റിന്റെ കനം കൂടിയാല്‍ അന്തരീക്ഷത്തില്‍നിന്ന് കൂടുതല്‍ അളവില്‍ ഓക്‌സിജന്‍ ക്രസ്റ്റിലേക്ക് ആഗിരണം ചെയ്യപ്പെടും. ക്രസ്റ്റിന് ഇപ്പോഴുള്ളത്ര കനം ഉണ്ടായിരുന്നില്ലെങ്കിലോ? ഭൗമോപരിതലത്തിന് വേണ്ടത്ര ഉറപ്പുണ്ടാവില്ല. അപ്പോള്‍ അഗ്നിപര്‍വതസ്‌ഫോടനങ്ങള്‍ ഇടതടവില്ലാതെ ഭൂമുഖത്തെ അസ്വസ്ഥമാക്കും. ആ മഹാ അഗ്നിജ്വാലയില്‍ സൂക്ഷ്മ ജൈവതന്തുക്കള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല.
അന്തരീക്ഷത്തിലെ അരിപ്പ, മേല്‍പ്പുര, രക്ഷാകവചം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന, ഓക്‌സിജന്റെ മറ്റൊരു രൂപമായ ഓസോണ്‍ (ഛ3) വാതകത്തിന്റെ അളവ് കുറഞ്ഞാല്‍ മാത്രമല്ല കൂടിയാലും ആപത്താണ്. ഓസോണിന്റെ അളവ് കൂടിയാല്‍ ഈ 'അരിപ്പ' എല്ലാ രശ്മികളും വലിച്ചെടുത്ത് ഭൂമിയെ വന്‍തോതില്‍ തണുപ്പിക്കും. കുറഞ്ഞാലോ, നമുക്കറിയുന്നതുപോലെ, മാരകരശ്മികള്‍ എല്ലാ ജൈവപ്രതീക്ഷ
കളെയും തല്ലിക്കെടുത്തും. ഭൂമി ഉയര്‍ന്ന ഊഷ്മാവില്‍ വെന്തുരുകും.
ഉരുണ്ട ഭൂമി
ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു: ''ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ഥ്യപൂര്‍വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിന്മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. (അറബിയില്‍ 'യുകവ്വിറു' എന്നു പ്രയോഗം). സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിത പരിധിവരെ ചലിക്കുന്നു''(39: 5)
ഇവിടെ 'കുല്ലുന്‍ യജ്‌രീ' എന്നു ഖുര്‍ആന്‍ സൂക്ഷ്മമായി പ്രയോഗിച്ചത് പഠനവിധേയമാക്കേണ്ടതാണ്.
അറബിഭാഷയില്‍ 'കുറ' എന്ന പദത്തിന് ഉരുണ്ടത്, പന്ത്, ഗോളം എന്നൊക്കെയാണ് അര്‍ഥം. അതില്‍നിന്നുണ്ടായ ക്രിയാരൂപത്തിന് (യുകവ്വിറു) 'ചുറ്റിക്കുക' എന്ന് അര്‍ഥം നല്‍കിയാലേ ഭാഷയോട് നീതിപുലര്‍ത്താനാവൂ. ഭൂമിയടക്കമുള്ള ആകാശവസ്തുക്കള്‍ക്ക് ഗോളാകൃതിയാണെന്ന സൂചന നല്‍കുകയാണ് ഖുര്‍ആന്‍ ഈ വചനത്തിലൂടെ.
നബി ജീവിച്ചിരുന്ന കാലഘട്ടത്തിലും അതിനുശേഷവും സൂര്യനും ചന്ദ്രനുമെല്ലാം 'പരന്നതും നിശ്ചലവുമായ ഭൂമി'യെ വലംവെക്കുകയാണെന്ന വിശ്വാസമാണ് നിലനിന്നിരുന്നത്.
അറബിവ്യാകരണപ്രകാരം, വാക്കുകള്‍ക്ക്, ഇതര ഭാഷകളില്‍നിന്നു വ്യത്യസ്തമായി ഏകവചനം, ദ്വിവചനം, ബഹുവചനം എന്നീ മൂന്നു രൂപങ്ങളുണ്ട്. ഈ ആയത്തില്‍ ഭൂമിയെയും ചന്ദ്രനെയും സൂര്യനെയുമാണല്ലോ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. ഭൂമി നിശ്ചലമായി നില്‍ക്കുകയാണെന്നും സൂര്യനും ചന്ദ്രനും ഭൂമിക്കും ചുറ്റും ചലിക്കുന്നതെന്നുമാണ് ഖുര്‍ആന്റെ ധാരണയെങ്കില്‍, 'കുല്ലുഹുമാ യജ്‌രിയാനി' ('അവ രണ്ടും ചലിക്കുന്നു' എന്നതിന്റെ ദ്വിവചനപ്രയോഗം) എന്നായിരുന്നല്ലോ ഖുര്‍ആന്‍ പ്രയോഗിക്കേണ്ടത്. അറബിയില്‍ സ്വാഭാവികമായുള്ള ദ്വിവചനത്തിന്റെ സാധ്യതകള്‍ നിലനില്‍ക്കെ, ഖുര്‍ആന്‍ അനുയോജ്യമായ സന്ദര്‍ഭങ്ങളില്‍ അങ്ങനെ ധാരാളം പ്രയോഗിച്ചിട്ടുമുണ്ടെന്നിരിക്കെ, രണ്ടില്‍ക്കൂടുതല്‍ വസ്തുക്കളുള്ളപ്പോള്‍ മാത്രം പ്രയോഗിക്കുന്ന ' കുല്ലുന്‍ യജ്‌രീ' എന്ന് ഖുര്‍ആന്‍ ഇവിടെ ഭൂമിയെയും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രയോഗിച്ചത് നിഷ്പക്ഷ അന്വേഷകര്‍ക്ക് മാര്‍ഗദീപമാകുമെങ്കിലും, അസഹിഷ്ണുക്കളും അല്പജ്ഞാനികളുമായ ആന്ധ്യം ബാധിച്ച വിമര്‍ശര്‍ക്ക്, പക്ഷേ, വെളിച്ചമേകില്ല.
പുറമേയ്ക്കു വികസിച്ച ഭൂമി
ഖുര്‍ആന്‍ പറയുന്നു: ''ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ നാം നാട്ടുകയും ചേതോഹരങ്ങളായ എല്ലാ സസ്യവര്‍ഗങ്ങളെയും നാം മുളപ്പിക്കുകയും ചെയ്തു'' (50:7)
ഭൂമിയടങ്ങുന്ന സൗരയൂഥം ജന്മമെടുത്തത് ഏതാണ്ട് 4.50 ബില്ല്യണ്‍ വര്‍ഷം മുമ്പായിരുന്നിരിക്കണമെന്ന് ഭൂവിജ്ഞാനികള്‍ ഗണിച്ചെടുക്കുന്നു. 'ഭൂമി'യെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത് 450 തവണയാണെന്നത് യാദൃച്ഛികമായിരിക്കണമെന്നില്ല.
വളരെ പണ്ട് ഭൂമിയുടെ ആരം (radius) ഇപ്പോഴുള്ള 6400 കിലോമീറ്റര്‍ ഉണ്ടായിരുന്നില്ലെന്നും അത് ഏതാനും കിലോമീറ്ററുകള്‍ മാത്രമായിരുന്നുവെന്നും ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. ഭൂമിയുടെ ആരം (ഗോളത്തിന്റെ കേന്ദ്രത്തില്‍നിന്ന് ഉപരിതലത്തിലേക്കുള്ള അകലം) കാലക്രമേണ കൂടിയപ്പോള്‍ ഭൂമിയുടെ പ്രതലവിസ്തീര്‍ണം സ്വാഭാവികമായും കൂടി.
ഈ വചനത്തില്‍ 'വികസിപ്പിച്ചു' എന്നതിന് 'മദ്ദ' എന്ന പദമാണ് ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്നതെന്നു കാണാം. പഴയകാലത്ത് 'പരത്തി' എന്ന് പലരും ഈ പദത്തിന് അര്‍ഥം നല്‍കിയത് വാക്കുകളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടായില്ലെന്ന് അറബിഭാഷപണ്ഡിതന്മാര്‍തന്നെ അഭിപ്രായപ്പെടുന്നുണ്ട്. പുറമേയ്ക്കു വികസിപ്പിച്ചു എന്ന അര്‍ഥമാണ് ഭാഷാപരമായും കൂടുതല്‍ യോജിക്കുകയെന്ന് അവര്‍ വ്യക്തമാക്കുന്നു.
വാക്കുകള്‍ അതിന്റെ കണിശവും സൂക്ഷ്മവുമായ അര്‍ഥത്തില്‍ പ്രയോഗിക്കുകയെന്നത് ഖുര്‍ആന്റെ രീതിശാസ്ത്രമാണ്. ഒരു ഉദാഹരണം: ''റോമക്കാര്‍ ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശത്തുവെച്ച് തോല്‍പ്പിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ പരാജയത്തിനുശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ അവര്‍ വിജയം വരിക്കുന്നതാണ്. മുമ്പും പിമ്പും അല്ലാഹുവിനാകുന്നു കാര്യങ്ങളുടെ നിയന്ത്രണം'' (30:2-4)
പ്രവാചകന്റെ കാലത്തും തൊട്ടുമുമ്പും അറേബ്യന്‍ അര്‍ധദ്വീപിന്റെ ചില മേഖലകളില്‍ ആധിപത്യം സ്ഥാപിക്കാനായി പേര്‍ഷ്യക്കാരും റോമക്കാരും തമ്മില്‍ യുദ്ധം പതിവായിരുന്നു. ക്രിസ്ത്യാനികളായ റോമക്കാരോടായിരുന്നു, വേദക്കാരെന്ന നിലയില്‍, മുസ്ലിങ്ങള്‍ക്ക് പ്രിയവും അനുഭാവവും. ബഹുദൈവാരാധകരായിരുന്ന അറബികള്‍ക്ക് പക്ഷേ, പേര്‍ഷ്യക്കാരോടായിരുന്നു താത്പര്യം. ഹിജ്‌റ അഞ്ചാം വര്‍ഷത്തില്‍ റോമക്കാര്‍ക്കെതിരെ പേര്‍ഷ്യക്കാര്‍ വിജയം നേടിയപ്പോള്‍ ബഹുദൈവാരാധകര്‍ മുസ്ലിങ്ങളെ പരിഹസിക്കുകയും ആ വിജയത്തില്‍ അവര്‍ വല്ലാതെ തിമിര്‍ത്താടുകയും ചെയ്തു. റോമക്കാരുടെ പരാജയം താത്ക്കാലികം മാത്രമാണെന്നും അതുകൊണ്ട് അതിരുവിട്ട് ആഹ്ലാദിക്കേണ്ടെന്നും ഏതാനും കൊല്ലങ്ങള്‍ക്കകം അവര്‍ പേര്‍ഷ്യക്കാര്‍ക്കുമേല്‍ വിജയം നേടുമെന്നും ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ്. ഏഴു വര്‍ഷത്തിനുള്ളില്‍ റോമക്കാര്‍ വിജയം നേടി. ഖുര്‍ആന്റെ പ്രഖ്യാപനം പുലര്‍ന്നു.

ഇക്കാര്യം പ്രവചിക്കുമ്പോഴും ഖുര്‍ആന്‍ ഭൗമഘടനയിലേക്കും വെളിച്ചം വീശുന്നുണ്ടെന്ന വസ്തുത നമ്മെ കൂടുതല്‍ വിസ്മയിപ്പിക്കുന്നു. 'അദ്‌ന' എന്ന പദമാണ് ഖുര്‍ആന്‍ ഇവിടെ പ്രയോഗിക്കുന്നത്. 'താഴ്ന്ന' എന്നുതന്നെയാണ് ഈ പദത്തിന്റെ ശരിയായ അര്‍ഥം. 'ഭൂമിയിലെ അടുത്ത പ്രദേശത്തുവെച്ച്' എന്ന അര്‍ഥത്തേക്കാള്‍ ഭൂമിശാസ്ത്രപരമായി യോജിക്കുന്നതും 'ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശത്തുവെച്ച്' എന്ന അര്‍ഥമാണ്. 'ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശം' എന്നു ഖുര്‍ആന്‍ പ്രയോഗിച്ചത് എന്തുകൊണ്ടാണ്?
ചരിത്രപരമായി നോക്കിയാല്‍, ചാവുകടല്‍ പ്രദേശത്തു വെച്ചാണല്ലോ റോമക്കാര്‍ അന്നു പരാജയപ്പെടുന്നത്. സമുദ്രനിരപ്പില്‍നിന്ന് 1388 അടി താഴെയായാണ് ഈ ഭൂപ്രദേശം സ്ഥിതിചെയ്യുന്നതെന്ന് ഇന്നു നമ്മളറിയുന്നു.
അണ്ഡാകൃതി പ്രാപിച്ച ഭൂമി
വാക്കുകള്‍ സൂക്ഷ്മമായി പ്രയോഗിച്ച് ഭൗമഘടനയിലേക്കും ആകൃതിയിലേക്കും സൂചന നല്‍കുന്ന മറ്റൊരു ഖുര്‍ആന്‍ വചനം കാണുക: ''പിന്നീടവന്‍ ഭൂമിയെ അണ്ഡാകൃതിയിലാക്കി'' (79:30)
'ദഹാഹ' എന്ന ക്രിയാപ്രയോഗത്തിന്റെ അടിസ്ഥാനപദം 'ദഹ' എന്നാണ്. അണ്ഡാകൃതിയിലേക്ക് വികസിപ്പിച്ചു എന്നു ശരിക്കും അര്‍ഥം കിട്ടുന്ന പദം. 'ദഹാഹ'യുടെ മറ്റൊരു നിഷ്പത്തിയായ 'ദുയാ'ക്ക് ഒട്ടുമിക്ക ശബ്ദതാരാവലികളിലും 'ഒട്ടകപക്ഷിയുടെ മുട്ടയുടെ രൂപം' എന്നാണ് അര്‍ഥം നല്‍കിയത്.
Koran.Izlam.net dictionary/exegesis, Mohit Dictionary, Lisan Arab Lexicon എന്നിവയുടെ ഓണ്‍ലൈന്‍ ശബ്ദവിജ്ഞാനകോശപ്പതിപ്പുകളില്‍ 'Expanded it to an ostrich egg' എന്നുള്ള അര്‍ഥം നല്‍കിയത് ശ്രദ്ധേയമാണ്.
ഭൂമിയുടെ യഥാര്‍ഥ ആകൃതി ഒട്ടകപക്ഷിയുടെ മുട്ടയുടേതുപോലെത്തന്നെ (oblate spheriod) എന്ന് ബഹിരാകാശത്തുനിന്നെടുത്ത ചിത്രങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. (ചിത്രം കാണുക)

1577ല്‍, സര്‍ ഫ്രാന്‍സിസ് ഡ്രേക്ക് സമുദ്രസഞ്ചാരം നടത്തി ഭൂമി ഉരുണ്ടതാണെന്നു തെളിയിക്കുന്നതിനു വളരെ മുമ്പുതന്നെ, മുസ്ലിംലോകത്ത് ഭൂമി മാത്രമല്ല, എല്ലാ ആകാശവസ്തുക്കള്‍ക്കും ഗോളാകൃതിയാണുള്ളതെന്ന വിശ്വാസം, ഖുര്‍ആന്‍ചിന്തകളുടെ പിന്‍ബലത്തില്‍, ശക്തിപ്പെട്ടിരുന്നുവെന്ന് ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. വിക്കിപീഡിയയില്‍ കഹെമാശര ഏീഹറലി അഴലല്‍ പരതിനോക്കിയാല്‍ ഇതു ബോധ്യമാവും. ക്രിസ്തുവര്‍ഷം 700കളില്‍ ജീവിച്ച അബൂഹനീഫയും 1200കളില്‍ ജീവിച്ച ഇബ്‌നുതീമിയയും ഇതേ ആശയം ഖുര്‍ആന്‍വ്യാഖ്യാനങ്ങളില്‍ രേഖപ്പെടുത്തിയത് നമുക്ക് വായിക്കാം. മഹാനായ ഇബ്‌നുകസീറും 'പരന്നഭൂമി'യില്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നു കാണാം.
ഭൗമജലം
''വെള്ളത്തില്‍നിന്ന് എല്ലാ ജീവവസ്തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്തു'' (21:30)
നൊബേല്‍സമ്മാന ജേതാവും വൈറ്റമിന്‍-സിയുടെ രാസഘടന കണ്ടെത്തിയ ശാസ്ത്രജ്ഞനുമായ ഡോ. ആല്‍ബര്‍ട്ട് സെന്റ് ജ്യോര്‍ജിയുടെ വാക്കുകള്‍ ഈ വചനം അപഗ്രഥിക്കുമ്പോള്‍ വളരെ വിലപ്പെട്ടതാണെന്നു തോന്നുന്നു. അദ്ദേഹം പറയുന്നു: ''വെള്ളമില്ലെങ്കില്‍ ഭൂമിയില്‍ ജീവോത്പത്തിയില്ല. ജൈവഘടകങ്ങളുടെ അടിസ്ഥാനരൂപവും അതിന്റെ നിഗൂഢ ബലതന്ത്രവും വെള്ളംതന്നെ''.
ഭൗമോപരിതലത്തില്‍ നാലില്‍ മൂന്നു ഭാഗവും വെള്ളമാണ്. പ്രായപൂര്‍ത്തിയായ മനുഷ്യന്റെ ശരീരത്തില്‍ 70 ശതമാനവും വെള്ളംതന്നെ. ഒരു നവജാതശിശുവില്‍ 74 ശതമാനം വെള്ളമാണെങ്കില്‍, ഭ്രൂണത്തിലാവട്ടെ 80 ശതമാനവും വെള്ളം കൈയടക്കുന്നു.
ഭൂമുഖത്ത് ധ്രുവങ്ങളിലൊഴികെ ഒട്ടുമിക്കയിടത്തും ജലം ദ്രാവകരൂപത്തിലാണ് സ്ഥിതിചെയ്യുന്നത്. ജലം ദ്രാവകരൂപത്തില്‍ കാണുന്ന ഗ്രഹം, അറിയപ്പെട്ടിടത്തോളം, ഭൂമി മാത്രമാണ്. ജലം ദ്രാവകരൂപത്തില്‍ നിലനിന്നാലേ ജൈവലോകത്തിനു നിലനില്‍പ്പുള്ളൂവെന്ന് ജ്യോര്‍ജി സമര്‍ഥിക്കുന്നു.
ഉപാപചയപ്രക്രിയ വഴി ശരീരം ഊര്‍ജം ഉത്പാദിപ്പിക്കുമ്പോള്‍ പുറന്തള്ളപ്പെടുന്ന വിഷാംശങ്ങളും മാലിന്യങ്ങളും കിഡ്‌നിയാണ് പുറത്തേക്ക് കളയുന്നത്. യൂറിക് ആസിഡും യൂറിയയും ലാക്ടിക്് ആസിഡും വിസര്‍ജിച്ചുപോകണമെങ്കില്‍ അവ വെള്ളത്തില്‍ ലയിക്കണം. ശരീരത്തില്‍ ജലാംശം കുറഞ്ഞാല്‍ കിഡ്‌നി ആദ്യം പണി മുടക്കും. ശരീരത്തിലെ ദഹനപ്രക്രിയകളിലും വെള്ളത്തിന് പങ്കുണ്ട്. ശരീരത്തില്‍ എന്‍സൈമുകളുടെ സഹായത്തോടെ നടക്കുന്ന രാസപ്രക്രിയകള്‍ക്കും വേദിയൊരുക്കുന്നത് വെള്ളമാണ്. ഗ്ലൂക്കോസും ഇരുമ്പുതന്തുക്കളും ഓക്‌സിജനുമെല്ലാം കോശങ്ങളിലേക്കും കലകളിലേക്കും രക്തത്തിലൂടെ എത്തിക്കുന്നതിലും ഈ സാര്‍വലൗകിക ലായനിയുടെ 'റോള്‍' കാണാം.
രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങളും ഒരു ഓക്‌സിജന്‍ ആറ്റവും ചേര്‍ന്ന, പ്രത്യക്ഷത്തില്‍ അത്രയൊന്നും സങ്കീര്‍ണമല്ലാത്ത, എന്നാല്‍ വിസ്മയങ്ങളുടെ മഹാമേരുവായ സംയുക്തമാണ് ജലം (H2O). മനുഷ്യശരീരത്തിന്റെ എന്നപോലെ ഭൗമശരീരത്തിന്റെയും എഴുപതുശതമാനം വെള്ളമാണ്. ഖര-ദ്രാവക-വാതകാവസ്ഥകളില്‍ ജലം സമൃദ്ധമായുണ്ടിവിടെ. ഈ മൂന്ന് അവസ്ഥകളിലും ഏതെങ്കിലും ഗ്രഹത്തില്‍ വെള്ളം ഒരുമിച്ച് സ്ഥിതിചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ ജീവസ്ഫുരണത്തിന് സാധ്യതയുള്ളൂവെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു.
ബുധനിലും ശുക്രനിലും ചൊവ്വയിലും വ്യാഴത്തിലും ശനിയിലുമെല്ലാം ജലബാഷ്പത്തിനു സാധ്യത കണ്ടെത്തിയിട്ടുണ്ടെങ്കിലും ദ്രാവകരൂപത്തില്‍ അവിടെ ജലം നിലനില്‍ക്കുന്നില്ല. ചൊവ്വയിലും ശനിയുടെ ചില ഉപഗ്രഹങ്ങളിലും ചന്ദ്രനിലുമെല്ലാം ഹിമപാളികള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ജൈവവൈവിധ്യത്തിലെ 'ശ്രേഷ്ഠരൂപനും പൂര്‍ണരൂപനും പ്രതിഭാധനനുമായ' മനുഷ്യന് ഒട്ടും നിവാസയോഗ്യമല്ലതന്നെ.
ഭൂമിയിലേക്കു പതിക്കുന്ന അള്‍ട്രാവയലറ്റ്, മൈക്രോവേവ്, ഇന്‍ഫ്രാറെഡ് കിരണങ്ങളെ ജലം നന്നായി ആഗിരണം ചെയ്യുന്നുണ്ട്. ഹൈഡ്രജന്‍-ഓക്‌സിജന്‍ ബോണ്ട് സ്പന്ദിച്ചാണ് ഇതു സാധ്യമാക്കുന്നത്. നാലില്‍ മൂന്നുഭാഗവും പരന്നുകിടക്കുന്ന സമുദ്രജലം ഈ മാരകകിരണങ്ങളെ സ്വയം നെഞ്ചിലേറ്റി ജൈവലോകത്തിന്റെ നിലനില്‍പ്പ് ഉറപ്പുവരുത്തുന്നതിനു പിന്നിലും ദൈവികകരങ്ങള്‍ കാണാം.
പര്‍വതങ്ങളുടെ പ്രസക്തി

മനുഷ്യജീവിതം ഭൂമുഖത്ത് സാധ്യമാക്കുന്ന മറ്റൊരു നിര്‍ണായക ഘടകമാണ് ഔന്നത്യത്തോടെ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന പര്‍വതങ്ങള്‍. മഴയെയും കാറ്റിനെയും കാലാവസ്ഥയെയും സ്വാധീനിക്കുന്നതിനു പുറമെ, ഭൗമസുസ്ഥിരതയിലും മനുഷ്യസംസ്‌കൃതിയിലും ആഴത്തില്‍ വേരൂന്നിയ പ്രതിഭാസമാണത്.
എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയിലും അമേരിക്കാനയിലും നല്‍കിയ നിര്‍വചനപ്രകാരം, ''ഭൗമോപരിതലത്തില്‍നിന്ന് ശ്രദ്ധേയമായ ഉന്നതിയിലേക്ക് വളര്‍ന്നുനില്‍ക്കുന്ന ഭൗമക്രസ്റ്റ്'' ആണ് പര്‍വതങ്ങള്‍. ഉപരിതലത്തില്‍നിന്ന് 300 മീറ്ററില്‍ കൂടുതല്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഭൗമഭാഗമാണ് പര്‍വതങ്ങളെങ്കില്‍, മറ്റു ചിലര്‍ക്ക് 600 മീറ്ററില്‍ കൂടുതലായാലേ അവ പര്‍വതങ്ങളാവൂ; അതിനു താഴെയുള്ളതൊക്കെ കുന്നുകളും. ഏതു നിര്‍വചനത്തിലും പര്‍വതങ്ങളുടെ ഭൂമിയുടെ അകക്കാമ്പിലേക്കുള്ള വളര്‍ച്ചയെക്കുറിച്ച് വേണ്ടത്ര ധാരണ കാണുന്നില്ല.
'മഹാവൃത്താന്തം' എന്നു പേരു നല്‍കിയ (സൂറത്ത് അന്നബ) അധ്യായത്തില്‍ ഖുര്‍ആന്‍ ചോദിക്കുന്നു: ''ധരണിയെ നാം ഒരു ശയ്യയും പര്‍വതങ്ങളെ നാം തറപ്പിച്ചുനിര്‍ത്തുന്നവയും ആക്കിയില്ലേ?'' (6-7)
വസ്തുക്കളെ തറപ്പിച്ചുനിര്‍ത്തുന്ന 'ആണി', 'ആപ്പ്' പോലുള്ളവയ്ക്ക് പുറമേയ്ക്കുള്ള പ്രലംബത(projection)യേക്കാള്‍ അകത്തോട്ടുള്ള നിവേശത്തിനായിരിക്കും വലിപ്പക്കൂടുതല്‍.
വിജ്ഞാനകോശങ്ങളിലെ നിര്‍വചനങ്ങളില്‍നിന്നു വ്യത്യസ്തമായി, ആധുനിക ഭൂവിജ്ഞാനീയങ്ങള്‍ പുതിയ നിര്‍വചനമാണ് പര്‍വതങ്ങള്‍ക്കു നല്‍കുന്നത്: ''പര്‍വതങ്ങള്‍ക്ക് വളരെ ആഴത്തിലുള്ള ശക്തമായ വേരുകളുണ്ട്-ഭൂമിയുടെ ലിതോസ്ഫിയറിലേക്ക് എത്തിനില്‍ക്കുന്ന വേരുകള്‍. ലിതോസ്ഫിയറിക് പ്ലേറ്റുകളെ നിയന്ത്രിക്കുന്നതും ഭൂമി ഉലഞ്ഞുപോകതെ കാത്തുസൂക്ഷിക്കുന്നതും പര്‍വതങ്ങളുടെ പുറമേയ്ക്കു ദൃശ്യമല്ലാത്ത ഭൂമിയ്ക്കടിയിലേക്കുള്ള വളര്‍ച്ചകളാണ്''.
സമുദ്രത്തില്‍ ഹിമപാളികള്‍ പൊങ്ങിനില്‍ക്കുന്നതുപോലെയാണ് പര്‍വതങ്ങളുടെ കിടപ്പ്. ഹിമപര്‍വതങ്ങളുടെ പത്തു മുതല്‍ പതിനഞ്ചു വരെ മടങ്ങും വെള്ളത്തിനടിയിരിക്കുമല്ലൊ. പാറകളുടെ സാന്ദ്രതയനുസരിച്ച് പര്‍വതങ്ങളും ഭൗമാന്തര്‍ഭാഗത്തേക്ക് പുറമേക്കുള്ളതിനേക്കാള്‍ അനേകം മടങ്ങ് താഴ്ന്നുകിടക്കുന്നു (ചിത്രം കാണുക).
'ഔത്താദ്' എന്ന ഖുര്‍ആനികപ്രയോഗം എത്രമാത്രം കണിശവും വസ്തുതാപരവുമാണെന്ന് നമുക്കിന്നു ബോധ്യമാവുന്നു.
ഭൂമിയില്‍ വന്‍വസ്തുക്കള്‍ പതിക്കുമ്പോള്‍ പ്രകമ്പനം കൊള്ളാതിരിക്കാന്‍ സഹായകമാകുന്നത് ഭൗമാന്തര്‍ഭാഗത്തേക്കുള്ള പര്‍വതങ്ങളുടെ വിതരണംതന്നെ. ചന്ദ്രനില്‍ ആഴത്തില്‍ വേരുന്നിയുള്ള പര്‍വതങ്ങളുടെ അസാന്നിധ്യമാണ് അവിടെ വല്ലാത്ത രീതിയില്‍ പ്രകമ്പനം നടക്കുന്നതത്രെ.
പ്രകമ്പനംകൊള്ളുന്ന ഭൂമി ഒരിക്കലും സുഖകരമായ നിവാസത്തിന് അനുയോജ്യമാവില്ല. ഭൂമിയെ മറ്റു ഗ്രഹങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നത് നമ്മളറിയുന്നതും അറിയാത്തതുമായ ഒട്ടേറെ സവിശേഷ സംവിധാനങ്ങളുടെയും വ്യവസ്ഥകളുടെയും ഫലമാണ്.
''ഭൂമി അവരെയുംകൊണ്ട് ഇളകാതിരിക്കാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍തങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ സരണികള്‍ കണ്ടെത്താനായി അവയില്‍ വിശാലമായ വീഥികള്‍ ഒരുക്കുകയും ചെയ്തിരിക്കുന്നു'' (21:31).
''ഭൂമി നിങ്ങളെയുംകൊണ്ട് ഇളകാതിരിക്കാനായി അതില്‍ അവന്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. വൈവിധ്യമാര്‍ന്ന ജന്തുജാലങ്ങളെ അവന്‍ അതില്‍ വിതരണം ചെയ്യുകയും ചെയ്തിരിക്കുന്നു. ആകാശത്തുനിന്നു നാം വെള്ളം ചൊരിയുകയും അതുവഴി വിശിഷ്ടമായ സസ്യയുഗ്മങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്തു'' (31:10)


