ശുചിത്വം

ഡോ. ഹുസൈന്‍ രണ്ടത്താണി

 

'അല്ലാഹു പശ്ചാത്തപിക്കുന്നവരെ സ്‌നേഹിക്കുന്നു. ശുചിത്വം പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.' 2/ 222

പ്രാര്‍ഥിക്കാനും അതുവഴി ശരീരത്തിന്റെയും മനസ്സിന്റെയും വിശുദ്ധി നിലനിറുത്താനും ഖുര്‍ആന്‍ അടിക്കടി ഓര്‍മപ്പെടുത്തുന്നു. പ്രഭാതപ്രാര്‍ഥനക്ക് മുമ്പു തന്നെ വൃത്തി ഉറപ്പുവരുത്തണം. ഓരോ പ്രാര്‍ഥനക്കു മുമ്പും ശരീരമോ

ശരീരാവയവങ്ങളോ വൃത്തിയാക്കിക്കൊണ്ടിരിക്കണം (5/ 6). മൃതശരീരത്തെ സ്പര്‍ശിക്കുക, പകര്‍ചവ്യാധികളുണ്ടാവുക, മലമൂത്രവിസര്‍ജനം നടത്തുക, ആര്‍ത്തവമുണ്ടാവുക, പ്രസവിക്കുക തുടങ്ങിയ വേളയിലൊക്കെ മനുഷ്യന്‍ അശുദ്ധനാണ്. ഇതിന് പരിഹാരം വെള്ളമുപയോഗിച്ച് കഴുകലാണ്. ചില അശുദ്ധികള്‍ വൃത്തിയാവാന്‍ കുളിക്കുക തന്നെ വേണം. ശവശരീരങ്ങള്‍ അശുദ്ധിയുള്ളതായതുകൊണ്ട് അവ കുഴിച്ചുമൂടണം. ശരീരത്തില്‍നിന്ന് നീക്കുന്ന മുടി, നഖം എന്നിവയ്ക്കും ഇത് ബാധകമാണ്. ഇവയൊക്കെ മാലിന്യങ്ങളാണ്. വിസര്‍ജ്യങ്ങള്‍ ഖുര്‍ആന്‍ പ്രകാരം അശുദ്ധിയാണ്. ഇവയൊന്നും പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കരുത്. വഴിയിലും ഫലവൃക്ഷങ്ങളുടെ ചോട്ടിലും, കെട്ടിനില്ക്കുന്ന വെള്ളത്തിലും മലമൂത്ര വിസര്‍ജനം നടത്തുന്നത് പ്രവാചകന്‍ പ്രത്യേകം തന്നെ നിരോധിച്ചു.

വൃത്തിയാക്കാന്‍ മാലിന്യമൊന്നും കലരാത്ത വൃത്തിയുള്ള വെള്ളം വേണം. വെള്ളം കിട്ടാനില്ലെങ്കില്‍ വൃത്തിയുള്ള മണ്ണ് ഉപയോഗിച്ച് തടവണം.(5/ 6). ഭക്ഷണം കഴിക്കുമ്പോള്‍ വായും കൈയും വൃത്തിയാക്കണമെന്ന് പ്രവാചകന്‍ നിദേശിക്കുന്നു. ഭക്ഷണം കഴിച്ചാലും അങ്ങനെ ചെയ്യണം. പല്ല് വൃത്തിയാക്കാത്തതുമൂലം വായ് നാറ്റം വരുന്നുണ്ടെങ്കില്‍ അനുഗ്രഹത്തിന്റെ മാലാഖമാര്‍ അവനെ സമീപിക്കില്ലെന്നും തന്റെ സമുദായത്തിന് ബുദ്ധിമുട്ടില്ലെങ്കില്‍ അഞ്ച് നേരവും ബ്രഷ് ചെയ്യണമെന്ന് ഞാന്‍ നിര്‍ബന്ധിക്കുമായിരുന്നെന്നും പ്രവാചകന്‍ പറഞ്ഞു. മതമെന്നാല്‍ വൃത്തിയാണ്. അതുകൊണ്ട് മുസ്‌ലീങ്ങള്‍ വൃത്തി പാലിക്കണമെന്ന് നബി നിര്‍ദേശിച്ചു. വൃത്തിയോടുകൂടിയല്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല.

'നിന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക, അഴുക്കുകളില്‍ നിന്ന് അകന്നുനില്ക്കുക.' (74/ 4, 5). ഉറക്കത്തില്‍നിന്നെണീക്കുന്നവന്‍ കൈ കഴുകാതെയും ബ്രഷ് ചെയ്യാതെയും ഭക്ഷണം തൊടാനേ പാടില്ലെന്ന് നബി പറയുന്നു. ഭക്ഷണസാധനങ്ങളും വെള്ളപ്പാത്രവും മൂടിവയ്ക്കണമെന്നും നിര്‍ദേശിച്ചു. ഭക്ഷണത്തില്‍ ഊതുന്നത് നിരോധിച്ചു. ഭക്ഷണത്തിന്റെ അമിത വ്യയം മൂലം മാലിന്യം പെരുകുന്നു. മാലിന്യമാണ് പലപ്പോഴും വൃത്തിയില്ലായ്മയ്ക്ക് കാരണം. അതുകൊണ്ടുകൂടി അമിത വ്യയത്തെ ഖുര്‍ആന്‍ വിരോധിക്കുന്നു. 6/ 141 'അമിത വ്യയം ചെയ്യുന്നവന്‍ ചെകുത്താന്റെ സഹോദരനാണ്.' 17/ 27. മാലിന്യങ്ങള്‍ അശുദ്ധിയാണ്. അത് പോലെ പട്ടി, പന്നി തുടങ്ങിയ ചില മൃഗങ്ങളും. പട്ടിയുടെ ഉമിനീര് അപകടകാരിയായതിനാല്‍ പട്ടി തൊട്ട വസ്തുക്കള്‍ വൃത്തിയായിക്കിട്ടാന്‍ ഏഴ് പ്രാവശ്യം കഴുകണം. അതില്‍ ഒരു പ്രാവശ്യംം മണ്ണ്ുകൊണ്ടും കഴുകണം. പരിസരം അടിച്ചുവാരി വൃത്തിയാക്കണമെന്നും തന്റെ വീട്ടുമുറ്റത്തെ മാലിന്യങ്ങള്‍ അപരന്റെ തൊടിയിലേക്കെറിയരുതെന്നും പ്രവാചകന്‍ ഉപദേശിക്കുന്നു. 'വൃത്തിയില്ലാത്ത വീടുകളില്‍ കാരുണ്യം കടന്നുവരില്ല.'
SocialTwist Tell-a-Friend