നോമ്പ്കള്ളനും കിട്ടാത്ത പത്തിരിയും
സിറാജ് കാസിം

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാന്‍വാസിലാണ് ഓര്‍മകള്‍ തുടങ്ങുന്നത്. രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് മുമ്പുള്ള കാലം. വി.എം. കുട്ടിക്ക് അന്ന് ഏഴുവയസ്സ്. ഓത്തുപള്ളിയിലെ കൂട്ടുകാരോട് നോമ്പുനോറ്റെന്ന് ഊറ്റംപറയുന്ന കാലം. നോമ്പുകാരനാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ചില സൂത്രവിദ്യകളുമുണ്ട്. ഓതുന്നതിനിടയില്‍ പലവട്ടം പുറത്തുപോയി ഉമിനീര്‍ തുപ്പിക്കളയും. ഉമിനീര്‍ ഇറക്കിയാല്‍ നോമ്പുമുറിഞ്ഞുപോകുമെന്ന വിശ്വാസമായിരുന്നു കുട്ടികളുടെ ഇടയിലുണ്ടായിരുന്നത്. ഓത്തുപള്ളിയില്‍ ഒരു തുപ്പല്‍മത്സരം തന്നെ അരങ്ങേറുമായിരുന്നു. മദ്രസ വിടാറാകുമ്പോഴേക്ക് മുറ്റം ഒരു തുപ്പല്‍ക്കുളമായി മാറിയിട്ടുണ്ടാവും. ഉച്ചവരെ നോമ്പുകാരനായിരുന്നാലും അടുപ്പത്തുനിന്ന് ഇറച്ചിക്കറിയുടെ മണം പൊങ്ങുമ്പോള്‍ വായില്‍ വെള്ളമൂറും. പിന്നെ പരവശത അഭിനയിച്ച് അടുക്കളയില്‍ പലകയിട്ട് ഒരു ഇരുത്തമുണ്ട്. ഉടനെ ഉമ്മാമയ്ക്ക് കാര്യം മനസ്സിലാവും. ''ഓന് രണ്ട് പത്തിരിയും ഇറച്ചിക്കഷണവും കൊടുത്തേക്ക്''. ഇതുകേള്‍ക്കുമ്പോഴേക്ക് മൂത്ത പെങ്ങള്‍ കുഞ്ഞാള്‍ക്ക് കലികയറും. അവള്‍ പറയും. ''ഓന്‍ നോമ്പുകള്ളനാ... ഓന്റെ ഒരു മാഞ്ഞാളം...''. എന്നാലും ഉമ്മാമ വി.എം. കുട്ടിക്ക് ഇറച്ചിയും പത്തിരിയും വിളമ്പിക്കൊടുക്കും.
പൂമുഖത്തെ ചാരുകസേരയില്‍ കിടന്ന് വി.എം. കുട്ടി നോമ്പുകാലത്തിന്റെ ഓര്‍മകള്‍ മൂളിത്തുടങ്ങുമ്പോള്‍ പേരമക്കളായ സിതാരയും ഖന്‍സും അദിലയും അമനുമൊക്കെ ഉപ്പാപ്പയുടെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു. ''ഇവിടെ ഞാനും ഭാര്യ സുല്‍ഫത്തും മാത്രമേയുള്ളൂ. മക്കളില്‍ ചിലര്‍ വിദേശത്താണ്. നോമ്പിനാണ് എല്ലാവരും ഇങ്ങനെ ഒത്തുകൂടുന്നത്. പേരമക്കളുടെ ചിരികളികളില്‍ വീടുണരുന്ന കാലം. റംസാന്റെ ഏറ്റവും വലിയ സന്തോഷവും ഈ കുടുംബസംഗമം തന്നെയാണ്...'' വി.എം. കുട്ടി പറഞ്ഞുതീരുന്നതിനുമുമ്പ് മകന്‍ മുബാറക്കും ഭാര്യ ജുമൈലയും മകള്‍ കുഞ്ഞുമോളും മരുമകന്‍ മുഹമ്മദ്കുട്ടിയും മൂത്ത മരുമകള്‍ സുബൈദയുമൊക്കെ വീട്ടിലേക്ക് വന്നുകയറിയിരുന്നു.
ഒരായിരം പാട്ടുകള്‍ ഉണരുന്ന കാലംകൂടിയാണ് വി.എം. കുട്ടിക്ക് ഓരോ റംസാനും. മക്കത്തുദിച്ച നബി, മക്കാ മരുഭൂവിലൊരു പൂങ്കാറ്റടിച്ചു, തൗബയ്ക്ക് വേണ്ടി കരം നീട്ടും പാപി ഞാന്‍.... തുടങ്ങി എത്രയോ പാട്ടുകളാണ് ഓരോ റംസാനിലും വി.എം. കുട്ടിയുടെ മധുരശബ്ദത്തില്‍ കേട്ടിട്ടുള്ളത്. ''ഒരു റംസാന്‍ കാലത്ത് ജിദ്ദയില്‍ ഇന്ത്യന്‍ എംബസി സ്‌കൂളിന്റെ ധനശേഖരണാര്‍ഥം ഒരാഴ്ച തുടര്‍ച്ചയായി പരിപാടി നടത്തിയിരുന്നു. ഞാനും വിളയില്‍ വത്സലയുമടക്കമുള്ള ഗായകര്‍ ഏഴുദിവസം കൊണ്ട് ആയിരത്തോളം പാട്ടുകളാണ് അന്നുപാടിയത്. ജീവിതത്തില്‍ അതുപോലെ തുടര്‍ച്ചയായി മറ്റൊരിക്കലും ഞാന്‍ പാടിയിട്ടില്ല....'' റംസാനിലെ പാട്ടുകള്‍ ഉണരുമ്പോള്‍ വി.എം. കുട്ടി ഓര്‍മകള്‍ക്ക് താളംപിടിച്ചു.66 വര്‍ഷം മുമ്പുള്ള ഒരു നോമ്പുകാലമാണ് വി.എം. കുട്ടിയുടെ മനസ്സില്‍ ഒരുകാലത്തും വാടാത്ത നോമ്പ് ഓര്‍മയായി വിടര്‍ന്നുനില്‍ക്കുന്നത്. ''ദാരിദ്ര്യത്തിന്റെയും വറുതിയുടെയും കാലഘട്ടമായിരുന്നു അത്. ഞങ്ങള്‍ കര്‍ഷകകുടുംബമായതുകൊണ്ട് നോമ്പുകാലത്ത് വീട്ടില്‍ പത്തിരിയും ഇറച്ചിക്കറിയും ഉണ്ടാക്കും. ദിവസവും അഞ്ചാറുപേരെങ്കിലും വീട്ടില്‍ നോമ്പുതുറക്കാനുണ്ടാവും. അവര്‍ക്ക് ഭക്ഷണം കരുതണമെന്ന് ബാപ്പ എപ്പോഴും പറയുമായിരുന്നു. ഒരുദിവസം ആറുപേര്‍ വന്ന് നോമ്പുതുറന്നുകൊണ്ടിരിക്കെ ഒരു വൃദ്ധനും കുട്ടിയുംകൂടി വീട്ടിലേക്ക് കടന്നുവന്നു. വീട്ടില്‍ പരിമിതമായ വിഭവങ്ങള്‍ മാത്രം. എന്നാലും ഉള്ളത് അവര്‍ക്ക് കൊടുക്കാന്‍ ബാപ്പ പറഞ്ഞു. വൃദ്ധനൊപ്പം വന്ന കുട്ടിയാണെങ്കില്‍ എത്ര പത്തിരി തിന്നിട്ടും മതിവരാതെ പിന്നെയും പിന്നെയും ചോദിച്ചുകൊണ്ടിരിക്കുന്നു. ഒടുവില്‍ എനിക്ക് കരുതിവെച്ച പത്തിരികൂടി ഉമ്മ അവന് കൊടുത്തു. പത്തിരി കിട്ടില്ലെന്ന് മനസ്സിലായതോടെ ഞാന്‍ കരയാന്‍ തുടങ്ങി. വിശപ്പ് സഹിക്കാനായില്ല. കരച്ചില്‍ ഉച്ചത്തിലായപ്പോള്‍ ഇത്താത്ത വന്ന് വായപൊത്തി....'' ഓര്‍മകള്‍ വാചാലമാകവേ വി.എം. കുട്ടിയുടെ കൈകള്‍ അറിയാതെ വായ പൊത്തി...


