കരാക്കസ്: പ്രസിഡന്റ് നിക്കൊളാസ് മഡുറോ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് വെനസ്വേലയില്‍ പ്രക്ഷോഭപരമ്പര. ബുധനാഴ്ച നടന്ന പ്രകടനത്തിനിടെ കരാക്കസില്‍ പതിനേഴുവയസ്സുള്ള വിദ്യാര്‍ഥിയെയും സാന്‍ ക്രിസ്റ്റോബലില്‍ 23 വയസ്സുള്ള സ്ത്രീയെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്നു. കരാക്കസില്‍ പ്രക്ഷോഭകരുടെ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനും മരിച്ചു.

ഭക്ഷ്യക്ഷാമം പരിഹരിക്കുക, തിരഞ്ഞെടുപ്പ് നേരത്തെയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രാജ്യത്തുടനീളം പ്രകടനങ്ങള്‍ നടന്നത്. മഡുറോയെ പിന്തുണയ്ക്കുന്നവരും റാലി നടത്തി. പ്രകടനങ്ങള്‍ക്കിടെ ബേക്കറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കൊള്ളയടിച്ചു.

മഡുറോയുടെ അടിച്ചമര്‍ത്തല്‍കൊണ്ട് പിന്‍വാങ്ങില്ലെന്നും ഇനിയും പ്രതിഷേധിക്കുമെന്നും പ്രതിപക്ഷനേതാവ് ഹെന്റിക് കാപ്രിലെസ് പറഞ്ഞു.

ലോകത്ത് ഏറ്റവുമധികം എണ്ണനിക്ഷേപമുള്ള രാജ്യമായ വെനസ്വേല, കുറച്ചുവര്‍ഷങ്ങളായി പണപ്പെരുപ്പത്തിന്റെ ദുരിതം അനുഭവിക്കുകയാണ്. അധികാരത്തില്‍ തുടരാനും കാപ്രിലെസിനെ വിലക്കാനുമുള്ള മഡുറോയുടെ ശ്രമമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കുകാരണം. അടുത്തിടെ നടന്ന സര്‍വേയനുസരിച്ച് പത്തില്‍ ഏഴ് വെനസ്വേലക്കാരും മഡുറോ തുടരുന്നതിനെ അനുകൂലിക്കുന്നില്ല. ഡിസംബറില്‍ നടക്കേണ്ട പ്രാദേശിക തിരഞ്ഞെടുപ്പ് അദ്ദേഹം അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍, പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉടന്‍ നടത്താമെന്ന് ബുധനാഴ്ച അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷമാണ് ഇതു നടക്കേണ്ടത്.
 

ട്രംപിന് വെനസ്വേലയുടെ സംഭാവന


വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിനായി വെനസ്വേലന്‍ കമ്പനി അഞ്ചുലക്ഷം ഡോളര്‍ (3.2 കോടി രൂപ) സംഭാവന നല്‍കി. സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയുടെ യു.എസ്. ആസ്ഥാനമായുള്ള ഉപകമ്പനിയായ സിറ്റ്‌ഗോ പെട്രോളിയമാണ് പണം നല്‍കിയത്. യു.എസിലെ തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇതിന്റെ രേഖ പുറത്തുവിട്ടത്. പെപ്‌സി (2.5 ലക്ഷം ഡോളര്‍), വോള്‍മാര്‍ട്ട് (1.5 ലക്ഷം ഡോളര്‍) എന്നിവയും സംഭാവന നല്‍കിയ കമ്പനികളില്‍ ഉള്‍പ്പെടുന്നു. ചൂതാട്ടകേന്ദ്രത്തിന്റെ ഉടമയും കോടീശ്വരനുമായ ഷെല്‍ഡണ്‍ ആന്‍ഡേഴ്‌സണ്‍ 50 ലക്ഷം ഡോളറാണ് (32 കോടി രൂപ) നല്‍കിയത്.