വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഏഷ്യാ സന്ദര്‍ശനം നവംബര്‍ മൂന്നുമുതല്‍ പതിനൊന്നുവരെ നടക്കും. ജപ്പാന്‍, ദക്ഷിണകൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുക.
 
വിയറ്റ്‌നാമില്‍ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ ഫോറം, ഫിലിപ്പീന്‍സില്‍ നടക്കുന്ന ആസിയാന്‍ സമ്മേളനം എന്നിവയില്‍ ഇദ്ദേഹം പങ്കെടുക്കും.

ട്രംപിന്റെ സന്ദര്‍ശനത്തിനുമുന്നോടിയായി യു.എസ്. വിദേശകാര്യസെക്രട്ടറി റെക്‌സ് ടിലേഴ്‌സണ്‍ ചൈനയിലെത്തി ഉന്നത നയതന്ത്രജ്ഞരുമായി ചര്‍ച്ച നടത്തി. ട്രംപിന്റെ സന്ദര്‍ശനത്തിന് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനൊപ്പം ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങള്‍ തടയുന്നതിന് ചൈനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുക എന്നതുകൂടിയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
 
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജിയേച്ചി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ട്രംപിന്റെ സന്ദര്‍ശനം യു.എസ്.-ചൈന ബന്ധത്തില്‍ സുപ്രധാനമായിരിക്കുമെന്ന് ജിയേച്ചി പറഞ്ഞു.

ആസിയാന്‍സമ്മേളനത്തില്‍ ട്രംപ് പങ്കെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടിനെ പിന്തുണയ്ക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ട്രംപിന് വൈമനസ്യമുണ്ടായിരുന്നു.
 
എന്നാല്‍, യു.എന്‍. പൊതുസഭാ സമ്മേളനത്തിനെത്തിയ ഏഷ്യന്‍നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ് ട്രംപ് മനസ്സുമാറ്റിയത്. അടുത്തിടെ യു.എസ്. ബന്ധത്തെ തള്ളിപ്പറഞ്ഞ് ഡ്യൂട്ടര്‍ട്ട് ചൈനയുമായി കൂടുതല്‍ അടുക്കാന്‍ശ്രമിച്ചിരുന്നു.