കൊളംബോ: സര്‍ക്കാരിനുനേരേയുള്ള വംശഹത്യാ ആരോപണത്തെ പിന്തുണയ്ക്കുന്നതിന് എല്‍.ടി.ടി.ഇ. അനുഭാവമുള്ള തമിഴരെ ശ്രീലങ്ക കുറ്റപ്പെടുത്തി. മുപ്പതാണ്ടുനീണ്ട ആഭ്യന്തരയുദ്ധം അവസാനിച്ചതിന്റെ എട്ടാംവാര്‍ഷികം ആഘോഷിക്കാനൊരുങ്ങവേയാണ് സര്‍ക്കാര്‍ തമിഴ്വംശജരില്‍ ഒരുവിഭാഗത്തിനുനേരേ ആരോപണവുമായെത്തിയത്.

തമിഴരുടെ കൂട്ടക്കൊലയുടെ അനുസ്മരണം എന്നപേരില്‍ ഒരാഴ്ചനീളുന്ന പരിപാടിക്ക് തമിഴ് വംശജര്‍ വെള്ളിയാഴ്ച തുടക്കമിട്ടിരുന്നു. '2009-ല്‍ ഒരുലക്ഷത്തിലേറെ തമിഴരെ വശംഹത്യചെയ്തത് അനുസ്മരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു' എന്ന് വടക്കന്‍ പ്രവിശ്യയിലെ കൗണ്‍സിലര്‍മാരില്‍ ഒരാളും തമിഴ് പ്രതിനിധിയുമായ എം.കെ. ശിവാജിലിംഗം പറയുകയുണ്ടായി. 'വംശഹത്യയില്‍ അന്താരാഷ്ട്ര അന്വേഷണം ആവശ്യമുണ്ടെ'ന്നും അദ്ദേഹം പറഞ്ഞു.

വംശഹത്യാ ആരോപണം ശ്രീലങ്കന്‍ പ്രതിരോധവകുപ്പ് ഡെപ്യൂട്ടി മന്ത്രി റുവാന്‍ വിജേവര്‍ധനെ തള്ളി. എല്‍.ടി.ടി.ഇ. അനുഭാവമുള്ള തമിഴ്വംശജരുടെ ആരോപണമാണ് ശിവാജിലിംഗം ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യാജപ്രചാരണത്തിനെതിരേ ഒരുമിക്കാന്‍ തമിഴ് വംശജരോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

2009 മേയില്‍ അവസാനിച്ച ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ അന്ത്യകാലത്ത് എല്‍.ടി.ടി.ഇ.യും സര്‍ക്കാരും ഗുരുതരമായ മനുഷ്യാവകാശലംഘനം നടത്തിയെന്ന് ആരോപണമുണ്ട്.