ഒട്ടാവ: മഞ്ഞുരുകി നദികള്‍ നിറയുമെന്ന പാഠങ്ങള്‍ക്ക് ഒരു തിരുത്തുവരികയാണ് കാനഡയില്‍നിന്ന്. ഇവിടെ മഞ്ഞുപാളി പതിവിലുമധികം ഉരുകിയൊലിച്ചതിന്റെ ഫലമായി ഒരു നദി വറ്റിപ്പോയി. ബെറിങ് കടലില്‍ പതിച്ചിരുന്ന സ്ലിംസ് നദിയാണ് ദിവസങ്ങള്‍കൊണ്ട് കാലിമേയുന്ന മണല്‍പ്പരപ്പായി മാറിയത്.

'റിവര്‍ പൈറസി' എന്ന് ശാസ്ത്രലോകം വിളിക്കുന്ന ഈ പ്രതിഭാസം നൂറ്റാണ്ടുകള്‍കൊണ്ട് സംഭവിക്കുന്നതാണ്. എന്നാല്‍, യുകോണിലെ സ്ലിംസ് നദിയുടെ കാര്യത്തില്‍ ഇതിന് നാലുദിവസമേ എടുത്തുള്ളൂ. ആധുനികകാലത്തെ ആദ്യ നദീചോരണമാണിതെന്ന് നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. അമേരിക്കയിലെയും കാനഡയിലെയും സര്‍വകലാശാലകളിലെ ഏഴുഗവേഷകരാണ് ഇതുപഠിച്ചത്.

സ്ലിംസ് നദിയെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ വേനലില്‍ ഇവര്‍ യുകോണിലെത്തിയിരുന്നു. അന്ന് നദി നൂല്‍പ്പുഴപോലെ ഒഴുകിയിരുന്നു. വലിയ ഹിമാനി ഉരുകി പലനദികളെ പോഷിപ്പിക്കുന്നതായും മനസ്സിലാക്കി. ഹിമാനിയില്‍നിന്ന് ഉറവെടുക്കുന്ന അരുവികള്‍ സ്ലിംസ്, കാസ്‌കവല്‍ഷ് എന്നീ രണ്ട് വലിയ നദികളിലേക്കാണ് എത്തിയിരുന്നത്. പിന്നീട് സ്ലിംസിലേക്കുള്ള അരുവി ഇവിടേക്കെത്താതായി. ഇതും കാസ്‌കവല്‍ഷിലേക്ക് ഒഴുകി.
 
നദീചോരണം അഥവാ അരുവി പിടിച്ചെടുക്കല്‍ എന്ന ഈ പ്രതിഭാസം നൂറ്റാണ്ടുകളെടുത്താണ് സംഭവിക്കാറ്. സ്ലിംസിന് ഇത് സംഭവിക്കാനുള്ള കാരണം കാലാവസ്ഥാവ്യതിയാനമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡാന്‍ ഷുഗര്‍ പറഞ്ഞു.