കൂടുതലന്വേഷണത്തിന് ഉത്തരവ്


ഇസ്ലാമാബാദ്: പാനമ രേഖകളുമായി ബന്ധപ്പെട്ട് നവാസ് ഷെരീഫിനെ പ്രധാനമന്ത്രിപദത്തില്‍ നിന്ന് നീക്കാനാവശ്യമായ തെളിവില്ലെന്ന് പാകിസ്താന്‍ സുപ്രീംകോടതി വിധിച്ചു. ഇദ്ദേഹത്തിന്റെ പണമിടപാടുകളെക്കുറിച്ച് കൂടുതലന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു.

2015-ല്‍ പുറത്തുവന്ന പാനമ രേഖകളനുസരിച്ച്, ഷെരീഫിന്റെ മൂന്നു മക്കള്‍ക്ക് വിദേശനിക്ഷേപമുണ്ട്. ഇതേത്തുടര്‍ന്നാണ് ഷെരീഫിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. പ്രതിപക്ഷനേതാവ് ഇമ്രാന്‍ ഖാന്‍ വന്‍ പ്രക്ഷോഭത്തിന് സന്നാഹമൊരുക്കിയപ്പോഴായിരുന്നു ഇത്.

ഷെരീഫിന്റെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന വിധിയാകും വ്യാഴാഴ്ച വരിക എന്ന ആശങ്കയെത്തുടര്‍ന്ന് കനത്തസുരക്ഷയാണ് ഇസ്ലാമാബാദിലെ കോടതി പരിസരത്ത് ഒരുക്കിയിരുന്നത്. 1500 പോലീസുകാരെ വിന്യസിച്ചു. 'നവാസ് പുറത്തുപോകൂ' എന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധക്കാര്‍ കോടതിക്കടുത്ത് നിലയുറപ്പിച്ചിരുന്നു. വിധിയെക്കുറിച്ചുള്ള ആശങ്ക ഓഹരിവിപണിയെയും ബാധിച്ചു.

വിധി ഷെരീഫിന്റെ രാഷ്ട്രീയവിജയമാണെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ അവകാശപ്പെട്ടു. പുതിയ അന്വേഷണം പൂര്‍ത്തിയാകുംവരെ ഇദ്ദേഹത്തിന് പ്രധാനമന്ത്രിപദം ഒഴിയേണ്ടതില്ല. സുപ്രീംകോടതിയിലെ അഞ്ച് ജഡ്ജിമാരില്‍ രണ്ടുപേര്‍ ഷെരീഫിനെ അയോഗ്യനാക്കണമെന്ന് വിധിയെഴുതിയപ്പോള്‍ മൂന്നുപേര്‍ കൂടുതലന്വേഷണം ആവശ്യമാണെന്ന് വിധിച്ചു. അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കുംവരെ വിഷയം സജീവമായി നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയും.

പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സെക എന്ന നിയമസ്ഥാപനം വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ വിദേശത്ത് വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. ഈ ഇടപാടുകളിലേറെയും നിയമവിരുദ്ധമാണെന്നതാണ് പാനമ രേഖകളില്‍ പേരുള്ളവരെ സംശയത്തിന്റെ നിഴലിലാക്കുന്നത്. തങ്ങളുടെ ഇടപാടുകള്‍ നിയമാനുസൃതമാണെന്നാണ് ഷെരീഫിന്റെയും കുടുംബത്തിന്റെയും വാദം. രാഷ്ട്രീയത്തില്‍ ഷെരീഫിന്റെ പിന്‍ഗാമിയായി കരുതപ്പെടുന്നയാളാണ് മറിയം.