ഇസ്‌ലാമാബാദ്: പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് പൊതുതിരഞ്ഞെുപ്പിൽ മത്സരിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജൂൺ 13-ന് കോടതിയിൽ ഹാജരാകണമെന്ന ഉപാധിയോടെ മുഷറഫിനെ മത്സരിക്കാൻ അനുവദിച്ചുകൊണ്ട് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ചിത്രാൽ മണ്ഡലത്തിൽനിന്ന്‌ മുഷറഫ് നാമനിർദേശപത്രിക സമർപ്പിക്കുകയുംചെയ്തു. എന്നാൽ, മുൻ സൈനികമേധാവികൂടിയായ മുഷറഫ് ആ ദിവസം കോടതിയിലെത്തിയില്ല.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കുമുമ്പായി പാകിസ്താനിലെത്തിയില്ലെങ്കിൽ മുഷറഫിന്റെ അഭാവത്തിൽ വിധിപറയുമെന്നും സുപ്രീംകോടതി മുന്നറിയിപ്പുനൽകി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള 2013-ലെ പെഷാവാർ ഹൈക്കോടതിവിധി ചോദ്യംചെയ്ത് മുഷറഫ് ഹർജി സമർപ്പിച്ചിരുന്നു. ഹർജി പരിഗണിക്കവേയാണ് ഉപാധികളോടെ മത്സരിക്കാൻ സുപ്രീംകോടതി മുഷറഫിന് അനുമതി നൽകിയത്. വിചാരണവേളയിലും മുഷറഫ് കോടതിയിൽ ഹാജരായിരുന്നില്ല.

അതേസമയം, പാകിസ്താനിലേക്ക് വരാൻ മുഷറഫിന് സമയമനുവദിക്കണമെന്നും അനാരോഗ്യം കാരണം പെട്ടെന്ന് വരാൻസാധിക്കില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിചാരണ അനിശ്ചിതകാലത്തേക്ക് നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂലായ്‌ 25-നാണ് പാകിസ്താനിൽ പൊതുതിരഞ്ഞെടുപ്പ്.