കേപ് കനവെറല്‍: ചെറിച്ചുവപ്പ് നിറമുള്ള കാറിനെ ചൊവ്വയ്ക്കടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ച് ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് കന്നിവിക്ഷേപണം വിജയകരമാക്കി.

സ്‌പെയ്‌സ് എക്‌സ് കമ്പനിയുടെ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റാണ് ബഹിരാകാശയാത്രയില്‍ പുതിയ ചരിത്രം കുറിച്ചത്.

നാല്‍പ്പതാണ്ടു മുമ്പ് ചന്ദ്രനിലേക്ക് മനുഷ്യനുമായി നാസയുടെ റോക്കറ്റുകള്‍ ഉയര്‍ന്നുപൊങ്ങിയ കേപ് കനവെറലിലെ വിക്ഷേപണത്തറയില്‍നിന്ന് ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ടേകാലിനാണ് ഫാല്‍ക്കണ്‍ ഹെവി കുതിച്ചത്.

പ്രതീക്ഷിച്ചപോലെ ദൗത്യം വിജയിച്ചെന്ന് സ്‌പെയ്‌സ് എക്‌സ് കമ്പനിയുടെ സ്ഥാപകന്‍ എലണ്‍ മസ്‌ക് പറഞ്ഞു.


സ്‌പെയ്‌സ് ഓഡിറ്റി പാടി യാത്ര

മസ്‌കിന്റെ ചെറിച്ചുവപ്പ് നിറമുള്ള ടെസ്ല റോഡ്സ്റ്റര്‍ കാറുമായാണ് ഫാല്‍ക്കണ്‍ ഹെവി പോയത്. ബഹിരാകാശയാത്രികര്‍ ധരിക്കുന്ന വേഷമിട്ട ബൊമ്മയാണ് ഡ്രൈവിങ് സീറ്റില്‍. 'സ്റ്റാര്‍മാന്‍' എന്നാണ് ബൊമ്മയ്ക്ക് പേര്. ബഹിരാകാശ പേടകങ്ങളൊന്നും റോക്കറ്റിലില്ല.

അന്തരിച്ച ഇംഗ്ലീഷ് ഗായകന്‍ ഡേവിഡ് ബോവിയുടെ 'സ്‌പെയ്‌സ് ഓഡിറ്റി'യെന്ന ഗാനം പിന്നണിയില്‍ കേള്‍പ്പിച്ചുകൊണ്ടാണ് മസ്‌കിന്റെ കാര്‍ ഫാല്‍ക്കണ്‍ ഹെവിയിലേറി പറന്നത്. കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ 'പരിഭ്രമിക്കരുത്' (ഡോണ്ട് പാനിക്) എന്ന് എഴുതിവെച്ചിട്ടുണ്ട്.

ശാസ്ത്രസാഹിത്യകാരന്‍ ഐസക് അസിമോവിന്റെ 'ഫൗണ്ടേഷന്‍ ട്രിലെജി' എന്നറിയപ്പെടുന്ന പുസ്തകത്രയവും, സ്‌പെയ്‌സ്എക്‌സിലെ 6000 ജീവനക്കാരുടെ പേരെഴുതിയ ഫലകവും കാറിലുണ്ട്.

കാറും സ്റ്റാര്‍മാനും ഭൂമിയുടെ ഭ്രമണപഥം കടന്ന് ചൊവ്വയോടടുത്ത സൂര്യഭ്രമണപഥത്തിലെത്തിയിട്ടുണ്ടെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു. അണുപ്രസരണം കൂടിയ വാന്‍ അലന്‍ മേഖലയിലൂടെ അഞ്ചു മണിക്കൂര്‍ സഞ്ചരിച്ചശേഷമാണ് കാര്‍ ബഹിരാകാശയാത്ര തുടങ്ങിയത്.

യാത്ര ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍ തുടരും. ഭൂമിയില്‍നിന്ന് 40 കോടി കിലോമീറ്റര്‍ അകലേക്ക് വാഹനം പോകും. 'ഭാവിയിലെ ഏതെങ്കിലും ബഹിരാകാശജീവിവര്‍ഗം കാര്‍ കണ്ടേക്കു'മെന്ന് മസ്‌ക് പറഞ്ഞു. 'അവര്‍ എന്തു ചെയ്യും? ഈ കാറിനെ ആരാധിക്കുമോ?' മസ്‌ക് വാര്‍ത്താലേഖകരോട് ചോദിച്ചു.

പുനരുപയോഗിക്കാവുന്ന റോക്കറ്റാണ് ഫാല്‍ക്കണ്‍ ഹെവി. ഭൂമിയില്‍നിന്നുയര്‍ന്ന് രണ്ടുമിനിറ്റ് പിന്നിട്ടപ്പോള്‍ ഫാല്‍ക്കണ്‍ ഹെവിയുടെ വശങ്ങളിലുണ്ടായിരുന്ന ബൂസ്റ്ററുകള്‍ അതില്‍നിന്ന് വേര്‍പെട്ട് ഒരുമിച്ച് ഭൂമിയില്‍ തിരിച്ചിറങ്ങി.

നടുക്കുണ്ടായിരുന്നത് കടലില്‍ ഇറങ്ങുമെന്നാണ് കരുതിയിരുന്നത്. റോക്കറ്റിനെ ചലിപ്പിക്കുന്ന രാസപദാര്‍ഥമായ പ്രൊപ്പല്ലന്റ് ആവശ്യത്തിനില്ലാഞ്ഞതിനാല്‍ നിര്‍ദിഷ്ടസ്ഥാനത്തിന് 100 മീറ്റര്‍ അകലെ ഇത് കടലില്‍ വീണുവെന്ന് മസ്‌ക് പറഞ്ഞു.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നാസയുടെ ആക്ടിങ് അഡ്മിനിസ്‌ട്രേറ്റര്‍ റോബര്‍ട്ട് ലൈറ്റ്ഫൂട്ട് സ്‌പെയ്‌സ് എക്‌സിനെ അനുമോദിച്ചു. വീണ്ടും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ചാന്ദ്രയാത്രയ്ക്ക് ഫാല്‍ക്കണ്‍ ഹെവിയെ നാസ ആശ്രയിച്ചേക്കുമെന്ന് കരുതുന്നു.


സ്‌പെയ്‌സ്എക്‌സ്: മസ്‌കിന്റെ സ്വപ്‌നം

ദക്ഷിണാഫ്രിക്കയില്‍ ജനിച്ച കനേഡിയന്‍ അമേരിക്കന്‍ വംശജനായ ബിസിനസുകരാന്‍ എലണ്‍ റീവ് മസ്‌കിന്റെ കമ്പനിയാണ് സ്‌പെയ്‌സ്എക്‌സ്. സ്‌പെയ്‌സ് എക്‌സ്‌പ്ലൊറേഷന്‍ ടെക്‌നോളജീസ് കോര്‍പ്പറേഷന്‍ എന്നാണ് കമ്പനിയുടെ മുഴുവന്‍ പേര്. കാലിഫോര്‍ണിയയിലെ ഹോത്രോണ്‍ ആണ് ആസ്ഥാനം. ടെസ്ല, പേപാല്‍ തുടങ്ങിയവയും മസ്‌കിന്റെ സംരംഭങ്ങളാണ്.
 
 
ഫാല്‍ക്കണ്‍ ഹെവി

നീളം 70 മീറ്റര്‍

64 ടണ്‍ ഭാരം വഹിക്കാന്‍ ശേഷി

എന്‍ജിനുകള്‍ 27

ചെലവ് ഓരോ വിക്ഷേപണത്തിനും ഒമ്പതുകോടി ഡോളര്‍ (578 കോടി രൂപ)

ഒറ്റ റോക്കറ്റല്ല ഫാല്‍ക്കണ്‍ ഹെവി. മൂന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റുകള്‍ ചേര്‍ത്തുവെച്ചതാണിത്.

ഫാല്‍ക്കണ്‍ ഹെവിയെക്കാള്‍ കരുത്തുറ്റ റോക്കറ്റ് മുമ്പ് നിര്‍മിച്ചിട്ടുണ്ട്. നാസയുടെ സാറ്റേണ്‍ അഞ്ച്, റഷ്യയുടെ എനര്‍ജി എന്നിവയ്ക്ക് ഇതിലും കരുത്തുണ്ടായിരുന്നു. എന്നാല്‍, ഇന്ന് പ്രവര്‍ത്തനസജ്ജമായ ഏറ്റവും കരുത്തേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവിയാണ്.
 

പ്രയോജനം

ഭാരമേറിയ പേടകങ്ങളും വാഹനങ്ങളും ബഹിരാകാശത്തേക്കയയ്ക്കാം

അന്യഗ്രഹപര്യവേക്ഷണങ്ങള്‍ക്ക് ഉപയോഗിക്കാം

ടെസ്ല റോഡ്സ്റ്ററുമായുള്ള റോക്കറ്റിന്റെ യാത്ര

കേപ്പ് കനവെറല്‍ ഫ്‌ലോറിഡ

ഫാല്‍ക്കണ്‍ ഹെവി പുറപ്പെടുന്നു

ഇരുവശവുമുള്ള ബൂസ്റ്ററുകള്‍ വേര്‍പെടുന്നു

മധ്യഭാഗം (കോര്‍ യൂണിറ്റ്) യാത്രതുടരുന്നു

കോര്‍ യൂണിറ്റ് മടങ്ങേണ്ട സമയം

ടെസ്ല റോഡ്സ്റ്റര്‍ ഭ്രമണപഥത്തില്‍

ബൂസ്റ്ററുകള്‍ ഭൂമിയിലേക്ക്

നീളം 70 മീറ്റര്‍

ഭാരം 1,420 ടണ്‍

മൂന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റുകള്‍ ചേര്‍ത്തുവെച്ചു

27 എന്‍ജിനുകളുപയോഗിച്ചു

അവലംബം: എ.എഫ്.പി.