ബാഴ്‌സലോണ: കാറ്റലോണിയയില്‍ ഹിതപരിശോധനാദിനമായ ഞായറാഴ്ച നടന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച സമരം നടന്നു. സമരക്കാര്‍ കാറ്റലോണിയയിലെ പ്രധാനപാതകളെല്ലാം ഉപരോധിച്ചു. ബാഴ്‌സലോണ ഫുട്‌ബോള്‍ ടീം, ചൊവ്വാഴ്ച പരിശീലനം നിര്‍ത്തിവെച്ച് സമരത്തില്‍ പങ്കെടുത്തു.

വിദ്യാഭ്യാസസ്ഥാപനങ്ങളും ഒട്ടേറെ വ്യവസായ കേന്ദ്രങ്ങളും അടഞ്ഞുകിടന്നു. ബാഴ്‌സലോണ തുറമുഖം നാമമാത്രമായേ പ്രവര്‍ത്തിച്ചുള്ളൂ. മെട്രോ ടെയിനും കാര്യമായി സര്‍വീസ് നടത്തിയില്ല. നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളൊന്നും തുറന്നില്ല.

അക്രമത്തില്‍ എണ്ണൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. ഹിതപരിശോധനയില്‍ 90 ശതമാനത്തോളം പേരും സ്വാതന്ത്ര്യത്തെ അനുകൂലിച്ചെന്ന് കാറ്റലോണിയ സര്‍ക്കാര്‍ അറിയിച്ചു. സ്‌പെയിനില്‍ നിന്ന് വേര്‍പെടുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ധാരണയുണ്ടാക്കുമെന്ന് കാറ്റലോണിയ പ്രസിഡന്റ് കാര്‍ലസ് പ്യുജ്ഡമൊന്‍ പറഞ്ഞു. എന്നാല്‍ വിഭജനം അനുവദിക്കില്ലെന്നാണ് സ്​പാനിഷ് സര്‍ക്കാരിന്റെ നിലപാട്.