ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നതിനുള്ള പ്രക്രിയകള്‍ ബ്രിട്ടന്‍ മാര്‍ച്ച് 29-ന് തുടങ്ങും. നടപടിക്രമങ്ങള്‍ തുടങ്ങാമെന്നുകാണിച്ച് യൂറോപ്യന്‍ കൗണ്‍സിലിന് തെരേസ മേയ് 29-ന് കത്തയയ്ക്കും. ഇത് പൂര്‍ത്തിയാവുന്നതോടെ 28 അംഗ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്ന ആദ്യരാജ്യമാകും ബ്രിട്ടന്‍.

ലിസ്ബണ്‍ ഉടമ്പടിയിലെ 50-ാം അനുച്ഛേദത്തിലാണ് അംഗരാജ്യം യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നതിനുള്ള നടപടിക്രമം പറയുന്നത്. കത്തിനായി കാത്തിരിക്കുകയാണെന്നും കിട്ടിയാലുടന്‍ അടുത്ത പ്രക്രിയയിലേക്ക് കടക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷന്‍ ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു. 48 മണിക്കൂറിനകം ചര്‍ച്ചയ്ക്കുള്ള കരട് മാര്‍ഗരേഖ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിടുതല്‍ ചര്‍ച്ചയ്ക്കും തീരുമാനത്തിനും അനുവദിച്ചിരിക്കുന്ന രണ്ടുവര്‍ഷ സമയപരിധിക്കുള്ളില്‍ അതുപൂര്‍ത്തിയായാല്‍ 2019 മാര്‍ച്ചില്‍ ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാകും. കഴിഞ്ഞവര്‍ഷം ജൂണ്‍ 23-നാണ് ബ്രിട്ടീഷുകാര്‍ ബ്രെക്‌സിറ്റിനുവേണ്ടി വോട്ടുചെയ്തത്.

ബ്രിട്ടന്റെ തീരുമാനം വന്ന സാഹചര്യത്തില്‍, ഏപ്രില്‍ ആറിന് ചേരാനിരുന്ന പ്രത്യേക ഉച്ചകോടി യൂറോപ്യന്‍ യൂണിയന്‍ നീട്ടിവെച്ചേക്കും. തീരുമാനം മറ്റ് അംഗരാജ്യങ്ങളുമായി ചര്‍ച്ചചെയ്യാന്‍ നാലുമുതല്‍ ആറ്് ആഴ്ചവരെ വേണ്ടിവന്നേക്കുമെന്നതിനാലാണിത്. യൂറോപ്യന്‍ കമ്മിഷന്റെ മുഖ്യചര്‍ച്ചക്കാരന്‍ മൈക്കല്‍ ബാര്‍ണിയറാവും ബ്രിട്ടനുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുക.

ബ്രെക്‌സിറ്റ് ചര്‍ച്ച തുടങ്ങുംമുമ്പ് തെരേസ മേയ് സ്‌കോട്ട്‌ലന്‍ഡും വടക്കന്‍ അയര്‍ലന്‍ഡും സന്ദര്‍ശിച്ചേക്കും. സ്‌കോട്ട്‌ലന്‍ഡ് ഭരണാധികാരി നിക്കൊളാസ് സ്റ്റര്‍ജന്‍ ബ്രിട്ടന്‍ വിട്ടുപോകണമെന്ന ആവശ്യം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണിത്.