ന്യൂനപക്ഷങ്ങൾക്കുവേണ്ടി വാദിക്കുന്ന  ബുദ്ധിജീവികൾ കശ്മീരി പണ്ഡിറ്റുകളെ കണ്ടുവോ

രാഹുൽ പണ്ഡിത എന്ന കശ്മീരി ബാലന്റെ അമ്മയുടെ സഹോദരന്റെ മകനായിരുന്നു രവി. രാഹുലിന് രവി റോൾമോഡലായിരുന്നു, പലകാര്യങ്ങളിലും. സസ്യശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന ബുദ്ധിജീവി, ജഗജിത് സിങ്ങിന്റെയും തലത്ത് അസീസിന്റെയും ഗസലുകൾ ആസ്വദിക്കുന്നയാൾ, ചുമരിൽ കൃഷ്ണമാചാരി ശ്രീകാന്തിന്റെ ചിത്രം പതിച്ചാരാധിക്കുന്ന ക്രിക്കറ്റ് ഭ്രാന്തൻ, വൃത്തിയായി ഷേവുചെയ്ത് ഓൾഡ് സ്പൈസിന്റെ ആഫ്റ്റർ ഷേവ് ലോഷൻ പുരട്ടുന്ന ‌സുമുഖൻ, ഇടയ്ക്ക് മുഷ്ടിചുരുട്ടി ഇടികൂടാൻവരുന്ന കളിക്കൂട്ടുകാരൻ...

പണ്ഡിറ്റ് വംശത്തിൽ ജനിച്ചതുകൊണ്ടുമാത്രം കശ്മീരിൽനിന്ന് പലായനം ചെയ്യേണ്ടിവന്ന രാഹുൽ, ഡൽഹിയിൽ ഒരു ജോലിതേടിക്കൊണ്ടിരുന്ന സമയം. ഒരു രാത്രി ജമ്മുവിലേക്ക് അയാൾ തിരികെ പോവുകയാണ്. ബസിൽ ‘ഖൽനായക്’ സിനിമ കാണിക്കുന്നു. പുലർച്ചെ ലഖൻപുർ ഗേറ്റ് കടന്ന് ബസ്‌ ജമ്മുകശ്മീരിലേക്ക്‌ പ്രവേശിച്ചു. അവിടെവെച്ച് രാഹുൽ വാങ്ങിയ പത്രത്തിന്റെ ഒന്നാം പേജിൽ ഒരു ചിത്രം- ചോരപടർന്ന മുഖവുമായിക്കിടക്കുന്ന രവി...  തന്റെ പ്രിയപ്പെട്ട രവി കൊല്ലപ്പെട്ടിരിക്കുന്നു! ജമ്മുവിൽനിന്ന് ബസിൽ യാത്രചെയ്തുകൊണ്ടിരിക്കേ വിളിച്ചിറക്കി വെടിവെച്ചുകൊല്ലുകയായിരുന്നു രവിയെ. കാരണം അയാൾ ഒരു പണ്ഡിറ്റ് ആണ് എന്നതുമാത്രം. സ്വന്തം മകനെപ്പോലെ രവിയേയും കരുതിയിരുന്ന രാഹുലിന്റെ അമ്മയുടെ ഓർമയും ബോധവും അന്ന് താളം തെറ്റിയതാണ്. രവിയുടെ അച്ഛൻ തിരിച്ചുവരാനാവാത്തവിധത്തിൽ തകർന്നു. തളർന്നുകിടക്കുമ്പോൾ ആ പിതാവ് പറഞ്ഞുകൊണ്ടേയിരുന്നു: ‘This is my personal tribal raid’

കലാപത്താൽ വെന്ത ഭൂമിയിൽനിന്നു തന്റെ പതിന്നാലാം വയസ്സിൽ കുടുംബത്തോടൊപ്പം ഓടിപ്പോകേണ്ടിവന്ന രാഹുലിന് ഈ സംഭവം ഉള്ളംകീറിയെറിയുന്ന ആഘാതമായി. താനും തന്റെ വംശവും സഹിച്ച, ഇപ്പോഴും സഹിച്ചുകൊണ്ടിരിക്കുന്ന യാതനകളെക്കുറിച്ച് അയാൾ വികാരഭരിതമായ ഒരു പുസ്തകമെഴുതി - ‘Our moon has blood clots-The exodus of Kashmiri Pandits’. 258 പുറങ്ങളുള്ള ആ പുസ്തകത്തിന്റെ ആമുഖത്തിൽ സമർപ്പണവാക്യമായി ഇങ്ങനെ വായിക്കാം: For Ravi my brother, My first hero. രാഹുൽ പണ്ഡിതയോട് സംസാരിക്കുമ്പോൾ ആ വാക്കുകളിൽ ഒരു വംശീയകലാപം കടന്നുപോന്നതിന്റെ ചോരച്ചൂട് ഇപ്പോഴുമുണ്ട്. 

?  കുടുംബം, കുട്ടിക്കാലം, വംശം എന്നിവ അറിയാൻ താത്‌പര്യമുണ്ട്...
ഒരു മധ്യവർഗ കശ്മീരി പണ്ഡിറ്റ് കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അമ്മ ബാരാമുള്ള ഗ്രാമക്കാരിയാണ്; അച്ഛൻ മധ്യകശ്മീരിൽനിന്നും. രണ്ടുപേരും സർക്കാർ ജോലിക്കാരായിരുന്നു. കശ്മീരിനകത്ത് ഞങ്ങൾ കശ്മീരി ബ്രാഹ്മണർ എന്നപേരിലാണ് അറിയപ്പെടുന്നത്. പുറത്ത് ഭട്ടുമാരായും. ഞങ്ങൾക്ക് ഞങ്ങളുടേതായ ഒരു തത്ത്വചിന്തയും സവിശേഷ ജീവിതരീതിയുമുണ്ട്. ‌ ഈ ലോകം മായയാണ് എന്ന ഹിന്ദുചിന്ത ഞങ്ങൾ സ്വീകരിച്ചില്ല. മറിച്ച് ഇക്കാണുന്നതെല്ലാം ബോധത്തിന്റെ വ്യത്യസ്തരൂപങ്ങളാണ് എന്നാണ് വിശ്വസിക്കുന്നത്. മണിയടി, മന്ത്രജപം തുടങ്ങിയ  മതാചാരങ്ങളിൽനിന്നുമാറി ലോകം ശിവന്റെ അഥവാ ബോധത്തിന്റെ സർഗാത്മകപ്രകാശനമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ‌ഇത്തരം ഒരു അന്തരീക്ഷത്തിൽ, കശ്മീരിന്റെ എല്ലാ ഭംഗികളും നുകർന്ന്, മതഭേദമില്ലാതെ സൗഹൃദങ്ങൾ അനുഭവിച്ചായിരുന്നു ഞാൻ വളർന്നത്.

? പിന്നെ എപ്പോഴാണ് എല്ലാം തകിടംമറിഞ്ഞത്...
1990 ജനുവരി 19-ന്. എനിക്കപ്പോൾ 14 വയസ്സാണ്. രാഷ്ട്രീയമൊന്നും അറിയില്ല. കശ്മീരി പണ്ഡിറ്റുകൾക്കെതിരേയുള്ള മുദ്രാവാക്യങ്ങളായിരുന്നു തെരുവിൽനിറയെ. ഒപ്പം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും. ‘ഞങ്ങൾക്ക് ഞങ്ങളുടെ പാകിസ്താൻ വേണം, പണ്ഡിറ്റ് പുരുഷന്മാരില്ലാതെ, പണ്ഡിറ്റ് വനിതകൾ സഹിതം’ എന്നതായിരുന്നു ഒരു പ്രധാന മുദ്രാവാക്യം. അത് എന്നെ തകർത്തുകളഞ്ഞു. അന്നു തുടങ്ങി പലായനം. മാസങ്ങളോളം അതു തുടർന്നു. മൂന്നരലക്ഷം പണ്ഡിറ്റുകൾ വീടും നാടും ഇല്ലാത്തവരായി. നിരവധിപേരെ കൊന്നു, ക്ഷേത്രങ്ങൾക്ക് തീയിട്ടു. ഇന്നും ഞങ്ങൾ അലച്ചിൽ തുടരുകയാണ്. 

? പഴയ സൗഹൃദങ്ങളെല്ലാം... 
എനിക്ക്‌ ഈ ചോദ്യത്തിന് ഇപ്പോഴും മറുപടികിട്ടിയിട്ടില്ല. സർക്കാർ ഉദ്യോഗസ്ഥരായ എന്റെ മാതാപിതാക്കളുടെ ഏറ്റവും നല്ല സുഹൃത്തുക്കൾ മുസ്‌ലിങ്ങളായിരുന്നു. മതങ്ങൾക്കുപരിയായി വ്യക്തിപരമായ സൗഹൃദങ്ങൾ നിലനിൽക്കുമ്പോഴും സമൂഹം എന്നനിലയിൽ പരസ്പരവിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ. 1986-ലെ അനന്ത് നാഗ് കലാപത്തോടെയാണ് അതു തുടങ്ങിയത്. ഇന്ത്യ ഒരു ക്രിക്കറ്റ് മത്സരത്തിൽ പാകിസ്താനെ തോൽപ്പിച്ചപ്പോൾ ഒരുകൂട്ടർ വന്ന് പണ്ഡിറ്റുകളുടെ ജനൽച്ചില്ലുകൾ എറിഞ്ഞുതകർത്തു. അന്നു തുടങ്ങി സ്പർധ.

? സമീപകാലത്ത് നാം നേരിട്ട ഏറ്റവും വലിയ കൂട്ടക്കൊലയും കലാപവും പലായനവും ഗുജറാത്തിലേതാണ്. പണ്ഡിറ്റുകളുടേതും അതുപോലെയായിരുന്നോ...
 ഗുജറാത്തിൽ സംഭവിച്ചത് ഏറ്റവും ക്രൂരമായ കാര്യംതന്നെയാണ്. അവിടെ കലാപത്തിലേർപ്പെട്ട ഇരുവിഭാഗങ്ങൾക്കും നഷ്ടവും നാശവും നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ, പണ്ഡിറ്റുകളുടെ കാര്യത്തിൽ അവർക്കുമാത്രമാണ് എല്ലാം സഹിക്കേണ്ടിവന്നത്. കൂട്ടക്കുരുതിയും കൂട്ടപ്പലായനവും അവർ സഹിക്കുകയായിരുന്നു. കലാപത്തിനുശേഷം  അമ്മയെ ഞാൻ ആരോഗ്യത്തോടെ കണ്ടിട്ടില്ല. അച്ഛൻ കശ്മീരിലേക്ക് പോയിട്ടുമില്ല. പത്രപ്രവർത്തകൻ എന്നനിലയിൽ മാത്രമാണ് ഞാനിപ്പോൾ കശ്മീരിൽ പോകുന്നത്. പിറന്ന മണ്ണിൽനിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ആട്ടിയോടിക്കപ്പെട്ടു, ഞങ്ങൾ.

? എങ്ങനെയാണ് ഈ അവസ്ഥയെ മറിടകടന്നത്...
അറിവുകൊണ്ട്. നൂറുശതമാനം സാക്ഷരരാണ് ഞങ്ങൾ. ജീവിതത്തിൽ എന്തൊക്കെ നഷ്ടപ്പെട്ടാലും പഠനവും അറിവിന്റെ സമ്പാദനവും ഞങ്ങൾ മുടക്കുകയില്ല. ജൂതന്മാരാണ് ഇക്കാര്യത്തിൽ ഞങ്ങൾക്ക് മാതൃക. പട്ടിണികിടന്നാലും ഞങ്ങൾ പഠിച്ചുകൊണ്ടേയിരുന്നു. ബുദ്ധിയുടെ എല്ലാ മേഖലകളിലും പണ്ഡിറ്റുകളുണ്ട്. അറിവാണ്‌ ഞങ്ങളുടെ പ്രതിരോധം.

?  ഇത്തരം ഒരു പുസ്തകം എഴുതാൻ തീരുമാനിച്ചത് എപ്പോഴാണ്? മുമ്പ് എഴുതിയ പുസ്തകം നക്സലൈറ്റുകളുടെ വഴികളിലൂടെയുള്ള യാത്രയായിരുന്നല്ലോ...
മറ്റുള്ളതെല്ലാം ഞാൻ ജോലിയുടെ  ഭാഗമായി എഴുതിയവയാണ്. എന്നാൽ, ഇത് എന്റെ ജീവന്റെ പുസ്തകമാണ്. എനിക്ക്‌ ഒരിക്കലും എഴുതാൻ സാധിക്കില്ല എന്നുകരുതി ഉപേക്ഷിച്ച പുസ്തകം. കാരണം ഇതിലെ പലഭാഗങ്ങളും എഴുതാൻ എന്റെ ദുർബലമായ ഭാഷയ്ക്ക് സാധിക്കില്ലായിരുന്നു. അനുഭവങ്ങൾ അത്രയ്ക്ക് തീവ്രമായിരുന്നു. ഓർമകൾ വിടാതെ വേട്ടയാടി.  തീപിടിച്ച ജീവിതവുമായി സ്വന്തം മണ്ണിൽനിന്ന് എല്ലാം ഉപേക്ഷിച്ച് ഓടിപ്പോവേണ്ടുന്ന അവസ്ഥ അനുഭവിച്ചാലേ ഞാൻ പറയുന്നത് മനസ്സിലാവൂ. എത്ര ശ്രമിച്ചാലും എഴുത്തിൽ തീവ്രത കൊണ്ടുവരാൻ സാധിക്കില്ല. 

? നമ്മുടെ രാഷ്ട്രീയപ്പാർട്ടികളും ബുദ്ധിജീവികളും പണ്ഡിറ്റുകളുടെ അവസ്ഥയെ ഗൗരവത്തോടെ കണ്ടിട്ടുണ്ടോ... 
രാഷ്ട്രീയപ്പാർട്ടികളുടെ കാര്യം വിടുക. അവരിൽനിന്ന് അധികം പ്രതീക്ഷിക്കരുത്. ബുദ്ധിജീവികളുടെ കള്ളത്തരവും ഇരട്ടത്താപ്പുമാണ് എന്നെ ഞെട്ടിച്ചത്. ന്യൂനപക്ഷങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവരാണല്ലോ ഇടതുപക്ഷമടക്കമുള്ള നമ്മുടെ ബുദ്ധിജീവിവൃന്ദം. കശ്മീരിൽ ഞങ്ങൾ പണ്ഡിറ്റുകൾ ന്യൂനപക്ഷമാണല്ലോ. എന്നിട്ടുമെന്തേ ഇടതുപക്ഷമടക്കമുള്ള ബുദ്ധിജീവികൾ പണ്ഡിറ്റുകൾക്കുവേണ്ടി ഒരു ജാഥപോലും സംഘടിപ്പിക്കാഞ്ഞത്? ഗുജറാത്ത് കലാപത്തെക്കുറിച്ച് എഴുതുന്ന ബുദ്ധിജീവികൾ, പിറന്നമണ്ണുപേക്ഷിക്കേണ്ടിവന്ന പണ്ഡിറ്റുകളുടെ അവസ്ഥയെക്കുറിച്ച് എന്താണ് ആകുലരാവാത്തത്?  പുസ്തകം ഇറങ്ങിയതിനുശേഷം സി.പി.എമ്മിന്റെ ഒരു നേതാവ്  എന്നോടു പറഞ്ഞു, പണ്ഡിറ്റുകളുടെ അവസ്ഥ അഡ്രസ്‌ ചെയ്യുന്നതിൽ പാർട്ടിക്ക്‌ പിഴച്ചുവെന്ന്.

? ബി.ജെ.പി.യിൽ നിങ്ങൾക്ക് വലിയ പ്രതീക്ഷയായിരുന്നല്ലോ...
അതെ, പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ഇന്ന് ഞങ്ങൾക്ക് ആ പ്രതീക്ഷയില്ല.  എല്ലാ രാഷ്ട്രീപ്പാർട്ടികളെയും പോലെ അധികാരത്തിലേക്ക് കയറാനുള്ള ഏണിപ്പടി മാത്രമായിരുന്നു ബി.ജെ.പി.ക്ക് ഇതും. കാര്യം നേടിക്കഴിഞ്ഞാൽ അവർക്ക് ആരെയും ആവശ്യമില്ല. ബി.ജെ.പി. ഒന്നും ചെയ്തില്ല എന്നുമാത്രമല്ല ഏറ്റവും മ്ലേച്ഛമായ ബാന്ധവങ്ങൾ കശ്മീരിൽ ഉണ്ടാക്കുകയും ചെയ്തു. ഇപ്പോഴും അവർ പറയുന്നുണ്ട് ‘എല്ലാം ഞങ്ങൾ ചെയ്യും’ എന്ന്. ഒന്നും നടക്കില്ല എന്ന് ഞങ്ങൾക്കിപ്പോൾ ബോധ്യമായി.

? കലാപത്തിനുശേഷം ആർ.എസ്.എസിന്റെ പാളയത്തിലേക്ക് ചേക്കേറുമായിരുന്ന താങ്കളെ മാതാപിതാക്കളാണ് പിന്തിരിപ്പിച്ചത്. എന്നാൽ, ബാൽതാക്കറെ മരിച്ചപ്പോൾ അദ്ദേഹത്തെ സ്തുതിച്ച് താങ്കൾ പോസ്റ്റ് ഇട്ടല്ലോ... 
ബാൽ താക്കറെയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും നയങ്ങളോട് വ്യക്തിപരമായി എനിക്ക് ഒരു മമതയുമില്ല. എന്നാൽ, കശ്മീരിൽനിന്ന് പലായനം ചെയ്ത ഒരു പണ്ഡിറ്റ് എന്നനിലയിൽ എനിക്ക് അദ്ദേഹത്തോട് കടപ്പാടുണ്ട്. എല്ലാ നഷ്ടപ്പെട്ട ഞങ്ങൾക്ക് പഠിക്കാൻ മഹാരാഷ്ട്രയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സൗകര്യങ്ങൾ ചെയ്തുതന്നത് അദ്ദേഹമാണ്. അതിന്റെ നന്ദിയായിരുന്നു ആ കുറിപ്പ്. ഞാൻ നേരത്തേ പറഞ്ഞില്ലേ ഞങ്ങൾ പണ്ഡിറ്റുകൾ ഏറ്റവും വിലമതിക്കുന്നത് അറിവിനെയാണ് എന്ന്. എല്ലാ പ്രശ്നങ്ങൾക്കു നടുവിൽനിന്നും അറിവുനേടാൻ ബാൽ താക്കറെ അന്ന് ഞങ്ങളെ സഹായിച്ചു. 
 

sreekanthsmile@gmail.com