ദേവസ്വം ബോർഡിനു കീഴിലുള്ള ഗുരുവായൂർ ആനത്താവളം മറ്റൊരിടത്തും കാണാനാവാത്തത്രയും വിശാലം. പുന്നത്തൂർ രാജകൊട്ടാരം ഉൾപ്പെട്ട 10 ഏക്കർ ആനത്താവളം ഗുരുവായൂർ 
ക്ഷേത്രത്തിലെ ആനകൾക്കുമാത്രം. രണ്ടുഭാഗങ്ങളായാണ് വിഹാരം. നമുക്ക് പ്രവേശനമില്ലാത്ത രണ്ടാം 
ഭാഗത്ത് തീവ്രമദപ്പാടുള്ള ആനകളാണ്. 
   കേരളം, അസം, ബീഹാർ, അരുണാചൽ പ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള കൊമ്പൻ (ആൺ-44), പിടി (പെൺ-5), മോഴ (കൊമ്പിനുപകരം തേറ്റ-2) എന്നീ ഇനത്തിലുള്ള 51 ആനകളുണ്ടിവിടെ. 15 വയസ്സുള്ള അയ്യപ്പൻകുട്ടി മുതൽ 90 കഴിഞ്ഞ താര വരെ. അഞ്ചുലക്ഷം രൂപ ദേവസ്വത്തിൽ കെട്ടിവെച്ച് വിശ്വാസികൾ  നടയ്ക്കിരുത്തിയ ഗജവീരന്മാർ. മനുഷ്യനെ ഭയന്നുതുടങ്ങിയാൽ തുമ്പിക്കൈ കൊമ്പിൽച്ചുരുട്ടി ഇണക്കപ്രകടനങ്ങൾ കാട്ടുന്നു ആന. അത് കീഴടങ്ങലിന്റെ ലക്ഷണമാണ്. 
സോപ്പുതേച്ച്‌ കുളിപ്പിച്ചും നഖംവെട്ടിയും കൊമ്പ്‌ ഷേപ്പ്‌ ചെയ്തും വേവിച്ച ഭക്ഷണം നൽകിയും 
മെറ്റൽഷീറ്റുള്ള കൂട്ടിലിട്ടും കാണപ്പെടുന്നു 
ഇവിടെ ഈ അതീവബലശാലികൾ.  പുല്ലുകളും 
മരത്തോലുകളുമാണ് കാട്ടിലെ ആനകളുടെ മുഖ്യഭക്ഷണമെങ്കിൽ ഇവിടെ ആനയ്ക്ക് പനമ്പട്ടയാണ് 
മുഖ്യ ആഹാരം. ദിവസം 12 ടൺ പട്ടവേണം. 
ഒരു ലോറി പുല്ലും. ആനപ്പിണ്ടി വിൽക്കുന്നത് ടെൻഡറിലൂടെയാണ്.

സമയം: രാവിലെ 10.00: എഴുന്നള്ളത്തിനു കൊണ്ടുപോകാൻ 55 വയസ്സുള്ള കണ്ണനെ കുളിപ്പിക്കുകയാണ് ഒന്നാം പാപ്പാൻ ആനന്ദൻ, രണ്ടാം പാപ്പാൻ 
രമേശൻ എന്നിവർ. മൂന്നാം പാപ്പാൻ ഉണ്ണികൃഷ്ണൻ കത്തികൊണ്ട് നഖംവെട്ടുകയാണ്. മൂന്നു 
പൈപ്പുകളിലൂടെ നിർത്താതെ വെള്ളമൊഴുക്കി അലക്കുസോപ്പും ബ്രഷും കല്ലുമുപയോഗിച്ച്‌ വൈകിട്ടുവരെ നീളുന്ന ആനക്കുളി.
 ‘‘ആനകൾക്ക് വെള്ളം ശരീരത്തിൽ തളിക്കുന്നത് ഇഷ്ടമാണെങ്കിലും ഉടനെ രോമക്കുഴിയിൽ മണ്ണുവാരിയിടാനും ഇഷ്ടമാണ്. 30 ഡിഗ്രി ചൂടുപോലും അവയ്ക്ക് സഹിക്കാനാവില്ല.’’ 
ഗുരുവായൂരിലെ ഷനൂപ് രഹസ്യം പറഞ്ഞു.
ആനകൾക്ക് ഇണചേരാൻ ഇവിടെ അലിഖിതമായ വിലക്കുണ്ട്. ഇണചേരാൻ കഴിയാത്ത കൊമ്പന് വർഷത്തിൽ മൂന്നുമുതൽ ആറുമാസം വരെ മദപ്പാടുണ്ടാകും. കണ്ണിനടുത്ത് 
നീരൊലിച്ചും മൂത്രം 
ഇറ്റി പോകുന്നതുമാണ് മദപ്പാടിന്റെ ലക്ഷണം. ഈസമയത്ത് ദേഷ്യം കൂടും. എന്തുചെയ്യുമെന്ന് ഒരു നിശ്ചയവുമുണ്ടാകില്ല.
വിദേശികളടക്കം ആയിരക്കണക്കിന് ആളുകളാണ് ആനത്താവളത്തിൽ നിത്യവുമെത്തുന്നത്. രാജഭരണകാലത്ത് പുന്നത്തൂർ 
കൊട്ടാരം ക്ഷേത്രങ്ങളിൽ 
ശാന്തിക്കാരനായി വന്ന കണ്ണൂരുകാരൻ സുബ്രഹ്മണ്യൻ നമ്പൂതിരിയും 
കുടുംബവും സന്ദർശകർക്ക് പ്രവേശനമില്ലാത്ത കൊട്ടാരത്തിന്റെ വടക്കേ നാലുകെട്ടിലാണ്‌.
‘‘പുന്നത്തൂർ രാജകൊട്ടാരവും 10 ഏക്കർ സ്ഥലവും റിസീവർ (അഡ്വ. 
ത്രേസ്യാ ആന്റണി) ഭരണകാലത്ത്  1,60,000 രൂപയ്ക്ക് 1975 ഫെബ്രുവരി അഞ്ചിനാണ് ഗുരുവായൂർ 
ദേവസ്വം ഏറ്റെടുക്കുന്നത്. അതേവർഷം ജൂൺ 26-ന്  കൊട്ടാരവളപ്പിൽ 25 ആനകളെ തളച്ചു. പിന്നീടത് 
64 വരെയായി. ഫോറസ്റ്റുചട്ടങ്ങളാൽ ഇപ്പോൾ ആനകളെ നടയ്ക്കിരുത്തുന്നത് കുറവാണ്’’. ചരിത്രം സ്ഫുടമായി പറയുന്ന 
75-കാരൻ സുബ്രഹ്മണ്യൻ പറയുന്നു.

പുന്നത്തൂർ കോട്ടയ്ക്കുമുന്നിലാണ് 42 വയസ്സുള്ള നന്ദന്റെ ഇടം. 
ശാന്തനാണ് നന്ദൻ. ലക്ഷണമൊത്ത ആന. ഏഴര ടണ്ണുള്ള നന്ദൻ, ഏഷ്യയിലെ ഏറ്റവും ഭാരക്കൂടുതലുള്ള ആനയെന്ന്, 24 വർഷം മുമ്പ് ഇവിടെയെത്തിയ പാപ്പാൻ മോഹനൻ സാക്ഷ്യപ്പെടുത്തുന്നു. 
‘‘ഒരാനയ്ക്ക് മൂന്നുവീതം പാപ്പാന്മാരായി ദേവസ്വത്തിന് കീഴിൽ 150-ഓളം പാപ്പാന്മാരുണ്ട്. ഒരു ഡോക്ടറും. പുറത്ത് എഴുന്നള്ളത്തിന് പോകാൻ 45,000 രൂപയാണ് നന്ദന് പാട്ടം. 15,000 രൂപ മുതൽ 55,000 രൂപവരെയുണ്ട് പാട്ടം’’ -മോഹനൻ പറഞ്ഞു. 5000 രൂപ വിലയുള്ള പിച്ചളക്കെട്ടുള്ള തോട്ടി, വലിയകോൽ, വടി എന്നിവയാണ് ആനകളെ 
മെരുക്കുന്ന പണിയായുധം. മുട്ടുചങ്ങല, മെയ്ച്ചങ്ങല, ഇടച്ചങ്ങല എന്നിങ്ങനെ കെട്ടുചങ്ങലകൾ മൂന്നുതരം. പാദം മൃദുവാണ് ആനയുടേത്. ചൂടുള്ള സ്ഥലത്ത് അവ ഓരോ കാലായി പൊക്കിവെക്കും.
‘‘വംശനാശത്തിലാണ് ആനകൾ. കേരളത്തിൽ ആനകളുടെ എണ്ണം ആയിരം കവിയില്ല. കൊമ്പന്മാർ എണ്ണാവുന്നതേയുള്ളൂ. 80:1 എന്ന അനുപാതമാണിപ്പോൾ. കേരളത്തിലെ കാടവസ്ഥകൾ മാറിയപ്പോൾ പിറക്കുന്നതെല്ലാം മോഴകളാണ്. ഇവയെ ഇണചേർക്കാൻ പിടിയാനകൾക്ക് ഇഷ്ടമല്ല. വളർത്താനകൾക്കുമാത്രം കണ്ടുവരുന്ന തൊലിപ്പുറത്തെ വെള്ളപ്പാടുകൾ ഒരുതരം കാൻസറാണ്’’ -ആനജ്ഞാനി ശ്രീകൃഷ്ണപുരത്തെ  സൂര്യപ്രകാശ് പറയുന്നു.

കൊട്ടാരത്തിനുചുറ്റുമുള്ള വിശാലമായ സ്ഥലത്താണ് ആനകളുടെ ഇടം. മരങ്ങളുണ്ടെങ്കിലും ഉച്ചവെയിൽ കൊള്ളേണ്ടിവരും ക്ഷമാശീലരായ ഇവയ്ക്ക്. ലോഹത്തകിട് പാകിയ കുറച്ച്‌ ഷെഡ്ഡുകളുണ്ട്. മദപ്പാടുള്ള ആനകൾക്കുള്ള പുതിയ ഷെഡ്ഡിനും തകിടാണ്. ഇരിക്കാൻ മടിയാണ് ആനകൾക്ക്. ഉറങ്ങുന്ന നാലോ അഞ്ചോ മണിക്കൂർ കഴിഞ്ഞാൽ പിന്നെ നിൽപ്പാണ്. ‘‘ആനയെന്ന് ഒടുവിൽ ചേർത്തുള്ള ചുരുക്കിയ പദപ്രയോഗമാണ് ആനഭാഷ. ഇടത്താന, വലത്താന, നീരാന, ഒഴിയാന... അങ്ങനെപോകും’’ പീതാംബരൻ എന്ന ആനയുടെ പാപ്പാൻ ഉണ്ണി പറയുന്നു. ആനയ്ക്കു സമർപ്പിച്ച ജീവിതമാണ് ഓരോ പാപ്പാന്റെയും. ആനപ്രേമമല്ല, അവർക്ക് അതൊരു പാരമ്പര്യതൊഴിലാണ്.

കുറുമ്പുകാട്ടുന്നവരെയും രോഗമുള്ളവരെയുമാണ് ട്രീറ്റ്‌മെന്റ് ഷെഡ്ഡിൽ തളയ്ക്കുന്നത്. മണ്ണുതിന്നുന്ന ശീലത്താലാണ് രശ്മിയും ലക്ഷ്മികൃഷ്ണയും കൂട്ടിലായത്. 
‘‘പാപ്പാന് ആന മക്കളെപ്പോലെയാണ്. ആദ്യം പറയും. പിന്നെ ദേഷ്യപ്പെടും. അനുസരിച്ചില്ലെങ്കിൽ അടിവീഴും. ഉള്ളിൽ 
സ്നേഹമുണ്ടെങ്കിലും അത് കാണിച്ചാൽ ആന അനുസരിക്കില്ല’’ 
ജൂനിയർ ലക്ഷ്മണന്റെ പാപ്പാൻ കെ.വി. അജയൻ പറയുന്നു.

 

 

 

 

 

കൊട്ടാരത്തിന്റെ തെക്കേനടയിലാണ് ആനയൂട്ട് നടക്കുക. മദപ്പാടുള്ളവയെ ഊട്ടാറില്ല. മഞ്ഞളും ഉപ്പും ചേർത്ത് 
വേവിച്ച ചോറാണ് പ്രധാനം. ഒരാനയ്ക്ക് മൂന്നുകിലോ അരിവേണം. കൂടെ രണ്ടുപടല പഴവും വെള്ളരിയും. ചില ആനകൾക്ക് പാൽച്ചോറുമുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ഊട്ട്. അതാത് പാപ്പാൻന്മാരുടെ കൂടെ വഴിപാട് നേരുന്നവരും ഊട്ടാറുണ്ട്. 10 മിനിറ്റിനുള്ളിൽ ഊട്ട് കഴിയും.

ആനയൂട്ടുള്ള ദിവസം മുരളിയുടെ 
പാപ്പാൻ ബാബു പുലർച്ചെ ഊട്ടുപുരയിലെത്തും. നിലത്ത് ഭാഗിച്ചുവിളമ്പിയ പാൽച്ചോറ് പാത്രത്തിൽ നിറയ്ക്കുന്ന 
തിരക്കിലാണ് ബാബു. പതിനയ്യായിരം രൂപയുടെ വഴിപാടാണ് ആനയൂട്ട്. മാസത്തിൽ ഏഴ് മുതൽ പന്ത്രണ്ട് വരെ ഊട്ടുണ്ടാകും. ശമ്പളത്തിനുപുറമേ 300 രൂപ ഊട്ടുള്ള ദിവസം ബാബുവിനു കിട്ടും. ‘‘15 വർഷം മുമ്പ് ആന എന്റെ മുതുകിൽ കുത്തി. നെഞ്ചുവരെ കൊമ്പ് തുളഞ്ഞുകേറി. ഒരുമാസത്തോളം ആസ്പത്രിയിൽ കിടന്നാണ് ജീവൻ തിരിച്ചുകിട്ടിയത്’’ 
ഭാവവ്യത്യാസമില്ലാതെ ബാബു പറഞ്ഞു. ഏതുനേരവും മരണം മുന്നിൽകണ്ടാണ് ഓരോ പാപ്പാനും ജോലിചെയ്യുന്നത്. ആന, ദേഷ്യംതീർക്കുന്നതും പാപ്പാനോടാണ്. അവർ എത്ര സ്നേഹിച്ചാലും ഇല്ലെങ്കിലും. രണ്ടുജീവിതങ്ങൾക്കിടയിലെ തുലാസുസൂചിയാണ് കാഴ്ചക്കാരുടെ കൗതുകം.

gireeshmacreri@gmail.com