ആദിവാസി
കുടിലുകളിൽ അന്തിയുറങ്ങുന്നു; അവരുടെ 
കുഞ്ഞുങ്ങളെ 
ഒക്കത്തേന്തി ​യാത്രചെയ്യുന്നു


റവ. ജോർജ്‌ മാത്യു പുതുപ്പള്ളി
ഇന്ത്യ-ജർമൻ അസോസിയേഷന്റെ രവീന്ദ്രനാഥ ടാഗോർ സാഹിത്യ അവാർഡ്‌ നേടിയ പ്രമുഖ ജർമൻ സാഹിത്യകാരനാണ്‌ ഡോ. മാർട്ടിൻ കാംപ്‌ചെൻ. ഭാരതത്തിന്റെ സംസ്കാരത്തെയും മതങ്ങളെയും കുറിച്ച്‌ ജർമൻ ജനതയ്ക്കുള്ള അറിവിന്റെ മേഖല വിപുലമാക്കിയതിന്റെ പേരിലാണ്‌ അവാർഡ്‌ നൽകപ്പെട്ടത്‌. ഒട്ടേറെ ഗ്രന്ഥങ്ങളുടെ കർത്താവായ ഇദ്ദേഹം ജർമൻ ഭാഷയിലെ അറിയപ്പെടുന്ന ഒരെഴുത്തുകാരനും വിവർത്തകനുമാണ്‌.
ഹൈന്ദവഗ്രന്ഥങ്ങളും ഇന്ത്യയിലെ ആത്മീയ അന്തരീക്ഷവുമായിരുന്നു മാർട്ടിന്റെ ഗവേഷണവിഷയങ്ങൾ.  നിരവധി ഇന്ത്യൻ ഭക്തിഗാനങ്ങൾ രചിക്കുകയും ശാന്തിനികേതനത്തിനു സമീപമുള്ള ജനങ്ങളുടെ ഉൾത്തുടുപ്പ്‌ മനസ്സിലാക്കി ചെറുകഥകൾ എഴുതുകയും  ചെയ്തിട്ടുള്ള ഈ മനുഷ്യസ്നേഹി ജർമനിയിൽ പല അഖിലലോക മതസമ്മേളനങ്ങളും സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്ക്‌ വഹിച്ചിട്ടുണ്ട്‌.  ‘ഭാരതത്തിന്റെ ആത്മീയത’  എന്ന വിഷയത്തെക്കുറിച്ച്‌ ഒമ്പത്‌ വാല്യങ്ങൾ രചിച്ചിട്ടുള്ള ഗ്രന്ഥകാരൻ ഉപനിഷത്തുകളെയും സിക്കുകാരുടെ ഗുരുഗ്രന്ഥ്‌ സാഹിബിനെയും ജർമൻ ജനതയ്ക്ക്‌ പരിചയപ്പെടുത്തി. ഇന്ത്യയിലെ മുസ്‌ലിം, ജൈന, ബുദ്ധമത വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളും വടക്കെ ഇന്ത്യയിലെ ആദിവാസികളുടെ മതപരമായ ഗാനങ്ങളും ഇദ്ദേഹം ജർമൻ ജനതയ്ക്ക്‌ ഗ്രന്ഥങ്ങളിലൂടെ സമർപ്പിക്കുകയുണ്ടായി.
ശാന്തിനികേതനത്തിൽ താമസിക്കുന്ന അവസരത്തിലാണ്‌ കാംപ്‌ചെൻ രവീന്ദ്രനാഥ ടാഗോറിന്റെ വ്യക്തിത്വത്തിൽ ആകൃഷ്ടനാകുന്നത്‌.  ഇന്ത്യൻ മതങ്ങളും സാഹിത്യവും പഠിക്കുന്നതോടൊപ്പം ടാഗോറിന്റെ കവിതകളും അദ്ദേഹം താത്‌പര്യപൂർവം പഠിക്കാൻ ശ്രമിച്ചു.  ടാഗോർ കവിതകളിൽ ആകൃഷ്ടനായതോടു കൂടി കവിതകളുടെ രണ്ടുവാല്യം ബംഗാളിയിൽനിന്ന്‌ ജർമൻ ഭാഷയിലേക്ക്‌ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചു.
ടാഗോറിന്റെ ജീവചരിത്രവും ഇദ്ദേഹം ജർമൻ ഭാഷയിലാക്കിയിട്ടുണ്ട്‌. ബംഗാളിലെ പാവപ്പെട്ട കർഷകരോടും ആദിവാസികളോടുമൊപ്പം സൗഹൃദം പങ്കിടുകയും അവരുടെ കുടിലുകളിൽ അന്തിയുറങ്ങുകയും ഭക്ഷണം കഴിക്കുകയും അവരുടെ കുഞ്ഞുങ്ങളെ ഒക്കത്തേന്തി യാത്രചെയ്യുകയും ചെയ്യുന്ന ഈ വിദേശ സാഹിത്യകാരൻ ഇന്ത്യയിലെ ദരിദ്രജനതയുടെ നല്ല മനസ്സിനെയും കഠിനപരിശ്രമത്തെയുംകുറിച്ചും ഒരു മികച്ച പുസ്തകമെഴുതിയിട്ടുണ്ട്‌.
ശാന്തിനികേതനിലെ ദീർഘവർഷത്തെ ജീവിതത്തിനിടയിൽ ഇന്ത്യയെക്കുറിച്ച്‌ ഈടുറ്റ ഒട്ടേറെ ലേഖനങ്ങൾ ഡോ. മാർട്ടിൻ കാംപ്‌ചെൻ ജർമൻ പത്രങ്ങളിൽ എഴുതി. മാത്രമല്ല ടി.വി., റേഡിയോ പ്രക്ഷേപണങ്ങളിലൂടെയും ബി.ബി.സി. പോലുള്ള വാർത്താമാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരിച്ച നിരവധി ഗ്രന്ഥങ്ങളിലൂടെയും ഇന്ത്യയുടെ യഥാർഥ ചിത്രം ജർമൻ ജനതയ്ക്ക്‌ കാഴ്ചവെയ്ക്കുകയും ചെയ്തു.
ശാന്തിനികേതനിൽ താമസിച്ച അവസരത്തിലൊക്കെയും തന്റെ വിലപ്പെട്ട സമയം രണ്ടു കാര്യങ്ങൾക്കായിട്ടായിരുന്നു  കാംപ്‌ചെൻ ഉപയോഗപ്പെടുത്തിയിരുന്നത്‌. രാവിലെ പത്തുമുതൽ ഉച്ചയ്ക്ക്‌ രണ്ടുവരെ സാഹിത്യപ്രവർത്തനങ്ങളിൽ മാത്രം സമയം െചലവഴിക്കാൻ ശ്രദ്ധിച്ചു. വളരെ അത്യാവശ്യമായ കാര്യങ്ങൾ ഉണ്ടായാൽ മാത്രമേ ആ സമയം അതിനായി അദ്ദേഹം മാറ്റിവെക്കുമായിരുന്നുള്ളൂ. തന്റെ പ്രസിദ്ധമായ മിക്കകൃതികളും ഈ സമയത്തെ കഠിനാധ്വാനത്തിന്റെ സംഭാവനകളായിരുന്നു. രണ്ടു മണി മുതൽ വൈകുന്നേരം ഏഴുവരെയുള്ള സമയങ്ങളിൽ അടുത്ത ഗ്രാമങ്ങളും ആദിവാസി ഊരുകളും സന്ദർശിക്കാൻ പോകുമായിരുന്നു.  സാന്തൽ കർഷകരോടൊപ്പം സൊറപറയുകയും അവരുടെ കൂടെ ബഹുദൂരം നടക്കുകയും ആരോഗ്യ, ശുചിത്വ കാര്യങ്ങളിൽ അവരെ അങ്ങേയറ്റം ബോധവാന്മാരാക്കുകയും ചെയ്യുക എന്നത്‌ മാർട്ടിന്റെ സ്വഭാവ വിശേഷമായിരുന്നു. ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അദ്ദേഹം ബോധവത്‌കരണത്തോടൊപ്പം സാമ്പത്തിക സഹായങ്ങളും നൽകിയിരുന്നു.
ഗ്രാമീണജീവിതത്തോട്‌ താദാത്മ്യം പ്രാപിക്കാനെന്നവണ്ണം മണ്ണുകൊണ്ട്‌ കെട്ടിയുണ്ടാക്കിയ ചെറ്റക്കുടിലിൽ സ്വയം ഭക്ഷണം പാകംചെയ്തുകൊണ്ടാണ്‌ ഈ ‘വെളുത്ത ഭാരതീയൻ’ ജീവിച്ചുപോന്നത്‌. ജർമൻകാരൻ എന്നതിലുപരി ഭാരതീയൻ എന്നറിയപ്പെടാനാണ്‌ ഗ്രഹാംബളിനെപ്പോലെ കാംപ്‌ചെനും ആഗ്രഹിച്ചത്‌. ഇപ്പോൾ ജർമനിയിൽ താമസിച്ച്‌ വിശ്രമജീവിതം നയിക്കുമ്പോഴും കൊൽക്കത്തയിലെ ദരിദ്രരുടെ മുഖങ്ങളായിരിക്കും അദ്ദേഹം സ്വപ്നംകാണുക.
puthuppallyachen@yahoo.com