പാരമ്പര്യ നാട്യകലാരൂപങ്ങളിൽ കൂടിയാട്ടത്തിന്റെ പഴക്കവും പെരുമയും ഭാരതത്തിലെ മറ്റൊരു ശൈലീകൃതകലയ്ക്കും അവകാശപ്പെടാനാവില്ല. കഴിഞ്ഞ നൂറ്റാണ്ടിൽ കൂത്തമ്പലങ്ങൾക്ക്‌ പുറത്തേക്കും പ്രചരിച്ച ഈ സംസ്കൃതനാടക പ്രസ്ഥാനത്തിന്‌ ലോകജനതയുടെ അദ്‌ഭുതാദരങ്ങൾ േനടിക്കൊടുത്തവരിൽ പ്രമുഖനായിരുന്നു അമ്മന്നൂർ മാധവച്ചാക്യാർ. അമ്മന്നൂരിന്റെ ജന്മശതാബ്ദിവേളയിൽ ഇടപ്പള്ളി കഥകളി ആസ്വാദകസദസ്സും കൊച്ചിൻ ഷിപ്പ്‌യാർഡും കേന്ദ്രസംഗീതനാടക അക്കാദമിക്കുകീഴിലുള്ള കൂടിയാട്ടകേന്ദ്രവും സംയുക്തമായി നാലുദിവസങ്ങളിലായി നാട്യോത്സവം നടത്തി. സംസ്കൃതപണ്ഡിതനും കൂടിയാട്ട പ്രണയിയുമായ ഡോ. കെ.ജി. പൗലോസായിരുന്നു ഇതിന്റെ സൂത്രധാരൻ.
രണ്ട്‌ 
വിഖ്യാതനാടകങ്ങൾക്കുപുറമേ ‘വ്യംഗ്യവ്യാഖ്യ’ എന്നപേരിൽ അവയുടെ രംഗപാഠവും രചിച്ച കുലശേഖരവർമന്റെ (എ.ഡി. 10-ാം നൂറ്റാണ്ട്‌) സുഭദ്രാധനഞ്ജയം നാടകത്തിലെ ഒന്നാമങ്കത്തോടുകൂടിയാണ്‌ നാട്യകലാമേള ആരംഭിച്ചത്‌. തീർഥാടനകാലത്ത്‌ ഭൂതത്തിന്റെ പിടിയിൽനിന്ന്‌ താൻ രക്ഷിച്ച സുഭദ്രയെന്ന കന്യക വേഗം അപ്രത്യക്ഷയായതിനെതുടർന്ന്‌ അർജുനൻ വിദൂഷകനിർദേശം മാനിച്ച്‌ അവളുടെ രൂപവർണന നടത്തുന്നു. നേപഥ്യ രാഹുൽ ചാക്യാർ എന്ന യുവനടനിലൂടെ സുഭദ്രയുടെ കേശാദിപാദവർണനയും ‘സൗന്ദര്യം സുകുമാരത’ എന്ന പ്രസിദ്ധ ശ്ലോകത്തിന്റെ ദൃശ്യാഖ്യാനവും സാമാജികർ 
ഹൃദയപൂർവം ആസ്വദിച്ചു. പിന്നീട്‌ വിദൂഷകനായെത്തിയ മാർഗി മധു അർജുനന്റെ തോഴരെന്നനിലയിൽ നർമം കലർന്ന മലയാളത്തിൽ പൂർവകഥ പറഞ്ഞ്‌ നാടകഭാഗവുമായി സന്ധിപ്പിച്ചു. കൂടിയാട്ടത്തിന്റെ നാട്യസങ്കേതജ്ഞാനമില്ലാത്ത കാണികളിൽ ഭൂരിപക്ഷത്തിനും മധുവിന്റെ വാക്കും ചേഷ്ടകളും ആശ്വാസവും അനുഗ്രഹവുമായി.
പിറ്റേന്ന്‌ വൈകീട്ട്‌ അപർണാ നങ്ങ്യാരുടെ നവരസാഭിനയത്തോടെയാണ്‌ അരങ്ങുണർന്നത്‌. മഹാഭാരതത്തിലെ വിവിധപ്രകരണങ്ങളിലൂടെ രസാവിഷ്കാരത്തെ മൂർത്തവും ഗഹനവുമാക്കാൻ പോന്നതായി അപർണയുടെ മുഖാഭിനയം. അനന്തരം ഭാസന്റെ അഭിഷേകനാടകത്തിലെ ഒന്നാമങ്കമായ ‘ബാലിവധം’ കൂടിയാട്ടം അരങ്ങേറി. 
കഥകളിയിലൂടെയും മറ്റും കലാസ്നേഹികൾക്ക്‌ പരിചിതമായ ഹാസ്യച്ഛവിയുള്ള സംഘർഷനിമിഷങ്ങളെക്കാൾ പ്രസക്ത കഥാപാത്രങ്ങളുടെ മനോഭാവങ്ങളെ വിശദമായി അടയാളപ്പെടുത്തുകയാണ്‌ കൂടിയാട്ടം ചെയ്യുന്നത്‌. നിസ്തേജനായി, ദേശഭ്രഷ്ടനായി കാലം കഴിച്ചുകൂട്ടാൻ വിധിക്കപ്പെട്ട സുഗ്രീവന്‌ ശ്രീരാമദർശനത്താലുണ്ടായ ഉന്മേഷവും ഉത്സാഹവും ഈ വേഷത്തിൽ പ്രത്യക്ഷനായ സൂരജ്‌ നമ്പ്യാർ വൃത്തിയായി ആവിഷ്കരിച്ചു.
 നാടകപ്രകൃതത്തിൽ ഇടം തുച്ഛമാണെങ്കിലും പൊതിയിൽ രഞ്ജിത്‌ ചാക്യാരുടെ ശ്രീരാമനും അമ്മന്നൂർ രജനീഷ്‌ ചാക്യാരുടെ ഹനുമാനും അരങ്ങിൽ വിളങ്ങി. അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ‘ബാലി’ വിഷ്ണുവിന്റെ നരസിംഹാവതാരവും പണ്ട്‌ ദേവാസുരന്മാർ തളർന്നപ്പോൾ താൻ ഏകനായി നിർവഹിച്ച പാലാഴിമഥനവും വിസ്തരിച്ച്‌ വീരരസത്തിന്റെ വിസ്തൃതിയും നിറപ്പകിട്ടും കാഴ്ചക്കാരെ ബോധിപ്പിച്ചു.
മൂന്നാംദിവസം യുവകലാകാരനായ ജിഷ്ണുപ്രതാപ്‌ ഹനുമാന്റെ സമുദ്രലംഘനം ഇതിവൃത്തമാക്കി കൂത്ത്‌ പറഞ്ഞ്‌ തന്റെ വാഗ്‌പ്രയോഗവൈഭവം 
ശ്രോതാക്കളെ ബോധ്യപ്പെടുത്തി. കൂത്തിനുശേഷം ശ്രീഹർഷന്റെ (ഏഴാം നൂറ്റാണ്ട്‌) നാഗാനന്ദം നാടകത്തിലെ മൂന്നാമങ്കത്തിന്റെ തുടക്കമായ ‘പ്രവേശകം’ അരങ്ങിലെത്തി. വിദ്യാധരരാജാവായ ജീമൂതവാഹനന്റെയും വിശ്വാവസുവിന്റെയും മകൾ മലയവതിയുടെയും വിവാഹാനന്തരം നടക്കുന്ന ചില സംഗതികളാണ്‌ പ്രഹസനരൂപത്തിൽ കലാമണ്ഡലം രാമച്ചാക്യാരും ശിഷ്യരും ചേർന്ന്‌ അവതരിപ്പിച്ചത്‌. 
മദ്യപിച്ച്‌ ഉന്മത്തരായ വിടൻ, ചേടൻ എന്നീ രണ്ട്‌ കഥാപാത്രങ്ങളുടെ പ്രവേശവും ഇവരിൽ വിടൻ തന്റെ പ്രിയതമ ‘നവമാലിക’യാണ്‌ എന്ന്‌ തെറ്റിദ്ധരിച്ച്‌ വിദൂഷകനായ ആത്രേയനെ ആലിംഗനം ചെയ്യാനൊരുമ്പെടുന്നതും തത്സമയം നവമാലിക കടന്നുവരുന്നതും അവളുടെ പരിഹാസശരങ്ങളും വിടന്റെ ജാള്യതയും കൂടിക്കലരുന്നതുമാണ്‌ സംഭവഗതികൾ. വിദൂഷകനായി വന്ന കലാമണ്ഡലം രാമച്ചാക്യാരുടെ ഹാസ്യോല്ലസിതമായ കഥനകൗശലവും 
കലാമണ്ഡലം സംഗീതിന്റെയും ചാരുഅഗരുവിന്റെയും ഭാവചേഷ്ടകളും കലാമണ്ഡലം കൃഷ്ണേന്ദുവിന്റെ നവമാലികയും പ്രേക്ഷകരെ ഏറെ രസിപ്പിച്ചു. കലാമണ്ഡലം ധനരാജനും സജിത്ത്‌ വിജയനും പാത്രഭാവങ്ങളെയും ഭാവദേഭങ്ങളെയും സൂക്ഷ്മമായി മിഴാവിൽ പകർത്തി.
അവസാനദിവസം കപില വേണുവിന്റെ നങ്ങ്യാർകൂത്ത്‌ പ്രമേയമാക്കിയത്‌ മഹാവിഷ്ണുവിന്റെ നരസിംഹാവതാരമായിരുന്നു. ഹിരണ്യകശിപുവായും പ്രഹ്ളാദനായും ഒടുവിൽ നരസിംഹമായും പകർന്നാടിയ കപില വീര-രൗദ്ര-ശാന്തരസങ്ങളുടെ സമസ്തധ്വനികളും അരങ്ങിൽ സാക്ഷാത്‌കരിച്ചു.
 നാട്യമേളയുടെ രണ്ടാംദിവസം മിഴാവിൽ തായമ്പക വിരിയിച്ച കലാമണ്ഡലം രാജീവും സംഘവും സമാപനസന്ധ്യയിൽ കപിലയുടെ നങ്ങ്യാർകൂത്തിന്‌ ശാബ്ദികമായ കരുത്തും കാന്തിയുമേകി. ആശ്ചര്യചൂഡാമണി നാടകത്തിലെ നാലാമങ്കമായ ‘ജടായുവധ’ത്തോടെയാണ്‌ 
കൂടിയാട്ടമേളയ്ക്ക്‌ തിരശ്ശീല വീണത്‌. അമ്മന്നൂർ രജനീഷ്‌ അഷ്ടദിഗ്വജങ്ങളെ ജയിച്ച 
രാവണനായി വന്ന്‌ ജടായുവിനെ നേരിട്ടതും പൈങ്കുളം നാരായണച്ചാക്യാർ ജടായുവായിവന്ന്‌ ലങ്കാധിപനെ സംഭ്രമിപ്പിച്ചതും സദസ്സിന്‌ മറക്കാനാവാത്ത ദൃശ്യഖണ്ഡങ്ങളായി. 
ഭീഷണിപ്പെടുത്തുന്ന ദൈർഘ്യവും ശാഖാചംക്രമണങ്ങളും കൊണ്ട്‌ സാമാന്യജനതയെ വെല്ലുവിളിച്ചിരുന്ന കൂടിയാട്ടം കൂടുതൽ അഭിഗമ്യമാക്കാനുള്ള സാധ്യതകളാണ്‌ ഈ നാട്യോത്സവം തുറന്നുവെച്ചത്‌.

kaladh@rediffmail.com