കഥകളിയുടെ കലാമണ്ഡലഭാഷയിൽ ‘രുക്‌മിണീസ്വയംവര’ത്തിലെ കൃഷ്ണൻ കെട്ടിയാടി കച്ചയും പച്ചയും അഴിച്ച്‌ കഥക്‌കലയുടെ കാൽച്ചിലങ്ക, ‘ഗുംഗ്‌രു’ അണിഞ്ഞ കാവ്യനർത്തകിയാണ്‌ ദീപ കർത്താ. കലൂരിൽ ജനിച്ച കലയുടെ ഊരിൽമാത്രം ഇന്നോളം ജീവിതംനയിച്ച കേരളത്തിന്റെ ‘ഏക’ കഥക്‌ നർത്തകി. അല്പസ്വല്പം അറിഞ്ഞും അറിയാതെയും ആടുന്ന ‘കഥക്‌കളി’ക്കാരെ മനഃപൂർവം മാറ്റിനിർത്തിത്തന്നെയാണ്‌ നവാബുമാരായ അസഫ്‌ ഉദ്‌ദൗള, വാജിദ്‌ അലി ഷാ എന്നിവരുടെ സൗന്ദര്യാത്മക-സാങ്കേതികത്തികവുകളാർന്ന ‘ലഖ്‌നൗ ഘരാന’യുടെ ലാവണ്യോപാസകയായ ദീപയെ കഥകിലെ ഏക മലയാളമായി കരുതാം.
കേരളത്തിൽ ആദ്യമായി തനിച്ച്‌ ഒരു കഥക്‌ നൃത്തം അവതരിപ്പിച്ച മലയാളി നർത്തകി ദീപ കർത്തായാണ്‌. കഥകളിനാട്ടിൽ ‘കഥക്‌-കളി’യെ വരവേൽക്കാനും വ്യാപരിപ്പിക്കാനും രംഗസമ്പന്നമാക്കാനും അന്നും എന്നും ദീപ നടത്തിയ ശ്രദ്ധേയശ്രമങ്ങൾ സഹൃദയാഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയവയാണ്‌. അക്ഷരാർഥത്തിൽ പറഞ്ഞാൽ, കഥക്‌ കലയുടെ കേരളത്തിലെ വളർത്തമ്മ, വക്താവ്‌, പ്രയോക്താവ്‌ ഒക്കെയായി വളർന്നുവലുതായിക്കഴിഞ്ഞു ഈ നാട്ടുനർത്തകി. 
നൂറ്റമ്പത്‌ മണിമുത്തുകൾ (ഗ്രേഡ്‌) അപദാനങ്ങൾ ഏറ്റുചൊല്ലുന്ന കഥക്‌ കാൽത്തള ‘ഗുംഗ്‌രു’ ദീപയെന്ന ഗോപനർത്തകിയുടെ വിലാസവിസ്മയവ്യക്തിത്വം വെളിപ്പെടുത്തുന്നുണ്ട്‌.
വിശ്വകലകളെല്ലാം വിശ്രുതസംഗീതത്തിൽ വിലയംകൊള്ളുന്നു. സമ്പൂർണസംഗീതമാവട്ടെ വാദ്യ-ഗീത-നൃത്ത സൗന്ദര്യസമന്വയവും. ഈ ‘തൗര്യത്രിക’ സംഗീത സുഷമയെ, നർത്തകി ശരീരത്തിലേക്ക്‌ ആവാഹിച്ചാടുമ്പോൾ അത്‌ നൃത്തമായും ഗായിക ശാരീരത്തിലേക്ക്‌ ആരോഹിച്ച്‌ പാടുമ്പോൾ അത്‌ ഗീതമായും വിശേഷിക്കപ്പെടുന്നു-അതിവിളംബവും അതിദ്രുതവും സ്തംഭനസമവുമുള്ള, രണ്ടായിരത്തിലേറെ വയസ്സുള്ള കഥക്‌കലയെ അധികരിച്ച്‌ വിഖ്യാതനർത്തകി പദ്‌മശ്രീ ഷൊവാന നാരായൺ രചിച്ച കൈപ്പുസ്തകം കരളിൽ പകർത്തി നൃത്താധ്യാപികയുെട ഗുരുമുഖമെടുത്ത്‌ ദീപ നമ്മളെ പഠിപ്പിക്കുന്നു.
 ‘ജതി’ മത വിശ്വാസിയായി ഇരുപതാണ്ട്‌ ഭരതനാട്യവും ഒരു പതിറ്റാണ്ട്‌ മോഹിനിയാട്ടവും മൂന്നുവർഷം കഥകളിയും പഠിച്ചിട്ടും പാഠനം ചെയ്തിട്ടും കഥകിന്റെ കേരള കഥാനായികയായിത്തീർന്നത്‌ തന്റെ ഗോപികാ ജന്മനിയോഗമായി ദീപ നിരീക്ഷിക്കുന്നു.
2006-ൽ െബംഗളൂരുവിലെ തുഷാർഭട്ടിൽനിന്ന് കഥകിന്റെ ‘കുഞ്ഞിക്കാൽവെപ്പുകൾ’ പഠിച്ചെങ്കിലും 2010-ൽ കേരള സംഗീത നാടക അക്കാദമിയിൽനടന്ന ദ്വിദിന കഥക് ശില്പശാലയാണ് ‘തില്ലാന’യിൽ നിന്ന് ‘തരാന’യിലേക്കുള്ള ദീപയുടെ ചുവടുമാറ്റത്തിന് ചിലങ്കകെട്ടിയത്. ‘കഥക് നടരാജ’നായ ബിർജു മഹാരാജിന്റെ വിഖ്യാത വത്സലശിഷ്യ പാർവതിദത്തയായിരുന്നു അന്ന് ശില്പശാല നയിച്ചിരുന്നത്.
തനുവിന്റെ തന്മാത്രകളത്രയും നൃത്തമൂർത്തീഭാവമണിയുന്ന കഥക്‌കല! അതിഭാവുകത്വമില്ലാത്ത ലോകധർമി പിൻപറ്റുന്ന അഭിനയം, മുദ്രാങ്കിതമല്ലാത്ത ലോലവിലോലകരചലനങ്ങൾ, 
വൃത്തനൃത്തങ്ങളിൽനിന്ന് ‘ഡമ്മി’ലെ സ്തംഭനശില്പസൗന്ദര്യത്തിലേക്കുള്ള അംഗവിന്യാസങ്ങൾ, അതിദ്രുത സപ്തഭ്രമരികളിൽ അംഗനാഭയുടെ അരക്കെട്ടിൽ അതിശയഞൊറിക്കുട വിടർത്തിയുയരുന്ന പേശ്‌വ (അനാർക്കലി). ലഡി, തിഹായി, തത്കാറുകളിൽ (footwork) ഝിൽ... ഝിൽ മർമരം ചിന്തുന്ന ‘ഗുംഗ്‌രു’ എന്ന ‘ഗംഗച്ചിലങ്ക’... അവൾ അതെല്ലാം അതിമോഹിച്ചു. അവളെ അവ അത്യാകർഷിച്ചു.
പഖാവജ്, ജൻഝ്, മഞ്ജിര, നാഗര തബല, സരോദ്, സാരംഗി, സിതാർ, താർഷെഹ്‌നായ്, ബാംസുരി തുടങ്ങിയ പക്കവാദ്യങ്ങൾ തുമ്‌രി, ദ്രുപദ്, ദാദ്രാ, ഭജൻ, ഗസൽ, ഹോരി, ചൈതി, ഗീതഭേദങ്ങൾ കേട്ടും കണ്ടും ദീപ അതിശയിച്ചു. കഥക് നടനപഠനം അഭിലഷിച്ചു. ഗുരുദക്ഷിണവെച്ച്‌ നമിച്ച് പാർവതിദത്തയ്ക്കൊപ്പം ഔറംഗാബാദിലേക്ക് തിരിച്ചു. ഏഴുവർഷത്തിനുശേഷം ഇന്നിന്റെ അരങ്ങിൽ ഇവളൊരു ഇന്ത്യൻ കഥക് നർത്തകിയായി വളർന്ന് അതി‘വിളംബി’ലും അതി‘ദ്രുതി’ലും ആടിത്തിമിർക്കുന്നു; ‘കഥകിന്റെ മലയാളകഥ’യായി മാറിയിരിക്കുന്നു! 
ഭാരതീദാസൻ സർവകലാശാലയിൽനിന്ന് ഭരതനാട്യത്തിൽ മാസ്റ്റർ ബിരുദമെടുത്തിട്ടുള്ള ദീപ കർത്താ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കൊറിയോഗ്രാഫി ചെയ്ത് തന്റെ സംവിധാനസർഗവൈഭവം തെളിയിച്ചിട്ടുണ്ട്. ഇതിനുപുറമേ, കുച്ചിപ്പുടിയിലും ഈ കലാകാരി തന്റെ ‘തരംഗ’സാന്നിധ്യം അറിയിക്കുന്നുണ്ട്.
കൊച്ചിയിൽ പാലാരിവട്ടത്തെ തന്റെ രുദ്ര സ്കൂൾഓഫ് ക്ലാസിക്കൽ ഡാൻസിൽ നൂറുകണക്കിന് നൃത്തപഠിതാക്കളുടെ ഗുരുവായ ഇവർ കമലിന്റെ നടൻ, ടി.വി. ചന്ദ്രന്റെ മോഹവലയം എന്നീ ചലച്ചിത്രങ്ങൾക്കുവേണ്ടി നൃത്തസംവിധായികയുടെ മേലങ്കിയണിഞ്ഞു. ചലച്ചിത്രനടിമാരായ കാവ്യാമാധവനും അമലാപോളുമൊക്കെ ദീപയുടെ ഇന്നത്തെ ശിഷ്യവൃന്ദത്തിലുള്ളവരാണ്. നല്ല നർത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ ‘നട്ടുവാങ്കം’ ചെയ്യുന്നത് ഇപ്പോൾ ദീപയാണ്. 
പാരമ്പര്യത്തിന്റെ നാട്യ-ലോകധർമികൾ അവലംബിച്ച നാട്യശാസ്ത്രം അനുസരിച്ച് അഭിനയദർപ്പണത്തിൽ അർപ്പണമനോമുഖം പ്രതിബിംബിപ്പിച്ച് ഏറെ പുരസ്കരിക്കപ്പെട്ട ഈ കഥക് കലാപ്രതിഭ അയൽനാടുകളിലും അന്യനാടുകളിലും ഒറ്റയ്ക്കും ഗുരുവൊന്നിച്ചും ഏറെ രംഗവേദികളിൽ നൃത്തനൃത്യങ്ങളാടി.
ഇന്ന് ഇതര ഘരാനകളുടെ (ജയ്‌പുർ, ബനാറസ്, റായ്ഘർ) താരതമ്യപഠനം ചെയ്തും നിത്യജീവിതം നൃത്യജീവിതമാക്കുന്ന ഈ ദീപയെ ‘കഥകളിനാട്ടിലെ കഥക് ദീപ’മെന്ന് നമുക്ക് വിശേഷിപ്പിക്കാനാകും!

rkdamodaranpoet@gmail.com