കൃഷിയറിവുകൾ സംരക്ഷിക്കപ്പെടുന്ന ജൈവകൃഷിയിടം. വയനാട്ടിലെ ബ്രഹ്മഗിരിയുടെ താഴ്‌വാരത്താണ്‌ കീഴേപ്പാട്ട് ഇല്ലം സുകുമാരനുണ്ണിയുടെ ഇൗ ജൈവകൃഷിയിടം. രാസവളങ്ങളും കീടനാശിനികളും പതിയെപ്പതിയെ വയനാടിനെ വിഴുങ്ങാൻ തുടങ്ങിയപ്പോഴും ഈ മാറ്റത്തെ പ്രതിരോധിച്ചുനിന്ന കർഷകനാണ് സുകുമാരനുണ്ണി. 
ഒരുകാലത്തും വറ്റാതെ ഒഴുകുന്ന കാളിന്ദിയുടെ  തീരത്ത് പൂർണമായും പ്രകൃതിസൗഹൃദമായ കൃഷിയുമായി പുതിയ കാലത്തോട് സംവദിക്കുകയാണ് 60 വയസ്സ് 
പിന്നിട്ട ഈ കർഷകൻ. സ്വന്തമായുള്ള നാലരയേക്കറോളം കൃഷിയിടത്തിൽ രാസവളങ്ങളും കീടനാശിനികളും ഇതുവരെ തൊടുവിച്ചിട്ടില്ല. നവരയും ഗന്ധകശാലയും ഉൾപ്പെടെയുള്ള പരമ്പരാഗത നെല്ലിനങ്ങളും കുരുമുളകും കാപ്പിയുമെല്ലാം പൂർണമായും ജൈവികമായി ഇവിടെ ഉത്‌പാദിപ്പിക്കപ്പെടുന്നു, സ്വന്തമായി ബ്രാൻഡ്ചെയ്ത് വിപണിയിലും എത്തിക്കുന്നു.  
1921-ൽ തിരുനെല്ലിയിൽ കരുമത്ത് താമസമാക്കിയ ഇട്ടിച്ചിരി മനയമ്മ എന്ന മുത്തശ്ശിയിൽനിന്നാണ് ഈ നാടിനെയും കൃഷിയെയും കൂടുതൽ സ്നേഹിക്കാനുള്ള 
പ്രചോദനമുണ്ടായത്. ചെറുപ്പത്തിൽ പഠനത്തിന്റെ ഇടവേളകളിലെല്ലാം അവധിക്കാലത്ത് സ്വദേശമായ പാലക്കാട് ചിറ്റൂരിൽനിന്ന്‌ ഇവിടേക്ക് ഓടിവരാറുണ്ട്. പിന്നീട് പഠനം പൂർത്തിയായി 1982-ൽ 
കുടുംബസ്വത്തായി വീതംവെച്ചുകിട്ടിയ ഈ സ്ഥലം നോക്കിനടത്താനുള്ള ഉത്തരവാദിത്വവുമായി ഇവിടെ വേരുറപ്പിക്കുകയായിരുന്നു.   
നവരമുതൽ ഗന്ധകശാലവരെയുള്ള നെൽവിത്ത് സുകുമാരനുണ്ണിയുടെ പക്കലുണ്ട്.  മുടങ്ങാതെ ഇതെല്ലാം കൃഷിചെയ്യുന്നു. സ്വന്തം ഉപയോഗം കഴിഞ്ഞ് ഇവ ആവശ്യക്കാർക്ക് വിൽക്കുകയും ചെയ്യുന്നു. ഇല്ലത്ത് വില്ല ഓർഗാനിക് പ്രൊഡക്ട് എന്ന നിലയിൽ ബ്രാൻഡ്ചെയ്ത 
ഈ അരിക്ക് ആവശ്യക്കാരും 
ഏറെയുണ്ട്.
 കിലോയ്ക്ക് 400 രൂപ വില ഈടാക്കിയാണ് വിൽക്കുന്നത്. ഈ വിലതരാനും ആരും മടികാട്ടുന്നില്ല. കാരണം പൂർണമായും ജൈവികമായി ഉത്പാദിപ്പിക്കുന്ന  അരിക്ക് അതിന്റെ ഗുണവുമുണ്ട്.  വളമായി നൽകുന്നത് നാടൻ പശുവിന്റെ മൂത്രംചേർത്ത സ്ലറിയാണ്. ഇവയെ കൃത്യമായി ഓരോ വിളയുടെയും ചുവട്ടിൽ ഒഴിച്ചുകൊടുക്കും. കേരളത്തിൽ അപൂർവമായിമാത്രം കാണുന്ന ബ്രാഹ്മിണി ഇനത്തിൽപ്പെട്ട പശുക്കളും വെച്ചൂർ പശുക്കളുമെല്ലാം ഇവിടെയുണ്ട്. 
വിഷരഹിത പച്ചക്കറി ഉത്പാദനത്തിലൂടെ ഈ കൃഷിയിടത്തിന്റെ ഖ്യാതിയും കടൽ കടന്നു. ഇവിടം ഫാം സ്കൂളായും മാറിയതോടെ വിദേശികൾ ഇവിടെ പഠനത്തിന്റെ ഭാഗമായി എത്താറുണ്ട്. വയനാട് കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ മികച്ച ജൈവകർഷക അവാർഡ്, പഞ്ചായത്ത് തലത്തിലുള്ള ഏറ്റവും മികച്ച ജൈവകർഷകൻ എന്നിങ്ങനെയുള്ള പുരസ്കാരങ്ങളും 
സുകുമാരനുണ്ണിയെ തേടിവന്നിട്ടുണ്ട്. (ഫോൺ 9447344175)