തമിഴകത്തിന്റെമാത്രമല്ല, മുഴുവൻ ഭാരതീയരുടെയും അഭിമാനമായ ഇളയരാജ ഒരു സിംഫണി സൃഷ്ടിച്ചത് നമ്മുടെ മുഴുവൻ മാധ്യമങ്ങളും ഒരിക്കൽ വലിയ വാർത്തയാക്കിയിരുന്നു. പാശ്ചാത്യ സംഗീതത്തിൽ സർഗാത്മകമായി ഇടപെടുകയും ശ്രദ്ധേയമായ സംഭാവനകൾ നൽകുകയും ചെയ്തിട്ടുള്ള ഇന്ത്യക്കാർ നന്നേ കുറവായതുകൊണ്ടാണ് അതിന് വലിയ വാർത്താപ്രാധാന്യം കിട്ടിയത്. എന്നാൽ, ഇളയരാജയെക്കൂടാതെ ഇന്ത്യയിൽ പാശ്ചാത്യസിംഫണി സൃഷ്ടിച്ച മറ്റൊരാൾകൂടിയുണ്ട്. അതും ഒരു മലയാളി! ഓർത്തഡോക്സ് സഭയിലെ വൈദികനായ ഫാ. എം.പി. ജോർജ്. 
മൊസാർട്ട്, ബിഥോവൻ തുടങ്ങിയ പ്രതിഭാശാലികൾ   
പുഷ്കലമാക്കിയ സിംഫണിപാരമ്പര്യത്തെയാണ് ഈ വൈദികനും പിന്തുടരുന്നത്. സിംഫണിക്ക് കർണാട്ടിക് രാഗങ്ങളുടെ നിറച്ചാർത്ത് നൽകിയാണ് രണ്ടുകൊല്ലംമുമ്പ് ഫാദർ തന്റെ രചന വേദിയിലെത്തിച്ചത്. കല്യാണി, ചാരുകേശി, സിന്ധുഭൈരവി, ഹിന്ദോളം, മോഹനം, ഹംസധ്വനി, ശങ്കരാഭരണം, ദേശ് എന്നീ രാഗങ്ങൾ കൂടി ഉൾപ്പെടുത്തി ഇന്ത്യയിലെ ആദ്യത്തെ ഫിൽഹാർമോണിക് സിംഫണിക്കാണ് ഫാ. ജോർജ്  രൂപംനൽകിയത്. സിംഫണിയിൽ ഉദ്‌ബോധനപരമായ അംശംകൂടി ഉൾച്ചേർന്നിട്ടുള്ളതിനാലാണ് ‘ദി സോങ്‌ ഓഫ് ആൻ ഇന്ത്യൻ കുക്കൂ’(വിഷുപ്പക്ഷിയുടെ ഗാനം)വിന് ഫിൽഹാർമണി എന്ന വിശേഷണമുള്ളത്. ഇന്ത്യയിൽനിന്ന്‌ ഒരു വിഷുപ്പക്ഷി ദേശങ്ങൾതാണ്ടി ജെറുസലേമിലെത്തി യേശുവിന്റെ ജനനംമുതൽ ഉയിർത്തെഴുന്നേല്പുവരെയുള്ള കഥകൾ മനസ്സിലാക്കുകയും നാട്ടിൽ മടങ്ങിയെത്തി ലോകസമക്ഷം പാടുകയും ചെയ്യുന്നതാണ് ഇതിന്റെ തീം. 
ഓർത്തഡോക്സ് സെമിനാരിയുടെ ഇരുനൂറാം വാർഷികാഘോഷച്ചടങ്ങുകളുടെ ഭാഗമായി  കോട്ടയത്താണ് ഇന്ത്യൻ കുക്കൂവിന്റെ ആദ്യ അവതരണം നടന്നത്. കഴിഞ്ഞ ജനുവരിയിൽ എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് വീണ്ടും അരങ്ങേറിയ ഈ അപൂർവ
സംഗീതശില്പം ആസ്വദിക്കാൻ ആയിരങ്ങളാണ് കൊച്ചി രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഒത്തുകൂടിയത്.
‘‘ബിഥോവനെപ്പോലെയുള്ള മഹാപ്രതിഭകൾ ഉന്നതമായ ഒരു മലയുടെ ഉച്ചിയിലൂടെ കടന്നുപോയപ്പോൾ ഈയുള്ളവൻ ഇങ്ങ്  താഴ്‌വരയിലൂടെ പിച്ചവെയ്ക്കാൻ ശ്രമിച്ചു. അത്രമാത്രം. ഒരുവർഷമെടുത്തു സിംഫണി പൂർത്തിയാവാൻ. രചനയുടെ ഘട്ടത്തിൽ ശാരീരികമായ വിഷമതകൾ പോലുണ്ടായി. എല്ലാം ഒരു നിയോഗമായിരുന്നു എന്നുകരുതാനാണിഷ്ടം’’, -കോട്ടയം പഴയ സെമിനാരിയിൽ തിയോളജിക്കൽ പ്രൊഫസറും ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്റെ  ഡയറക്ടറുമായ 
ഫാ. ജോർജ് വിനയാന്വിതനാവുന്നു. 
മൂവാറ്റുപുഴയ്ക്കടുത്ത് പാമ്പാക്കുടയിൽ എം.കെ. പൈലി-സാറാമ്മ ദമ്പതിമാരുടെ ഒമ്പതുമക്കളിൽ ആറാമനായി ജനിച്ച എം.പി. ജോർജ് എന്ന ജോർജ് അച്ചന് സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ സംഗീതവുമായി പറയത്തക്ക അടുപ്പമുണ്ടായിരുന്നില്ല. പാട്ട് കേൾക്കാനായിരുന്നു അന്നൊക്കെ ഇഷ്ടം. ഡിഗ്രി കഴിഞ്ഞ് കോട്ടയത്ത് വൈദികവിദ്യാർഥിയായിരിക്കുമ്പോഴാണ് ജോർജിന്റെ സംഗീതവാസന തിരിച്ചറിഞ്ഞ് അന്നത്തെ പ്രിൻസിപ്പലായിരുന്ന ഡോ. പൗലോസ് മാർ ഗ്രിഗോറിയസ് കോട്ടയം കലാക്ഷേത്രയിൽ കർണാടക സംഗീതം പഠിക്കാനയയ്ക്കുന്നത്. 1984-ലെ വിജയദശമിനാൾ അരങ്ങേറ്റംകുറിച്ചതോടെ കേരളത്തിൽ കർണാട്ടിക് സംഗീതക്കച്ചേരി അവതരിപ്പിച്ച ആദ്യ ക്രൈസ്തവപുരോഹിതൻ എന്ന വിശേഷണം ഫാദറിന് സ്വന്തമായി. 
മൂന്നുകൊല്ലത്തിനുശേഷം ഗ്രിഗോറിയസ് തന്നെ മുൻകൈയെടുത്താണ് ജോർജിനെ പാശ്ചാത്യസംഗീതം അഭ്യസിക്കാൻ റഷ്യയിലേക്ക് അയയ്ക്കുന്നത്. പഴയ ലെനിൻഗ്രാഡിലെ  ഓർത്തഡോക്സ് മ്യൂസിക് അക്കാദമിയിൽ ‘ഹാർമണി ആൻഡ്‌ ക്വയർ കൺഡക്ഷൻ’ എന്നതായിരുന്നു വിഷയം. മൂന്നുവർഷത്തെ 
സ്കോളർഷിപ്പോടുകൂടിയ പഠനവും ഇംഗ്ലണ്ടിലെ സെയ്‌ന്റ് ആൽബർട്ട്‌സ് മ്യൂസിക് കോളേജിൽ ഒരുകൊല്ലത്തെ ഉപരിപഠനവും കഴിഞ്ഞ്  മടങ്ങിയെത്തിയ ഫാദർ സഭയുടെ പാരമ്പര്യഗീതങ്ങളെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. പഴയതും പുതിയതുമായ മുഴുവൻ ഗാനങ്ങളും പാശ്ചാത്യശൈലിയിൽ നൊട്ടേറ്റ് ചെയ്ത് services book of the Holy Qurbana എന്ന പുസ്തകം പ്രസിദ്ധപ്പെടുത്തുന്നത് അങ്ങനെയാണ്. സെമിനാരിയിൽ ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിനും സുമോറോ എന്ന ക്വയർ സംഘത്തിനും രൂപംനൽകുന്നതും ഇക്കാലത്താണ്. ശ്രുതിയിലെ വിദ്യാർഥികൾക്കുവേണ്ടി തയ്യാറാക്കിയ ടീച്ചിങ്‌ നോട്ടുകൾ വിപുലപ്പെടുത്തി ദേവരാജൻ മാഷിന്റെ ദീർഘ അവതാരികയോടെ 1996-ൽ  പ്രസിദ്ധീകരിച്ച പാശ്ചാത്യസംഗീതപ്രവേശിക എന്ന പുസ്തകം വലിയതോതിൽ ശ്രദ്ധ പിടിച്ചുപറ്റി. പാശ്ചാത്യ സംഗീതത്തെക്കുറിച്ച് സവിശേഷമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ഏക പുസ്തകം ഇന്നും ഫാ. എം.പി. ജോർജ് രചിച്ച 170 പുറങ്ങളുള്ള പാശ്ചാത്യ സംഗീതപ്രവേശികയാണ്.    
2015-ൽ സെമിനാരിയുടെ 200-ാം വാർഷികവും ഫാ. ജോർജിന്റെ അറുപതാം പിറന്നാളും ഒന്നിച്ചാണ് വന്നത്. ശ്രുതിയുടെ സിൽവർ ജൂബിലികൂടിയായിരുന്നു ആ വർഷം. ജോർജ് അച്ചന്റെ കഴിവുകൾ പൊതുസമൂഹത്തിനുമുന്നിൽ സാക്ഷ്യപ്പെടുത്തുന്ന തരത്തിലാവണം പരിപാടികളെന്ന കൂടിയാലോചനയിൽനിന്നാണ് സിംഫണി എന്ന ആശയത്തിന്റെ പിറവി. അച്ചന് അത് സാധിക്കുമെന്നതിൽ ആർക്കും രണ്ടഭിപ്രായമുണ്ടായിരുന്നില്ല. തിരക്കുകളിൽനിന്നകന്ന് ഏകാന്തമായ ഒരിടത്ത് താമസിച്ചുകൊണ്ടായിരുന്നു രചന. കംപ്യൂട്ടറിൽ പ്രത്യേക സോഫ്റ്റ്‌വേർ  ഉപയോഗിച്ചായിരുന്നു എഴുത്തും മാറ്റിയെഴുത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇരുനൂറിൽപരം കലാകാരന്മാരെ ഏകോപിച്ചുകൊണ്ടുള്ള പരിശീലനം തികഞ്ഞ അധ്വാനമായിരുന്നു. നാലുവിഭാഗങ്ങളിലായി ഇരുപതോളം സംഗീതോപകരണങ്ങളാണ് സിംഫണിയിൽ ഉപയോഗിച്ചത്. ഓരോരുത്തർക്കുള്ള സ്കോറുകൾ മുൻകൂറായി നൽകിയിരുന്നതിനാൽ ഒരുക്കങ്ങളോടെയാണ് ഏവരും റിഹേഴ്‌സലിനെത്തിയത്. സ്ട്രിങ്‌ ഇൻസ്ട്രുമെന്റിൽ വയലിൻ, വിയോള, സെല്ലോ, ഡബിൾ ബാസ്, ഹാർപ്പ് എന്നിവയും വിൻഡ് വിഭാഗത്തിൽ ഒബോ, ഫ്ളൂട്ട്, ക്ലാർനെറ്റ്, സാക്സഫോൺ, യൂഫോണിയം, ഹോൺ, ട്രംപറ്റ്, ട്രോംബോൺ, ട്യൂബ എന്നിവയും കീബോർഡ് വിഭാഗത്തിൽ ഗ്രാൻഡ് പിയാനോയും പെർക്കഷനിൽ ടിബനി, ജാസ് ഡ്രംസ് എന്നിവയും അണിനിരന്നു. വിഷുപ്പക്ഷിയുടെ സാന്ദ്രകൂജനത്തിനൊപ്പം ക്രിസ്തുവിന്റെ ജീവിതമുഹൂർത്തങ്ങൾ നിശ്ചലചിത്രങ്ങളായി വേദിയിലെ സ്‌ക്രീനിൽ വന്നുപൊയ്ക്കൊണ്ടിരുന്നു. 
സുമോറോയുടെ നേതൃത്വത്തിൽ വിവിധ ചർച്ച് ക്വയറുകളിലെ ഗായകർ പങ്കെടുത്ത കോറൽ സിംഫണിയും ഫ്യൂഷനും വേദിക്ക് കൂടുതൽ തിളക്കമേകി. യേശുദാസും ദേവരാജൻ മാഷും ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യംകൊണ്ട് സമ്പന്നമായിരുന്നു കോടിമത വിൻഡ്‌സർ കാസിലെ അരങ്ങ്. പാശ്ചാത്യസംഗീതപ്രവേശികയുടെ ഇംഗ്ലീഷ് പതിപ്പായ An Introduction to western music എന്ന പുസ്തകത്തിന്റെ പ്രകാശനവും അതേ വേദിയിലാണ് നടന്നത്. യേശുദാസാണ് ഇംഗ്ലീഷ് പതിപ്പിന് അവതാരിക കുറിച്ചത്. 
ഒട്ടേറെ ആരാധനാഗീതങ്ങൾക്കുപുറമേ പിയാനോ, വയലിൻ എന്നിവയ്ക്കുള്ള കൺസെർട്ടോ കോമ്പസിഷനുകളും ചിട്ടപ്പെടുത്തിയിട്ടുള്ള അച്ചന് പാശ്ചാത്യസംഗീതലോകത്തെ പരിശ്രമങ്ങളുമായി ഇനിയും ഏറെദൂരം മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. അതിന്‌ ‌വേണ്ടിവരുന്ന ഭീമമായ സാമ്പത്തികച്ചെലവും ശാരീരികക്ലേശവുമാണ് താത്‌കാലികമായെങ്കിലും പിന്നോട്ടു
വലിക്കുന്നത്. 
കാൽനൂറ്റാണ്ടായി കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി  ക്ഷേത്രത്തിലെ ചെമ്പൈ 
സംഗീതോത്സവത്തിൽ മുടക്കംകൂടാതെ പങ്കെടുക്കുന്ന അച്ചന് പാശ്ചാത്യ സംഗീതംപോലെതന്നെ പ്രിയങ്കരമാണ് കർണാട്ടിക് സംഗീതവും. ക്രൈസ്തവഗീതങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കർണാട്ടിക് സംഗീതക്കച്ചേരികളും പള്ളികളിൽ ധാരാളമായി നടത്താറുണ്ട്.
പുത്തനങ്ങാടി സെയിന്റ്‌ തോമസ്‌ ഗേൾസ്‌ ഹയർസെക്കൻഡറി സ്കൂൾ ഹെഡ്‌മിസ്‌ട്രസ്‌ ആയ സൂസി ജോർജാണ്‌ ഇദ്ദേഹത്തിന്റെ ഭാര്യ. അച്ചൻ നേതൃത്വം കൊടുക്കുന്ന സുമോറോ ക്വയർ ഗ്രൂപ്പിലെ ഗായിക കൂടിയാണ്‌ ടീച്ചർ. കോട്ടയത്ത്‌ ഒരു ഐ.ടി. സ്ഥാപനത്തിൽ ട്രെയിനിയാണ്‌ മകൻ പോൾ ജോർജ്‌. മകൾ സൈറാ മറിയം ​േജാർജ്‌ 
ആർക്കിടെക്‌ചർ വിദ്യാർഥിനിയാണ്‌. മാർതോമാ സഭാധ്യക്ഷൻ മാർ ക്രിസോസ്റ്റം 
തിരുമേനിയുടെ നൂറാം പിറന്നാളാഘോഷങ്ങളുടെ ഭാഗമായി  ഏപ്രിൽ 23-ന്‌ തിരുവനന്തപുരത്ത്‌ സംഘടിപ്പിക്കുന്ന ചടങ്ങിൽ കർണാടിക്‌ കച്ചേരി അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്‌ ഇപ്പോൾ ഫാദർ ജോർജ്‌.
‘‘ജാതിമതങ്ങൾക്കതീതമായി മനുഷ്യനെ സംസ്കരിക്കാനുള്ളതാണ് എല്ലാ സംഗീതവും. പാശ്ചാത്യം, കർണാട്ടിക് എന്നിവയൊക്കെ 
തിരിച്ചറിയാനുള്ള സംജ്ഞകൾമാത്രം’’ -ഫാദർ വിശദീകരിക്കുന്നു. വിഷുപ്പക്ഷിയുടെ പാട്ടൊരുക്കിയ ഈ ക്രിസ്തീയപുരോഹിതന് ആദരമർപ്പിക്കാൻ വിഷുവും ഈസ്റ്ററും തൊട്ടടുത്ത ദിവസങ്ങളിൽ വന്നണയുന്ന ഈ ദിവസങ്ങളെക്കാൾ മികച്ച സന്ദർഭമേതുണ്ട്? 

 venualapza@gmail.com