ആഫ്രിക്കൻ കഥനകലയുടെ ആചാര്യനാണ് ചിന്വ ആച്‌ബെ. അധിനിവേശത്തിനെതിരെയുള്ള പ്രതിരോധങ്ങളായിരുന്നു  അദ്ദേഹത്തിന്റെ രചനകൾ. ‘കഥകളാണ് ഞങ്ങളുടെ വഴികാട്ടികൾ.അതില്ലെങ്കിൽ ഞങ്ങൾ അന്ധരാണെ’ന്ന് പറഞ്ഞ ആച്‌ബെ ,ആഫ്രിക്കൻ ഇഗ്‌ബോ വായ്‌മൊഴി ചരിത്രത്തിൽ നിന്ന് ഊർജമുൾക്കൊണ്ടാണ് എഴുതിയിരുന്നത്. എഴുത്ത് മാത്രമല്ല,നൈജീരിയൻ രാഷ്ട്രീയത്തിൽ ശക്തമായ ഇടപെടലുകളും അദ്ദേഹം നടത്തി. അമേരിക്കയിലെ സർവകലാശാലകളിൽ അധ്യാപകനായിരുന്ന ആച്‌ബെ ബോസ്റ്റണിൽ വച്ച് 2013 മാർച്ച് 21 നാണ് അന്തരിച്ചത്.   1971-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കഥയുടെ പശ്ചാത്തലം നൈജീരിയയിൽ നിന്ന് വേർപെടാനായി ബയാഫ്ര നടത്തിയ പോരാട്ടങ്ങളാണ്. ആച്‌ബെ ബയാഫ്രൻ പോരാട്ടത്തെ ശക്തമായി പിന്തുണച്ചിരുന്നു. പ്രത്യക്ഷമായി മുദ്രാവാക്യം വിളികളോ ഏറ്റുമുട്ടലുകളോ ചിത്രീകരിക്കാതെ യുദ്ധത്തിന്റെയും യുദ്ധാനന്തര ജീവിതത്തിന്റെയും ചിത്രം വരയ്ക്കുകയാണ് ഈ കഥയിൽ ആച്‌ബെ. ആച്‌ബെ മരിച്ചിട്ട് നാല് വർഷം തികയുന്ന വേളയിൽ അദ്ദേഹത്തിന്റെ ‘സിവിൽ പീസ്’ എന്ന വിഖ്യാത കഥയുടെ മൊഴിമാറ്റം ഇതാ.

അസാധാരണമായനിലയിൽ ഭാഗ്യവാനാണ് താൻ എന്നാണ് ജോനാഥൻ ഇവേഗ്ബു സ്വയം വിലയിരുത്തിയത്. ‘ആഹ്ലാദകരമായ അതിജീവനം!’ -സമാധാനത്തിന്റെ നേർത്തവെളിച്ചംപടരുന്ന ആദ്യ ദിനങ്ങളിൽ പഴയചങ്ങാതിമാർ പരസ്പരം കൈമാറിയിരുന്ന പതിവ് ആശംസാ വാചകമായിരുന്നു അത്. ഇപ്പോൾ ആ വാക്കുകൾ ജോനാഥന് കൂടുതൽ അർഥവത്തായി തോന്നി.   അഞ്ച് അമൂല്യങ്ങളായ അനുഗ്രഹങ്ങളുമായാണ് അയാൾ യുദ്ധത്തിൽനിന്ന് പുറത്തുവന്നത്. സ്വന്തം തല, ഭാര്യ മരിയയുടെയും നാലുമക്കളിൽ മൂന്നുപേരുടെയും തലകൾ- മൊത്തം അഞ്ച്. അതുകൂടാതെ ഒരു ബോണസെന്നതുപോലെ അയാളുടെ പഴയ സൈക്കിളും തിരിച്ചുകിട്ടി. സൈക്കിൾ വീണ്ടുകിട്ടിയത് ഒരദ്ഭുതം തന്നെ; അഞ്ച് തലകൾ തിരിച്ചു കിട്ടിയതുമായി അതിനെ താരതമ്യപ്പെടുത്താനാകില്ലെങ്കിലും.

ജോനാഥന്റെ സൈക്കിളിന് ഒരു ചെറുചരിത്രമുണ്ടായിരുന്നു. യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, ഒരു ദിവസം ഈ സൈക്കിൾ ‘അടിയന്തരാവശ്യങ്ങൾക്ക്’ എന്നു പറഞ്ഞ് സൈന്യം പിടിച്ചെടുത്തു. സൈക്കിൾ നഷ്ടമായത് അയാൾക്ക് താങ്ങാനായില്ല. അതു പിടിച്ചെടുത്ത ഈ പട്ടാള ഓഫീസർ കുഴപ്പക്കാരനല്ലേ എന്ന് അയാൾക്ക് നേരത്തേ സംശയമുണ്ടായിരുന്നു. അണിഞ്ഞിരുന്ന പഴകിനാറിയ വസ്ത്രങ്ങളോ, കാൽവിരലുകൾ പുറത്തു കാണാവുന്നതും രണ്ട് വ്യത്യസ്ത നിറങ്ങളിൽ-ഒന്ന് നീല, ഒന്ന് തവിട്ടും- ഉള്ള ഷൂസോ, ബോൾ പോയിന്റ് പേനകൊണ്ട് എഴുതി ഉടുപ്പിൽപ്പതിച്ച പദവിചിഹ്നങ്ങളോ ആയിരുന്നില്ല അതിനു കാരണം. കരുത്തില്ലായ്മയും പെരുമാറ്റത്തിൽ ഉറപ്പില്ലായ്മയുമുള്ള ആ പട്ടാളക്കാരൻ, എളുപ്പം സ്വാധീനങ്ങൾക്ക് വഴങ്ങുന്നയാളാണെന്ന് തോന്നിച്ചു. 

ജോനാഥൻ തന്റെ സഞ്ചി പരതി, ഭാര്യ മരിയ വിറകുവാങ്ങാൻ നൽകിയ രണ്ട് പൗണ്ട് പുറത്തെടുത്തു. പട്ടാളക്യാമ്പിൽ ഉണക്കമത്സ്യവും മറ്റും കൊടുത്ത് ഭാര്യ സമ്പാദിച്ച പണമായിരുന്നു അത്. പണം പട്ടാളക്കാരന് നൽകി അയാൾ സൈക്കിൾ തിരികെവാങ്ങി. ക്യാമ്പിൽ മരിക്കുന്നവരെ-തന്റെ ഇളയമകനെ ഉൾപ്പടെ-അടക്കംചെയ്തിരുന്ന കുറ്റിക്കാട്ടിലായിരുന്നു അന്നുരാത്രി അയാൾ സൈക്കിൾ കുഴിച്ചിട്ടത്. കീഴടങ്ങലിനുശേഷം ഒരുവർഷം കഴിഞ്ഞ് മണ്ണിൽനിന്ന് അത് തിരിച്ചെടുത്തപ്പോൾ ആകെക്കൂടി അതിന് ആവശ്യമുണ്ടായിരുന്നത്, കുറച്ച് പനയെണ്ണ പ്രയോഗം മാത്രമായിരുന്നു. ‘ദൈവത്തിനിതൊന്നും പ്രശ്നമല്ല’- അയാൾ അതിശയത്തോടെ സ്വയം പറഞ്ഞു.  ജോനാഥൻ ആ സൈക്കിൾ ഒരു വാടകവാഹനമായി ആവശ്യക്കാർക്ക് നൽകാൻതുടങ്ങി. നാലുമൈൽ ദൂരെയുള്ള ടാറിട്ട നിരത്തിലേക്ക് ക്യാമ്പ് ഓഫീസർമാരെയും അവരുടെ കുടുംബത്തെയും ‘സൈക്കിൾടാക്സി’യിൽ കൊണ്ടുപോയി അയാൾ ചെറിയ തോതിൽ പണം സമ്പാദിച്ചു.  ഒരു പ്രാവശ്യത്തെയാത്രയ്ക്കുള്ള അയാളുടെ കൂലി ആറ്് പൗണ്ടായിരുന്നു. രണ്ടാഴ്ചകൊണ്ട് അയാൾ നൂറ്റിപ്പതിനഞ്ച് പൗണ്ടിന്റെ ചെറു സമ്പാദ്യത്തിന് ഉടമയായി.

ആവശ്യത്തിന് പണമായി കഴിഞ്ഞപ്പോൾ, അയാൾ തലസ്ഥാനമായ എനുഗുവിലേക്ക് യാത്ര തിരിച്ചു. അവിടെ ജോനാഥനെ  കാത്തിരുന്നത് മറ്റൊരദ്ഭുതമായിരുന്നു. അയാൾ കണ്ണുതിരുമ്മി വീണ്ടുംനോക്കി. തിരികെക്കിട്ടിയ അഞ്ച് ജീവിതങ്ങളുടെ വിലയെക്കാൾ ചെറുതായിരുന്നു എങ്കിലും അതിശയകരമായിരുന്നു ഇതും. ഒഗ്വിയിലെ തന്റെ ചെറുവീട് ഇതാ! 
  ‘ദൈവത്തിനൊന്നും പ്രശ്നമല്ല, തീർച്ച!’, അയാൾ വീണ്ടും പറഞ്ഞു.   
   ധനികനായ ഒരു കോൺട്രാക്ടർ പണിത കൂറ്റൻ കോൺക്രീറ്റ് കൊട്ടാരം രണ്ട് വീടുകൾക്കപ്പുറം ഉടഞ്ഞ കല്ലുകളുടെ പർവതംപോലെ കിടക്കുന്നത് അയാൾ കണ്ടു. എന്നാൽ, ഇവിടെ താൻ ചെളികൊണ്ട് നിർമിച്ച കുടിൽ ഒരു കുലുക്കവുമില്ലാതെ നിൽക്കുന്നു!  ജോനാഥൻ തന്റെ ചുറ്റുവട്ടത്തുനിന്ന് ലോഹക്കഷ്ണങ്ങളും മരക്കട്ടകളും നനഞ്ഞുകുതിർന്ന കാർഡ്ബോർഡ് പാളികളും പെറുക്കിക്കൂട്ടി. പിന്നെ, വീടിനുണ്ടായ ചില്ലറ കേടുപാടുകൾ പോക്കാൻ ഒരു മരപ്പണിക്കാരനെ അന്വേഷിച്ചിറങ്ങി. വൈകാതെ ദരിദ്രനായ ഒരു മരപ്പണിക്കാരനെ അയാൾ കണ്ടെത്തി. പഴഞ്ചൻ ചുറ്റികയും മൂർച്ചയില്ലാത്ത ചിന്തേരും തുരുമ്പിച്ച ആണികളും പണിയായുധങ്ങളായുള്ള ഒരാൾ. പണിക്കാരൻ ആവശ്യപ്പെട്ട പണം ജോനാഥൻ എണ്ണിക്കൊടുത്തു. സന്തോഷത്തിലേക്ക് മടങ്ങിയെത്തിയ തന്റെ കുടുംബവുമായി അയാൾ ആ വീട്ടിൽ താമസംതുടങ്ങി.

വീണ്ടും ഒരു ജീവിതം... ജോനാഥന്റെ മക്കൾ തൊട്ടടുത്തുള്ള പട്ടാള സെമിത്തേരിയിലെ മാവിൽ നിന്നടരുന്ന മാങ്ങകൾ പെറുക്കി പട്ടാളക്കാരുടെ ഭാര്യമാർക്ക് വിറ്റു. ഭാര്യ അകാരക്കായ കൊണ്ട് പ്രഭാതഭക്ഷണമുണ്ടാക്കി അയൽക്കാർക്ക് വിറ്റു, ജോനാഥനാകട്ടെ, ഈ പണമുപയോഗിച്ച് ഗ്രാമങ്ങളിൽ നിന്ന് പനമദ്യം വാങ്ങി ശേഖരിച്ചു. നിരത്തിനരുകിൽ അടുത്തിടെ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയ പൊതുടാപ്പിൽ നിന്നെടുത്ത വെള്ളംചേർത്ത് അയാൾ മദ്യം ഇരട്ടിയാക്കി. വൈകാതെ പട്ടാളക്കാർക്കും മറ്റ് പണക്കാർക്കുമായി ജോനാഥൻ ഒരു കൊച്ചു ബാർ തുറന്നു.   ഖനിത്തൊഴിലാളിയായി താൻ മുമ്പ് പണിയെടുത്തിരുന്ന കൽക്കരി കോർപ്പറേഷന്റെ ഓഫീസിൽ ഇടയ്ക്ക് വിശേഷങ്ങളറിയാൻ അയാൾ പോകുമായിരുന്നു. അവിടെനിന്ന് അയാൾ മനസ്സിലാക്കിയ ഒരേയൊരു സത്യം, തന്റെ ചെറുവീട് താൻ വിചാരിക്കുന്നതിനെക്കാൾ വലിയ അനുഗ്രഹമാണെന്നായിരുന്നു. ഒരു ദിവസത്തെ കാത്തിരിപ്പിനുശേഷം ഒരിടത്തേക്കും തിരിച്ചുപോകാനില്ലാത്ത മുൻ സഹപ്രവർത്തകർ ഒന്നുറങ്ങാനും ബോൺവിറ്റ പാട്ടകളിൽ കൊണ്ടുവന്ന ഭക്ഷണസാധനങ്ങൾ പാകംചെയ്യാനും ഓഫീസിനുപുറത്ത് ഇത്തിരി ഇടംതേടി പരതുന്നത് അയാൾ കണ്ടു. പക്ഷേ, ദൈവത്തിന് ഒന്നും പ്രശ്നമല്ല! ട്രഷറിക്കു മുന്നിലെ ക്യൂവും അതിനു പിന്നിൽ ക്യൂവുമായി നീണ്ട അഞ്ചുദിവസത്തെ അന്തമില്ലാത്ത ലഹളയ്ക്കുശേഷം മഞ്ഞുവീഴ്ച പോലെ, ജോനാഥന് ബോണസായി ഇരുപത് പൗണ്ട് കിട്ടി. അത് അയാൾക്കും അയാളെപോലെയുള്ളവർക്കും ക്രിസ്മസ് ആഘോഷം പോലെയായിരുന്നു.

നോട്ടുകൾ ഒളിപ്പിച്ച മുഷ്ടി അയാൾ ട്രൗസറിന്റെ പോക്കറ്റിൽ പൂഴ്ത്തി. പണം കൈകാര്യംചെയ്യുമ്പോൾ ഏറെ ജാഗ്രത വേണ്ടിയിരിക്കുന്നു. കഴിഞ്ഞ ആഴ്ച, പണം കിട്ടിയതിന്റെ ഉൻമാദത്തിലാണ്ടുപോയ ഒരാളുടെ കൈയിൽനിന്ന് ദയാശൂന്യമായ ആൾക്കൂട്ടം ഇരുപത് പൗണ്ട് തട്ടിയെടുക്കുന്നതിന് അയാളും സാക്ഷിയായിരുന്നു. അയാളുടെ അശ്രദ്ധയെയാണ് ക്യൂവിൽ നിന്നവർ പഴിച്ചത്. പണം നഷ്ടപ്പെട്ടയാൾ തന്റെ പോക്കറ്റിന്റെ ഉൾവശം പുറത്തെടുത്ത്, ഒരു കള്ളന്റെ തലകടക്കാൻ പാകത്തിൽ അതിലുണ്ടായിരുന്ന ദ്വാരം കാണിച്ചപ്പോൾ ചുറ്റുനിന്നുമുള്ള ശകാരം കൂടുതൽ ഇരമ്പിയാർത്തു.  അയാൾ ഒരു ഉറക്കപ്രിയനായിരുന്നു. പക്ഷേ, ആ രാത്രിയിൽ കാര്യമായി അയാൾക്ക് ഉറങ്ങാനായില്ല. അയൽപക്കങ്ങളിൽനിന്ന് ഒന്നിനു പുറകെ ഒന്നായി ഉയർന്ന ശബ്ദങ്ങൾ അയാളുടെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. 
   ‘ആരാണ് ഒച്ചയുണ്ടാക്കുന്നത്?’, ഇടയ്ക്കിടെ ഞെട്ടിയുണർന്ന് അയാൾ ചോദിച്ചു. അരികിൽക്കിടന്ന ഭാര്യ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു: ‘എനിക്കറിയില്ല’. 

രണ്ടാമത്തെ പ്രാവശ്യം ഉയർന്ന ശബ്ദം, മുഴക്കമുള്ളതും ഗർവ് നിറഞ്ഞതും ദുർബലമായ ആ പഴഞ്ചൻ വാതിലുകൾ തകർക്കാൻ പോന്നതുമായിരുന്നു. ‘ആരാണ് ഒച്ചയുണ്ടാക്കുന്നത്?’, അയാൾ വരണ്ടതും വിറയാർന്നതുമായ ശബ്ദത്തിൽ ചോദിച്ചു.   ‘കള്ളനും അവന്റെ ചങ്ങാതിമാരും!’ ഇത്തവണ പുറത്തുനിന്ന് മറുപടി എത്തി. ‘വാതിൽ തുറക്കൂ!’ കള്ളന്റെ ആവശ്യത്തിന്റെ തുടർച്ചയെന്ന നിലയിൽ കനത്തശബ്ദങ്ങൾ നാലുപാടും ഉയർന്നു. മരിയയാണ് അപകടസൂചന മണത്തറിഞ്ഞ് ആദ്യം അലറിവിളിച്ചത്. പിന്നാലെ അയാളും കുട്ടികളും: ‘ഓടി വരണേ, കള്ളൻ, കള്ളൻ... രക്ഷിക്കണേ! അയൽക്കാരേ... ഞങ്ങൾ ചത്തേ...!’
  ഒച്ചയനക്കങ്ങളും നിലവിളികളും ഏറെ നേരം നീണ്ടുനിന്നു. പിന്നെ പൊടുന്നനെ നിലച്ചു. ചിലപ്പോൾ അവരുടെ കരച്ചിൽകേട്ട് കള്ളൻമാർ ഓടിപ്പോയതാവാം. അവിടമാകെ കനത്ത നിശ്ശബ്ദത തളംകെട്ടി. പക്ഷേ, അത് നേരിയ നേരത്തേക്കുമാത്രം.

 ‘നിങ്ങൾ നിർത്തിയില്ലേ?’, അപ്പോൾ പുറത്തുനിന്നുള്ള ശബ്ദം വീണ്ടും വിളിച്ചു ചോദിച്ചു: ‘ഞങ്ങളും നിങ്ങളെ സഹായിക്കാം, എന്താ? പോലീസുകാരെ, കള്ളൻ... കള്ളൻ... അയൽക്കാരെ... കള്ളൻ... കള്ളൻ...’ കള്ളൻമാർ പരിഹാസസ്വരത്തിൽ വിളിച്ചുകൂവുകയാണ്. നേതാവിന്റെ സ്വരം കൂടാതെ കുറഞ്ഞത് അഞ്ച് പേരുടെയെങ്കിലും ശബ്ദമുണ്ട് അതിൽ. ജോനാഥനും കുടുംബവും ഭയംകൊണ്ട് മരവിച്ചുപോയി. മരിയയും കുട്ടികളും മരിച്ചവരെപ്പോലെ ശബ്ദമില്ലാതെ കരഞ്ഞു.   കള്ളൻമാരുടെ അലർച്ചകൾക്ക് ശേഷമുള്ള നിശ്ശബ്ദത ഭയപ്പെടുത്തുന്നതായിരുന്നു. ‘എന്റെ ചങ്ങാതീ...’ ഒടുവിൽ കള്ളൻമാരുടെ നേതാവ് പറഞ്ഞുതുടങ്ങി: ‘അയൽക്കാരെ വിളിച്ചിട്ട് ഒരു കാര്യവുമില്ല. അവരെല്ലാം കൂർക്കം വലിച്ച് ഉറക്കത്തിലാണ്. നീയെന്താണൊന്നും പറയാത്തത് ? നിനക്കുവേണ്ടി ഞങ്ങൾ അവരെ വിളിക്കണോ ?'

  ‘വേണ്ട’, ജോനാഥൻ പറഞ്ഞു.
    ‘ശരി, ശരി. എന്നാൽ നമുക്കിനി ബിസിനസിനെക്കുറിച്ച് സംസാരിക്കാം. നോക്കൂ, ഞങ്ങൾ ചീത്ത കള്ളൻമാരല്ല. കുഴപ്പങ്ങളുണ്ടാക്കാൻ ഞങ്ങൾക്കിഷ്ടവുമല്ല. കുഴപ്പങ്ങൾ അവസാനിച്ചുകഴിഞ്ഞു. യുദ്ധവും അവസാനിച്ചുകഴിഞ്ഞു. വീണ്ടും ആഭ്യന്തരയുദ്ധമുണ്ടാവുകയില്ല. ഇപ്പോൾ പൊതുസമാധാനകാലമാണ്. അങ്ങനെയല്ലേ? '
   ‘അതെയതേ’ , അസഹനീയമായ ശബ്ദത്തിൽ കൂട്ടാളികളുടെ കോറസ് ഉയർന്നു.   ‘നിങ്ങൾക്കെന്താണ് എന്റെ കൈയിൽനിന്നുവേണ്ടത്?’ , ജോനാഥൻ ചോദിച്ചു: ‘ഞാനൊരു പാവപ്പെട്ടവനാണ്. യുദ്ധത്തിൽ എനിക്കെല്ലാം നഷ്ടമായി. നിങ്ങളെന്തിനാണ് എന്റെ അടുത്തേക്ക് വന്നത്? പണമുള്ള ആളുകളെ നിങ്ങൾക്കറിയാമല്ലോ?’
‘നിന്റെ കൈയിൽ ഒത്തിരി പണമില്ലെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ഞങ്ങളുടെ കൈയിൽ ഒരു ചില്ലിക്കാശുപോലുമില്ല. അതുകൊണ്ട്, ഈ ജനൽതുറന്ന് നൂറ്് പൗണ്ട് തന്നിട്ട് ഞങ്ങളെ യാത്രയാക്കൂ. അല്ലെങ്കിൽ ഞങ്ങൾ അകത്തുകടന്ന് ഇതുപോലെ...’

 ഒരു  വെടിയൊച്ച മുഴങ്ങി. ആകാശത്തു കൂടി ഒരു തീനാളം മിന്നിപ്പറന്നു. മരിയയും കുട്ടികളും അലറിക്കരഞ്ഞു.    ‘ആഹാ... പെണ്ണുമ്പിള്ള വീണ്ടും നിലവിളിയാണല്ലോ. ഞങ്ങൾ നല്ല കള്ളൻമാരാണെന്ന് അവളോട് പറയൂ. കുറച്ച് കാശുമെടുത്ത് ഞങ്ങൾ സ്ഥലംവിട്ടോളാമെന്നേ! ഒരു കുഴപ്പവുമുണ്ടാക്കില്ല. നമ്മളത്തരക്കാരാണോ ചങ്ങാതിമാരേ?’  
  ‘ശ്ശേയ്! അല്ലേയല്ല!’, കോറസ് വീണ്ടും.   ‘നോക്കൂ സുഹൃത്തേ...,’ ജോനാഥൻ പതുക്കെ പറഞ്ഞുതുടങ്ങി: ‘നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ കേട്ടു. നിങ്ങളോടെനിക്ക് നന്ദിയുണ്ട്. പക്ഷേ, എന്റെ കൈയിൽ നൂറ്് പൗണ്ട് ഉണ്ടായിരുന്നെങ്കിൽ...’

 ‘അതുശരി! ഞങ്ങൾ ഇവിടെ നാടകംകളിക്കാൻ വന്നതല്ല. ഞങ്ങൾ അകത്തേക്കുവന്നാൽ നിങ്ങൾക്ക് പണിയാവും. അതുകൊണ്ട്...’, നേതാവ് പറഞ്ഞുനിർത്തി.
   ‘എന്റെ ദൈവമേ, നിങ്ങൾ തപ്പിനോക്കിക്കോളൂ. നൂറ്് പൗണ്ട് കിട്ടിയാൽ അതെടുത്തോളൂ. എന്നിട്ട് എന്നെയും ഭാര്യയെയും കുട്ടികളെയും വെടിവച്ചുകൊന്നോ! ഞാൻ സത്യമാണ് പറയുന്നത്. ഇപ്പോൾ എന്റെ കൈയിൽ ആകെക്കൂടിയുള്ള കാശ് അവരെനിക്കിന്ന് ബോണസായി തന്ന ഇരുപത് പൗണ്ട് മാത്രമാണ്.’ ജോനാഥൻ കരഞ്ഞു.
   ‘ശരി, ശരി. നേരം പോണു. ഇരുപതെങ്കിൽ ഇരുപത്! ജനൽതുറന്ന് അതിങ്ങുതാ!’
    പുറത്തെ സംഘത്തിന്റെ ഉച്ചത്തിലുള്ള പിറുപിറുക്കലുകൾ ഉയരാൻതുടങ്ങി: ‘ഇയാൾ നുണപറയുകയാണ്. ഇയാളുടെ കൈയിൽ പൂത്തകാശുണ്ട്. ഞങ്ങളെ അകത്തേക്ക് വിട്. ഞങ്ങൾ തപ്പിനോക്കാം. വെറും ഇരുപത് പൗണ്ട് പോലും!’ 
‘മിണ്ടാതിരി!’, വെള്ളിടിപോലെ നേതാവിന്റെ ശബ്ദം മുഴങ്ങി. അതോടെ പിറുപിറുക്കലുകൾ നിലച്ചു.

‘നിങ്ങൾ അവിടെയില്ലേ? വേഗം കാശെടുക്ക്.’
‘ഞാനിതാ വരുന്നു!’, ചെറു മരപ്പെട്ടിയുടെ താക്കോലുമായി ഇരുട്ടിൽ പരതിക്കൊണ്ട് ജോനാഥൻ പറഞ്ഞു.
അടുത്തദിവസം, വെളിച്ചത്തിന്റെ ആദ്യത്തെ കീറ്് മണ്ണിൽ വീഴുമ്പോഴേക്കു തന്നെ അയൽക്കാരും നാട്ടുകാരും സങ്കടപ്രകടനങ്ങളുമായി ജോനാഥന്റെ വീട്ടുമുറ്റത്തെത്തി. അപ്പോൾ അയാൾ, അഞ്ച് ലിറ്റർ വലിപ്പമുള്ള ഒരു പാത്രം തന്റെ സൈക്കിളിൽവെച്ചു കെട്ടുകയായിരുന്നു. അയാളുടെ ഭാര്യയാകട്ടെ, അടുപ്പിനരികിലിരുന്ന് കളിമൺപാത്രത്തിലെ തിളച്ച എണ്ണയിൽ അകാരക്കായകൊണ്ട് പലഹാരങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. മൂലയിലിരുന്ന് അയാളുടെ മൂത്തമകൻ തലേ ദിവസത്തെ പനമദ്യം കുപ്പികളിൽനിന്ന് ഒഴുക്കിക്കളയുന്നുണ്ടായിരുന്നു.

‘എനിക്കതൊരു പ്രശ്നമല്ല.’ സഹതപിക്കാനെത്തിയവരോട് ജോനാഥൻ വിളിച്ചുപറഞ്ഞു. സൈക്കിളിൽ പാത്രംവെച്ചു കെട്ടുന്നതിലായിരുന്നു അയാളുടെ ശ്രദ്ധ മുഴുവൻ. 
‘ഈ ബോണസ് എന്നുവെച്ചാൽ എന്താ? അതെന്തിനാണ്? കഴിഞ്ഞ ആഴ്ച എനിക്ക് ബോണസ് കിട്ടിയിരുന്നോ? ഞാനതിനെ ആശ്രയിച്ചിരുന്നോ? ഇല്ലല്ലോ? അതോ, ഇനി യുദ്ധത്തിൽ നഷ്ടപ്പെട്ട മറ്റെന്തിനെക്കാളും അത് വലുതാണോ? ബോണസൊക്കെ തീയിൽ എരിഞ്ഞോട്ടെ. എല്ലാം നഷ്ടപ്പെട്ടതു പോലെ ഇതും പോയ്‌ക്കോട്ടെ. ദൈവത്തെ ഒന്നും കുഴക്കുകയില്ല.’

bmanojmenon@mbnews.com