മക്കളേ, 
ഇന്ന് പലവീടുകളിലും പ്രകൃതിയുടെ അതിമനോഹരമായ ചിത്രങ്ങൾ ചുമരുകളിൽ പതിച്ചുെവക്കുന്നതും തൂക്കിയിടുന്നതും കാണാം. ഇതിന്റെ അർഥം വീട്ടുകാർ പ്രകൃതിയെ ഇഷ്ടപ്പെടുന്നു എന്നുള്ളതാണല്ലൊ. എന്നിട്ടും അവർ മരങ്ങൾ മുറിച്ചുമാറ്റുന്നു. കാവുകൾ വെട്ടിക്കളയുന്നു. കുളങ്ങൾ മൂടുന്നു. പ്രകൃതിയെ സംരക്ഷിച്ചാൽ മാത്രമേ ജലസമ്പത്തിനെ രക്ഷിക്കാനാവൂ. അതുപോലെ തിരിച്ചും. ഇന്ന്‌ ഭൂമിയിലെ ജലം വറ്റിക്കൊണ്ടിരിക്കുകയാണ്. ഭൂമിയിൽ വെള്ളം കുറയുമെന്ന് പണ്ട് സ്വപ്നത്തിൽപോലും ആരും കരുതിയിട്ടുണ്ടാവില്ല. എന്നാലും ജലം പാഴാക്കാതിരിക്കാൻ അന്നുള്ളവർ ശ്രദ്ധിച്ചിരുന്നു. 

വെള്ളമില്ലെങ്കിൽ ജീവനില്ല, ജീവിതവും ഇല്ല എന്ന് അവർക്കറിയാമായിരുന്നു. അന്നൊക്കെ എല്ലാവീടുകളിലും കിണ്ടിയിൽ വെള്ളം നിറച്ചുവയ്ക്കും. കിണ്ടിയിൽനിന്നൊഴിച്ചാണ് കൈ കഴുകുകയും മറ്റും ചെയ്തിരുന്നത്. അല്പംപോലും വെള്ളം പാഴാവുകയില്ല. ഇന്നുപലരും ഉപയോഗം കഴിഞ്ഞ് ടാപ്പ് ശരിയായി അടയ്ക്കാൻപോലും ശ്രദ്ധിക്കാറില്ല.  
അമ്മയുടെ കുട്ടിക്കാലം ഓർമവരുന്നു. അന്ന്‌ ഞങ്ങളുടെ ഗ്രാമത്തിൽ ഒരു പൈപ്പേയുള്ളൂ. രാവിലെ വെള്ളത്തിന് ചെന്നാൽ രാത്രിവരെ കാത്തുനിന്നാലേ ഒരു കുടം വെള്ളം കിട്ടുകയുള്ളൂ. ചിലപ്പോൾ കിട്ടുകയേ ഇല്ല. അങ്ങനെ വളർന്നതുകൊണ്ട് ഇപ്പോഴും യാത്രയ്ക്കിടയിൽ വഴിയരികിൽ എവിടെയെങ്കിലും പൈപ്പ് പൊട്ടി വെള്ളം പോകുന്നതു കണ്ടാൽ ശരീരത്തിൽനിന്ന് രക്തം വാർന്നുപോകുന്നതുപോലെ വിഷമം തോന്നും. ഉടനെതന്നെ വണ്ടി നിർത്തിയിട്ട്, വെള്ളം പോകുന്നത്‌ തടയാൻ എന്തെങ്കിലും മാർഗമുണ്ടോ എന്നുനോക്കും. വെള്ളത്തിന്റെ വില ചെറുപ്പത്തിലേ അറിഞ്ഞതുകൊണ്ടാണ് അമ്മയ്ക്ക് ആ ഭാവം വന്നത്. 

ഇന്ന്‌ കേരളത്തിൽ പെയ്യുന്ന മഴവെള്ളത്തിൽ നല്ലൊരുഭാഗം കടലിലേക്ക് ഒഴുകുകയാണ്. അതുകൊണ്ട് തീർച്ചയായും അഞ്ചുസെന്റ് 
സ്ഥലമെങ്കിലും ഉള്ളവർ ഒരു അര സെന്റോ, കാൽ സെന്റോ സ്ഥലം കുളത്തിനായി മാറ്റിവെയ്ക്കണം. സ്ഥലമില്ലാത്തവർ വീടിനോടുചേർന്ന് മഴസംഭരണ ടാങ്ക് നിർമിക്കണം.
  പണ്ട്, എല്ലാ വീടുകളോടും ചേർന്ന് കാവ് ഉണ്ടായിരുന്നു. അന്ധവിശ്വാസത്തെ അകറ്റാനുള്ള ബദ്ധപ്പാടിൽ കാവുകൾ വെട്ടിനശിപ്പിച്ചതോടെ വായുവിന്റെയും ജലത്തിന്റെയും ശുചീകരണം നിലച്ചു.  വീടുകളോടുചേർന്ന് ചെറിയൊരു കാവ് വേണം. അത്തി, ഇത്തി, അരയാൽ, പേരാൽ തുടങ്ങിയ കുറച്ച് വൃക്ഷങ്ങൾ അടുത്തടുത്തുവെക്കണം. അത് എല്ലാ വീട്ടിലും ചെയ്താൽ നന്നായിരിക്കും. പൂർവികർ നമുക്ക്‌ പകർന്നുതന്ന ഇത്തരം നല്ലപാഠങ്ങൾ ജീവിതത്തിൽ പകർത്താൻ നമുക്ക്‌ സാധിക്കട്ടെ.ജലാശയങ്ങളെ പരമാവധി സംരക്ഷിക്കാനും ജലം പാഴാക്കാതിരിക്കാനും നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം. ടാപ്പ് തുറന്നു ജലമുപയോഗിക്കുമ്പോൾ എത്രയും കുറച്ചുപയോഗിക്കുവാൻ കുട്ടികളെ പഠിപ്പിക്കണം. എല്ലാവരും ഉണർന്നുപ്രവർത്തിച്ചാൽ മാത്രമേ ഭൂമിയിൽ മനുഷ്യരാശിക്ക് നിലനില്പുള്ളൂ.
അമ്മ