കാസർകോട്ടെ കേന്ദ്രസർവകലാശാലാ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പെരിയ ഗ്രാമത്തിലാണ് ആസ്ഥാന കാമ്പസ്. കാസർകോടിനടുത്ത് വിദ്യാനഗർ, കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് എന്നിവിടങ്ങളിലും പെരിയക്കടുത്ത് കുണിയയിലും പഠനകേന്ദ്രങ്ങളുണ്ട്. പത്തനംതിട്ട തിരുവല്ലയിലാണ് നിയമപഠനകേന്ദ്രം. ബിരുദകോഴ്‌സായ ബി.എ. ഇന്റർനാഷണൽ പഠിപ്പിക്കുന്ന കേന്ദ്രം തിരുവനന്തപുരത്ത് ജഗതിയിലാണ്.

 • യോഗ്യത: ബിരുദ കോഴ്‌സിന്: 50 ശതമാനം മാർക്കിൽ കുറയാതെയുള്ള 12-ാം ക്ലാസ് വിജയം. എം.എ., എം.എഡ്., എം.എസ്.ഡബ്ല്യു.: അതത് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ ബിരുദം.
 • എം.എസ്‌സി.: അതത് വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദം.
 • പിഎച്ച്.ഡി.: 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദം.

പ്രായം: ബിരുദത്തിന് ചേരുന്നവർക്ക്‌ 21. പി.ജി.ക്ക് 25. 01.07.2017 അനുസരിച്ചാണ് പ്രായം കണക്കാക്കുക.
പ്രവേശനപരീക്ഷ ഏഴു കേന്ദ്രങ്ങളിലായാണ് നടക്കുക. കാസർകോട് ചിന്മയ സ്കൂൾ, തലശ്ശേരി ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ, കോഴിക്കോട്-നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, തൃശ്ശൂർ മോഡൽ ഗേൾസ് സ്കൂൾ, ഇടപ്പള്ളി എം.ജി. യൂണിവേഴ്‌സിറ്റി റീജ്യണൽ സെന്റർ, കോട്ടയം ബി.സി.എം. കോളേജ്, തിരുവനന്തപുരം തൈക്കാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ജൂൺ ഏഴിന് ഫലം പ്രസിദ്ധീകരിക്കും. ഇക്കുറി പിഎച്ച്.ഡി.യിലും പൊതുപ്രവേശന പരീക്ഷയുണ്ട്.

അപേക്ഷ
ഓൺലൈനിൽ അപേക്ഷിക്കണം. മാർച്ച് 20 മുതൽ സമർപ്പിക്കാം. ഏപ്രിൽ 14 ആണ് അവസാനതീയതി www.cucet2017.co.in എന്ന വെബ്‌സൈറ്റിൽ അപേക്ഷ ലഭിക്കും. www.cukerala.ac.in എന്ന വെബ്‌സൈറ്റിൽ വിശദാംശങ്ങൾ ലഭിക്കും. ഇത്തവണ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുമെന്ന് പരീക്ഷാ കൺട്രോളർ ഡോ. എം.എൻ. മുഹമ്മദുണ്ണി അലിയാസ്‌ മുസ്തഫ അറിയിച്ചു. ഇമെയിൽ വഴി വിവരങ്ങൾ ആരായാം. വിലാസം:exam.cuk@gmail.com.

കേരളത്തിലേതടക്കം രാജ്യത്തെ 11 കേന്ദ്രസർവകലാശാലകളിലേക്ക്‌ പ്രവേശനം നേടാനുള്ളതുകൂടിയാണ് ഈ പരീക്ഷ. അതായത് പ്രവേശനപ്പരീക്ഷയിൽ വിജയിക്കുന്നവർ രാജസ്ഥാൻ, തമിഴ്‌നാട്, ജമ്മു, കർണാടക, പഞ്ചാബ്, ഹരിയാണ, കശ്മീർ, സൗത്ത് ബിഹാർ, ജാർഖണ്ഡ്, അലഹബാദ് എന്നീവിടങ്ങളിലെ കേന്ദ്രസർവകലാശാലയിൽക്കൂടി പ്രവേശനത്തിന് അർഹരായിരിക്കും. രാജസ്ഥാൻ കേന്ദ്രസർവകലാശാലയാണ് ഇത്തവണത്തെ പ്രവേശനപ്പരീക്ഷ കോ-ഓർഡിനേറ്റ് ചെയ്യുന്നത്. ഒരാൾക്ക് ഒമ്പതുവിഭാഗത്തിലേക്ക് അപേക്ഷിക്കാം... മൂന്നു സർവകലാശാല ഓപ്ഷൻ കൊടുക്കാം. പരീക്ഷാസംബന്ധമായ സംശയങ്ങൾ ഓഫീസ് സമയങ്ങളിൽ ഫോണിലൂടെയും ദൂരീകരിക്കാം. ഫോൺ: 04672232419

ഒരു ബിരുദകോഴ്‌സും 21 പി.ജി. കോഴ്‌സുകളും 17 പിഎച്ച്.ഡി. കോഴ്‌സുകളുമാണിവിടെയുള്ളത്. ജിയോളജിയിൽ പി.ജി. കോഴ്‌സ് ഇത്തവണത്തെ പ്രത്യേകതയാണ്. ഇതിൽ പിഎച്ച്.ഡി. കോഴ്‌സുമുണ്ട്.

കോഴ്‌സുകൾ:

 • ബിരുദം - ബി.എ. ഇന്റർനാഷണൽ റിലേഷൻസ്.   
 • പി.ജി.: എം.എ. ഇക്കണോമിക്സ്, ഇംഗ്ലീഷ് ആൻഡ് കംപാരിറ്റീവ് ലിറ്ററേച്ചർ, ഹിന്ദി ആൻഡ് കംപാരിറ്റീവ് ലിറ്ററേച്ചർ, ലിങ്ഗ്വിസ്റ്റിക്‌ ആൻഡ് ലാംഗ്വേജ് ടെക്‌നോളജി, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ്, മലയാളം, പബ്ലിക്‌ അഡ്മിനിസ്‌ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്,
 • എം.എസ്.ഡബ്ല്യു.
 • എം.എഡ്.
 • എം.എസ്‌സി. ആനിമൽ സയൻസ്, ബയോകെമിസ്ട്രി ആൻഡ് മോളിക്കുലർ ബയോളജി, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, എൻവയോൺമെന്റൽ സയൻസ്, ജിനോമിക്‌ സയൻസ്, ജിയോളജി, മാത്തമാറ്റിക്സ്, പ്ലാന്റ് സയൻസ്, ഫിസിക്സ്,
 • എൽ.എൽ.എം.
 • മാസ്റ്റർ ഓഫ് പബ്ലിക്‌ ഹെൽത്ത്
 • പിഎച്ച്.ഡി. കോഴ്‌സ്: ഇക്‌ണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി ആൻഡ് കംപാരിറ്റീവ് ലിറ്ററേച്ചർ, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ്, മലയാളം, പബ്ലിക്‌ അഡ്മിനിസ്‌ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, സോഷ്യൽ വർക്ക്, എജ്യുക്കേഷൻ, ബയോകെമിസ്ട്രി ആൻഡ് മോളിക്കുലർ ബയോളജി, കംപ്യൂട്ടർ സയൻസ്, എൻവയോൺമെന്റൽ സയൻസ്, ജിനോമിക്ക് സയൻസ് ജിയോളജി, മാത്തമാറ്റിക്സ്, പ്ലാന്റ് സയൻസ്, ലോ, പബ്ലിക്‌ ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ.

Simple thoughts...

# ശ്രീദത്ത് എസ്. പിള്ള  | sreeduth.pillai@gmail.com

ഗോ ബാക്ക്‌ ടു സ്കൂൾ!

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം ഏതായിരുന്നു? എന്നെ സംബന്ധിച്ചിടത്തോളം അത്‌ സ്കൂൾ ദിനങ്ങളായിരുന്നു. ഏറ്റവും ആസ്വാദ്യകരമായ ദിവസങ്ങളല്ല - എന്നാൽ, ഏറ്റവും ‘നല്ല’ കാലഘട്ടം അതുതന്നെയായിരുന്നു. അതിനുള്ള കാരണവും ഞാൻ പറയാം. അതിനുമുമ്പൊരു കാര്യം - ‘ഏറ്റവും നല്ലത്‌’ എന്നത്‌ നമ്മൾ എങ്ങനെ നിർവചിക്കുന്നു എന്നുള്ളതും ഇവിടെ പ്രസക്തമാണ്‌. മറ്റു പലരെയുംപോലെ എനിക്കും സ്കൂൾ കാലഘട്ടത്തിൽ എന്റേതായ പ്രശ്നങ്ങളുണ്ടായിരുന്നു. ചില വിഷയങ്ങളുമായും അതു കൈകാര്യംചെയ്തിരുന്ന അധ്യാപകരുമായും ഞാൻ നല്ല സൗഹൃദം പങ്കുവെച്ചിരുന്നില്ല. പരീക്ഷകളെന്നും എനിക്ക്‌ തലവേദനയായിരുന്നു. ശിക്ഷകൾ നിരവധി ഏറ്റുവാങ്ങിയിട്ടുണ്ട്‌. സ്കൂൾ യൂണിഫോം ധരിക്കുന്നതിനും ചിട്ടകൾ പാലിക്കുന്നതിനും വിമുഖതകാട്ടിയിരുന്നു. ഇങ്ങനെയൊക്കെയായിരുന്നെങ്കിലും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിനങ്ങൾ അതായിരുന്നു.
സ്കൂൾ ജീവിതത്തിലെ ഒരു പ്രത്യേകത നമുക്ക്‌ ഓപ്ഷൻസ്‌ പൊതുവേ കുറവാണെന്നുള്ളതാണ്‌. ജീവിതത്തിൽ ഓപ്‌ഷൻസ്‌ ഇല്ലാതെവരുമ്പോഴാണ്‌ പലപ്പോഴും നാം ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്‌.  വിവിധ വിഷയങ്ങളിലുള്ള  അറിവുകൂടാതെ സ്‌കൂൾ നമുക്ക് മൂല്യങ്ങളും പ്രധാനപ്പെട്ട ചില ലൈഫ് സ്‌കിൽസും തരുന്നു.  നാമറിയാതെതന്നെ ഇവ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു. സ്‌കൂൾ ജീവിതത്തിനുശേഷം ചിലത് നമ്മിൽ നിലനിൽക്കുന്നു. ചിലത് വിട്ടുപോകുന്നു.  ചിട്ടയുള്ള ഒരു ദിനചര്യ സ്‌കൂൾ ജീവിതത്തിന്റെ യഥാർഥ ചൂടും കാഠിന്യവും അറിയാതെ അതിലൂടെ കടന്നുപോകാൻ നമ്മെ സഹായിച്ചു. എങ്ങനെയായിരുന്നു നമ്മുടെ ഒരു സ്‌കൂൾദിനം? ഒന്നോർത്തുനോക്കൂ! സ്‌കൂൾ അസംബ്ലി, ക്ളാസ്‌ പരീക്ഷകൾ, ഹോംവർക്ക്, ട്യൂഷൻ, സ്‌പെഷൽ ക്ളാസുകൾ എന്നുവേണ്ടാ, സംഗീതവും കായിക പരിശീലനവുംവരെ! എന്റെ കാര്യത്തിൽ ഇതിനെല്ലാം പുറമേ ഉച്ചഭക്ഷണസമയത്തുള്ള ക്രിക്കറ്റ്‌ കളിയും! നാം ഒരുപാട്‌ കാര്യങ്ങൾ ഒരുദിവസം ചെയ്തിരുന്നു. പലതും വളരെ ഭംഗിയായി, പരാതികളില്ലാതെ. എന്നാൽ, ഇന്ന്‌ പലപ്പോഴും നമുക്ക്‌ അച്ഛനമ്മമാരോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കുന്നില്ല. സുഹൃത്തുക്കളുടെ കോളുകൾക്കോ മെസേജുകൾക്കോ മറുപടികൊടുക്കാൻ കഴിയുന്നില്ല. നാം തിരക്കിലാണ്‌!
നിർബന്ധിതമായിട്ടാണെങ്കിൽപ്പോലും സ്കൂൾ കാലഘട്ടത്തിൽ നമ്മിൽ പലരും ‘5am club’-ലെ മെമ്പർമാരായിരുന്നു. നമ്മുടെ ജീവിതവിജയത്തിൽ പ്രഭാതങ്ങൾക്ക്‌ വലിയൊരു സ്ഥാനമുണ്ട്‌ എന്നു ഞാൻ വിശ്വസിക്കുന്നു. നാം ഏറ്റവും കൂടുതൽ സമത്വം അനുഭവിച്ചത്‌ സ്കൂൾ കാലഘട്ടത്തിലായിരുന്നു. റിസൾട്ടിനെക്കുറിച്ചുള്ള ആകുലതകളില്ലാതിരുന്നത്‌ ജീവിതം കൂടുതൽ ആസ്വാദ്യകരവും  അനായാസകരവുമാക്കി. എന്നാൽ, ഇന്നോ? റിസൾട്ടിനായുള്ള പരക്കംപാച്ചിലിൽ നാം പലപ്പോഴും നമ്മുടെ പ്രവൃത്തികൾ വേണ്ടവിധം ആസ്വദിക്കുന്നില്ല.
നമ്മിൽ പലരും കാര്യക്ഷമതയോടെ പ്രവർത്തിച്ചിരുന്നത്‌ നമ്മുടെ സ്കൂൾ കാലഘട്ടത്തിലായിരുന്നു. അക്കാലത്തെ വീണ്ടും നമ്മുടെ ജീവിതത്തിലേക്ക്‌ ക്ഷണിച്ചുകൂടേ? അതെങ്ങനെ സാധ്യമാകും എന്നല്ലേ? പ്രായത്തിലും പരിസ്ഥിതികളിലും മാറ്റങ്ങളുണ്ടാകാം. എന്നിരുന്നാലും ഒരു വലിയ പരിധിവരെ നമ്മുടെ ‘സ്കൂൾ ശീലങ്ങൾ’ നമ്മുടെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാനാകും എന്നു ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ പ്രായം എന്തുമാകട്ടെ, നിങ്ങൾ ഏത്‌ തൊഴിലിലേർപ്പെട്ടിരിക്കുന്ന ആളുമാകട്ടെ, ‘Champion practices’ നമ്മുടെ ജീവിതത്തിലേക്ക്‌ തിരികെവരട്ടെ! സ്കൂൾ ജീവിതത്തിലെ ഊർജസ്വലതയും ചിട്ടകളും ശീലങ്ങളും-ടീച്ചറില്ലാതിരുന്ന പീരിയഡുകളിൽ നാം കളിച്ചിരുന്ന ‘Name, Place, Thing, Animal’ ഗെയിം ഉൾപ്പെടെ - എല്ലാറ്റിനെയും തിരികെക്കൊണ്ടുവരാം. നമുക്ക്‌ സ്കൂളിലേക്ക്‌ തിരികെപ്പോകാം!


തിളങ്ങാം വാഹന ഡിസൈനിങ്ങിൽ

# ഡോ. ടി.പി. സേതുമാധവൻ

വാഹനങ്ങൾ വ്യത്യസ്തത പുലർത്തുന്നത് ഡിസൈനിങ്ങിലാണ്. ഇന്ത്യൻ വിപണിയിൽതന്നെ ആഗോള വാഹനമോഡലുകളിലിത് ദൃശ്യമാണ്. മെയ്ക്ക്ഇൻ ഇന്ത്യയുടെ ഭാഗമായി ഓട്ടോമൊബൈൽ വ്യവസായമേഖലയിൽ ഒട്ടേറെ അവസരമാണ് ഇന്ത്യയിൽമാത്രം വരാനിരിക്കുന്നത്. 2020- ഓടെ ലോകവാഹനവിപണിയിൽ ഇന്ത്യ മൂന്നാംസ്ഥാനത്തെത്തുമെന്നാണ് കണക്കാക്കുന്നത്. ഒട്ടെല്ലാ പ്രമുഖ വിദേശവാഹനകമ്പനികളുടെയും റിസർച്ച് ആൻഡ്‌ ഡെവല്പ്‌മെന്റ് കേന്ദ്രങ്ങൾ ഇന്ത്യയിലെ വൻനഗരങ്ങളിലുണ്ട്

ഇന്ത്യൻ വിപണിയിൽ 2 ശതമാനത്തോളം ലക്ഷ്വറി കാറുകളുണ്ട് മെഴ്‌സിഡസ് ഇ-ക്ലാസ് കാറ്റഗറി കാറുകളും നിർമിച്ചുവരുന്നു.

ഓട്ടോമൊബൈൽ-ട്രാൻസ്പോർട്ട് ഡിസൈൻ കോഴ്‌സുകൾ
പ്ലസ് ടുവിനുശേഷം ചേരാവുന്നതും എൻജിനീയറിങ് കോഴ്‌സിന്റെ ഭാഗമായും ഓട്ടോമോബൈൽ ഡിസൈിനിങ് പ്രോഗ്രാമുകളുണ്ട്. ബിരുദാനന്തര ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. എന്നാൽ അഭിരുചിക്ക് അനുസരിച്ചേ ഇത്തരം കോഴ്‌സുകൾക്ക് ചേരാവൂ.

കോർ എൻജിനീയറിങ് ശാഖകളായ മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് & കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് പൂർത്തിയാക്കിയവർക്ക് ഓട്ടോമൊബൈൽ എൻജിനീയറിങ്, ഓട്ടോമൊബൈൽ ഡിസൈൻ, ട്രാൻസ്പോർട്ട് ഡിസൈൻ, ട്രാൻസ്പോർട്ട് എൻജിനീയറിങ് എന്നിവയിൽ ഉപരിപഠനം നടത്താം.  
ഓട്ടോമൊബൈൽ ഡിസൈൻ പ്രോഗ്രാമുകൾ നടത്തുന്ന നിരവധി സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ഡിസൈനിന്റെ കീഴിൽ ചെന്നൈ,

ബെംഗളൂരു, പുണെ, ന്യൂഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഓട്ടോമോബൈൽ ഡിസൈൻ കോഴ്‌സുകളെക്കുറിച്ചറിയാൻ www.iidsign.co.in സന്ദർശിക്കുക.
അഹമ്മദാബാദിലെയും, ബെംഗളൂരുവിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നാലുവർഷ ബി.ഡിസ്., ബിരുദാനന്തര എം.ഡിസ്. പ്രോഗ്രാമുകളുണ്ട്. പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷൻ. രാജ്യത്തെ തിരഞ്ഞെടുത്ത ഐ.ഐ.ടി. കളിൽ ബി.ഡിസ്., എം.ഡിസ്. പ്രോഗ്രാമുകളുണ്ട്. പ്രവേശന പരീക്ഷവഴിയാണ് അഡ്മിഷൻ. പ്ലസ്‌ ടു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.idc.iitb.ac.in, www.nid.edu. എന്നീ സൈറ്റുകൾ കാണുക. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് വാഹനനിർമാണ കമ്പനികളിൽ ഇന്റേൺഷിപ്പും ലഭിക്കും.
ഡ്രാഫ്റ്റിങ് ആന്റ് ഡിസൈൻ എൻജിനീയറിങ്, ഇലക്‌ട്രിക്കൽ എൻജിനീയറിങ് & ഇലക്‌ട്രോണിക്സ്, എൻവിറോൺമെന്റൽ എൻജിനീയറിങ്, ഇൻഡസ്ട്രിയൽ എൻജിനീയറിങ്, മാനുഫാക്ചറിംഗ് എൻജിനീയറിങ്, മെക്കാനിക്കൽ, എയ്‌റോനോട്ടിക്കൽ, എയ്‌റോസ്പേസ്, മെക്കാനിക്സ് എന്നിവയോടൊപ്പം ട്രാൻസ്പോർട്ട് ഡിസൈൻ സ്പെഷലൈസേഷനുകളുണ്ട്. എയർക്രാഫ്റ്റ് ഡിസൈൻ, ഷിപ്പ് ബിൽഡിങ് ആന്റ് നേവൽ ആർക്കിടെക്ചർ, ബി.ടെക്ക് പ്രോഗ്രാമുകൾ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലുണ്ട്. വെബ്സൈറ്റ്: www.cusat.ac.in
ഐ.ഐ.ടി. മുംബൈ, ഗുവാഹതി, ഡൽഹി, കാൺപൂർ എന്നിവിടങ്ങളിലും ഡിസൈനിങ് പ്രോഗ്രാമുകളുണ്ട്.

വിദേശ കോഴ്‌സുകൾ
ചൈനയിലെ ബീജിങ് സർവകലശാല, നെതർലൻഡ്‌സിലെ ഹാൻ യൂണിവേഴ്‌സിറ്റി, ലിത്വാനയിൽ കൗനാസ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ജർമനിയിലെ ഇ.ബി.എസ്. ബിസിനസ് സ്കൂൾ, ഫിൻലാൻഡ് ആൾട്ടോ യൂണിവേഴ്‌സിറ്റി, ഹംഗറിയിലെ SI യൂണിവേഴ്‌സിറ്റി, ഇംഗ്ലണ്ടിലെ ബ്രൂണെ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി, മിഡിൽ സെക്സ്, സെൻട്രൽ ലങ്കാഷെയർ, കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ ഓട്ടോമോബൈൽ ഡിസൈനിങ്ങിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്.


ഒഴിവുകൾ

ന്യൂഇന്ത്യ അഷ്വറൻസിൽ 984 അസിസ്റ്റന്റ്
പൊതുമേഖലാസ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷക്ഷണിച്ചു. 984 ഒഴിവുകളുണ്ട്. കേരളത്തിൽ 51 ഒഴിവാണുള്ളത്. യോഗ്യത: ബിരുദം. എസ്.എസ്.എൽ.സി./പ്ലസ്ടു/ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. പ്രായം: 2016 ജൂൺ 30-ന് 18-30. നിയമാനുസൃത ഇളവ് ലഭിക്കും. ശമ്പളം: 14435-40080 രൂപ.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മാർച്ച് 29. വെബ്‌സൈറ്റ്: www.newindia.co.in

കോസ്റ്റ്ഗാർഡിൽ  നാവിക്
കോസ്റ്റ്ഗാർഡ് നാവിക് (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു. ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം. നിർദിഷ്ട ശാരീരികയോഗ്യത ഉണ്ടായിരിക്കണം.
പ്രായം: 18-22.  നിയമാനുസൃത ഇളവ് ലഭിക്കും. ഓൺലൈൻ അപേക്ഷസ്വീകരിക്കുന്ന അവസാനതീയതി: മാർച്ച് 22 .വെബ്‌സൈറ്റ്: www.joincoastguard.gov.in

CRPF-ൽ 219 എ.എസ്.ഐ.
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (സി.ആർ.പി.എഫ്.) അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ) തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു. 219 ഒഴിവുകളുണ്ട്. സ്ത്രീകൾക്കും അപേക്ഷിക്കാം.
യോഗ്യത:  പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. മിനിറ്റിൽ 80 വാക്ക് വേഗത്തിൽ 10പത്തുമിനിറ്റ് ഡിക്റ്റേഷനും 50 മിനിറ്റ് ഇംഗ്ലീഷ് നോക്കിയെഴുത്തും അടങ്ങുന്ന സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കും. നിർദിഷ്ട ശാരീരികയോഗ്യത ഉണ്ടായിരിക്കണം. പ്രായം: 25-04-2017-ന് 18-നും 25-നും മധ്യേ. നിയമാനുസൃത ഇളവ് ലഭിക്കും. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 25. വെബ്‌സൈറ്റ്: www.crpfindia.com

പവർഗ്രിഡിൽ 152 എക്സിക്യുട്ടീവ് ട്രെയിനി
പവർഗ്രിഡിൽ ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, സിവിൽ, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിൽ പരിശീലനത്തിന് അവസരം. GATE 2017 സ്കോറിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മാർച്ച് 31. വെബ്‌സൈറ്റ്: www.powergridindia.com

നേവിയിൽ പൈലറ്റാകാം
ഇന്ത്യൻ നേവിയിൽ പൈലറ്റ്/ എയർട്രാഫിക് കൺട്രോളർ പ്രവേശനത്തിന് അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. യോഗ്യത (പൈലറ്റ്): 60 ശതമാനം മാർക്കിൽ കുറയാതെയുള്ള ബി.ഇ./ബി.ടെക്. ബിരുദം. എയർ ട്രാഫിക് കൺട്രോളർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മാർച്ച് 31. വെബ്‌സൈറ്റ്: www.joinindiannavy.gov.in

ഇന്ത്യൻ ഓയിലിൽ എൻജിനീയറിങ് അസിസ്റ്റന്റ്
പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഐ.ഒ.സി.എൽ.) കീഴിലുള്ള ഒഡിഷയിലെ പാരദീപ് റിഫൈനറിയിലേക്ക് ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ്-IV (പ്രൊഡക്‌ഷൻ) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്ക് അപേക്ഷിക്കാനാവില്ല.
 ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മാർച്ച് 27.  വെബ്‌സൈറ്റ്: www.iocrefrecruit.in

ഫെഡറൽ ബാങ്കിൽ ഓഫീസർ
ഫെഡറൽ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ (ട്രേഡ് ഫിനാൻസ്) തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മാർച്ച് 15.
വെബ്‌സൈറ്റ്: www.federalbank.co.in

കൂടുതൽ വിവരങ്ങൾക്ക് തിങ്കളാഴ്ച പുറത്തിങ്ങിയ പുതിയ ലക്കം(20) മാതൃഭൂമി തൊഴിൽവാർത്ത കാണുക.


LDC Quick LOOK

തൃശ്ശൂർ

 • വിസ്തൃതി: 3032 ച.കി.മീ.
 • ജനസംഖ്യ: 31,21,200
 • ജനസാന്ദ്രത: 1029/ച.കി.മീ.
 • സ്ത്രീപുരുഷ അനുപാതം: 1108/1000
 • സാക്ഷരതാശതമാനം: 95.08
 • വനം: 1068 ച.കി.മീ.
 •  കൃഷി: നെല്ല്, തെങ്ങ്, കുരുമുളക്, ജാതി, റബ്ബർ
 •  നദികൾ: ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കരുവന്നൂർപ്പുഴ, കുറുമാലിപ്പുഴ, പുഴയ്ക്കൽപ്പുഴ. ചാലക്കുടിപ്പുഴയാണ് ജില്ലയിലെ ഏറ്റവും നീളം കൂടിയ പുഴ. അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളും ഷോളയാർ, പെരിങ്ങൽക്കുത്ത് അണക്കെട്ടുകളും ചാലക്കുടി ജലസേചനപദ്ധതിയും ജില്ലയിലാണ്. പീച്ചി, വാഴാനി, ചിമ്മിനി അണക്കെട്ടുകളും സഞ്ചാരികളെ ആകർഷിക്കുന്നു.
 •  കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം. കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, സ്കൂൾ ഓഫ് ഡ്രാമ, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിസ്റ്റ്യൂട്ട് എന്നിവ ജില്ലയിലാണ്.
 •  തൃശ്ശൂർപ്പൂരം, വെടിക്കെട്ട്, പുലികളി എന്നിവ പ്രശസ്തമാണ്. വടക്കുംനാഥ ക്ഷേത്രം, കൊടുങ്ങല്ലൂർ, ഗുരുവായൂർ, തൃപ്രയാർ, കൂടൽമാണിക്യം ക്ഷേത്രങ്ങൾ എന്നിവ തീർഥാടനകേന്ദ്രങ്ങളാണ്.
 •  ഇന്ത്യയിലെ ആദ്യത്തെ മുസ്‍ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ് കൊടുങ്ങല്ലൂരിലാണ്. എ.ഡി. 629-ലാണിത് പണിതത്.
 •  അയിത്താചാരത്തിനെതിരെ നടന്ന ഗുരുവായൂർ സത്യാഗ്രഹത്തിന് കെ. കേളപ്പൻ നേതൃത്വം നൽകി.
 •  തൃശ്ശൂർ നഗരത്തെ ആധുനികവത്കരിച്ചതും  തൃശ്ശൂർപ്പൂരം തുടങ്ങിയതും ശക്തൻ തമ്പുരാന്റെ കാലത്താണ്.
 •  സ്വർണവ്യാപാരത്തിന് പേരുകേട്ട സ്ഥലമാണ്.
 •  കേരള കാർഷികസർവകലാശാല, ശ്രീ കേരളവർമ കോളേജ്, സെന്റ് തോമസ് കോളേജ്, വിമലാ കോളേജ്, ക്രൈസ്റ്റ് കോളേജ്, ശ്രീകൃഷ്ണ കോളേജ് എന്നിവ പ്രശസ്ത വിദ്യാഭ്യാസസ്ഥാപനങ്ങൾ.

GK Diary

 • ലോകത്തിലെ ആദ്യ ഹൈപ്പർസോണിക് മിസൈലായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
 • ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. തോട്ടത്തിൽ ബി. രാധാകൃഷ്ണനാണ്  ഛത്തീസ്ഗഢ് ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസ്. രാജേന്ദ്രമേനോനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഹേമന്ത് ഗുപ്തയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.
 • അഴിമതിയാരോപണവിധേയയായ ദക്ഷിണകൊറിയൻ പ്രസിഡന്റ് പാർക് കുനെയെ സ്ഥാനത്തുനിന്ന്‌ പുറത്താക്കി. പാർക്കിനെ പുറത്താക്കിയ പാർലമെന്റ് നടപടി ഭരണഘടനാ കോടതി ശരിവെക്കുകയായിരുന്നു.
 • നഷ്ടപ്പെട്ടെന്ന് കരുതിയ ഇന്ത്യയുടെ ചാന്ദ്രയാൻ-ഒന്ന് പേടകം ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുണ്ടെന്ന് നാസയുടെ കണ്ടെത്തൽ. പുതിയ സാങ്കേതികവിദ്യയായ ഇന്റർപ്ലാനറ്ററി റഡാർ ഉപയോഗിച്ചാണ് ചാന്ദ്രയാനെ നാസ കണ്ടെത്തിയത്.
 • കോടതിയലക്ഷ്യക്കേസിൽ ഹാജരാകാതിരുന്ന കൽക്കട്ട ഹൈക്കോടതി ജഡ്ജി സി.എസ്. കർണന് സുപ്രീംകോടതിയുടെ അറസ്റ്റ് വാറന്റ്. ചരിത്രത്തിലാദ്യമായാണ് ഒരു സിറ്റിങ് ജഡ്ജിക്ക് അറസ്റ്റ് വാറന്റ് അയച്ചത്.
 • 2016-ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 'മാൻഹോളിന്'. വിനായകനാണ്(ചിത്രം-കമ്മട്ടിപ്പാടം) മികച്ച നടൻ. രജിഷാ വിജയനാണ്(ചിത്രം-അനുരാഗക്കരിക്കിൻവെള്ളം) മികച്ച നടി.