അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (എം.ഐ.ടി.) ഒരു കോഴ്‌സ് കേരളത്തിലിരുന്ന് ചെയ്താലോ? അതും നാളെയുടെ സാങ്കേതികതയെന്ന് പേരുകേട്ട ഡിജിറ്റൽ ഫാബ്രിക്കേഷനിൽ. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിലുള്ള ഫാബ് ലാബുകൾ ഒരുക്കുന്നത് ഇതിനുള്ള അവസരമാണ്.  എം.ഐ.ടി.യുടെ കീഴിലുള്ള സെന്റർ ഫോർ ബിറ്റ്‌സ് ആൻഡ് ആറ്റംസ് നൽകുന്ന ആറുമാസത്തെ കോഴ്‌സാണ് ഫാബ് ലാബുകളിൽ നടത്തുന്നത്. സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള ഫാബ് ലാബുകളിൽ കോഴ്‌സ് പഠിക്കാം. ഫാബ് അക്കാഡമി എന്ന പേരിലാണ് കോഴ്‌സുകൾ അറിയപ്പെടുന്നത്.

എന്തും സാധ്യം
ഏത് ആശയവും യാഥാർഥ്യമാക്കാം എന്നതാണ് ഫാബ് ലാബ് എന്ന ഫാബ്രിക്കേഷൻ ലാബുകളുടെ ആപ്തവാക്യം. വെറുമൊരു ഷെൽഫോ പെൻസ്റ്റാൻഡോ തുടങ്ങി സ്മാർട്ട് ഉപകരണങ്ങൾ വരെ ഈ ലാബുകളിൽ നിർമിച്ചെടുക്കാം. വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്‌പാദനത്തിൽനിന്നുമാറി ഓരോരുത്തർക്കും ആവശ്യമായത് സ്വന്തമായി നിർമിച്ചെടുക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്.ഇലക്‌ട്രോണിക്സ് വർക്ക്‌ബെഞ്ച്, 3ഡി പ്ലോട്ടർ, സി.എൻ.സി. റൂട്ടർ, ലേസർ കട്ടർ എന്നിങ്ങനെയുള്ള യന്ത്രസജ്ജീകരണങ്ങളെല്ലാം ഫാബ് ലാബുകളിൽ ലഭ്യമാണ്. ആറുമാസത്തിനകം ഇവയുടെ പ്രവർത്തനമെല്ലാം പൂർണമായ രീതിയിൽ പഠിക്കാം.

ജോലിസാധ്യത
വൻകിടവ്യവസായ സ്ഥാപനങ്ങളുടെ റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിലുൾപ്പെടെയാണ് ജോലിസാധ്യതകൾ. പുറമേ ഫാബ് ലാബുകളിലെ ഇൻസ്ട്രക്ടർ ജോലിപോലുള്ള അവസരങ്ങളുമുണ്ടെന്ന് സ്റ്റാർട്ടപ്പ് മിഷൻ ടെക്‌നിക്കൽ ഓഫീസർ ഡാനിയേൽ ജീവൻ പറഞ്ഞു. 

ക്ലാസുകൾ ഇങ്ങനെ
അമേരിക്കയിൽനിന്ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് അധ്യാപനം. ബുധനാഴ്ചകളിൽ വൈകീട്ട് ഏഴുമുതൽ രാത്രി 11 വരെയാണ് ക്ലാസുകൾ. (ഇരുരാജ്യങ്ങളിലെയും സമയത്തിലുള്ള വ്യത്യാസം മൂലമാണ് ഇവിടെ ക്ലാസുകൾ വൈകീട്ടായത്). ഓരോ ആഴ്ചയിലും ഓരോ വിഷയം പഠിപ്പിക്കും. എം.ഐ.ടി.യിലെ പ്രൊഫസറാണ് ക്ലാസ് നയിക്കുക. വിദ്യാർഥികൾ കോഴ്‌സിന്റെ ഭാഗമായി സ്വന്തമായൊരു വെബ്‌സൈറ്റ് രൂപകല്പന ചെയ്യണം. ഓരോ ആഴ്ചയിലും പഠിപ്പിക്കുന്ന വിഷയം സ്വന്തമായ രീതിയിൽ വെബ്‌സൈറ്റിൽ അവതരിപ്പിക്കണം. എന്താണ് പഠിച്ചതെന്നും എങ്ങനെയാണ് പഠിച്ചതെന്നും വിലയിരുത്താനുള്ള മാർഗമാണിത്. പുറമേ ഓരോ ആഴ്ചയും അസൈൻമെന്റുകളുണ്ടാകും. ഇതും പൂർത്തിയാക്കി വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യണം. ഇവയെല്ലാം അധ്യാപകർ വിലയിരുത്തും. ആറുമാസത്തിന്റെ അവസാനം സ്വന്തമായി പ്രോജക്ട് തയ്യാറാക്കി സമർപ്പിക്കണം. ഓൺലൈൻ അധ്യാപനത്തിനൊപ്പം ഫാബ് ലാബുകളിലെ ഇൻസ്ട്രക്ടർമാരുടെ മാർഗനിർദേശവും ലഭിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും രണ്ട് ഇൻസ്ട്രക്ടർമാർ വീതമുണ്ട്.ആറുമാസത്തെ കോഴ്‌സിന് 65,000 രൂപയാണ് ഫീസ്. കേരളത്തിലെ ഫാബ് ലാബിനുള്ള സ്പെഷ്യൽ ഫീസാണിത്. യഥാർഥഫീസ് മൂന്നുലക്ഷം രൂപയോളം വരുമെന്ന് അധികൃതർ പറയുന്നു. ആറുമാസമാണ് കാലയളവെങ്കിലും വർഷത്തിൽ ഒരു കോഴ്‌സ് മാത്രമാണുള്ളത്. ഈ വർഷത്തെ ബാച്ച് ജനുവരിയിൽ തുടങ്ങി. ഇനി പുതിയ ക്ലാസ് അടുത്ത ജനുവരിയിലാണ് തുടങ്ങുക. നവംബറിൽ അപേക്ഷ ക്ഷണിക്കും. സ്റ്റാർട്ടപ്പ് മിഷന്റെ വെബ്‌സൈറ്റിൽ ഇതിന്റെ വിശദാംശങ്ങളുണ്ടാകും.  

കേരളത്തിൽ രണ്ട്
ലോകത്താകെ 1000 ഫാബ് ലാബുകളാണുള്ളത്. ഇതിൽ 60 ഫാബ് ലാബുകളിലാണ് കോഴ്‌സ് നടത്തുന്നതിനുള്ള സൗകര്യമുള്ളത്. കൊച്ചിയിൽ കളമശ്ശേരിയിലെ കേരള ടെക്‌നോളജി ഇന്നവേഷൻ സോണിലും തിരുവനന്തപുരത്ത് ടെക്‌നോപാർക്കിലുമാണ് ഫാബ് ലാബുകൾ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫാബ് ലാബുകളാണിത്. കേരളത്തിലെ ഫാബ് ലാബുകളിൽ ഇപ്പോൾ നടക്കുന്നത് രണ്ടാമത്തെ ബാച്ചിന്റെ ക്ലാസുകളാണ്. ആദ്യബാച്ചിൽനിന്ന് പഠിച്ചിറങ്ങിയത് 16 പേരാണ്.ഫാബ് അക്കാദമിയെക്കുറിച്ചുള്ള വിവരങ്ങൾക്ക്:  http://fabacademy.org/about/diploma/

ഫാബ്‌ ലാബെന്നാൽ
പുതിയ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഫാബ് ലാബുകളുടെ ലക്ഷ്യം. ചെറിയ ഒരു വർക്‌ഷോപ്പ് എന്ന് തന്നെ ഇവയെ വിശേഷിപ്പിക്കാം. സാങ്കേതികഭാഷയിൽ പറഞ്ഞാൽ ഒരു പ്രോട്ടോടൈപ്പിങ് പ്ലാറ്റ്‌ഫോം. എന്തും ഏതും നിർമിച്ചെടുക്കാം ഇവിടെ. വേണ്ടത് ആശയം മാത്രം. 
വിദ്യാർഥികൾ മുതൽ സാധാരണക്കാർക്കുവരെ ഉപകാരപ്രദം. സ്വകാര്യ സ്ഥാപനങ്ങളിൽ ആയിരങ്ങൾ മുടക്കിചെയ്യുന്ന ജോലികൾ ഫാബ് ലാബിനകത്ത് കുറഞ്ഞ ചെലവിൽ സാധ്യമാകും. വെബ് സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നുമാത്രം. 
മണിക്കൂറിന് പത്തുരൂപ മുതലാണ് യന്ത്രസാമഗ്രികളുടെ വാടക തുടങ്ങുന്നത്. നിർമാണത്തിനാവശ്യമായ പ്ലൈവുഡ് മുതൽ ഇലക്‌ട്രോണിക് സാധന സാമഗ്രികൾവരെ ഇവിടെ കിട്ടും. ഇവയ്ക്ക് പ്രത്യേകം പണം നൽകണം. ഓൺലൈനിലൂടെ ബുക്ക് ചെയ്യുമ്പോൾ കൺസ്യൂമബിൾസ് എന്ന വിഭാഗത്തിൽ സാധനങ്ങൾ ബുക്ക് ചെയ്യാം.
ഫാബ് ലാബിൽ അംഗത്വമെടുക്കുന്നതിനും സൗകര്യമുണ്ട്. കോർപ്പറേറ്റ് അംഗത്വത്തിന് വർഷം 10,000 രൂപയും വ്യക്തിഗത അംഗത്വത്തിന് 3,000 രൂപയുമാണ്. സ്ഥാപനങ്ങൾക്ക് അംഗത്വത്തിന് 5,000 രൂപനൽകണം.