നാളെ ഭൗമദിനം

ലോക ഭൗമദിനം 

ഏപ്രില്‍ 22-ന് ലോകത്തെല്ലായിടത്തും ഭൗമദിനം ('മിറസ ഒമള്‍) ആചരിക്കുന്നു. ജനങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിനും പരിസ്ഥിതി സംരക്ഷണ മാര്‍ഗങ്ങള്‍ വിശദീകരിക്കുന്നതിനുമാണ് ഈ ദിനാചരണം. ജീവനുള്ള ഈ ഏകഗോളത്തില്‍ അത് നിലനിര്‍ത്താന്‍ ഭൂമിയിലെ സാഹചര്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. ജീവികളില്‍ ഏറ്റവും ഉല്‍കൃഷ്ടനായ മനുഷ്യന്‍ മനുഷ്യത്വം കൈവെടിഞ്ഞ് ഭൂമിയെ സംരക്ഷിക്കുന്നത് മറന്ന് അതിലുള്ള വിഭവങ്ങള്‍ ആര്‍ത്തിയോടെ ചൂഷണം ചെയ്തതിനാലാണ് ഭൗമദിനം ആവശ്യമായി വന്നത്.
1970 ഏപ്രില്‍ 22-ന് അമേരിക്കന്‍ ഐക്യനാടുകളിലാണ് ആദ്യമായി ഈ ദിനം ആചരിച്ചത്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യംവെച്ചുള്ള ദിനാചരണങ്ങളില്‍ ഏറ്റവും പഴക്കം ചെന്നതാണ് ഇത്. 2020-ഓടെ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തീകരിക്കുന്ന ഓരോ വിദ്യാര്‍ഥിയും പരിസ്ഥിതി കാലാവസ്ഥാ സാക്ഷരതയോടെയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ശബ്ദിക്കുകയും ചെയ്യുന്ന ആളാകുന്ന തരത്തിലുള്ള ഒരു കാമ്പയിന് തുടക്കമാകുകയാണ്.
കഴിഞ്ഞ ഭൗമദിനത്തില്‍ ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്ത് 171 രാഷ്ട്രങ്ങള്‍ പാരീസ് ഉടമ്പടിയില്‍ ഒപ്പു വെച്ചതിന്റെ വാര്‍ഷികമാണ് ഈ വര്‍ഷത്തെ ഭൗമദിനം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കുന്നതിന് 2015 ഡിസംബറില്‍ പാരീസില്‍ രൂപം നല്‍കിയ കരാറാണിത്.

പ്രാധാന്യം

പലതരത്തിലുള്ള  ഇന്ധനങ്ങള്‍  കത്തുമ്പോള്‍ പുറംതള്ളപ്പെടുന്ന കാര്‍ബണ്‍ വാതകങ്ങള്‍ അന്ത
രീക്ഷ വായുവില്‍ നിറയുന്നത് ചൂട് വര്‍ധിക്കാന്‍ കാരണമാകും. എന്നാല്‍ ഈ അനാവശ്യ വാതകങ്ങളെ ആഗിരണം ചെയ്ത് നശിപ്പിക്കാനും ഓക്സിജനെ പരമാവധി നിര്‍മിക്കാനും സസ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് വന്‍മരങ്ങള്‍ക്ക് കഴിയും. പക്ഷേ, വനനശീകരണംമൂലം അതിനുള്ള സാധ്യത ഇല്ലാതാകുന്നു. മനുഷ്യന്റെ ഇടപെടലുകള്‍ക്ക് മുന്‍പ് പ്രകൃതിയിലെ സ്വാഭാവിക പ്രക്രിയകള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളാണ് വന്നിരുന്നതെങ്കില്‍ മനുഷ്യന്റെ ഇടപെടലുകളെ ആശ്രയിച്ചാണ് ഇപ്പോള്‍ ഭൂമിയുടെ നിലനില്‍പ്പ്. വരും തലമുറകള്‍ക്കുകൂടി ഭൂമിയും അതിലെ വിഭവങ്ങളും ഉപയോഗിക്കാവുന്ന തരത്തില്‍ ഭൂമിയെ സംരക്ഷിക്കുകയാണ് ഇനി നമുക്ക് ചെയ്യാനുള്ളത്.

പ്രശ്‌നങ്ങള്‍ 

പ്രകൃതിയില്‍ മനുഷ്യന്റെ ചെയ്തികള്‍ ദോഷം ചെയ്തതിന് നല്ലൊരു ഉദാഹരണമാണ് ഓസോണ്‍ ശോഷണം. വേണ്ടത്ര ശ്രദ്ധ ചെലുത്തിയതിനാല്‍ അത് നമുക്ക് തിരുത്താന്‍ കഴിഞ്ഞു. നദിയില്‍ രാസമാലിന്യങ്ങള്‍ കലരുന്നത് ദിവസംതോറും കൂടിവരുന്നുണ്ട്. വ്യവസായവത്കരണംമൂലം വനനശീകരണം അധികരിക്കുന്നതുവഴി അന്തരീക്ഷോഷ്മാവ് ഉയരുന്നു. ജീവനെ അപകടത്തില്‍പ്പെടുത്തുന്ന ഇത്തരം പ്രവണതകള്‍ തുടര്‍ന്നുകൂടാ. പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിച്ചും വനനശീകരണം തടഞ്ഞും ഭൂമിയെ തണുപ്പുള്ളതാക്കണം. വാഹന ഉപയോഗം കുറച്ച് വായുമലിനീകരണം തടയണം. അനാവശ്യമായ വൈദ്യുതോപയോഗം ഒഴിവാക്കി ഊര്‍ജസംരക്ഷണം ഉറപ്പുവരുത്തണം. ഒന്നോ രണ്ടോ പേര്‍ വിചാരിച്ചിട്ട് കാര്യമില്ല. പ്രതിസന്ധി മറികടക്കാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിച്ചാല്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയും. അതോടൊപ്പം ഓരോ രാജ്യത്തെയും സര്‍ക്കാറുകള്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്തണം.

നമ്മുടെ കടമ

വ്യവസായവത്കരണവും അതോടൊപ്പം ആളുകളുടെ അശ്രദ്ധാ മനോഭാവവും ഏറ്റവും വലിയ പ്രതിസന്ധിക്ക് കാരണമാകുന്നു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്താലേ ആരോഗ്യകരമായ നിലനില്‍പ്പുള്ളൂ. ഭൂമിയിലെ ഊര്‍ജത്തിന്റെ ഉറവിടം സൂര്യനാണെന്നും ആ ഊര്‍ജം സ്വീകരിക്കുന്നതിനുവേണ്ടി ജൈവവൈവിധ്യത്തിലെ അംഗങ്ങള്‍ക്കിടയിലുള്ള ഇടപെടലുകള്‍ ആരോഗ്യകരമാവുമ്പോഴാണ് ജീവന്റെ നിലനില്‍പ്പെന്നുമുള്ള അറിവ് എല്ലാവര്‍ക്കും ലഭിക്കണം. അതില്‍ കാലാവസ്ഥയുടെ പങ്ക് പ്രധാനമാണ്.

മാലിന്യം വലിച്ചെറിയരുത്

വലിച്ചെറിയുന്നതിനു പകരം മാലിന്യങ്ങളെ ഉറവിടത്തില്‍ സംസ്‌കരിക്കുകയാണ് വേണ്ടത്. വീട്ടിലെ മാലിന്യങ്ങളെ മൂന്ന് വിഭാഗങ്ങളാക്കി വേറെ വേറെ സഞ്ചികളില്‍ സൂക്ഷിക്കാം. 1. പ്ലാസ്റ്റിക്, ലോഹങ്ങള്‍ തുടങ്ങി പുനഃചംക്രമണ സാധ്യതയുള്ളവ, 2. ആഹാരം, മത്സ്യം, പച്ചക്കറി, മാംസം തുടങ്ങി കമ്പോസ്റ്റോ മണ്ണിരകമ്പോസ്റ്റോ ആക്കാവുന്ന ജൈവാവശിഷ്ടങ്ങള്‍, 3. കംപ്യൂട്ടറിന്റെയും മൊബൈല്‍ ഫോണുകളുടെയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്നുള്ള ഹസാര്‍ഡസ് മാലിന്യങ്ങള്‍ എന്നിങ്ങനെ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ പ്രാദേശിക സംഘങ്ങളുടെയോ സഹായത്തോടെ ഇവയെ നീക്കം ചെയ്യാം.

രൂക്ഷമായ വരള്‍ച്ച 

വരള്‍ച്ചയുടെ വിവിധ കാരണങ്ങളില്‍ പ്രധാനപ്പെട്ടവയാണ് വനനശീകരണവും മലിനീകരണവും. ജനസംഖ്യാ വിസ്ഫോടനത്തിന്റെ കാരണമായി ഭൂപ്രകൃതിയില്‍ വരുത്തിയ മാറ്റങ്ങള്‍മൂലം വരുന്ന ഫലങ്ങളാണ് രണ്ടും. ഏതാണ്ട് അന്‍പത് വര്‍ഷങ്ങള്‍ക്കുമുന്‍പ് ശുദ്ധജലസ്രോതസ്സുകളായിരുന്ന ഇടങ്ങളില്‍ പലതും മഴക്കാലത്തുപോലും ഉറവയില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍. നീരുറവയ്ക്ക് കാരണമായിരുന്ന കാട് നിറഞ്ഞ കുന്നും മലകളും ജനവാസകേന്ദ്രമായതാണ് പ്രധാന കാരണം. കാലവര്‍ഷത്തില്‍ വന്ന മാറ്റങ്ങളാണ് ആഗോളതാപനത്തെക്കുറിച്ച് നമ്മെ ചിന്തിപ്പിച്ചത്. അതിന്റെ പ്രത്യാഘാതങ്ങള്‍ ഏതാനും വര്‍ഷമായി വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. 

ചില നിര്‍ദേശങ്ങള്‍

വാഹന ഉപയോഗം കുറയ്ക്കുന്നതിന് സൈക്കിളോ പൊതു വാഹനങ്ങളോ സ്വീകരിക്കുക.
കടലാസുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. എഴുതിയ കടലാസ്സുകള്‍ ചുരുട്ടാതെ ശേഖരിച്ച് പുനഃചംക്രമണത്തിന് നല്‍കുക.
കടകളിലേക്ക് പോകുമ്പോള്‍ തുണിസഞ്ചി കരുതുക.
കൂടുതലായി മരങ്ങള്‍ നട്ടുവളര്‍ത്തുക.
മാംസാഹാരം കുറയ്ക്കുക.
ജലം ആവശ്യത്തിന് മാത്രം ഉപയോഗിക്കുക, അമിതോപയോഗം ഒഴിവാക്കുക.
വൈദ്യുതോപകരണങ്ങള്‍ ആവശ്യമില്ലാത്തപ്പോള്‍ സ്വിച്ച് ഓഫ് ചെയ്യുക.

കുട്ടികള്‍ ചെയ്യേണ്ടത്

തിരഞ്ഞെടുത്ത പത്തുവീടുകളില്‍ സന്ദര്‍ശനം നടത്തുക.
ജലോപയോഗം, ഊര്‍ജോപയോഗം, വാഹനഉപയോഗം, മാലിന്യ സംസ്‌കരണം, മരം നടല്‍ തുടങ്ങിയവയില്‍ അവര്‍ അനുവര്‍ത്തിച്ചുവരുന്ന രീതികളെക്കുറിച്ച് സൗഹൃദ സംഭാഷണം നടത്തുക.
ഓരോ വീട്ടിലെയും രീതികളെക്കുറിച്ച് കൂട്ടുകാരുമായി ചര്‍ച്ച ചെയ്ത് വിലയിരുത്തുക.
പ്രകൃതിസംരക്ഷണ കാര്യത്തില്‍ ശ്രദ്ധചെലുത്താത്തവര്‍ക്ക് നല്‍കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ എഴുതി തയ്യാറാക്കുക.
വീടുകളില്‍ രണ്ടാംഘട്ട സന്ദര്‍ശനം നടത്തി നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുക.

--------------------------------------------------------------------------------------

മൊബൈല്‍ ടവര്‍ അപകടകാരിയാണോ?

മൊബൈല്‍ഫോണ്‍ വിപ്ലവം നടക്കുന്ന ഇക്കാലത്ത് കൂണുകള്‍പോലെ മുളച്ചുപൊന്തുകയാണ് മൊബൈല്‍ ടവറുകള്‍. 
ഇവ മനുഷ്യാരോഗ്യത്തിന് ഗുണമോ ദോഷമോ?

എം.കെ. ഷക്കീല്‍ shakeelmk9@gmail.com         

ഫ്‌ളാറ്റിലെ ജനവാതിലിലൂടെ അകലെയായി കാണുന്ന മൊബൈല്‍ ടവര്‍ ചൂണ്ടി വിശാല്‍ അച്ഛനോട് ചോദിച്ചു:
''ആ ടവറില്‍നിന്നുള്ള റേഡിയേഷന്‍ നമ്മുടെ ശരീരത്തിന് ദോഷകരമാണോ?''
വായിക്കുകയായിരുന്ന പത്രം മടക്കിവെച്ച് അച്ഛന്‍ പറഞ്ഞു: ''ദോഷകരമാണെന്നും അല്ലെന്നും രണ്ടഭിപ്രായമുണ്ട്. മൊബൈല്‍ ഫോണില്‍നിന്നും ടവറില്‍ നിന്നുമുള്ള റേഡിയേഷന്‍ Non-ionizing ആയതിനാല്‍ കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കില്ല എന്നാണ് ഒരഭിപ്രായം. എന്നാല്‍ മൊബൈല്‍ ടവറുകള്‍ വൈദ്യുത കാന്തിക വലയം (Electro Magnetic Field)  ഉണ്ടാക്കുന്നതിനാല്‍ ശരീര ഊഷ്മാവ് വര്‍ധിച്ച് കോശകലകള്‍ക്കും (Tissues) കോശങ്ങള്‍ക്കും ദോഷം സംഭവിക്കുന്നതിലൂടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഗവേഷണത്തിലൂടെ തെളിഞ്ഞതായി മറ്റൊരു വാദവുമുണ്ട്. മൊബൈല്‍ ടവറിന്റെ 300 മീറ്റര്‍ ചുറ്റളവിനകത്ത് നില്ക്കുന്നത് ഒരു മൈക്രോവേവ് അവനില്‍ (oven)  കയറി ഇരിക്കുന്നത് പോലെയാണത്രെ.''
''മൊബൈല്‍ ഫോണ്‍, ടവര്‍ ഇവയില്‍ നിന്നുള്ള റേഡിയേഷനും AM, FM  റേഡിയോ-ടെലിവിഷന്‍ എന്നിവയില്‍ നിന്നുണ്ടാവുന്ന റേഡിയേഷനും ഒരേപോലെയുള്ളതാണെന്നും അതുകൊണ്ട് ദോഷകരമല്ല എന്നും പറയുന്നത് ശരിയാണോ അച്ഛാ?''
''അല്ല, റേഡിയോ, ടി.വി. എന്നിവയുടെ ഫ്രീക്വന്‍സി 100 മുതല്‍ 400 മെഗാഹെട്‌സും മൊബൈല്‍ ഫോണിലേത് 800 മെഗാഹെട്‌സ് മുതല്‍ 1 ജിഗാ ഹെട്‌സ് വരെയുള്ളതുമാണ്. കൂടാതെ മൊബൈല്‍ ഫോണ്‍ ടവറിലെ റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍ പള്‍സ്ഡ് (Pulsed) ആണ്. പള്‍സ്ഡ് റേഡിയേഷന്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ പോഷകങ്ങള്‍ സ്വീകരിക്കുകയും വിഷാംശങ്ങള്‍ (Toxins) പുറന്തള്ളുകയും ചെയ്യുന്ന കോശഭിത്തികളില്‍ കമ്പനം (vibration)  ഏല്ക്കുന്നു. കോശങ്ങള്‍ ഇതിനെ നുഴഞ്ഞുകയറ്റമായി തെറ്റിദ്ധരിച്ച് കോശഭിത്തികള്‍ അടയ്ക്കുന്നു. ഇതുകാരണം കോശങ്ങള്‍ക്ക് പോഷകങ്ങള്‍ ലഭിക്കാതാവുകയും വിഷം കോശങ്ങളില്‍ അകപ്പെടുകയും ചെയ്യുന്നു. ഇത് കോശങ്ങളുടെ വിഭജനത്തിലും മറ്റും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിലൂടെ ക്യാന്‍സറിന് കാരണമാവും എന്നാണ് ചില വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.''
''അങ്ങനെയെങ്കില്‍ ലോകാരോഗ്യ സംഘടന മൊബൈല്‍ ടവര്‍ റേഡിയേഷന്‍ ഹാനികരമാണെന്നതിന് തെളിവില്ല എന്നു പറഞ്ഞതെന്തു കൊണ്ടാണ്?''
''അമേരിക്കപോലെ നിയമങ്ങള്‍ കര്‍ക്കശമായി പാലിച്ച് ടവറുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്ന വികസിത രാജ്യങ്ങളിലെ സ്ഥിതി പഠന വിധേയമാക്കിയുള്ളതായിരുന്നു ആ അഭിപ്രായം. നമ്മുടെ നാട്ടിലെ ചൂടു കാലാവസ്ഥയും അധികരിച്ച മൊബൈല്‍ ടവര്‍ സാന്ദ്രതയും അനധികൃതമായി സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്ന ടവറുകളും റേഡിയേഷന്‍ ഭീഷണി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് പരിഗണിച്ചാണ് ഇന്ത്യയെപോലുള്ള രാജ്യങ്ങള്‍ക്ക് വേറെ പഠനം ആവശ്യമുണ്ട് എന്ന് ലോകാരോഗ്യ സംഘടന  പറഞ്ഞത്. കൂടാതെ റേഡിയേഷന്‍ അപകടം ഇല്ലാതെയാക്കാന്‍ ICNIRP (International community for Non Ionizing Radiation Protection)  നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കര്‍ക്കശമായി പാലിക്കാന്‍ രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുമുണ്ട്.
''മൊബൈല്‍ ഫോണ്‍ കണക്ഷന്‍ സേവനം വന്‍കിട വ്യവസായമായതിനാല്‍ കമ്പനികള്‍ റേഡിയേഷന്‍ ദോഷകരമല്ല എന്ന് പ്രചരിപ്പിക്കുന്നതാവുമോ?''
''മൊബൈല്‍ ടവര്‍ റേഡിയേഷന്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാവുന്നുണ്ട് എന്ന് തെളിഞ്ഞാല്‍ കമ്പനികള്‍ ഭീമമായ നഷ്ടപരിഹാരം നല്‍കേണ്ടിവരും. അതുകൊണ്ടുതന്നെ റേഡിയേഷന്‍ ദോഷകരമല്ല എന്ന് വാദിക്കുവാനാണ് കമ്പനികള്‍ ശ്രമിക്കുക.''
''മൊബൈല്‍ ടവര്‍ റേഡിയേഷന്‍ കാര്യത്തില്‍ കോടതികളുടെ വിധിന്യായം എങ്ങനെയുള്ളതാണ്?'' വിശാലിന് ആകാംക്ഷയായി.
''മൊബൈല്‍ ടവര്‍ റേഡിയേഷനില്‍ അപകടമുണ്ടെന്നും പൗരന്മാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാത്ത വിധത്തില്‍ മാത്രമേ ടവറുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കാവൂ എന്നും കോടതികള്‍ വളരെ മുന്‍പുതന്നെ വിധിച്ചിട്ടുണ്ട്. ഇന്ത്യയിലൊട്ടാകെ 7,36,654 ടവറുകള്‍ ഉള്ളതായിട്ടാണ് TRAI  യുടെ കണക്ക്. ഇതില്‍ കുറഞ്ഞ ശതമാനം മാത്രമാണ് നിയമങ്ങള്‍ പാലിച്ച് കൊണ്ട് സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നത് എന്ന് റിപ്പോര്‍ട്ടുണ്ട്. അനധികൃത ടവറുകള്‍ മനുഷ്യര്‍ക്ക് മാത്രമല്ല പക്ഷിമൃഗാദികള്‍ക്കും സസ്യജാലങ്ങള്‍ക്കും ദോഷകരമാണ്.
''കോടതി ഇടപെട്ട് മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കുന്നത് നിറുത്തിവെപ്പിച്ച സംഭവമുണ്ടായിട്ടുണ്ടോ?''
''ഉണ്ട്. ഇക്കഴിഞ്ഞ 2017 മാര്‍ച്ച് 30-ന് നമ്മുടെ സുപ്രീംകോടതി ഹരീഷ് ചന്ദ് 
തിവാരി എന്ന ആളുടെ അപേക്ഷ പ്രകാരം BSNL  കമ്പനിയുടെ മൊബൈല്‍ ടവര്‍ ഒരാഴ്ചക്കുള്ളില്‍ നിഷ്‌ക്രിയമാക്കാന്‍ (De-activate) കല്പിച്ചു!
EE................... we also direct that the particular mobile tower opertated by BSNL in the area mentioned in the writ petition (civil) No. 387/2016 shall be deactivated by the BSNL within seven days from today. dated: 30.3.2017

ഈ ഉത്തരവിനെക്കുറിച്ച് അടുത്ത ലക്കം eye vaa  യില്‍ വായിക്കാം

----------------------------------------------------------------------------------------------

പുസ്തകങ്ങള്‍ക്ക് ഒരു ദിനം

പുസ്തകങ്ങളെയും എഴുത്തുകാരെയും ഓര്‍മിക്കാനും ആദരിക്കാനുമാണ് 
ഏപ്രില്‍ 23 ലോക പുസ്തകദിനമായി ആചരിക്കുന്നത്.

എന്‍. ശ്രീകുമാര്‍, കുമാരനല്ലൂര്‍

പുസ്തകങ്ങള്‍ക്കുമുണ്ട് ഒരു വിശേഷദിനം. പുസ്തകങ്ങളെയും എഴുത്തുകാരെയും ആദരിക്കുകയും വായന പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഏപ്രില്‍ 23-ന് ലോകമെമ്പാടും പുസ്തകദിനമായി ആചരിക്കുന്നു. 1995-ല്‍ പാരീസില്‍ ചേര്‍ന്ന യുനെസ്‌കോയുടെ പൊതുസമ്മേളനത്തിലാണ് ഏപ്രില്‍ 23 ലോകപുസ്തകദിനമായി തിരഞ്ഞെടുക്കപ്പെട്ടത്. 
യഥാര്‍ഥത്തില്‍ ഏപ്രില്‍ 23 എന്ന തീയതിയെ പുസ്തകങ്ങളുമായി ആദ്യം ബന്ധിപ്പിച്ചത് 1923-ല്‍ സ്‌പെയിനിലെ പുസ്തകവ്യാപാരികളാണ്. ഡോണ്‍ ക്വിക്സോട്ട് എന്ന ക്ലാസിക്കിന്റെ രചയിതാവായ സെര്‍വാന്റിസ് മരിച്ച ദിവസമാണത്. അദ്ദേഹത്തെ ആദരിക്കുകയെന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. വില്യം ഷേക്സ്പിയറുടെ ചരമദിനവും അന്നാണ്. ചരിത്രകാരനായിരുന്ന ഇന്‍കാ ഗാര്‍സിലാസോ ഡി ലാ വേഗയും അന്നാണ് മരിച്ചത്. മൗറിസ് ഡ്രുവോണ്‍, ഹാല്‍ദോര്‍ കെ. ലോക്സ്നെസ്, വ്ലാഡിമിര്‍ നബാക്കോവ്, ജോസപ് പ്ലാ, മാനുവല്‍ മെജിയാ വലെയോ എന്നിവരുടെ ജന്മദിനവും അന്നാണ്. ലോകസാഹിത്യത്തെയാണ് ഈ ദിനം സൂചിപ്പിക്കുന്നത്. 

പുസ്തക തലസ്ഥാനം

ഓരോ വര്‍ഷത്തേക്കുമായി ഒരു നഗരത്തെ ലോകപുസ്തകതലസ്ഥാനമായി തിരഞ്ഞെടുക്കാറുണ്ട്. ഗിനിയ റിപ്പബ്‌ളിക്കിന്റെ തലസ്ഥാനമായ കൊനാക്രിയാണ് 2017-ലെ ലോകപുസ്തകതലസ്ഥാനം. ഈ പദവി ലഭിക്കുന്ന പതിനേഴാമത്തെ നഗരമാണ് കൊനാക്രി. മാഡ്രിഡ് (2001), അലക്‌സാന്‍ഡ്രിയ (2002), ന്യൂഡല്‍ഹി (2003), ആന്റ്വെര്‍പ് (2004), മോണ്ട്രിയല്‍ (2005), ടൂറിന്‍ (2006), ബൊഗോട്ട (2007), ആംസ്റ്റര്‍ഡാം (2008), ബയ്റുത്ത് (2009), ലുബ്ല്യാന (2010), ബ്യൂണസ് ഐറിസ് (2011), യെരെവാന്‍ (2012), ബാങ്കോക്ക് (2013), പോര്‍ട്ട് ഹാര്‍ക്കോട്ട് (2014), ഇഞ്ചിയോണ്‍ (2015), റോക്ലോ (2016) എന്നിവയാണ് മുന്‍വര്‍ഷങ്ങളിലെ ലോകപുസ്തകതലസ്ഥാനങ്ങള്‍.
പ്രസാധകര്‍, പുസ്തകവ്യാപാരികള്‍, ഗ്രന്ഥശാലകള്‍ എന്നിവയാണ് പുസ്തകവ്യവസായത്തിലെ മൂന്നു മുഖ്യമേഖലകള്‍. ഇവയെ പ്രതിനിധാനം ചെയ്യുന്ന അന്താരാഷ്ട്രസംഘടനകളും യുനെസ്‌കോയുംകൂടി ഓരോ വര്‍ഷത്തെയും ലോകപുസ്തകതലസ്ഥാനം തിരഞ്ഞെടുക്കുന്നു.

-------------------------------------------------------------------------------------------

ശകുന്തള ജയിച്ചു; ബി.ബി.സി. തോറ്റു

2013 ഏപ്രില്‍ 21-ന് അന്തരിച്ച 
'മനുഷ്യ കംപ്യൂട്ടര്‍' ഡോ. ശകുന്തളാദേവിയെക്കുറിച്ച് അറിയൂ.

റവ. ജോര്‍ജ് മാത്യു പുതുപ്പള്ളി

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ദൂരദര്‍ശന്‍, ശാസ്ത്രലോകത്തെ അദ്ഭുതമായ ഡോ. ശകുന്തളാദേവിയുമായി കോളേജ് വിദ്യാര്‍ഥികള്‍ നടത്തുന്ന ഒരു ചോദ്യോത്തര മത്സരം സംപ്രേഷണം ചെയ്യുകയുണ്ടായി. വിദ്യാര്‍ഥികള്‍ നല്‍കിയ എല്ലാ ചോദ്യങ്ങള്‍ക്കും സെക്കന്‍ഡുകള്‍ക്കുള്ളില്‍ മറുപടി നല്‍കി അവര്‍ എല്ലാവരെയും ഞെട്ടിച്ചു.
ഡോ. ശകുന്തളാദേവിയെ ലോകം വിളിക്കുന്നത് 'മനുഷ്യ കംപ്യൂട്ടര്‍' എന്നാണ്. ബെംഗളൂരുവിലെ ബ്രാഹ്മണകുടുംബത്തില്‍ 1929 നവംബര്‍ 4-നാണ് ശകുന്തള ജനിച്ചത്. സര്‍ക്കസ് കലാകാരനായ നാനാക്ചന്ദ് ഝേട്ടിയായിരുന്നു പിതാവ്. ബാല്യത്തിലേ സര്‍ക്കസ് കലാകാരിയായതിനാല്‍ സ്‌കൂള്‍ വിദ്യാഭ്യാസവും അവര്‍ക്ക് ലഭിച്ചില്ല. എങ്കിലും മൂന്നാം വയസ്സില്‍ത്തന്നെ ഗണിതശാസ്ത്രത്തിലെ സംഖ്യകളുമായി അടുപ്പം പുലര്‍ത്താന്‍ ശകുന്തളയ്ക്കായി. 1977-ല്‍ അമേരിക്കയിലെ ഡാളസില്‍ ദൈര്‍ഘ്യമേറിയ ഒരു സംഖ്യയുടെ ഘനമൂല്യം കണക്കുകൂട്ടുന്നതില്‍ കംപ്യൂട്ടറിനോട് മത്സരിച്ച് ജയിച്ചതോടെയാണ് 'മനുഷ്യ 
കംപ്യൂട്ടര്‍' എന്ന് അറിയാന്‍ തുടങ്ങിയത്.
ഒരു വ്യക്തിയുടെ ജനനത്തീയതി ശകുന്തളയെ അറിയിച്ചാല്‍ നിമിഷങ്ങള്‍ക്കകം അത് ഏതു ദിവസമാണെന്ന് അവര്‍ പറയുമായിരുന്നു. അത് കേള്‍ക്കുന്നവരെ അദ്ഭുതപ്പെടുത്തുകതന്നെ ചെയ്യും. 2828 ഡിസംബര്‍ 19 ഏതു ദിവസമെന്ന് തിരക്കിയാലും ഉത്തരം റെഡി.
1980 ഒക്ടോബര്‍ 5-ന് 'ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി' (ബി.ബി.സി.) ശകുന്തളയുമായി ഒരു അഭിമുഖം സംപ്രേഷണം ചെയ്തു. ബി.ബി.സി. തയ്യാറാക്കിയ ചോദ്യങ്ങള്‍ക്കെല്ലാം അവര്‍ ശരിയായ ഉത്തരം നല്‍കി. അതിനെക്കുറിച്ച് ഒരു പത്രപ്രവര്‍ത്തകന്‍ അഭിപ്രായപ്പെട്ടത്, 'ശകുന്തള ജയിച്ചു, ബി.ബി.സി. തോറ്റു' എന്നായിരുന്നു.
ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നടന്ന ഒരു മത്സരത്തില്‍ ശകുന്തളാദേവി ഒരു കംപ്യൂട്ടറിനെ തോല്പിച്ച സംഭവമുണ്ടായി. ന്യൂ സൗത്ത് വെയില്‍സിലെ പ്രസിദ്ധമായ 'ഉതകന്‍' (ുറമക്ഷമൃ) എന്ന കംപ്യൂട്ടറായിരുന്നു ശകുന്തളയുടെ മുഖ്യ പ്രതിയോഗിയായിരുന്നത്. 
അറിയപ്പെടുന്ന ഗണിതശാസ്ത്രജ്ഞരായിരുന്ന ബാറി തോന്‍ടനും ജിസ് മാര്‍ട്ടുംകൂടി തയ്യാറാക്കിയ ചോദ്യാവലിയാണ് കംപ്യൂട്ടര്‍ മറുപടി പറയുന്നതിന് മുന്‍പുതന്നെ ഉത്തരം നല്‍കി ശകുന്തള വിജയിയായത്.1980 ജൂണ്‍ 18-ന് ലണ്ടന്‍ ഇംപീരിയല്‍ കോളേജില്‍ 13 അക്കങ്ങളുള്ള രണ്ട് സംഖ്യകളുടെ ഗുണനഫലം 28 സെക്കന്‍ഡിനുള്ളില്‍ മനസ്സില്‍ കണക്കുകൂട്ടിയെടുത്തത് ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സില്‍ സ്ഥാനംപിടിക്കാന്‍ സഹായകമായി.
'പൂര്‍ണമായ കൊലപാതകം', 'സാമൂഹ്യശാസ്ത്രപഠനങ്ങള്‍', 'അക്കങ്ങള്‍ പഠിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം', 'നൃത്തം ചെയ്യുന്ന കഴുത', 'ഇന്ത്യന്‍ പുരാണങ്ങളിലെ ദേവന്മാരും ദേവിമാരും', 'നിങ്ങളെ വിഷമിപ്പിക്കുന്ന കടംകടഥകള്‍', 'ദശലക്ഷങ്ങളുടെ ഗണിതശാസ്ത്രം', 'കുട്ടികളുടെ കഥകള്‍' എന്നിവ പുസ്തകങ്ങളില്‍ ചിലതാണ്.