ജീവന്റെ നിലനില്‍പ്പിന് കാടുകളുടെ പങ്ക് ചെറുതല്ല. ഓരോ 
വനദിനവും അക്കാര്യം ഓര്‍മപ്പെടുത്തുന്നു.


അനുരഞ്ജ് മനോഹര്‍
''പ്രപഞ്ചത്തിലേക്കുള്ള ഏറ്റവും മികച്ച വഴി ഘോരവനങ്ങളിലൂടെയാണ് !'', പ്രശസ്ത സ്‌കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരനും പ്രകൃതിസ്‌നേഹിയും ചിന്തകനുമായ ജോണ്‍ മുയിറിന്റെ വാക്കുകളാണിത്. എന്നും മനുഷ്യന് അദ്ഭുതങ്ങള്‍ മാത്രം സമ്മാനിച്ചിട്ടുള്ളവയാണ് കാടുകള്‍. ഭൂമിയില്‍ ജീവന്റെ തുടിപ്പ് നിലനില്‍ക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് നമ്മുടെ വനസമ്പത്താണ്. വിവിധതരം സസ്യജന്തുജാലങ്ങളാല്‍ സമ്പന്നമായ വനങ്ങള്‍ ഇന്ന് മരണത്തിന്റെ വക്കിലെത്തി നില്‍ക്കുന്നു. മനുഷ്യന്റെ അമിതമായ കടന്നുകയറ്റം പരിധിവിട്ടപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ വനസംരക്ഷണത്തിനായി പുരോഗമനപരമായ ചില ആശയങ്ങള്‍ ഉടലെടുത്തു. അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ലോകവനദിനം.

തുടക്കം ഇങ്ങനെ...
ലോകമൊന്നടങ്കം പാരിസ്ഥിതിക പ്രശ്‌നങ്ങളാല്‍ ദുരിതമനുഭവിച്ച സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സംഘടന മാര്‍ച്ച് 21 ലോകവനദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 2012 നവംബര്‍ 28-നാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്. തുടര്‍ന്ന് എല്ലാ വര്‍ഷവും കാടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രമേയമാക്കി ലോക വനദിനം യു.എന്നിന്റെ നേതൃത്വത്തില്‍ ആചരിച്ചുവരുന്നു. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങള്‍ വനദിനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വനത്തെ സംരക്ഷിക്കാനും പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുന്നു. ലക്ഷക്കണക്കിന് വൃക്ഷത്തൈകള്‍ ഗ്രീന്‍ബെല്‍റ്റ്  പ്രസ്ഥാനത്തിലൂടെ കെനിയയിലൊന്നടങ്കം നട്ടുപിടിപ്പിച്ച വാന്‍കാരി മാതായിയുടെ പ്രവര്‍ത്തനങ്ങള്‍ ഇതേ രീതി പിന്തുടരാന്‍ മറ്റുരാജ്യങ്ങള്‍ക്ക് മാതൃകയായി. 2013 മാര്‍ച്ച് 21 നാണ് ലോകത്താദ്യമായി വനദിനം ആചരിക്കാന്‍ തുടങ്ങിയത്. ലോകത്ത് പ്രകൃതി നല്‍കുന്ന എല്ലാ വിഭവങ്ങള്‍ക്കും പിന്നില്‍ വനങ്ങളുടെ പങ്ക് വലുതാണെന്ന സന്ദേശം ഓരോ വനദിനവും മുന്നോട്ടുവെക്കുന്നു.

മരവും മൃഗവും മാലോകരും!
നിലവില്‍ ഭൂമിയുടെ മുപ്പതുശതമാനത്തോളം പ്രദേശങ്ങളും വനങ്ങളാണ്. അവ ഏതാണ്ട് അറുപതിനായിരത്തോളം വര്‍ഗങ്ങളിലുള്ള മരങ്ങളെയും കോടിക്കണക്കിന് മൃഗ ജന്തുജാലങ്ങളെയും വഹിക്കുന്നു. ലോക ജനസംഖ്യയിലെ 160 കോടിയോളം വരുന്ന ദരിദ്രരായവര്‍ ഇപ്പോഴും വനസമ്പത്തിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ആദിവാസി സമൂഹങ്ങളും കാട്ടുവാസികളുമെല്ലാം ഈ വിഭാഗത്തിലുള്‍പ്പെടും.

ഒരു ദിനം പല സന്ദേശം!
ഓരോ ലോക വനദിനവും കാടുമായി ബന്ധപ്പെട്ട ഓരോ വിഷയങ്ങള്‍ പ്രമേയമാക്കിയാണ് ആചരിക്കാറ്. ആദ്യ വര്‍ഷമായ 2013-ല്‍ 'പരമാവധി മരങ്ങള്‍ നട്ടുപിടിപ്പിക്കുക' എന്നതായിരുന്നു ആശയം. 2014-ല്‍ കാടിനെയും മനുഷ്യനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ആശയമായ 'എന്റെ കാട് എന്റെ ഭാവി' എന്ന വിഷയത്തിലാണ് യു.എന്‍ ശ്രദ്ധ ചെലുത്തിയത്. അടിക്കടി രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനത്തിന് വനനശീകരണം കാരണമാകുന്നു എന്ന സന്ദേശം മുന്‍നിര്‍ത്തി 2015-ല്‍ 'കാടും കാലാവസ്ഥാവ്യതിയാനങ്ങളും' എന്നതായിരുന്നു ഐക്യരാഷ്ട്ര സംഘടനയുടെ പ്രധാന ആശയം. 2016 എത്തിയതോടെ ലോകത്തിന്റെ പലഭാഗങ്ങളിലും ശക്തമായ ജലദൗര്‍ലഭ്യം അനുഭവപ്പെട്ടു. ഇതിനെതിരെ നിലകൊള്ളുന്നതിനായി 2016 ലോകവനദിനത്തില്‍ 'കാടും ജലവും' എന്ന വിഷയത്തെ ആസ്പദമാക്കി കാടിനെയും ജലത്തെയും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യു.എന്‍. ചുക്കാന്‍ പിടിച്ചു. ഈ വര്‍ഷം കാടും ഊര്‍ജവും എന്ന വിഷയത്തിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളാണ് ഐക്യരാഷ്ട്രസഭ നടപ്പിലാക്കുന്നത്.

കാടിനു വേണ്ടി!
കഴിഞ്ഞ വര്‍ഷം 'വനവും ജലവും' എന്ന വിഷയത്തില്‍ അന്താരാഷ്ട്ര വനദിനം ആചരിച്ച ഐക്യരാഷ്ട്രസഭയുടെ 
പ്രധാന കണ്ടെത്തലുകള്‍:

  • ലോകത്തില്‍ ഇന്നു ലഭ്യമായ ശുദ്ധജലത്തിന്റെ 75 ശതമാനവും കാട്ടിലുള്ള ചതുപ്പുനിലങ്ങളിലും നീര്‍ച്ചോലകളിലുമാണുള്ളത്.
  • ലോകത്തിലെ പ്രമുഖ നഗരങ്ങളില്‍ മൂന്നിലൊരു ഭാഗവും കുടിവെള്ളത്തിനായി വനസംരക്ഷിത മേഖലകളെയാണ് ആശ്രയിക്കുന്നത്.
  • ലോകജനസംഖ്യയിലെ പത്തില്‍ എട്ടുപേര്‍ക്കും ശുദ്ധജലം ലഭ്യമാകുന്നില്ല.
  • ഇനിയും ഈ നില തുടര്‍ന്നാല്‍ 2050-ഓടെ വനങ്ങളെല്ലാം നശിച്ച് ലോകം മരുഭൂമിയായി മാറും.
  • വനങ്ങള്‍ സംരക്ഷിച്ചാല്‍ മാത്രമേ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാനാകൂ.
  • വനനശീകരണം മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് മഴയുടെ കുറവിന് കാരണം.

കൈയേറ്റം കടുക്കുമ്പോള്‍...
മനുഷ്യന്‍ ലോകത്തിന്റെ അധിപനായി വാഴാന്‍ തുടങ്ങിയ കാലംതൊട്ട് ഭൂമിയില്‍നിന്നും പ്രകൃതി പിന്‍വാങ്ങാന്‍ തുടങ്ങി. മനുഷ്യന്‍ തന്റെ സ്വാര്‍ഥതയ്ക്കുവേണ്ടി കാടകങ്ങള്‍ കാലിയാക്കിയപ്പോള്‍ ഭൂമിയുടെ ആവാസവ്യവസ്ഥയും സുസ്ഥിരതയും നഷ്ടമായിത്തുടങ്ങി. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും ഏതാണ്ട് 1.4 കോടി ഹെക്ടര്‍ വനഭൂമിയാണ് മനുഷ്യന്‍ കൈയേറുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഇംഗ്ലണ്ട് എന്ന രാജ്യത്തിന്റെ വിസ്തൃതിയോളം വരുമിത്. 
വനനശീകരണംമൂലം കാടിനെ ആശ്രയിച്ചു ജീവിക്കുന്ന പക്ഷിമൃഗാദികള്‍ക്ക് 
വംശനാശം സംഭവിക്കുകയും ഭൂമിയില്‍ ജീവിക്കാനാവാതെ അവ മണ്‍മറഞ്ഞു പോവുകയും ചെയ്യുന്നു. അതോടൊപ്പം ഇന്ന് ലോകത്തിന് ഭീഷണിയായി ഉയര്‍ന്നുവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും ആഗോളതാപനത്തിനും പ്രധാന കാരണം വനനശീകരണംതന്നെയാണ്. വനനശീകരണംമൂലം ലോകത്താകമാനം കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവും ക്രമാതീതമായി വര്‍ധിക്കുന്നു. ശുദ്ധവായു ദൗര്‍ലഭ്യം എന്ന മാരക വിപത്തിലേക്കാണ് ഇത് വഴിതെളിക്കുന്നത്.

വരൂ... മുന്നിട്ടിറങ്ങാം...
ഓരോ ദിനാചരണവും പകരുന്ന സന്ദേശം ഒരു ദിവസത്തേക്കുള്ളതല്ല മറിച്ച് എക്കാലത്തേക്കുമുള്ളതാണ്. വനനശീകരണം എന്ന വലിയ വിപത്തിനെ നേരിടാന്‍ നാമോരോരുത്തരും മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മരങ്ങള്‍ വെച്ചു പിടിപ്പിച്ചും വനങ്ങള്‍ സംരക്ഷിച്ചും നമുക്ക് കാടിന്റെ കാവലാളുകളായി മാറാം. കത്തുന്ന ചൂടും വറ്റുന്ന ഉറവകളും നമ്മോടു പറയുന്നതും അതുതന്നെയാണ്. 

********************************************************
********************************************************
മഴയില്ലാതെങ്ങനെ മരം പെയ്യും?
ലോകത്തിന്റെ പലഭാഗത്തും ജലക്ഷാമം രൂക്ഷമാണ്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഈ വലിയ വിപത്തിനെ നേരിടാനാകൂ...

  ജയശങ്കര്‍ കെ.ആര്‍.    

വേനല്‍ കടുത്തു. കത്തുന്ന ചൂടിനൊപ്പം ജലദൗര്‍ലഭ്യവും നമ്മെ വലച്ചു കൊണ്ടിരിക്കുന്നു. നിരവധി പുഴകളും കായലുകളും നീര്‍ത്തടങ്ങളുമൊക്കെയുള്ള നമ്മുടെ കൊച്ചുകേരളത്തില്‍ ഇത്രത്തോളം ജലക്ഷാമം എങ്ങനെ സംഭവിക്കുന്നു എന്നത് നാമോരോരുത്തരും ചിന്തിക്കേണ്ട കാര്യമാണ്. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ടുപോവുകയാണെങ്കില്‍ 'ഇനിയൊരു യുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് ജലത്തിനുവേണ്ടിയുള്ളതായിരിക്കും' എന്ന പ്രവചനം യാഥാര്‍ഥ്യമായേക്കാം. അതൊഴിവാക്കാന്‍ കരുതലോടെ പെരുമാറേണ്ടത് അത്യാവശ്യമാണ്. 

വറ്റുന്ന ഉറവകള്‍!
2015-ല്‍ നാസ ഒരു ഉപഗ്രഹപഠനം നടത്തി. ലോകത്തിലെ 37 ജലഭൃതങ്ങളില്‍ (എൂുഹശവിീ) 21 എണ്ണവും കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുകയാണെന്നാണ് ആ പഠനം കണ്ടെത്തിയത്. വെള്ളത്തെ ഉള്‍ക്കൊള്ളുകയും ചലിപ്പിക്കുകയും ചെയ്യുന്ന പാറക്കൂട്ടങ്ങളാണ് ജലഭൃതങ്ങള്‍. ജലഭൃതങ്ങളെ മഴക്കൊയ്ത്തിലൂടെയും നീര്‍ത്തട സംരക്ഷണത്തിലൂടെയും പുനരുജ്ജീവിപ്പിച്ചില്ലെങ്കില്‍ 2021-ഓടെ ഇന്ത്യയടക്കം ഒട്ടുമിക്ക രാജ്യങ്ങളും മരുവത്കരണത്തിലേക്ക് നീങ്ങുമെന്നാണ് ഇന്ത്യയുടെ ജലമനുഷ്യന്‍ എന്ന് അറിയപ്പെടുന്ന രാജേന്ദ്ര സിങ് അഭിപ്രായപ്പെടുന്നത്. 
അദ്ദേഹം നേതൃത്വംനല്‍കുന്ന ജലസമിതിയുടെ പ്രവര്‍ത്തനഫലമായി രാജസ്ഥാനിലെ വറ്റിവരണ്ടുപോയ അഞ്ചു നദികളാണ് വീണ്ടും ഒഴുകിത്തുടങ്ങിയത്. ജലത്തിനുള്ള നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന സ്റ്റോക്ഹോം പുരസ്‌കാരവും രമണ്‍ മാഗ്സസെ അവാര്‍ഡും ഈ ജലസംരക്ഷകന്‍ സ്വന്തമാക്കിയിട്ടുണ്ട്. മനുഷ്യന്റെ അത്യാര്‍ത്തി ഭൂമിയെ കാര്‍ന്നുതിന്നുന്ന ഇക്കാലത്ത് ഇതുപോലുള്ള നല്ലമനുഷ്യരുടെ സേവനങ്ങള്‍ നമുക്കും മാതൃകയാക്കാം.

കേരളം എങ്ങോട്ട്?
സമീപഭാവിയില്‍ കേരളത്തില്‍ ഉണ്ടാകാന്‍പോകുന്ന കൊടുംവരള്‍ച്ചയിലേക്കാണ് കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയും സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എജ്യുക്കേഷനും സംയുക്തമായി നടത്തിയ പഠനങ്ങള്‍ വിരല്‍ചൂണ്ടുന്നത്. 
ഭൂഗര്‍ഭജലത്തിന്റെ അളവ് കേരളത്തില്‍ വന്‍തോതില്‍ താണുകൊണ്ടിരിക്കുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്കപ്പുറം 126800 കോടി ലിറ്റര്‍ ജലത്തിന്റെ പരിമിതി നമ്മുടെ ജലവിനിയോഗത്തില്‍ ഉണ്ടാകുമെന്നും പഠനങ്ങള്‍ പറയുന്നു. 

പെയ്യാമഴ!
മഴയുടെ തോത് ക്രമാതീതമായി കുറഞ്ഞതിനൊപ്പം കാലാവസ്ഥയിലും ഇപ്പോള്‍ ഏറെ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. പകല്‍സമയങ്ങളിലെ കടുത്ത ചൂടും രാത്രിയിലെ തണുപ്പും വരാനിരിക്കുന്ന വിപത്തിന്റെ കാഠിന്യം വിളിച്ചറിയിക്കുന്ന സൂചകങ്ങളാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ (ജൂണ്‍-സെപ്റ്റംബര്‍)34 ശതമാനം കുറവും വടക്കു-കിഴക്കന്‍ മണ്‍സൂണില്‍ (ഒക്ടോബര്‍-ഡിസംബര്‍) 69 ശതമാനം കുറവുമാണ് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായത്. 

കരുതലോടെ കാക്കാം!
ശ്രദ്ധയോടെയും കരുതലോടെയുമുള്ള ഉപയോഗമാണ് ജലദൗര്‍ലഭ്യത്തെ നേരിടാനുള്ള ഒരു മാര്‍ഗം. ഇല്ലെങ്കില്‍ ഭയപ്പെടുന്നതുപോലെതന്നെ 2050 ഓടെ ലോകജനസംഖ്യയുടെ പകുതിയും കുടിവെള്ള ക്ഷാമത്തിനിരയാകും. നിലവില്‍ ലോകജനസംഖ്യയുടെ നാല്പതുശതമാനത്തോളം ശുദ്ധജല ദൗര്‍ലഭ്യത്തെ നേരിടുന്നുണ്ട്. രൂക്ഷമായ ഈ വലിയ പ്രശ്‌നത്തെ നേരിടാന്‍ എളുപ്പത്തില്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍: 

  • ചോര്‍ച്ചയുള്ള പൈപ്പുകള്‍ ഒഴിവാക്കുക.
  • നദികളും കുളങ്ങളും കിണറുകളും ഉള്‍പ്പെടെയുള്ള ജല ഉറവിടങ്ങള്‍ മലിനപ്പെടുത്താതെ വൃത്തിയായി സൂക്ഷിക്കണം. 
  • ടാപ്പില്‍നിന്നും ഷവറില്‍നിന്നുമൊക്കെ വെള്ളം നേരിട്ട് ഉപയോഗിക്കുന്നതിനു പകരം ബക്കറ്റില്‍ ശേഖരിച്ച്  ഉപയോഗിക്കുക.
  • മഴവെള്ളം ഒഴുക്കിക്കളയാതെ മഴക്കുഴികളിലും ജലസംഭരണികളിലും ശേഖരിക്കുക.

മുദ്രാവാക്യങ്ങളെക്കാളും പ്രഖ്യാപനങ്ങളെക്കാളും ഉപരിയായി ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് നാം ജലദിനം ആഘോഷിക്കേണ്ടത്. അല്ലെങ്കില്‍ കോളറിഡ്ജിന്റെ ' ദ റൈം ഓഫ് ദ ഏന്‍ഷ്യന്റ് മാരിനര്‍' എന്ന കവിതയിലെ വൃദ്ധനാവികനെപ്പോലെ നമുക്ക് കടലിന്റെ നടുവില്‍നിന്ന് 'വെള്ളം വെള്ളം സര്‍വത്ര തുള്ളി കുടിക്കാനില്ലത്രെ' എന്നു വിലപിക്കാം.

നമ്മുടെ നീലഗ്രഹം!
ഭൂതലത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും ജലമായതിനാലാണ് ഭൂമിയെ ജലഗ്രഹം അല്ലെങ്കില്‍ നീലഗ്രഹം എന്നുവിളിക്കുന്നത്. പക്ഷേ, ഇതില്‍ 97 ശതമാനവും കടല്‍വെള്ളമാണ്. 0.33 ശതമാനം മാത്രമാണ് നേരിട്ട് ഉപയോഗിക്കാന്‍ കഴിയുന്ന ശുദ്ധജലം. പുനരുജ്ജീവിപ്പിക്കാന്‍ (ഞവൃവമ്രയാവ) കഴിയുന്ന സ്രോതസ്സായിരുന്ന ജലത്തെ മലിനപ്പെടുത്തിയും ഊറ്റിയെടുത്തും പാഴാക്കിക്കളയുന്നതിലൂടെ പുനരുജ്ജീവനത്തിന്റെ എല്ലാ സാധ്യതകളെയുമാണ് ഇല്ലാതാക്കുന്നത്. മണ്ണിനും മരത്തിനും ജീവനുമെല്ലാം അവകാശപ്പെട്ട ശുദ്ധജലത്തെ ചൂഷണംചെയ്യുന്ന ഒരേയൊരു ജീവി മനുഷ്യനാണെന്ന അറിവ് പകര്‍ന്നുകൊടുക്കുന്ന ജലസാക്ഷരതയാണ് നമുക്ക് വേണ്ടത്. 


****************************************************
****************************************************
ചില പേനാക്കാര്യങ്ങള്‍!

മുരളീധരന്‍ കൊട്ടിയം

അഗ്രം കൂര്‍ത്ത ശില, എല്ലിന്‍കഷണം, മരത്തണ്ട് തുടങ്ങിയവയാണ് ആദ്യകാല എഴുത്തുപകരണങ്ങള്‍. ഇവകൊണ്ട് പ്രാചീന മനുഷ്യന്‍ ഗുഹകളുടെ ഭിത്തിയിലും മറ്റും ചിത്രം വരയ്ക്കുകയായിരുന്നു. ലിപികളുടെ ഏറ്റവും പ്രാചീനമായ ഉപയോഗം ശിലാശാസനങ്ങളിലാണ് കാണുന്നത്. ശിലാസ്തംഭങ്ങളില്‍ ലോഹനിര്‍മിതമായ ഉളികൊണ്ട് കൊത്തിയതാണിവ. ചെമ്പുതകിടിലുള്ള ലിഖിതങ്ങളെ ചെപ്പേടുകളെന്നാണ് വിളിക്കുന്നത്. താമ്രശാസനം എന്നും ഇതിന് പേരുണ്ട്. കൂര്‍ത്ത ഉളികൊണ്ടാണ് ഇതിലും ആലേഖനം നിര്‍വഹിച്ചിരുന്നത്.

നാരായം
എഴുതി സൂക്ഷിക്കേണ്ട കാര്യങ്ങള്‍ കൂടിവന്നതോടെ എഴുതാന്‍ സുലഭമായ സാമഗ്രികളും കണ്ടെത്തേണ്ടി വന്നു. വടക്കേ ഇന്ത്യയില്‍ ഭൂര്‍ജ പത്രവും തെക്കേ ഇന്ത്യയില്‍ പനയോലയും ഉപയോഗപ്പെടുത്തി. ഭൂര്‍ജ മരത്തിന്റെ (ഏഹിരസ) തൊലിയുടെ ഉള്‍ഭാഗം ഉരിച്ചെടുത്ത് ക്രമപ്പെടുത്തുന്നതാണ് ഭൂര്‍ജപത്രം. ഭൂര്‍ജപത്രത്തില്‍ മഷികൊണ്ടും പനയോലയില്‍ നാരായംകൊണ്ടും എഴുതിയിരുന്നു. താളിയോലകളില്‍ എഴുതാന്‍ ഉപയോഗിച്ചിരുന്ന ഉപകരണമാണ് നാരായം. എഴുത്താണി എന്നും ഇതിന് 
പേരുണ്ട്. 

തൂവല്‍ 
ഈ എഴുത്തുരീതി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങള്‍വരെ നിലനിന്നിരുന്നു. വലതുകൈ വഴക്കമുള്ള ആളിന് പക്ഷിയുടെ ഇടതുവശത്തെ തൂവലാണ് പാകപ്പെടുത്തിയിരുന്നതെന്ന് പറയപ്പെടുന്നു. താറാവിന്റെ തൂവലുകളാണ് സാധാരണയായി ഉപയോഗിച്ചിരുന്നത്. അരയന്നത്തിന്റെ തൂവലുകളും ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ട്.

ഫൗണ്ടന്‍ പേന
ആധുനിക ലോകത്തിന്റെ എഴുത്തുപകരണമാണ് പേന. ഇതില്‍ ആദ്യം ഫൗണ്ടന്‍ പേനയും പിന്നീട് ബോള്‍ പോയിന്റ് പേനയും നിലവില്‍ വന്നു.   അമേരിക്കക്കാരനായ ലൂയിസ് വാട്ടര്‍മാന്‍ 1884-ല്‍ കേശിക തത്ത്വത്തില്‍ (രമ്യഹാാമിള്‍ മരറഹ്ൃ) പ്രവര്‍ത്തിക്കുന്ന ഫൗണ്ടന്‍പേന കണ്ടുപിടിച്ചു.

ബോള്‍ പോയിന്റ് പേന
ഒരു കുറ്റിച്ചുഴിയില്‍ (Socket)  കിടന്ന് സ്വതന്ത്രമായി ചലിക്കുന്ന ചെറുലോഹനിര്‍മിത ബോളുകളാണ് ബോള്‍ പോയിന്റ് പേനയുടെ അഗ്രത്തിലുള്ളത്. ചെറുകുഴലില്‍ നിറച്ചിരിക്കുന്ന കുഴമ്പ് രൂപത്തിലുള്ള മഷി ബോള്‍ ചലിക്കുന്നതിനനുസരിച്ച് അതില്‍ പുരളുകയും അക്ഷരങ്ങളും രൂപങ്ങളും പിറവികൊള്ളുകയും ചെയ്യുന്നു. ബോള്‍ പോയിന്റ് പേനയുടെ കണ്ടുപിടിത്തത്തിന് ആദ്യ പേറ്റന്റ് ലഭിച്ചത് അമേരിക്കക്കാരനായ ജോണ്‍ ജെ. ലൗഡിനാണ്. ലാസ്ലോ ബിറോ എന്ന ഹംഗേറിയന്‍ പത്രാധിപര്‍ പരിഷ്‌കൃത രൂപത്തിലുള്ള ബോള്‍ പോയിന്റ് പേന കണ്ടെത്തി.
പുനരുപയോഗം നടത്താത്തതിനാല്‍ ഇവ പരിസ്ഥിതിക്ക് ഏറെ ദോഷകരമാണ് എന്ന വസ്തുത നാം മറന്നുപോകരുത്.

പേനയും പോര്‍ച്ചുഗീസും

PENNAഎന്ന പോര്‍ച്ചുഗീസ് പദത്തില്‍ നിന്നാണ് പേന എന്ന പദം ഉണ്ടായിരിക്കുന്നത്. പേനയെന്നൊരു മലയാള പദമുണ്ട്. പ്രേതം, പിശാച്, ലുബ്ധന്‍ എന്നൊക്കെയാണ് ഇതിന്റെ അര്‍ഥം. ആദിവാസികള്‍ക്കിടയില്‍ സദ്ഗതി ലഭിക്കാത്ത ആത്മാവിനെയാണ് പേന എന്ന് പറയുന്നത്.