അബുദാബി: നാലുദിവസം കൊണ്ട് 24 വിക്കറ്റുകള്‍ വീണ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ അവസാന ദിനം 16 വിക്കറ്റുകള്‍ വീണപ്പോള്‍ ശ്രീലങ്കയ്ക്ക് നാടകീയ ജയം. പാകിസ്താനെതിരായ ഒന്നാം ടെസ്റ്റില്‍ 21 റണ്‍സിനാണ് ശ്രീലങ്കയുടെ ജയം.

സ്‌കോര്‍: ശ്രീലങ്ക 419, 138. പാകിസ്താന്‍ 422, 114. 43 റണ്‍സ് വഴങ്ങി ആറുവിക്കറ്റുകള്‍ വീഴ്ത്തിയ ഇടംകൈയന്‍ സ്​പിന്നര്‍ രംഗന ഹെറാത്താണ് രണ്ടാം ഇന്നിങ്‌സില്‍ പാകിസ്താനെ തകര്‍ത്തത്. ഇതോടെ ടെസ്റ്റില്‍ 400 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ശ്രീലങ്കന്‍ ബൗളറായി ഹെറാത്ത്. മുത്തയ്യ മുരളീധരന്‍ ടെസ്റ്റില്‍ 800 വിക്കറ്റ് നേടിയിരുന്നു. ഹെറാത്ത് കളിയിലെ താരവുമായി.

ഒന്നാം ഇന്നിങ്‌സില്‍ പാകിസ്താന്‍ മൂന്നുറണ്‍സ് ലീഡ് നേടിയിരുന്നു. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ നാലു വിക്കറ്റിന് 69 എന്ന നിലയിലായിരുന്നു ശ്രീലങ്ക. നാലാംദിനം ഉച്ചവരെ ബാറ്റിങ്ങിനെ തുണച്ച പിച്ചില്‍ പിന്നീട് ബൗളര്‍മാരുടെ കളിയായിരുന്നു. 51 റണ്‍സിന് അഞ്ചുവിക്കറ്റ് വീഴ്ത്തിയ യാസിര്‍ ഷായ്ക്കുമുന്നില്‍ ശ്രീലങ്ക തകര്‍ന്നു. 40 റണ്‍സെടുത്ത് പുറത്താകാതെനിന്ന ഡിക്വെല്ലയാണ് രണ്ടാം ഇന്നിങ്‌സില്‍ ലങ്കയുടെ ടോപ് സ്‌കോറര്‍. ലങ്കയെ 138 റണ്‍സിന് പുറത്താക്കിയതോടെ ജയിക്കാന്‍ പാകിസ്താന് 135 റണ്‍സ് മതിയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ പാകിസ്താന് തുടക്കത്തിലേ പിഴച്ചു. മൂന്നുവിക്കറ്റിന് 16, അഞ്ചിന് 36 എന്നിങ്ങനെ തകര്‍ന്നതിനിടെ ആറാം വിക്കറ്റില്‍ 42 റണ്‍സ് പിറന്നപ്പോള്‍ ജയപ്രതീക്ഷ ഉണര്‍ന്നു. അതും നീണ്ടുനിന്നില്ല. അവസാനം സമനില നേടാന്‍ പാകിസ്താന്‍ കിണഞ്ഞുശ്രമിച്ചെങ്കിലും സ്​പിന്‍ ബൗളിങ്ങിനുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 34 റണ്‍സെടുത്ത ഹാരിസ് സൊഹെയ്‌ലാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. ഓഫ്‌സ്​പിന്നര്‍ ദില്‍റുവാന്‍ പെരേര മൂന്നുവിക്കറ്റ് വീഴ്ത്തി.