കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്

വനിതാ കിരീടം പി.വി. സിന്ധുവിന്

ലോക ബാഡ്മിന്റണില്‍ സിന്ധുവിനെ തോല്‍പ്പിച്ച ജപ്പാന്റെ ഒക്കുഹാരയെ കീഴടക്കി (22-20, 11-21, 21-18)

കൊറിയന്‍ ഓപ്പണില്‍ കിരീടംനേടുന്ന ആദ്യ ഇന്ത്യന്‍താരം

സോള്‍: മൂന്നാഴ്ച മുമ്പ് ഗ്ലാസ്‌കോയില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ അതേ തിരക്കഥയായിരുന്നു ഞായറാഴ്ച കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍സീരീസ് ഫൈനലിലും. എന്നാല്‍ ക്ലൈമാക്‌സ് മാത്രം മാറി.

എട്ടാം സീഡായ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തോല്‍പ്പിച്ച് ഇന്ത്യയുടെ പി.വി. സിന്ധു കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി (22-20, 11-21, 21-18). കഴിഞ്ഞവര്‍ഷം റിയോയില്‍ ഫൈനലിലെത്തി ഒളിമ്പിക്‌സില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടം സ്വന്തമാക്കിയ സിന്ധു ഞായറാഴ്ച കൊറിയയില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. അഞ്ചാം സീഡുകാരി കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ കിരീടമുയര്‍ത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി. കരിയറില്‍ മൂന്നാം സൂപ്പര്‍ സീരീസ് വിജയമാണ്.

ഇതോടെ ജപ്പാനീസ് താരവുമായി സിന്ധുവിന്റെ റെക്കോഡ് തുല്യനിലയിലായി (4-4). തുടര്‍ച്ചയായ രണ്ട് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍താരം റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തും. ഈവര്‍ഷം ഇന്ത്യന്‍ ഓപ്പണിന്റെ ഫൈനലില്‍ സ്‌പെയിനിന്റെ കരോളിന മാരിനെ തോല്‍പ്പിച്ച് കിരീടം നേടിയിരുന്നു. 22 കാരിയായ സിന്ധു മുന്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം പി. ഗോപീചന്ദിന്റെ ശിഷ്യയും ദേശീയ വോളി താരം പി.വി. രമണയുടെയും പി. വിജയയുടെയും മകളുമാണ്.

ആഗസ്ത് 29-ന് സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ ഫൈനലിന്റെ ചൂട് സോളിലും തുടര്‍ന്നു. അന്ന് 21-19, 20-22, 22-20 എന്ന സ്‌കോറിനാണ് സിന്ധുവിനെ ഒക്കുഹാര കീഴടക്കിയത്. അന്ന് ഒന്നാം ഗെയിം നഷ്ടമായ സിന്ധു രണ്ടാം ഗെയിമിലൂടെ തിരിച്ചുവന്ന് മൂന്നാം ഗെയിമിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പരാജയം സമ്മതിച്ചു.

ഗ്ലാസ്‌ഗോയിലെ സിന്ധുവിന്റെ വേഷമായിരുന്നു സോളില്‍ ഒക്കുഹാരയ്ക്ക്. ഒരു മണിക്കൂര്‍ 23 മിനിറ്റ് നീണ്ട മത്സരത്തിലെ ആദ്യ ഗെയിം സിന്ധു സ്വന്തമാക്കി. സിന്ധുവാണ് ആദ്യ പോയന്റ ് നേടിയതെങ്കിലും ആദ്യ ഇടവേളയ്ക്കുപിരിയുമ്പോള്‍ 12-9 എന്ന നിലയില്‍ ഒക്കുഹാര മുന്നിലെത്തി. 20- 18 എന്ന നിലയില്‍ ഒക്കുഹാര ഗെയിം സ്വന്തമാക്കും എന്നു തോന്നിച്ചു. എന്നാല്‍ തുടര്‍ച്ചയായി നാലു പോയന്റ് നേടി ഗെയിം പിടിച്ചെടുത്തു. രണ്ടാം ഗെയിമില്‍ ഒക്കുഹാര അതിശക്തമായി തിരിച്ചുവന്നു. തുടക്കത്തിലേ ലീഡ് എടുത്ത ഒക്കുഹാര, 2-0, 4-1, 8-4, 12-6, 17-8, 20-9 എന്നിങ്ങനെ ലീഡ് എടുക്കുകയും അനായാസം ഗെയിം വരുതിയിലാക്കുകയും ചെയ്തു.

മൂന്നാം ഗെയിമില്‍ തീപാറുന്ന മത്സരമായിരുന്നു. 2-0 ത്തിന് പിന്നിലായിരുന്ന സിന്ധു വൈകാതെ 4-3 എന്ന നിലയില്‍ ലീഡ് എടുത്തു. ഇടവേളയില്‍ 11-7 ന് മുന്നിലായിരുന്നു ഇന്ത്യന്‍ താരം. ഈ ലീഡ് പിന്നീട് രക്ഷയായി. ഇടവേളയ്ക്കുശേഷം അഞ്ഞടിച്ച ഒക്കുഹാര ലീഡ് കുറച്ചുകൊണ്ടുവന്നു. ഒരു ഘട്ടത്തില്‍ 18- 16 എന്ന നിലയിലായി. എന്നാല്‍ ജയം സിന്ധുവിനൊപ്പം നിന്നു.

സിന്ധുവിന്റെ കിരീടങ്ങള്‍

1. ഇന്‍ഡൊനീഷ്യ ഇന്റര്‍നാഷണല്‍ 2011

2. മലേഷ്യ മാസ്റ്റേഴ്‌സ് 2013

3. മക്കാവു ഓപ്പണ്‍ 2013

4. മക്കാവു ഓപ്പണ്‍ 2014

5.മക്കാവു ഓപ്പണ്‍ 2015

6. മലേഷ്യ മാസ്റ്റേഴ്‌സ് 2016

7.ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് 2016

8.സയ്യിദ് മോഡി ഇന്റര്‍നാഷണല്‍ 2017

9.ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് 2017

10. കൊറിയ ഓപ്പണ്‍ സൂപ്പര്‍സീരീസ് 2017