റാഞ്ചി: ഇതാണ് ടെസ്റ്റ്. അദ്ഭുതകരമായ രക്ഷപ്പെടല്‍ (ഗ്രേറ്റ് എസ്‌കേപ്), അപൂര്‍വമായ കൈവിടല്‍ (റെയര്‍ മിസ്)... സമനിലയില്‍ അവസാനിച്ച ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ആതിഥേയര്‍ക്ക് ഇത് കൈവിട്ടുകളഞ്ഞ വിജയമാണ്. സന്ദര്‍ശകര്‍ക്ക് പൊരുതി നേടിയ സമനിലയും. സമനില സമ്മതിച്ച് ഇരുടീമുകളുടെയും നായകര്‍ ഹസ്തദാനം ചെയ്തത് പഠിച്ച പണി പതിനെട്ടും പയറ്റിയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഉന്നതനിലവാരം കണ്ട ഈ മത്സരത്തില്‍ പിറന്ന ഈ സമനിലയെ കാവ്യനീതിയെന്ന് പറയുന്നതാവും ഉചിതം.

ടോസ് നഷ്ടപ്പെട്ടിട്ടും ഡബ്ള്‍ സെഞ്ചുറിയിലൂടെ ഇന്ത്യക്ക് ഗണ്യമായ ലീഡു സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയാണ് കളിയിലെ കേമന്‍. സ്‌കോര്‍: ഓസ്‌ട്രേലിയ 451, 6ന് 204; ഇന്ത്യ 9ന് 603(ഡിക്ല).

ഒന്നാമിന്നിങ്‌സില്‍ സെഞ്ചുറി നേടിയ സ്മിത്ത്(178*), ഗ്ലെന്‍ മാക്‌സ്വെല്‍(102), നാലു വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ്ബൗളര്‍ പാറ്റ് കമ്മിന്‍സ്, രണ്ടാമിന്നിങ്‌സില്‍ ചെറുത്തുനില്പിന്റെ പര്യായമായി മാറിയ ഷോണ്‍ മാര്‍ഷ്-ഹാന്‍ഡ്‌സ്‌കോമ്പ് സഖ്യം എന്നിവര്‍ ഓസീസ് നിരയില്‍ രക്ഷാകവചം തീര്‍ത്തപ്പോള്‍ പുജാര(202), വൃദ്ധിമാന്‍ സാഹ(117), മുരളി വിജയ്(82), ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച രവീന്ദ്ര ജഡേജ (ഒന്നാമിന്നിങ്‌സില്‍ 5 വിക്കറ്റ്, പുറത്താവാതെ 54 റണ്‍സ്, രണ്ടാമിന്നിങ്‌സില്‍ 4 വിക്കറ്റ്) എന്നിവര്‍ ഇന്ത്യയുടെ മേല്‍ക്കോയ്മ ഉറപ്പിച്ചു.

രക്ഷാകവചം തീര്‍ത്തത് മാര്‍ഷ്-ഹാന്‍ഡ്‌സ്‌കോമ്പ് സഖ്യം

150-ലേറെ റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡു നേടിയ ഇന്ത്യക്ക് വിജയം നിഷേധിക്കാന്‍ കുലുങ്ങാത്ത മനസ്സുള്ള ബാറ്റ്‌സ്മാന്മാരുടെ ഒന്നോ രണ്ടോ കൂട്ടുകെട്ട് അനിവാര്യമായിരുന്നു. ലഞ്ചിനു തൊട്ടുമുമ്പ് റെന്‍ഷായും(15) ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും(21) പുറത്തായപ്പോള്‍ ഇന്ത്യ മുന്നില്‍ക്കണ്ടത് വിജയമാണ്. 63 റണ്‍സിന് നാലുവിക്കറ്റ് നഷ്ടമായ ഓസീസിന് അപ്പോള്‍ 89 റണ്‍സിന്റെ കമ്മി. പ്രതികൂലസാഹചര്യത്തില്‍ നെഞ്ചുറപ്പുള്ള ഒരു ജോഡിക്കേ ഓസീസിനെ രക്ഷിക്കാനാവുമായിരുന്നുള്ളൂ. ആ നിയോഗം മാര്‍ഷ്(53)-ഹാന്‍ഡ്‌സ്‌കോമ്പ്(72*) സഖ്യം ഏറ്റെടുത്തു. ഏതുനിമിഷവും വിക്കറ്റുവീഴ്ത്തുമെന്ന് ഭീഷണിയുയര്‍ത്തിയ ഇടങ്കയ്യന്‍ സ്​പിന്നര്‍ രവീന്ദ്ര ജഡേജയ്ക്കും ഓഫ്‌സ്​പിന്നര്‍ ആര്‍. അശ്വിനും കണിശതയോടെ പന്തെറിഞ്ഞ പേസര്‍മാരായ ഉമേഷ് യാദവിനും ഇഷാന്ത് ശര്‍മയ്ക്കുംമുന്നില്‍ അവര്‍ കുലുങ്ങിയില്ല. വിലപ്പെട്ട 62 ഓവര്‍ രുചിച്ചുതീര്‍ത്ത ഇരുവരും 124 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ആതിഥേയരുടെ വിജയമോഹം കാറ്റില്‍പറത്തി.

അഞ്ചാം വിക്കറ്റിലെ ഇടങ്കൈ-വലങ്കൈ സഖ്യത്തെ കുരുക്കുന്നതില്‍ ഇന്ത്യയുടെ തന്ത്രം പാളുകതന്നെ ചെയ്തു. ഇതിനിടെ ലോക ഒന്നാം നന്പര്‍ ബൗളറായ അശ്വിന്റെ ഒരോവറില്‍ 13 റണ്‍സടിക്കാനും അവര്‍ ധൈര്യംകാട്ടി. ലഞ്ചിനും ചായക്കുമിടയില്‍ വിക്കറ്റുവീഴ്ത്താനാവാതെ ബൗളര്‍മാര്‍ അസ്വസ്ഥരായി. ഒരു വിക്കറ്റുവീണാല്‍ എതിരാളിയെ അടിതെറ്റിക്കാമെന്ന കണക്കുകൂട്ടല്‍ തെറ്റിച്ച് മാര്‍ഷ്-ഹാന്‍ഡ്‌സ്‌കോമ്പ് സഖ്യം നാലിന് 149 എന്ന നിലയില്‍ ചായക്കുപിരിഞ്ഞു. കമ്മി തീര്‍ക്കാന്‍ അവര്‍ക്ക് വേണ്ടിയിരുന്നത് മൂന്നു റണ്‍സ്! ചായക്കുശേഷവും ഇരുവരും നന്നായി ബാറ്റു ചെയ്തു. 92-ാം ഓവറില്‍ മാര്‍ഷ് പുറത്താവുമ്പോള്‍ അവര്‍ സുരക്ഷിത തീരത്തെത്തിയിരുന്നു. അദ്ഭുതവീഴ്ചക്ക് കാതോര്‍ത്ത ഇന്ത്യക്ക് ഒന്നാമിന്നിങ്‌സിലെ സെഞ്ചുറിക്കാരന്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ(2) വിക്കറ്റുകൂടി പെട്ടെന്ന് വീഴ്ത്താനായെങ്കിലും അചഞ്ചലനായി നിന്ന ഹാന്‍ഡ്‌സ്‌കോമ്പ് ഓസീസിനെ സുരക്ഷിതതീരത്തെത്തിച്ചു. 200 പന്തുകള്‍ നേരിട്ട ഹാന്‍ഡ്‌സ്‌കോമ്പ് ഏഴു ബൗണ്ടറിയടിച്ചു.