ശബരിമല: അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം യേശുദാസ് ആലപിച്ചതിലെ ചെറിയ ഉച്ചാരണപ്പിശക് തിരുത്താന്‍ നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഈ മണ്ഡലകാലം കഴിയുന്നതോടെ ഇതിനായി യേശുദാസിനെ സമീപിക്കും.

ഹരിവരാസനത്തിലെ പിശക് സംബന്ധിച്ച് തന്ത്രി കണ്ഠര് രാജീവരിന്റെ പ്രതികരണം മാതൃഭൂമി നല്‍കിയ പശ്ചാത്തലത്തിലാണ് പ്രയാറിന്റെ പ്രസ്താവന. നോട്ട് പിന്‍വലിക്കലും നിയന്ത്രണവുമുള്ള കാലത്താണ് ഇത്തവണ ശബരിമല തീര്‍ഥാടനമെങ്കിലും നടവരവില്‍ മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധനയാണുള്ളത്.
 
38 ദിവസത്തെ വരുമാനം 141.19 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷമിത് 126.43 കോടി രൂപയായിരുന്നു. അപ്പം-11,8,84,825 (9,68,62,870), അരവണ-62,2,22,640 (48,71,16,120), കാണിക്ക-47,53,18,354 (47,57,73,162), നെയ്യഭിഷേകം-1,34,57,303 (1,35,82,425), താമസം-2,76,18,804 (2,49,12,977) എന്നിങ്ങനെയാണ് ഈ വര്‍ഷത്തേയും കഴിഞ്ഞ വര്‍ഷത്തേയും (ബ്രാക്കറ്റില്‍) നിരക്കുകള്‍. ഇതില്‍ കാണിക്കയില്‍ മാത്രമാണ് അല്പം കുറവുണ്ടായത്.

ഡിജിറ്റല്‍ സംവിധാനമേര്‍പ്പെടുത്തിയത് വിജയമായി. പ്ലാസ്റ്റിക് വിമുക്ത ശബരിമല എന്ന ആശയം വിജയകരമാക്കാന്‍ കഴിയുന്നതില്‍ അയ്യപ്പന്മാര്‍ക്ക് ദേവസ്വം ബോര്‍ഡ് നന്ദി പറയുന്നതായി പ്രയാര്‍ പറഞ്ഞു. പ്ലാസ്റ്റിക് കത്തിക്കുന്നതിലെ അശാസ്ത്രീയത പരിശോധിക്കുമെന്നും വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ കോളക്കമ്പനിക്കാരും ടെന്‍ഡര്‍ നല്‍കിയിട്ടില്ല. കോളയുമായി ബന്ധമുള്ളയാളാണ് ലഘുപാനീയം വില്‍ക്കാന്‍ ടെന്‍ഡറെടുത്തത്. അവര്‍ ടിന്നിലാണ് വില്‍ക്കുന്നത്. ഇത്തരം ടിന്നുകള്‍ നീക്കുന്നതിനിപ്പോള്‍ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും പ്രയാര്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡംഗങ്ങളായ അജയ് തറയില്‍, ആര്‍.രാഘവന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍.രവിശങ്കര്‍, ചീഫ് എന്‍ജിനിയര്‍ ജനറല്‍ ജി.മുരളീകൃഷ്ണന്‍, ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ്, ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസര്‍ ജി.എസ്.ബൈജു, പി.ആര്‍.ഒ. മുരളി കോട്ടക്കകം എന്നിവര്‍ സംസാരിച്ചു.